ദൈവം ഇത്ര ക്ഷമയുള്ളവനായിരിക്കുന്നതെന്തുകൊണ്ട്?
പട്ടിണിപ്പാവമായ ഒരു കുട്ടിയുടെ മ്ലാനമായ മുഖം കാണുക. അവന്റെ മെല്ലിച്ച ശരീരവും ഉന്തിയ വയറും കാണുക. ആഹാരത്തിനുവേണ്ടിയുള്ള അവന്റെ അത്യാവശ്യത്തെക്കുറിച്ചു ചിന്തിക്കുകയും അവൻ കൊണ്ടുനടക്കുന്ന ഒഴിഞ്ഞ പാത്രമൊന്നു നിരീക്ഷിക്കുകയും ചെയ്യുക. ഒരുപക്ഷേ അവന്റെ അമ്മ കുഴിഞ്ഞ കണ്ണുകളുമായി നോക്കിനിൽക്കുന്നു, അവളുടെ സ്വന്തം മുഖവും നിരാശയുടെ ഒരു ദാരുണചിത്രംതന്നെ. ഇനി നിങ്ങളുടെ ദുഃഖമൊന്നടക്കാൻ ശ്രമിക്കൂ—അതെ, കരയാതിരിക്കൂ.
ഈ രംഗം സാഹെൽ എന്നറിയപ്പെടുന്ന ക്ഷാമബാധിതമായ പ്രദേശത്തെ 60 ലക്ഷം ചതുരശ്ര കിലോമീറററിൽ ദശലക്ഷക്കണക്കിനു പ്രാവശ്യം ആവർത്തിക്കപ്പെടുന്നു. ആ പ്രദേശം ആഫ്രിക്കയിലെ സഹാറാമരുഭൂമിക്കു തെക്ക് അററ്ലാൻറിക്ക്തീരത്ത് സെനിഗൽ മുതൽ ചെങ്കടലിങ്കലെ എത്യോപ്യാ വരെ വ്യാപിച്ചുകിടക്കുന്നു. തീർച്ചയായും ക്ഷാമം മററു രാജ്യങ്ങളിലും പുരുഷാരങ്ങളെ ഭീഷണിപ്പെടുത്തുന്നു. ഭൂമിയിലാസകലം ഏതാണ്ട് 110 കോടിയാളുകൾ ഗുരുതരമായി രോഗബാധിതരോ വികലപോഷിതരോ ആണെന്ന് ലോകാരോഗ്യസംഘടന റിപ്പോർട്ടുചെയ്യുന്നു.
തീർച്ചയായും, വിശപ്പ് മനുഷ്യദുരിതത്തിന്റെ ഒരു വശം മാത്രമാണ്. മനുഷ്യൻ ഭൂമിയെ മലിനീകരിക്കുന്നു, നമ്മളെല്ലാം ബാധിക്കപ്പെടുന്നു. രാഷ്ട്രീയ വ്യവസ്ഥിതികൾ അനേകർക്ക് ക്ലേശവും മരണവും വരുത്തിക്കൂട്ടുന്ന അനീതിയെയും യുദ്ധത്തെയും അംഗീകരിക്കുകയാണ്. ദൈവം എന്തുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങൾ അനുവദിക്കുന്നു? അവൻ നമ്മെക്കുറിച്ചു കരുതുന്നുവോ?
ദൈവം കരുതുകതന്നെ ചെയ്യുന്നു
നമ്മുടെ സ്രഷ്ടാവ് നമ്മെക്കുറിച്ചു കരുതുകതന്നെ ചെയ്യുന്നു. ഇതിനും നമ്മുടെ നൻമക്കുവേണ്ടിയും അവന്റെ സൃഷ്ടയിലെല്ലാമുള്ള യോജിപ്പിനുവേണ്ടിയും കാര്യങ്ങൾ ഒത്തുചേർന്ന് പ്രാവർത്തികമാക്കുന്നതിനുള്ള അവന്റെ പ്രാപ്തിക്കും വളരെയധികം തെളിവുണ്ട്. ഉദാഹരണത്തിന്, തുടർന്നു കൊടുത്തിരിക്കുന്ന ഒരു ഫലവൃക്ഷത്തിന്റെ പുഷ്പത്തിങ്കൽ അണയുന്ന ഒരു തേനീച്ചയുടെ ചിത്രം കാണുക. തേനീച്ചയുടെ പോഷണത്തിനാവശ്യമായിരിക്കുന്ന തേനിനുവേണ്ടി അത് പുഷ്പത്തെ ആശ്രയിക്കുന്നു. ക്രമത്തിൽ, ഇവിടെ കാണുന്ന വൃക്ഷം തേനീച്ചയുടെ ഉടൽ സമാനമായ ഒരു വൃക്ഷത്തിൽനിന്ന് വഹിച്ചുകൊണ്ടുവരുന്ന പൂമ്പൊടിയെ ആശ്രയിക്കണം. ഈ വിധത്തിൽ, ഫലം വികാസംപ്രാപിക്കുന്നതിന് പുഷ്പത്തിൽ പരാഗണം നടക്കുന്നു. എല്ലാ ഫലവൃക്ഷങ്ങളിലും ഈ വിധത്തിലല്ല പരാഗണം നടക്കുന്നത്, എന്നാൽ ഈ സംഗതിയിൽ ദൈവം തീർച്ചയായും അസാധാരണ സഹകരണത്തിന് ക്രമീകരണം ചെയ്തിരിക്കുന്നു. അവന്റെ നൻമ നമുക്ക് പ്രീതിയോടും പ്രയോജനത്തോടുംകൂടെ ഭക്ഷിക്കാവുന്ന പഴത്തിൽ കലാശിക്കുന്നു.
