കമ്പ്യൂട്ടറിനെതിരെ തേനീച്ച
സാധാരണ കാണുന്ന തേനീച്ച എത്ര മിടുക്കനാണ്? തെളിവനുസരിച്ച്, ഇന്നത്തെ ഏററവും ശക്തമായ സൂപ്പർ കമ്പ്യൂട്ടറുകളെക്കാളും സാമർഥ്യമുള്ളത്. അവ ചെറിയ രൂപമാതൃകയുടെ ഒരു അത്ഭുതമാണ്.
ലോകത്തിലെ ഏററവും ശക്തിയുള്ള ഒരു കമ്പ്യൂട്ടറിന് 1,600 കോടി ഫ്ളോപ്പുകൾ എന്ന അമ്പരപ്പിക്കുന്ന പ്രൊസ്സസിങ് സ്പീഡ് കൈവരിക്കാനാകും. സാധാരണക്കാരന്റെ ഭാഷയിൽ പറഞ്ഞാൽ, അത്തരമൊരു കമ്പ്യൂട്ടറിന് രണ്ടു സംഖ്യകൾ കൂട്ടുന്നതുപോലെയുള്ള ലളിതമായ 1,600 കോടി ഗണിതശാസ്ത്ര വ്യവഹാരങ്ങൾ ഓരോ സെക്കണ്ടിലും നടത്താൻ കഴിയും. അതിൽനിന്നു വ്യത്യസ്തമായി, ഒരു തേനീച്ചയുടെ തലച്ചോറിൽ നടക്കുന്ന എല്ലാ വൈദ്യുത, രാസ പ്രവർത്തനങ്ങളുടെയും ന്യായമായ ഒരു സംഖ്യ കാണിക്കുന്നത് തേനീച്ച ഓരോ സെക്കണ്ടിലും പത്തുലക്ഷം കോടി പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാണ്. ഭയങ്കരം!
തേനീച്ച ഇതെല്ലാം ചെയ്യുന്നത് ഒരു കമ്പ്യൂട്ടറിനെക്കാൾ വളരെ കുറഞ്ഞ ഊർജം മാത്രം ഉപയോഗിച്ചുകൊണ്ടാണ്. ബൈററ് മാഗസിൻ പറയുന്നതനുസരിച്ച്, “ഒരു തേനീച്ചയുടെ തലച്ചോറ് ഒരു വാട്ടിന്റെ ഒരു കോടിയിലൊന്നിൽ താഴെ [ഊർജം] മാത്രമേ നഷ്ടപ്പെടുത്തുന്നുള്ളൂ. . . . അത് ഇന്നത്തെ ഏററവും പ്രവർത്തനക്ഷമതയുള്ള കമ്പ്യൂട്ടറിനെക്കാൾ ഏതാണ്ട് ഒരു കോടി തവണ മേൻമയുള്ളതാണ്.” അതുകൊണ്ട്, 100 വാട്ടിന്റെ ഒരു വൈദ്യുത ബൾബ് കത്തിക്കാനാവശ്യമായ ഊർജംകൊണ്ട് ഒരു കോടി തേനീച്ച തലച്ചോറുകൾ പ്രവർത്തിപ്പിക്കാനാവും. തത്തുല്യമായ എണ്ണം പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഇന്നത്തെ ഏററവും പ്രവർത്തനക്ഷമതയുള്ള കമ്പ്യൂട്ടറിന് അതിനെക്കാൾ കോടിക്കണക്കിനു മടങ്ങ് ഊർജം അധികം വേണം.
