കമ്പോസ്റ്റുണ്ടാക്കി ചപ്പുചവറിന്റെ ആധിക്യം പരിഹരിക്കൽ
ഫിൻലൻഡിലെ ഉണരുക! ലേഖകൻ
മനുഷ്യവർഗത്തിന്റെ ചപ്പുചവറു കുന്നുകൂടുന്നതോടെ നമ്മുടെ യുഗത്തിലെ ഏറ്റവും വലിയ വിഷമപ്രശ്നങ്ങളിലൊന്നു തലയുയർത്തുന്നു. ചപ്പുചവർ ഉത്പാദിപ്പിക്കാൻ ആധുനിക സാങ്കേതികവിദ്യ സമർഥമാണെങ്കിലും അവ നീക്കം ചെയ്യുന്ന കാര്യം വരുമ്പോൾ അതു വല്ലാത്തൊരു അനിശ്ചിതാവസ്ഥയിലാണെന്നു തോന്നുന്നു. വ്യക്തവും കാലപ്പഴക്കമുള്ളതുമായ പരിഹാരമാർഗങ്ങൾ പ്രശ്നങ്ങൾ നിറഞ്ഞതാണ്. ചപ്പുചവറു നിക്ഷേപിക്കുന്നതു സമീപത്തുള്ള ഭൂമിക്കടിയിലെ ജലത്തെ മലിനമാക്കിയേക്കാവുന്നതിനാൽ ചപ്പുചവർ നിക്ഷേപസ്ഥലങ്ങൾ ഉപയോഗിക്കുന്നതു നിർത്താൻ പല ഗവൺമെന്റുകളും നിർബന്ധം ചെലുത്തിയിരിക്കുകയാണ്. ചപ്പുചവറു കത്തിച്ചാൽ അതു വിഷ രാസവസ്തുക്കൾ പുറത്തുവിടുകയും ചാരം അവശേഷിപ്പിക്കുകയും ചെയ്യുന്നു. അവയും നീക്കം ചെയ്യാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ചപ്പുചവറുകൾ ദഹിപ്പിക്കുന്ന ചൂളകൾ പല പ്രദേശങ്ങളിലും പ്രചാരത്തിലില്ല.
മറ്റെന്തു മാർഗമാണു പിന്നെയുള്ളത്? ചിലർ ഖരരൂപത്തിലുള്ള പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നതിനുള്ള ഒരു സ്വാഭാവിക രീതി നിർദേശിക്കുന്നു—കമ്പോസ്റ്റിങ് എന്നറിയപ്പെടുന്ന ഒരുതരം ജീവശാസ്ത്ര “തീ”യാണത്. തീ പോലെതന്നെ കമ്പോസ്റ്റിങ്ങും താപം പുറത്തുവിട്ടുകൊണ്ട് ജൈവപദാർഥത്തെ അനേകം ഉപോത്പന്നങ്ങളായി വിഘടിപ്പിക്കുന്നു. കമ്പോസ്റ്റിങ്ങിന്റെ ഉപോത്പന്നങ്ങൾ തികച്ചും ഉപയോഗയോഗ്യമാണ്. വാതകങ്ങളും താപവും ഊർജസ്രോതസ്സുകളായി ഉപയോഗിക്കാവുന്നതാണ്. ഖരരൂപത്തിലുള്ള ഉപോത്പന്നമായ ജൈവമണ്ണ് ഒരു വിലപ്പെട്ട കാർഷിക വളമാണ്.
