ഒരു അഴിമതിരഹിത ലോകത്തെക്കുറിച്ചുള്ള വാഗ്ദാനം
സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അഴിമതി കയറിക്കൂടിയിരിക്കുകയാണ്. ഗവൺമെന്റിലായാലും ശാസ്ത്രത്തിലായാലും കായികരംഗത്തായാലും മതത്തിലായാലും ബിസിനസിലായാലും അഴിമതി ഏതാണ്ട് കൊടികുത്തി വാഴുകയാണ്.
ഒന്നിനു പിറകെ ഒന്നായി ഓരോ രാജ്യത്തും നിരാശപ്പെടുത്തുന്ന അഴിമതിക്കഥകൾ പത്രത്തലക്കെട്ടുകളിൽ സ്ഥാനംപിടിക്കുകയാണ്. ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായിട്ടുള്ള അനേകരും കൈക്കൂലിയും കോഴയും വാങ്ങി തൻകാര്യതത്പരരായിരിക്കുന്നതായി തുറന്നുകാട്ടപ്പെടുകയാണ്. വെള്ളക്കോളർ കുററകൃത്യങ്ങൾ എന്നുപറയപ്പെടുന്നവ നടമാടുകയാണ്. സാമൂഹികമോ സാമ്പത്തികമോ ആയ ഉയർന്ന പദവിയിലുള്ള കൂടുതൽക്കൂടുതൽ ആളുകൾ തങ്ങളുടെ സ്ഥിരമായ തൊഴിലിനോടുള്ള ബന്ധത്തിൽ ധാർമികവും ശിക്ഷാർഹവുമായ, ഗുരുതരമായ ലംഘനങ്ങൾക്കു കുററക്കാരാണ്.
ഒരു യൂറോപ്യൻ പത്രിക വർണിച്ചതുപോലെയുള്ള “‘വമ്പൻമാരുടെ അഴിമതി’”യെക്കുറിച്ചുള്ള ഉത്കണ്ഠ കൂടിക്കൂടിവരുകയാണ്. “മുതിർന്ന ഉദ്യോഗസ്ഥൻമാരും മന്ത്രിമാരും, പിന്നെ പലപ്പോഴും രാഷ്ട്രത്തലവൻമാരും വൻകിട വാങ്ങലുകളും പദ്ധതികളും അംഗീകരിക്കുന്നതിനുമുമ്പായി തുകകൾ ആവശ്യപ്പെടുന്ന നടപടി”യാണത്. ഒരു രാജ്യത്ത്, “രണ്ടു വർഷത്തെ പൊലീസ് അന്വേഷണവും മിക്കവാറും ദിവസേനയുള്ള അറസ്ററുകളുമുണ്ടായിരുന്നിട്ടും തിരുത്താനാവാത്ത ആ അഴിമതിക്കാരെ പിന്തിരിപ്പിക്കാൻ അവയ്ക്കു കഴിഞ്ഞില്ല,” ബ്രിട്ടീഷ് മാഗസിനായ ദി ഇക്കണോമിസ്ററ് പ്രസ്താവിക്കുന്നു.
അത്രയ്ക്കു വ്യാപകമായ അഴിമതി നിമിത്തം, തങ്ങൾക്കു വിശ്വാസമർപ്പിക്കാനാവുന്ന ആരുമില്ലെന്നാണ് ഇന്ന് അനേകർക്കും തോന്നുന്നത്. അവരിലൂടെ പ്രതിധ്വനിക്കുന്നത് ബൈബിൾ എഴുത്തുകാരനായ ദാവീദിന്റെ വികാരങ്ങളാണ്. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എല്ലാവരും വഴിതെററി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻപോലുമില്ല.”—സങ്കീർത്തനം 14:3.
വ്യാപകമായ അഴിമതി എന്ന യാഥാർഥ്യത്തെ നിങ്ങൾ എങ്ങനെയാണു നേരിടുന്നത്? ഇന്നു മിക്കയാളുകളും അതിനെയങ്ങ് അവഗണിച്ചുകളയുകയാണ്. എന്നാൽ അഴിമതിയെ അവഗണിച്ചാലും ശരി, അപ്പോഴും അതു നിങ്ങൾക്കു ദോഷം ചെയ്യും. എങ്ങനെ?