എന്നിട്ടും, കമ്പ്യൂട്ടറുകളെക്കാളധികമാണു തേനീച്ചകൾ ചെയ്യുന്നത്. അവയ്ക്കു നിറങ്ങൾ കാണാം, മണക്കാം, പറക്കാം, നടക്കാം, സമനില കാക്കാം. മധുവിന്റെ ഉറവിടങ്ങൾ തേടി ദീർഘദൂരം യാത്ര ചെയ്തിട്ട് കൂട്ടിൽ മടങ്ങിവന്ന് സഹതേനീച്ചകൾക്കു വഴി പറഞ്ഞുകൊടുക്കാൻ അവയ്ക്കു കഴിവുണ്ട്. അവ മിടുക്കൻമാരായ രസതന്ത്രജ്ഞരും കൂടിയാണ്. തേൻ ഉണ്ടാക്കാൻ വേണ്ടി അവ മധുവിനോടു കൂടെ പ്രത്യേക എൻസൈമുകൾ ചേർക്കുന്നു. അവയുടെ കൂട് ഉണ്ടാക്കുന്നതിനും കേടുപോക്കുന്നതിനും അവ തേൻമെഴുക് ഉത്പാദിപ്പിക്കുന്നു. റോയൽ ജെല്ലി പോലുള്ള പ്രത്യേക ഭക്ഷ്യയിനങ്ങളും തേനീച്ചയടയും അവ ഉണ്ടാക്കുന്നു, അവയുടെ കുഞ്ഞുങ്ങൾക്കു വേണ്ടി. അതിക്രമിച്ചു കടക്കുന്നവരെ തിരിച്ചറിഞ്ഞ് തിരിച്ചോടിച്ചുകൊണ്ട് അവ തങ്ങളുടെ ഭവനം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
നല്ല ഗൃഹപരിപാലകരായതുകൊണ്ട്, കൂട്ടിൽനിന്ന് അവശിഷ്ടങ്ങളും അഴുക്കുകളും ക്രമമായി നീക്കം ചെയ്യുന്നു. തണുപ്പുകാലത്തു ചൂടിനു വേണ്ടി ചേർന്നിരുന്നുകൊണ്ടോ വേനൽക്കാലത്ത് ശുദ്ധവായു അടിച്ചുകയററുകയും വെള്ളം തളിക്കുകയും ചെയ്തുകൊണ്ടോ കൂട്ടിനുള്ളിലെ താപനില അവ നിയന്ത്രിക്കുന്നു. അവയുടെ ഭവനം തേനീച്ചകളെക്കൊണ്ടു നിറയുമ്പോൾ, ചിലർ കുടുംബത്തിൽനിന്നു പിരിഞ്ഞുപോകേണ്ടതാണ് എന്നു ഗ്രഹിക്കത്തക്കവണ്ണം അവർ സമർഥരാണ്. പഴയ കൂടിനു വേണ്ടി അവർ ഒരു പുതിയ രാജ്ഞിയെ തിരഞ്ഞെടുക്കുന്നു, പഴയ രാജ്ഞിയും അനേകം പ്രവർത്തകരും ഒരു പുതിയ കോളനി സ്ഥാപിക്കാൻ വേണ്ടി കൂട്ടത്തോടെ പറക്കും. എന്നിരുന്നാലും, പുതിയ സ്ഥലങ്ങൾ നോക്കാൻ ആദ്യം ചാരൻമാരെ അയയ്ക്കും. ആലങ്കാരികമായി പറഞ്ഞാൽ, അവ മടങ്ങിവന്ന് വിവരങ്ങൾ കൈമാറിയശേഷം “സമർഥൻമാരായ” തേനീച്ചകൾ കൂട്ടത്തെ അതിന്റെ പുതിയ ഭവനത്തിലേക്കു നയിക്കുന്നു.
പാവം തേനീച്ചകൾ ഇതെല്ലാം ചെയ്യുന്നത് പുറമേനിന്നുള്ള എന്തെങ്കിലും സഹായമോ മാർഗനിർദേശമോ കൂടാതെയാണ്. അവ ഒററയ്ക്കൊററയ്ക്കു പ്രവർത്തിക്കുന്നു. എന്നാൽ, സൂപ്പർകമ്പ്യൂട്ടറുകൾക്ക് പ്രോഗ്രാമുണ്ടാക്കുന്നവരുടെയും എഞ്ചിനിയർമാരുടെയും ടെക്നീഷ്യൻമാരുടെയും സംഘങ്ങൾ ആവശ്യമാണ്. താരതമ്യപ്പെടുത്താനേ വയ്യ! തേനീച്ചകൾ സത്യമായും ചെറിയ രൂപമാതൃകയുടെ ഒരു വിസ്മയമാണ്.
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
L. Fritz/H. Armstrong Roberts