കമ്പോസ്റ്റിങ്ങിന്റെ പ്രചാരം വർധിച്ചുവരുകയാണ്. ഉദാഹരണത്തിന് ഫിൻലൻഡിലെ കൂർഷോം പട്ടണവും അതിന്റെ സമീപ നഗരമായ വാസായും കമ്പോസ്റ്റിങ് ഉപയോഗപ്പെടുത്തുന്ന മെച്ചമായ രീതിയിലുള്ള ഒരു ചപ്പുചവർ സംസ്കരണ പ്ലാൻറ് വികസിപ്പിച്ചെടുത്തിരിക്കുന്നു. ആ പ്രദേശത്തെ രണ്ടു പ്രശ്നങ്ങൾ ഒരേ സമയത്ത് പരിഹരിക്കുന്നതിനുള്ള ഒരു സമർഥമായ മാർഗം ആ പ്ലാൻറിന്റെ രൂപകൽപ്പകർ കണ്ടുപിടിച്ചു. കെട്ടിട നിർമാണത്തിനും റോഡുകൾ പണിയാനുമുള്ള ചരൽ അവിടെ വിരളമായ ഒരു വസ്തുവാണ്. അതുകൊണ്ട് അടിപ്പാറ പൊട്ടിച്ചു വിസ്താരവും 40 മീറ്റർ ആഴവുമുള്ള ഒരു കുഴിയുണ്ടാക്കാമെന്ന ആശയം ഉടലെടുത്തു. വളരെയധികം ചരൽ ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ മുൻസിപ്പാലിറ്റിയിലെ പാഴ്വസ്തുക്കൾ സംസ്കരിക്കുന്നതിനുള്ള ഒരു ഭീമമായ ബയോറിയാക്ടർ സ്ഥാപിക്കാൻ പറ്റിയ സ്ഥലമായി മാറി അത്. ഖരരൂപത്തിൽ ചുറ്റും പാറയുള്ളത് കിണ്വന പ്രക്രിയയ്ക്ക് (fermentation process) അത്യാവശ്യമായിരിക്കുന്ന സ്ഥിര ഊഷ്മാവ് റിയാക്ടറിൽ നിലനിർത്താൻ സഹായിക്കുന്നു.
ഫലമെന്താണ്? ആധുനിക രീതിയിലുള്ള ഈ പ്ലാൻറ് ആ പ്രദേശത്തെ ചപ്പുചവറു പ്രശ്നം വലിയ അളവോളം പരിഹരിച്ചിരിക്കുന്നു. അതു ചപ്പുചവറിന്റെ വ്യാപ്തിയുടെ 75 ശതമാനവും തൂക്കത്തിന്റെ 66 ശതമാനവും കുറയ്ക്കുന്നു. അതെങ്ങനെ സാധിക്കുന്നു? ആ പ്ലാൻറ് നമുക്കൊന്നു സന്ദർശിക്കാം.
ഒരു അതുല്യമായ ചപ്പുചവർ സംസ്കരണ പ്ലാൻറ്
അവിടെയെത്തുമ്പോൾ ആദ്യംതന്നെ നമുക്കുണ്ടാകുന്ന ധാരണ ആ സ്ഥലം സാധാരണ ചപ്പുചവറു നിക്ഷേപസ്ഥലങ്ങൾപോലെയല്ല എന്നുള്ളതാണ്. അവിടെ എലികളോ ദുർഗന്ധമോ ഇല്ല. പാഴ്വസ്തുക്കളുടെ സംസ്കരണം ഇവിടെ ഉത്പാദനക്ഷമമായ മറ്റൊരു വ്യവസായം മാത്രമായി കാണപ്പെടുന്നു.
പ്ലാൻറിന്റെ മാനേജർ ആദ്യംതന്നെ പ്ലാൻറിൽ നടക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു ചാർട്ട് നമ്മെ കാണിക്കുന്നു. രണ്ടു ഘട്ടങ്ങളുള്ള ഒരു പ്രക്രിയ ചപ്പുചവറിന്റെ അളവിന്റെയും വ്യാപ്തിയുടെയും സിംഹഭാഗവും കുറയ്ക്കുന്നു. ആദ്യത്തെ ഘട്ടം കമ്പോസ്റ്റിങ്ങും രണ്ടാമത്തേതു ചീയലുമാണ്. കമ്പോസ്റ്റിങ് നടക്കുമ്പോൾ വായുവിന്റെ സാന്നിധ്യത്തിൽ പാഴ്വസ്തുക്കൾ വിഘടിപ്പിക്കപ്പെടുന്നു; ചീയൽ സംഭവിക്കുമ്പോൾ വായുവിന്റെ അസാന്നിധ്യത്തിൽ അതിനു കിണ്വനം സംഭവിക്കുന്നു. എന്നാൽ ഈ പ്രക്രിയകൾ ഏതെങ്കിലും തുടങ്ങുന്നതിനുമുമ്പ് പാഴ്വസ്തുക്കൾ നുറുക്കുന്നു.
