ഒരു തേനീച്ച തേനീച്ചയല്ലാത്തത് എപ്പോൾ?
ദിവസവും നൂറുകണക്കിന് പുഷ്പങ്ങൾ സന്ദർശിക്കുകയും പൂന്തേനുമായി കൂട്ടിലേക്കു മടങ്ങുകയും ചെയ്യുന്ന തേനീച്ചയുടെ ജീവിതം തിരക്കുപിടിച്ചതാണ്. വസന്തം വന്നെത്തുമ്പോൾ ആൺ തേനീച്ച ഇണയെ തേടുന്നു. ഇതിന് അവ ആശ്രയിക്കുന്നത് കാഴ്ചശക്തിയെയും ഘ്രാണശക്തിയെയും ആണ്. എന്നാൽ തന്റെ ഇണയാകാൻ യാതൊരു സാധ്യതയുമില്ലാത്ത ഒന്നുംകൂടെ ഹ്രസ്വദൃഷ്ടിയുള്ള തേനീച്ചയുടെ ശ്രദ്ധയാകർഷിക്കുന്നു—ഓർക്കിഡ്.
യൂറോപ്പിന്റെ തെക്കുഭാഗത്തുള്ള ചില കാട്ട് ഓർക്കിഡുകൾക്ക് ബീജസങ്കലനം നടത്താൻ കഴിയുന്നത് അവയ്ക്ക് പെൺ തേനീച്ചകളുടെ രൂപമുള്ളതുകൊണ്ടാണ്. ഈ ഓർക്കിഡുകൾക്ക് മറ്റ് ഓർക്കിഡുകളിലേക്ക് പരാഗ “പൊതിക്കെട്ടുകൾ” അയയ്ക്കേണ്ടതുണ്ട്. അതിനു പറ്റിയത് തേനീച്ചകളാണ്. എന്നാൽ ഈ ഓർക്കിഡുകൾക്ക് തേനീച്ചകളെ ആകർഷിക്കാൻ പറ്റിയ സ്വാദൂറുന്ന പൂന്തേനില്ല. അതുകൊണ്ട് അവ എന്തെങ്കിലും ‘തന്ത്രം’ പ്രയോഗിച്ചേ പറ്റൂ. ഓർക്കിഡുകളുടെ പൂവിന് പെൺ തേനീച്ചയുടേതിനോട് വളരെ സമാനമായ രൂപവും ഗന്ധവും ഉള്ളതിനാൽ ആൺ തേനീച്ച അതുമായി ഇണചേരാൻ ശ്രമിക്കുന്നു! അങ്ങനെ അത് തേനീച്ചയെ പറ്റിക്കുന്നു. ഈ ഓർക്കിഡുകളുടെ ഓരോ ഇനത്തിനും തനതായ പ്രച്ഛന്നവേഷവും സുഗന്ധവും ഉണ്ട്.
തേനീച്ചയ്ക്ക് അമളി മനസ്സിലാകുമ്പോഴേക്കും ഓർക്കിഡ് അവന്റെ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്ന ഒരു പരാഗപ്പൊതി നിക്ഷേപിച്ചു കഴിഞ്ഞിരിക്കും. അപ്പോൾ തേനീച്ച പറന്നകലുന്നു, പരാഗം സ്വീകരിക്കുന്ന മറ്റൊരു ഓർക്കിഡിനാൽ വീണ്ടും കബളിപ്പിക്കപ്പെടാനുള്ള പോക്കാണത്. ഇങ്ങനെ പല തവണ അമളി പറ്റിക്കഴിയുമ്പോൾ ഈ ഓർക്കിഡുകൾ വിശ്വസിക്കാൻ കൊള്ളാത്തവയാണെന്ന് തേനീച്ച മനസ്സിലാക്കുന്നു. സാധ്യതയനുസരിച്ച്, അപ്പോഴേക്കും അവൻ കുറെ പുഷ്പങ്ങളിൽ പരാഗണം നടത്തിയിരിക്കും.
ചിന്താപ്രാപ്തിയില്ലാത്ത ഈ ഓർക്കിഡുകൾ തേനീച്ചകളെ കബളിപ്പിക്കുന്നതിന് അനുയോജ്യമായ മണവും ആകൃതിയും ആർജിച്ചെടുത്തത് എങ്ങനെയാണ്? അത്ഭുതകരമായ അത്തരം സംവിധാനങ്ങൾ ബുദ്ധിമാനായ ഒരു രൂപകൽപ്പനാവിദഗ്ധനു സാക്ഷ്യം വഹിക്കുന്നു. അവന്റെ സൃഷ്ടികൾ സർവഥാ ആളുകളെ അത്ഭുതപ്പെടുത്തുകയും വശീകരിക്കുകയും ചെയ്യുന്നു.