അഴിമതി നിങ്ങളെ ബാധിക്കുന്നു
ഉന്നതതലത്തിലെയും താഴ്ന്നതലത്തിലെയും അഴിമതി ജീവിതച്ചെലവു വർധിപ്പിക്കുന്നു, ഉത്പന്നങ്ങളുടെ ഗുണനിലവാരം കുറച്ചുകളയുന്നു, ജോലിസാധ്യതകൾ കുറയ്ക്കുന്നു, വേതനനിരക്കിൽ ഇടിവുവരുത്തുന്നു. ഉദാഹരണത്തിന്, വിശ്വസിച്ചുകൊടുത്ത മുതലിനെ അപഹരിക്കലും വഞ്ചനയുംപോലെയുള്ള കുററകൃത്യങ്ങൾ വരുത്തിക്കൂട്ടുന്ന നഷ്ടം ഭവനഭേദനം, കവർച്ച, മോഷണം എന്നിവയിലൂടെയുള്ള നഷ്ടത്തിന്റെ ചുരുങ്ങിയതു പത്ത് ഇരട്ടിയാണെന്നു കണക്കാക്കപ്പെടുന്നു. “ഐക്യനാടുകളിൽ പൊതുസ്ഥാപനങ്ങളിലെ കുററകൃത്യങ്ങൾമൂലമുള്ള നഷ്ടം ഓരോ വർഷവും 20,000,00,00,000 ഡോളർ—സംഘടിത കുററകൃത്യങ്ങൾമൂലമുള്ള നഷ്ടത്തിന്റെ മൂന്നിരട്ടി—ആണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു”വെന്നു ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (1992) പ്രസ്താവിക്കുന്നു. ഫലങ്ങൾ പെട്ടെന്നു കണ്ടുപിടിക്കപ്പെടുന്നില്ലെങ്കിലും “അത്തരം കുററകൃത്യങ്ങൾക്കു തൊഴിലാളികൾ, ഉപഭോക്താക്കൾ, പരിസ്ഥിതി എന്നിവയുടെ സുരക്ഷിതത്വത്തിൻമേൽ അപാര സ്വാധീനമുണ്ട്,” അതേ സ്രോതസ് വിശദമാക്കുന്നു.
അഴിമതിയുടെ തിക്തഫലങ്ങൾ ശലോമോൻ രാജാവിന്റെ വാക്കുകൾ നമ്മെ അനുസ്മരിപ്പിക്കുന്നു: “സൂര്യന്നു കീഴിൽ നടക്കുന്ന മർദ്ദനങ്ങളെല്ലാം ഞാൻ കണ്ടു. ഇതാ, മർദ്ദിതർ കണ്ണീരൊഴുക്കുന്നു, അവരെ ആശ്വസിപ്പിക്കാനാരുമില്ല! മർദ്ദിക്കുന്നവരുടെ ഭാഗത്ത് ശക്തിയുണ്ട്. അതുകൊണ്ട് മർദ്ദിതരെ ആശ്വസിപ്പിക്കുന്നതിന്ന് ആരുമില്ല.”—സഭാപ്രഭാഷകൻ 4:1, ഓശാന ബൈബിൾ.
അപ്പോൾ അഴിമതിക്കു നാം വഴങ്ങിക്കൊടുക്കണമോ? അത് ഒഴിവാക്കാനാവാത്തതോ? ഒരു അഴിമതിരഹിത ലോകം എന്നതു നടക്കാനാവാത്ത ഒരു സ്വപ്നമാണോ? സന്തോഷകരമെന്നു പറയട്ടെ, അല്ല! അനീതിയും അധർമവും ഉടനടി നിർമാർജനം ചെയ്യപ്പെടുമെന്നു ബൈബിൾ നമ്മെ പഠിപ്പിക്കുന്നു.
ബൈബിൾ നമ്മോടു പറയുന്നത്
ഒരു ശക്തനായ ദൂതൻ ദൈവത്തോടു മത്സരിക്കുകയും ആദ്യ മനുഷ്യ ദമ്പതികളെ തന്നോടൊപ്പം ചേരാൻ പ്രേരിപ്പിക്കുകയും ചെയ്തപ്പോഴായിരുന്നു ദുഷിക്കൽ ആരംഭിച്ചതെന്നു ബൈബിൾ നമ്മോടു പറയുന്നു. (ഉല്പത്തി 3:1-6) അവരുടെ പാപഗതിയിൽനിന്ന് ഒരു നൻമയും ഉരുത്തിരിഞ്ഞില്ല. നേരേമറിച്ച്, ആദാമും ഹവ്വായും യഹോവയാം ദൈവത്തിനെതിരെ പാപംചെയ്ത നാൾമുതൽ അവർ ക്ഷയിക്കലിന്റെ അസുഖകരമായ അനന്തരഫലങ്ങൾ അനുഭവിക്കാൻ തുടങ്ങി. അവരുടെ ശരീരങ്ങളിൽ മന്ദഗതിയിലുള്ള ക്ഷയിക്കൽ പ്രക്രിയ തുടങ്ങി. അത് അവസാനം ഒഴിവാക്കാനാവാത്ത മരണത്തിലും കലാശിച്ചു. (ഉല്പത്തി 3:16-19) അന്നുമുതൽ കൈക്കൂലിയുടെയും ചതിയുടെയും തട്ടിപ്പിന്റെയും ദൃഷ്ടാന്തങ്ങൾകൊണ്ടു ചരിത്രം നിറഞ്ഞിരിക്കുകയാണ്. എന്നിട്ടും അഴിമതിക്കാരായ മിക്കവരും ശിക്ഷിക്കപ്പെടുന്നതായി കാണുന്നില്ല.
സാധാരണ കുററവാളികളിൽനിന്നു വിപരീതമായി, അഴിമതിക്കാരായ ഉന്നത ഉദ്യോഗസ്ഥൻമാരും രാഷ്ട്രീയക്കാരും അപൂർവമായേ ജയിലിലാകുന്നുള്ളു, അല്ലെങ്കിൽ അന്യായമായി നേടിയതെല്ലാം തിരിച്ചുകൊടുക്കാറുള്ളു. കൈക്കൂലിയുടെയും കോഴയുടെയും സമ്മാനങ്ങളുടെയും രഹസ്യസ്വഭാവം നിമിത്തം ഉന്നതതല അഴിമതികൾ വെളിച്ചത്തുകൊണ്ടുവരിക പലപ്പോഴും ദുഷ്കരമാണ്. എന്നാൽ ഒരു അഴിമതിരഹിത ലോകം എന്നത് ഒരു നടക്കാനാവാത്ത സ്വപ്നമാണെന്ന് ഇതിന് അർഥമില്ല.
അഴിമതിയിൽനിന്നുള്ള രക്ഷ വരുന്നതു മനുഷ്യന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്തിൽനിന്നാണ്. ഒരേ ഒരു പരിഹാരം ദൈവിക ഇടപെടലാണ്. എന്തുകൊണ്ട്? മനുഷ്യവർഗത്തിന്റെ അദൃശ്യ ശത്രുവായ പിശാചായ സാത്താൻ മനുഷ്യവർഗത്തെ വഴിതെററിക്കുന്നതിൽ തുടരുകയാണ് എന്നതുതന്നെ കാരണം. 1 യോഹന്നാൻ 5:19-ൽ നാം വായിക്കുന്നതുപോലെ, “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” അഴിമതിയുടെ വർധനവിന്, കൂടാതെ പലപ്പോഴും അതിനുത്തരവാദികൾ ശിക്ഷിക്കപ്പെടാതെപോകുന്നതിന് മറ്റെന്താണു കാരണം?
മനുഷ്യപ്രയത്നം എത്രയുണ്ടായിരുന്നാലും സാത്താനെയും അവന്റെ ഭൂതങ്ങളെയും കീഴടക്കാനാവില്ല. “ദൈവമക്കളുടെ മഹത്ത്വമേറിയ സ്വാതന്ത്ര്യം” ഉറപ്പുനൽകാൻ ദിവ്യ ഇടപെടലിനുമാത്രമേ സാധിക്കുകയുള്ളു. (റോമർ 8:21, ഓശാന) മേലാൽ മനുഷ്യവർഗത്തെ വഴിതെററിക്കാതിരിക്കേണ്ടതിന് സാത്താൻ ഉടൻ ബന്ധനസ്ഥനാകുമെന്നു യഹോവ വാഗ്ദാനം ചെയ്യുന്നു. (വെളിപ്പാടു 20:3) അതിനിടയിൽ, ദൈവത്തിന്റെ അഴിമതിരഹിത പുതിയലോകത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഈ ലോകത്തിന്റെ ദുഷിച്ച മാർഗങ്ങളെ നാം നിരാകരിക്കണം.
ജനങ്ങൾക്കു മാററംവരുത്താനാവും
യേശുക്രിസ്തുവിന്റെ നാളുകളിൽ, തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യുകയും സഹമനുഷ്യരെ ഞെരുക്കുകയും ചെയ്തവർ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, അഴിമതിനടപടികൾക്കു കുപ്രസിദ്ധരായിരുന്നു നികുതിപിരിവുകാർ. എന്നാൽ അതിനെതിരെ, ഇങ്ങനെയൊരു ദൈവനിയമം വ്യക്തമായുണ്ടായിരുന്നു: “സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാൻമാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുത്.” (പുറപ്പാടു 23:8) ഒരു പ്രമുഖ നികുതിപിരിവുകാരനായിരുന്ന സക്കായി വ്യാജാരോപണങ്ങളിലൂടെ പിടിച്ചുപറി നടത്തിയിരുന്നതായി സമ്മതിക്കുകയുണ്ടായി. വിപുലമായ തോതിലുള്ള സാമൂഹിക പരിഷ്കരണത്തിനുവേണ്ടി പ്രോത്സാഹിപ്പിക്കാതെ യേശു വ്യക്തികളോട് അനുതപിക്കാനും തങ്ങളുടെ ദുഷിച്ച മാർഗങ്ങൾ ഉപേക്ഷിക്കാനും അഭ്യർഥിച്ചു. തത്ഫലമായി, അഴിമതിക്കാരായ നികുതിപിരിവുകാരെന്ന് അറിയപ്പെട്ടിരുന്ന മത്തായിയും സക്കായിയും തങ്ങളുടെ മുൻ ജീവിതരീതി ഉപേക്ഷിച്ചു.—മത്തായി 4:17; 9:9-13; ലൂക്കൊസ് 19:1-10.
ഇന്നു സത്യസന്ധമല്ലാത്ത നടപടികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് “നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചു”കൊണ്ട് അതുപോലെ ദുഷിച്ച നടപടികളെ തള്ളിക്കളയാനാവും. (എഫെസ്യർ 4:24) സത്യസന്ധതയോടെ നികുതികൊടുക്കുന്നതോ സംശയാസ്പദമായ പദ്ധതികളിലേർപ്പെടുന്നതു നിർത്തുന്നതോ എളുപ്പമാകണമെന്നില്ല. എന്നാൽ ഏതൊരു ശ്രമത്തിനും തക്കവിലയുള്ളതാണു പ്രയോജനങ്ങൾ.
മേലാൽ ഈ ദുഷിച്ച ലോകത്താൽ സ്വാധീനിക്കപ്പെടാത്ത, മററുള്ളവരുടെ ക്ഷേമത്തിൽ തത്പരരായ, വ്യക്തികൾ ആന്തരിക സമാധാനം ആസ്വദിക്കുന്നുണ്ട്. കുററകൃത്യങ്ങളുടെപേരിൽ പിടിക്കപ്പെടുമെന്ന ഭയമില്ല. മറിച്ച്, അവർക്കു നല്ലൊരു മനസ്സാക്ഷിയുണ്ട്. അവർ ദാനിയേൽ പ്രവാചകന്റെ ബൈബിൾ ദൃഷ്ടാന്തം അനുകരിക്കുന്നു. ഉയർന്ന ഉദ്യോഗസ്ഥൻമാർ ദാനിയേലിനെതിരായി എന്തെങ്കിലുമൊരു കുററം കണ്ടുപിടിക്കാൻ നിരന്തരം ശ്രമിക്കുകയായിരുന്നുവെന്നു ബൈബിൾ രേഖ പറയുന്നു. “എന്നാൽ യാതൊരു കാരണവും കുററവും കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെററും കുററവും അവനിൽ കണ്ടെത്തിയില്ല.”—ദാനീയേൽ 6:4.
യഹോവയുടെ വാഗ്ദാനം
“പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീർഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തൻമാർക്കു നൻമ വരുമെന്നു ഞാൻ നിശ്ചയമായി അറിയുന്നു. എന്നാൽ ദുഷ്ടന്നു നൻമ വരികയില്ല; അവൻ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെ അവന്റെ ആയുസ്സു ദീർഘമാകയില്ല,” യഹോവ വാഗ്ദാനം ചെയ്യുന്നു.—സഭാപ്രസംഗി 8:12, 13.
അഴിമതി മേലാൽ അസന്തുഷ്ടിക്കിടവരുത്തുകയില്ല, എന്തൊരാശ്വാസം! ഒരു അഴിമതിരഹിത ലോകത്ത് എന്നേക്കും ജീവിക്കാനാവുന്നത് എന്തൊരനുഗ്രഹമാണ്! ഇത് അസാധ്യമായ ഒന്നല്ല. “ഭോഷ്കില്ലാത്ത [“വ്യാജം പറയാൻ അസാധ്യമായ,” NW] ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ”യെക്കുറിച്ചു ബൈബിൾ സംസാരിക്കുന്നു. (തീത്തൊസ് 1:2) നിങ്ങൾ അഴിമതിയെ വെറുക്കുകയും നീതിയെ ഇഷ്ടപ്പെടുകയും ചെയ്യുന്നെങ്കിൽ, ഒരു അഴിമതിരഹിത ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനനിവൃത്തി കാണാൻ നിങ്ങൾക്കു സാധിച്ചേക്കും.
[4-ാം പേജിലെ ചിത്രം]
ഗവൺമെന്റ്, ബിസ്സിനസ് വൃത്തങ്ങളിൽ അഴിമതി സർവസാധാരണമാണ്
[5-ാം പേജിലെ ചിത്രം]
ഗവൺമെന്റ് ഉദ്യോഗസ്ഥൻമാരുമായുള്ള ഇടപെടലുകളിൽ മിക്കപ്പോഴും അഴിമതി സ്ഥാനംപിടിക്കുന്നു