കൺട്രോൾ ബൂത്തിന്റെ ജനാലയിലൂടെ നോക്കുമ്പോൾ ചപ്പുചവറു നിറച്ച ഒരു ലോറി ഒരു വലിയ വാതിലിലൂടെ പുറകോട്ടു നീങ്ങുന്നതു നാം കാണുന്നു. ഭീമാകാരമായ ചോർപ്പാകൃതിയിലുള്ള ഒരു കുഴിയിലേക്ക് അതു ചപ്പുചവറു നിക്ഷേപിക്കുന്നു. അവിടെനിന്നും ചപ്പുചവറ് ഒരു ബെൽറ്റുവഴി ഒരു നുറുക്കു യന്ത്രത്തിൽ എത്തുന്നു. സൈക്കിൾ ഫ്രെയിമുകൾ, കാർ ടയറുകൾ, പുകക്കുഴലുകൾ എന്നിവയും മിക്കവാറും പ്ലാസ്റ്റിക്ക് കഷണങ്ങളും ഒരു ക്രെയ്ൻ വഴി നീക്കം ചെയ്യപ്പെടുന്നു. പഴയ ഫ്രിഡ്ജുകളും ഫ്രീസറുകളും വരുമ്പോൾ അവ നന്നാക്കാൻ കൊടുക്കുന്നു, പിന്നീട് അത്ര വികസിതമല്ലാത്ത രാജ്യങ്ങൾക്ക് അവ വിൽക്കുന്നുവെന്ന് നമ്മുടെ ആതിഥേയൻ വിശദീകരിക്കുന്നു.
ആദ്യത്തെ നുറുക്കലിനുശേഷം പാഴ്വസ്തുക്കൾ ഒരു പരുപരുത്ത അരിപ്പയിലൂടെ കടന്നുപോകുന്നു. രണ്ടിഞ്ചിൽ താഴെ വലിപ്പമുള്ള എന്തും അതിലൂടെ കടന്നുപോകും. ഇതു ചപ്പുചവറിന്റെ പകുതിയോളം വരും. ഇത് ചപ്പുചവറിന്റെ ജീവശാസ്ത്ര സംസ്കരണത്തിന്റെ ഒന്നാം ഘട്ടമായ കമ്പോസ്റ്റിങ്ങിനു വിധേയമാകുന്നു. ഒരു വലിയ ടാങ്കിൽവെച്ചാണ് ഇതു നടക്കുന്നത്. അതിൽവെച്ച് നുറുങ്ങിയ പാഴ്വസ്തുക്കൾ നഗരത്തിലെ മലിനജല സംസ്കരണ പ്ലാൻറിൽനിന്നു വരുന്ന ചെളിയുമായി കൂടിക്കലരുന്നു.
“ഈ പ്രക്രിയ വികസിപ്പിച്ചപ്പോൾ എല്ലായ്പോഴും ഞങ്ങൾ പരിതഃസ്ഥിതിയെക്കുറിച്ചു ചിന്തിച്ചിരുന്നു. അതുകൊണ്ട് നുറുക്കുമ്പോഴുണ്ടാകുന്ന പൊടിപോലും ഞങ്ങൾ വേർതിരിച്ചു. കൂടാതെ ഞങ്ങൾ പാഴ്വസ്തുക്കളുടെയും ചെളിയുടെയും മിശ്രിതം ഏകസമാനതയുള്ളതാക്കിത്തീർക്കുകയും ഏതാണ്ട് 40 ഡിഗ്രി സെൽഷ്യസ്വരെ [104 ഡിഗ്രി ഫാരെൻഹീറ്റ്] ചൂടാക്കുകയും ചെയ്യുന്ന കമ്പോസ്റ്റർ ടാങ്കിലേക്കു വായുകടത്തിവിടുന്നു. വായവ ജീർണനം (aerobic decay) നടക്കുന്നതുകൊണ്ട് പുറത്തുവരുന്ന വായുവിനെ ആദ്യം ഒരു അരിപ്പയിലൂടെ കടത്തിവിട്ടില്ലെങ്കിൽ അതിനു വല്ലാത്ത നാറ്റമായിരിക്കും,” ആതിഥേയൻ പറയുന്നു.
ഒന്നോ രണ്ടോ ദിവസം കമ്പോസ്റ്ററിൽ കിടന്നു കഴിഞ്ഞ് ഈ പദാർഥം 40 മീറ്റർ ഉയരമുള്ള മുഖ്യ ജൈവവാതക റിയാക്ടറിൽ പ്രവേശിക്കുന്നു. അവിടെ എന്തു സംഭവിക്കുന്നു? ഓക്സിജൻ ഇല്ലാത്ത ചുറ്റുപാടിൽ ജീവിക്കാൻ കഴിയുന്ന സൂക്ഷ്മാണുക്കൾ ഈ മിശ്രിതത്തിന്റെ ജൈവഘടകങ്ങളെ വിഘടിപ്പിക്കുന്നു. പ്രക്രിയയുടെ ഈ ഘട്ടം ചീയൽ എന്ന ലളിതമായ പേരിൽ അറിയപ്പെടുന്നു. ഇതിന് 35 ഡിഗ്രി സെൽഷ്യസിൽ 15 ദിവസം വേണ്ടിവരുന്നു. ജൈവവാതകവും വലിയ അളവിൽ ലഭിക്കുന്ന ജൈവമണ്ണും ആയിരിക്കും അവസാന ഉത്പന്നങ്ങൾ. ജൈവമണ്ണിൽ ഏതാണ്ട് 85 മുതൽ 90 വരെ ശതമാനം ജലമാണ്. ഈ ജലത്തിന്റെ ഭൂരിഭാഗവും പിഴിഞ്ഞു റിയാക്ടറിലേക്കു തിരിച്ചു കയറ്റുന്നു.
എന്നാൽ അരിപ്പയിലൂടെ കടന്നുപോകാഞ്ഞ ചപ്പുചവറിന്റെ പകുതിഭാഗത്തിന് എന്തു സംഭവിച്ചു? ഇതിൽ മുഖ്യമായും കടലാസും പ്ലാസ്റ്റിക് വസ്തുക്കളും അടങ്ങിയിരിക്കുന്നതിനാൽ ഈ ഭാഗം വളരെ എളുപ്പം കത്തുന്നതാണെന്ന് നമ്മുടെ ഗൈഡ് പറയുന്നു. എന്നാൽ പാഴ്വസ്തുക്കൾ സുരക്ഷിതമായി കത്തിക്കുന്നതിന് 1,000 ഡിഗ്രി സെൽഷ്യസിലധികം താപനില ആവശ്യമാണ്—അത്തരത്തിലുള്ള ഒരു ചൂള സമീപത്തെങ്ങുമില്ല. “അതുകൊണ്ടാണ് ഞങ്ങൾ ബാക്കിവരുന്ന ചപ്പുചവറ് ഒന്നുകൂടി നുറുക്കി വീണ്ടും ഈ പ്രക്രിയയ്ക്കു വിധേയമാക്കുന്നത്. ജീവശാസ്ത്ര പ്രക്രിയയ്ക്ക് പ്ലാസ്റ്റിക്കുകളെ വിഘടിപ്പിക്കാൻ കഴിയുകയില്ല എന്നതു സത്യമാണ്. എന്നാൽ പാഴ്വസ്തുക്കളുടെ ഭൂരിഭാഗവും കടലാസാണ്, അത് ഒടുവിൽ ജൈവസംയുക്തമായിത്തീരുന്നു,” അദ്ദേഹം പറയുന്നു.
ഈ സങ്കീർണ പ്രക്രിയ എന്താണ് ഉത്പാദിപ്പിക്കുന്നത്? നമ്മുടെ ആതിഥേയൻ ഉത്തരം നൽകുന്നു: “മുഖ്യമായും ഞങ്ങൾക്കു രണ്ട് ഉത്പന്നങ്ങളാണു ലഭിക്കുന്നത്, ജൈവസംയുക്തവും ജൈവവാതകവും. ഹരിതപ്രദേശങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിനും ഒരിക്കൽ ചപ്പുചവറും മണ്ണും ഇട്ടു നിരപ്പാക്കിയതും ഇപ്പോൾ ഉപയോഗശൂന്യമായിത്തീർന്നിരിക്കുന്നതുമായ പ്രദേശങ്ങളിൽ ഇടുന്നതിനും വേണ്ടി ഞങ്ങൾ ജൈവവളം വിൽക്കുന്നു. പഴയ പല ചപ്പുചവറു നിക്ഷേപ സ്ഥലങ്ങളും ഇപ്പോൾ ഉപയോഗിക്കാത്തതിനാൽ ഇതിന്റെ വമ്പിച്ച ആവശ്യമുണ്ട്. ഭാവിയിൽ, ഗ്ലാസും പ്ലാസ്റ്റിക്കുകളും നീക്കംചെയ്ത ശേഷം അതു കൃഷിക്ക് ഉപയോഗിക്കാൻ കഴിയുമോ എന്നു ഞങ്ങൾ നോക്കേണ്ടിയിരിക്കുന്നു. ജൈവവാതകത്തിൽ 60 ശതമാനം മീഥെയ്നും 40 ശതമാനം കാർബൺഡയോക്സൈഡും അടങ്ങിയിരിക്കുന്നു. ഗുണത്തിൽ അതു പ്രകൃതിവാതകം പോലെയാണ്, അതേ രീതിയിൽ ഉപയോഗിക്കുകയും ചെയ്യുന്നു. അത് ഏറ്റവും അടുത്തുള്ള വ്യവസായ പ്ലാന്റുകൾക്കു വിതരണം ചെയ്യുന്നതിനു ഞങ്ങൾക്കു പൈപ്പ്ലൈൻ സംവിധാനമുണ്ട്.”
