അറപ്പുളവാക്കുന്ന ആ ഈച്ചകൾ—നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ ഉപയോഗപ്രദരോ?
നമ്മിൽ മിക്കവരും ഈച്ചകളെ സമൂഹത്തിന് ഒരു ശല്യമായോ ഒരു പ്രത്യക്ഷ ഭീഷണിയായോ ആണു കാണുന്നത്. എന്നാൽ ഉപദ്രവകാരികൾ ആണെന്നു തോന്നുമെങ്കിലും ആ ഈച്ചകൾ നാം വിചാരിക്കുന്നതിനെക്കാൾ ഉപയോഗപ്രദരാണെന്നു ജീവശാസ്ത്രജ്ഞർ കണ്ടുപിടിക്കുന്നു.
തങ്ങളുടെ ആശ്രിതരായ പ്രാണികൾക്കു തേനും പൂമ്പൊടിയും വാഗ്ദാനം ചെയ്യുന്ന തൽക്ഷണ ആഹാര ഉറവിടങ്ങൾ പോലെയുള്ള പുഷ്പങ്ങൾ സന്ദർശിച്ചുകൊണ്ടു മിക്ക വർഗങ്ങളും ദിവസത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നു. ചില ഈച്ചകൾക്കു പൂമ്പൊടിയിൽനിന്നു പോഷകങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയുന്നത് ഒരു കാര്യമായ നേട്ടംതന്നെ. ഇവ അവയുടെ മുട്ടകളുടെ വളർച്ചക്കായി ഊർജം ധാരാളമുള്ള ഈ ആഹാരത്തെ ആശ്രയിക്കുന്നു.
ഒന്നിനു പിന്നാലെ മറ്റൊന്നായി പുഷ്പങ്ങൾ സന്ദർശിക്കവേ, ഈച്ചകൾ അവയുടെ ശരീരത്തു സ്വയം ഒട്ടിപ്പിടിക്കുന്ന പരാഗരേണുക്കളെ ഒഴിവാക്കാനാവാതെ വഹിച്ചുകൊണ്ടു നടക്കുന്നു. ജീവശാസ്ത്രജ്ഞർ സുക്ഷ്മമായി പരിശോധിച്ച ഒരു ഈച്ചയുടെ ശരീരത്ത് 1,200 പരാഗരേണുക്കൾ ഉണ്ടായിരുന്നു. ഈച്ചകളുടെ പരാഗണ കർമത്തെക്കുറിച്ചു കൂടുതൽ ഗവേഷണം നടത്തിയപ്പോൾ, ചില പുഷ്പങ്ങൾ അവയുടെ അതിജീവനത്തിനായി ഈച്ചകളെ ആശ്രയിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി.
വടക്കേ അമേരിക്കയിലെ കൊളറാഡോയിൽ നടത്തപ്പെട്ട പരീക്ഷണ പരമ്പരകളെ നാച്ച്വറൽ ഹിസ്റ്ററി എന്ന മാസിക വിവരിക്കുന്നു. ഭവന ഈച്ചകളോടു സാമ്യമുള്ള സാധാരണ മ്യൂസ്ക്കോയിഡ് ഈച്ച തിളങ്ങുന്ന വർണങ്ങളാൽ പൊതിയപ്പെട്ടിരുന്നു. അതുകൊണ്ട് അവയെ എളുപ്പം പിന്തുടരാൻ കഴിയും. അവയുടെ അനുദിന പ്രവർത്തനങ്ങളെ പരിശോധിച്ചതിനെ തുടർന്ന്, ചില കാട്ടുപൂക്കളുടെ സംഗതിയിൽ, വണ്ടുകളെക്കാൾ പ്രധാനപ്പെട്ട പരാഗികൾ ഈച്ചകളാണെന്നും ഈ സംഗതിയിൽ അവ വണ്ടുകളെക്കാൾ വളരെ മുന്നിലാണെന്നും കണ്ടുപിടിച്ചതിൽ ഗവേഷകർ അതിശയിച്ചുപോയി.
ഈച്ചകളുടെ ജോലി എത്ര പ്രധാനമാണ്? പ്രാണികൾക്കു സന്ദർശിക്കാൻ കഴിയാത്തവിധം ചില പുഷ്പങ്ങൾ നാരുകൾക്കൊണ്ടുള്ള വലയ്ക്കകത്തായിരുന്നു. ഈച്ചകളാൽ പരാഗണം നടത്തപ്പെട്ട സമീപത്തുണ്ടായിരുന്ന ഫലദായകമായവയ്ക്കു നേരേവിപരീതമായി പ്രസ്തുത പുഷ്പങ്ങൾ വിത്തുകൾ ഉത്പാദിപ്പിച്ചിരുന്നതേയില്ല. ചില പുഷ്പങ്ങളിൽ മുഖ്യമായും പരാഗണം നടത്തപ്പെട്ടതു വണ്ടുകളാലായിരുന്നെങ്കിലും, വൈൽഡ് ഫ്ളാക്സ്, വൈൽഡ് ജെറാനിയം തുടങ്ങിയവ പോലുള്ള ഇനങ്ങളിൽ കുറേ ഉയരത്തിൽവരെ പ്രസ്തുത കൃത്യത്തിന്റെ 90 ശതമാനത്തിലധികം നിർവഹിച്ചത് ഈച്ചകളാണ്.
ഗവേഷകരിൽ രണ്ടുപേരായിരുന്ന കാരൾ കൺസിന്റെയും ഡേവിഡ് ഇനോയുയിയുടെയും നിഗമനം എന്തായിരുന്നു? “അപ്പോൾ, കൊളറാഡോ റോക്കീസിലെ അനേകം കാട്ടുപൂക്കളുടെ സംഗതിയിൽ ഈച്ചകൾ വണ്ടുകളെയും ചിത്രശലഭങ്ങളെയും ഹമ്മിങ്ബേർഡുകളെയുംകാൾ മുന്നിട്ടുനിൽക്കുന്നു . . . ഭൂരിഭാഗം ജനങ്ങൾക്കും അൽപ്പം വെറുപ്പുള്ള ഈ പ്രാണികളെക്കൂടാതെ, ഒരു ആൽപ്സ് പ്രദേശ പുൽത്തകിടി സന്ദർശിക്കുന്നതിനെ മനോജ്ഞമാക്കുന്ന കാട്ടുപൂക്കളിൽ പലതിനും വിത്തുത്പാദിപ്പിക്കാൻ കഴിയുകയില്ല.” ഈച്ചകൾ ഉപയോഗപ്രദരാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല!