അത് ഏതു രാജ്യമായിരിക്കാം?
വികസിത രാഷ്ട്രങ്ങളിലെ ആളുകൾ പൊതുവേ കൈക്കൂലി, അഴിമതി, ദാരിദ്ര്യം എന്നിവയെ ആഫ്രിക്കയിലും ലാറ്റിൻ-അമേരിക്കൻ രാജ്യങ്ങളിലും മാത്രം നടക്കുന്ന കാര്യങ്ങളായി വീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ, പിൻവരുന്ന ഉദ്ധരണി ഏതു രാജ്യത്തിനു ബാധകമാകും?
“ഗവൺമെൻറ് മന്ത്രിമാർ നുണ പറയുന്നു, അഴിമതിയുടെ പേരിൽ ബിസിനസുകാർ തടവിലാക്കപ്പെടുന്നു, കൈക്കൂലി വാങ്ങിയതിനു സിവിൽ ഉദ്യോഗസ്ഥൻമാർ പിടിയിലാവുന്നു, രാഷ്ട്രീയം ദുഷിക്കപ്പെടുന്നു. കൂടാതെ, [രാഷ്ട്രീയക്കാർ] ആഭാസരും മദ്യോന്മത്തരും ലൈംഗികാസക്തരും ആയി കാണപ്പെടുന്നു. രാജ്യത്തെമ്പാടും പെരുവഴിക്കവർച്ച വീണ്ടും സർവസാധാരണമായിത്തീർന്നിരിക്കുന്നു. . . . സാധാരണ നടക്കുന്ന കുറ്റകൃത്യങ്ങൾക്കൊപ്പം വ്യവസായത്തിലും ധനകാര്യരംഗത്തും ഗവൺമെൻറ് ഉദ്യോഗങ്ങളിലും അഴിമതി അലയടിച്ചുയർന്നിരിക്കുന്നു. . . . ഒരു കോടി പത്തുലക്ഷം ആളുകൾ ഇപ്പോൾ ജീവന്റെ അടിസ്ഥാന ആവശ്യങ്ങളിൽപെട്ട മൂന്നോ അതിൽ കൂടുതലോ കാര്യങ്ങൾ ഇല്ലാത്തവരാണ്, . . . കൂടാതെ, കൊടുംദാരിദ്ര്യത്തിൽ കഴിയുന്നവരുടെ എണ്ണം—അവശ്യസംഗതികളിൽ ഏഴോ അതിലധികമോ കാര്യങ്ങൾ ഇല്ലാത്തവർ—25 ലക്ഷത്തിൽനിന്ന് 35 ലക്ഷമായി ഉയർന്നിരിക്കുന്നു.”—ഫിലിപ്പ് നൈറ്റ്ലി, ഓസ്ട്രേലിയൻ മാഗസിൻ.
നിങ്ങളുടെ ഊഹം ശരിയാണോ? ഉത്തരം ബ്രിട്ടൻ എന്നാണ്. മേൽപ്രസ്താവിച്ചവ ഡസൻ കണക്കിനു രാജ്യങ്ങൾക്കു ബാധകമായേക്കാമെന്നതു നമ്മുടെ കാലഘട്ടത്തിലെ ദുഃഖകരമായ ഒരു സംഗതിയാണ്. നല്ലതും സത്യസന്ധവും നീതിനിഷ്ഠവുമായ ഭരണാധിപത്യം നമുക്കെല്ലാം എത്രയധികം ആവശ്യമായിരിക്കുന്നു! അതേ, “നിന്റെ രാജ്യം വരേണമേ,” എന്നു യേശു തന്റെ അനുഗാമികളെ പഠിപ്പിച്ച പ്രാർഥനയിലെ ആ രാജ്യം മുഖാന്തരമുള്ള ദൈവത്തിന്റെ ഭരണാധിപത്യം നമുക്ക് ആവശ്യമായിരിക്കുന്നു.—മത്തായി 6:10.