ചപ്പുചവറിലും ചെളിയിലുമുള്ള സാന്ദ്രത കൂടിയ ലോഹങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ചെന്ത്? നമ്മുടെ ആതിഥേയൻ തുടരുന്നു: “സാന്ദ്രത കൂടിയ ഈ ലോഹങ്ങൾ വെള്ളത്തിൽ വളരെയധികമുണ്ട്. അതുകൊണ്ട് ഭാവിയിൽ വെള്ളത്തിൽനിന്ന് സാന്ദ്രത കൂടിയ ലോഹങ്ങൾ നീക്കം ചെയ്യാനുള്ള ഉപകരണം വാങ്ങാനാണു ഞങ്ങളുടെ ഉദ്ദേശ്യം. അപ്പോൾ ഞങ്ങളുടെ ഉത്പന്നം എല്ലാ ഉദ്ദേശ്യങ്ങൾക്കും യോജിച്ചതായിരിക്കും. നാം ഭാവിയെക്കുറിച്ചു സംസാരിക്കുന്ന സ്ഥിതിക്ക് എന്റെ സ്വപ്നം എന്താണെന്നു ഞാൻ നിങ്ങളോടു പറയേണ്ടിയിരിക്കുന്നു. ഞങ്ങൾക്ക് ഗ്ലാസോ പ്ലാസ്റ്റിക്കുകളോ ലോഹമോ കിട്ടാനിടയില്ലാത്തവിധം എല്ലാ വീട്ടുകാരും തങ്ങളുടെ ചപ്പുചവറ് തരംതിരിക്കും എന്നതാണ് എന്റെ സ്വപ്നം. അവയെല്ലാം പുനരുപയോഗയോഗ്യമാണ്. കൃത്രിമ തുണിത്തരങ്ങൾ, പ്ലാസ്റ്റിക്കുകൾ, റബർ എന്നിവപോലും പുനരുപയോഗയോഗ്യമാണ്.”
1,00,000 ആളുകൾ ഉത്പാദിപ്പിക്കുന്ന പാഴ്വസ്തുക്കൾ സംസ്കരിക്കുന്നതിനുള്ള കഴിവ് ഈ പ്ലാൻറിനുണ്ട്. ഇതു ഫിൻലൻഡിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട സംഗതിയാണ്. 2000-ാമാണ്ടാകുന്നതോടെ ചപ്പുചവറിന്റെ ഏതാണ്ടു പകുതിയും ഒന്നുകിൽ അസംസ്കൃത പദാർഥങ്ങളായി അല്ലെങ്കിൽ ഊർജമായി ഉപയോഗപ്പെടുത്താനാണ് ഈ രാജ്യം പദ്ധതിയിടുന്നത്.
ചപ്പുചവറിന്റെ ആധിക്യം സംബന്ധിച്ച് എന്തെങ്കിലും ചെയ്യുക സാധ്യമാണെന്നുള്ളതിനു നമ്മുടെ പര്യടനം നമുക്കു യഥാർഥ തെളിവു നൽകിയിരിക്കുന്നു. നാം പാർക്കുന്നിടത്തു നിലവിലുള്ള ഏതു പുനഃചാക്രിക നിയമങ്ങളോടും നമൂക്കോരോരുത്തർക്കും സഹകരിക്കാൻ കഴിയും. എന്നാൽ നാം ഗൈഡിനോടു വിടപറയുന്നതിനുമുമ്പ് ചപ്പുചവർ ഇതുപോലെ ഫലപ്രദമായരീതിയിൽ കൈകാര്യം ചെയ്യുന്ന മറ്റു പ്ലാന്റുകൾ ഉണ്ടോ എന്നു ചോദിക്കുന്നു. “അതു പറയാൻ പ്രയാസമാണ്. സമാനമായ മറ്റേതെങ്കിലും പ്ലാൻറിനെക്കുറിച്ച് എനിക്കറിയില്ല. ഒരുപക്ഷേ ഇതു ശ്രമിച്ചുനോക്കാൻ ആർക്കും ധൈര്യംതോന്നാത്തവണ്ണം പല സ്ഥലങ്ങളിലും പ്രശ്നങ്ങൾ അത്രമാത്രം വലുതായിരിക്കാം,” നമ്മുടെ ഗൈഡ് ഉത്തരം പറയുന്നു.