ഈ തേനീച്ചതന്നെ 30,000ത്തിലധികം വരുന്ന സുസംഘടിതമായ ഒരു തേനീച്ചക്കൂട്ടത്തിന്റെ ഭാഗമാണ്. ചിലത് തേനീച്ചക്കൂടിനെ സംരക്ഷിക്കുന്നു, അതേസമയം മററു ചിലത് അതിനെ ശുദ്ധീകരിക്കുകയൊ കാററുകൊള്ളിക്കുകയോ ചെയ്യുന്നു. ഇനി മററു ചിലത് തേനും പൂമ്പൊടിയും ശേഖരിക്കുകയോ തേനീച്ചപ്പുഴുക്കളെ പോററുകയോ പുതിയ തേനുറവുകൾ തേടിപ്പോകുകയോ ചെയ്യുന്നു. അങ്ങനെയുള്ള തിരക്കുപിടിച്ച തേനീച്ചകൾ നമ്മുടെ രസനേന്ദ്രിയത്തിന് ഉല്ലാസംപകരുന്ന പോഷകഗുണമുള്ള മധുരത്തേൻ ഉല്പാദിപ്പിക്കുമ്പോൾ നമുക്കു പ്രയോജനംകിട്ടത്തക്കവണ്ണം കാര്യങ്ങൾ ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത് ദൈവംതന്നെയാണ്.
തേനീച്ചകളും ചെടികളും തമ്മിലും പ്രാണികൾക്കിടയിൽത്തന്നെയുമുള്ള സഹകരണത്തിന്റെ അത്ഭുതം, ജീവികളെ അന്യോന്യം സഹകരിപ്പിക്കാൻ സ്രഷ്ടാവിന് പൂർണ്ണപ്രാപ്തിയുണ്ടെന്നുള്ളതിന്റെ തെളിവുകളിൽ ഒന്നുമാത്രമാണ്. ആ കാരണത്താൽ, “ദൈവം കലക്കത്തിന്റെയല്ല, പിന്നെയോ സമാധാനത്തിന്റെ ഒരു ദൈവമാകുന്നു.” (1 കൊരിന്ത്യർ 14:33) ആ സ്ഥിതിക്ക്, അവൻ ഇത്ര അനൈക്യത്തിലും തത്ഫലമായി വളരെയധികംപേർക്കു നേരിടുന്ന ദുരിതത്തിലും മനുഷ്യവർഗ്ഗം സ്ഥിതിചെയ്യാൻ അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്? ദൈവം നമ്മേക്കുറിച്ചു കരുതുന്നുവെങ്കിൽ, ഈ സാഹചര്യത്തെ തിരുത്തുന്നതിന് അവൻ ഇത്ര ദീർഘകാലം കാത്തിരിക്കുന്നതെന്തുകൊണ്ട്? തീർച്ചയായും, ദൈവം ഇത്ര ക്ഷമയുള്ളവനായിരിക്കുന്നതെന്തുകൊണ്ട്?
ദൈവവചനമാകുന്ന ബൈബിൾ അങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. ഒരു നല്ല കാരണത്താലാണ് യഹോവയാം ദൈവം ക്ഷമയുള്ളവനായിരിക്കുന്നതെന്ന് ഈ ശ്രദ്ധേയമായ പുസ്തകം നമ്മോടു പറയുന്നു. എന്താണ് ആ കാരണം? ദൈവത്തിന്റെ ക്ഷമ എത്ര നാൾകൂടെ നീണ്ടുനിൽക്കും? (w91 10/1)
[2-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Cover photo: Frilet/Sipa