മുഖ്യലേഖനം | അഴിമതിയില്ലാത്ത ഗവണ്മെന്റ് സാധ്യമോ?
ദൈവരാജ്യം അഴിമതിയില്ലാത്ത ഗവണ്മെന്റ്
“അഴിമതി നിറഞ്ഞ ഒരു സമൂഹത്തിന്റെ ഭാഗമാണ് എല്ലാ പൗരന്മാരും. ഇവരിൽനിന്നാണ് ഗവണ്മെന്റ് അധികാരികളെ തെരഞ്ഞെടുക്കുന്നത്.” ഭരണതലത്തിലെ അഴിമതി ഇല്ലായ്മ ചെയ്യുന്നത് അസാധ്യമായിരിക്കുന്നതിന്റെ കാരണം വിശദീകരിക്കവെ നിക്കരാഗ്വയുടെ പ്രധാന ഓഡിറ്റർ പറഞ്ഞതാണ് ഈ വാക്കുകൾ.
അഴിമതി നിറഞ്ഞ ആളുകളിൽനിന്ന് ഉളവാകുന്ന ഏതൊരു ഗവണ്മെന്റും അഴിമതിയുള്ളതായിരിക്കും എന്നതിന് സംശയമില്ല. അതിന്റെ അർഥം, മനുഷ്യരുടേതല്ലാത്ത ഒരു ഗവണ്മെന്റിലൂടെ മാത്രമേ അഴിമതിയില്ലാത്ത ഭരണം സാധ്യമാകുകയുള്ളൂ എന്നാണ്. അത്തരമൊരു ഗവണ്മെന്റിനെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്, അതാണ് ദൈവരാജ്യം. ആ ഗവണ്മെന്റിനു വേണ്ടിയാണ് യേശു തന്റെ ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിച്ചത്.—മത്തായി 6:9, 10.
ദൈവരാജ്യം, സ്വർഗത്തിൽനിന്നു ഭരിക്കുന്ന ഒരു യഥാർഥഗവണ്മെന്റാണ്. ഇത്, എല്ലാ മാനുഷഭരണകൂടങ്ങളെയും നീക്കി അധികാരത്തിൽ വരും. (സങ്കീർത്തനം 2:8, 9; വെളിപാട് 16:14; 19:19-21) അഴിമതിയില്ലാത്ത ഭരണമായിരിക്കും ഈ ഗവണ്മെന്റിന്റെ സവിശേഷതകളിൽ ഒന്ന്. അവിടെ, അഴിമതിയുണ്ടായിരിക്കില്ലെന്ന് ഉറപ്പുതരുന്ന ആറു കാര്യങ്ങൾ നമുക്കു നോക്കാം.
1. അധികാരം
പ്രശ്നം: പൗരന്മാർ നൽകുന്ന നികുതിയിലൂടെയാണ് ഗവണ്മെന്റുകൾക്ക് ആവശ്യമായ ധനത്തിൽ അധികപങ്കും ലഭിക്കുന്നത്. ഖജനാവിലേക്കുള്ള പണത്തിന്റെ ഈ ഒഴുക്ക് ചില അധികാരികളെ മോഷ്ടിക്കാൻ പ്രേരിപ്പിക്കുന്നു. മറ്റു ചിലരാകട്ടെ, ഗവണ്മെന്റിന് അടയ്ക്കേണ്ട നികുതികൾ കുറച്ചുകിട്ടുന്നതിനുവേണ്ടി അധികാരികൾക്ക് കൈക്കൂലി കൊടുക്കുന്നു. ഇത് ഒരു തുടർക്കഥയായി മാറുന്നു. അതായത്, ധനക്കമ്മി നികത്താനായി ഗവണ്മെന്റ് വീണ്ടും നികുതി വർധിപ്പിക്കും. ഇത് കൂടുതൽ അഴിമതിക്ക് വഴിവെക്കും. ഇതിന്റെയെല്ലാം ഫലം അനുഭവിക്കുന്നതോ, സത്യസന്ധരായ ആളുകളും.
പരിഹാരം: ദൈവരാജ്യത്തിന് അധികാരം ലഭിച്ചിരിക്കുന്നത് സർവശക്തനായ യഹോവയിൽനിന്നാണ്.a (വെളിപാട് 11:15) അതുകൊണ്ടുതന്നെ, അതിന്റെ ഭരണചക്രം തിരിക്കാൻ നികുതികൾ പിരിച്ചെടുക്കേണ്ട ആവശ്യമില്ല. ദൈവത്തിന്റെ “ശക്തിയുടെ ആധിക്യ”വും സ്വാർഥലക്ഷ്യങ്ങളില്ലാത്ത ഔദാര്യവും ദൈവരാജ്യത്തിന്റെ പ്രജകൾക്ക് ആവശ്യമായതെല്ലാം ധാരാളമായി ലഭിക്കുന്നെന്ന് ഉറപ്പാക്കും.—യെശയ്യാവു 40:26; സങ്കീർത്തനം 145:16.
2. ഭരണാധികാരി
പ്രശ്നം: അഴിമതി തുടച്ചുനീക്കുന്നതിനുള്ള ശ്രമം “ഉന്നതതലങ്ങളിൽനിന്ന് ആരംഭിക്കണമെന്ന്” മുൻലേഖനത്തിൽ പരാമർശിച്ച സൂസൻ റോസ് ആക്കെർമാൻ അഭിപ്രായപ്പെടുന്നു. പോലീസുകാർ, കസ്റ്റംസുകാർ തുടങ്ങിയ കീഴുദ്യോഗസ്ഥരുടെ ഇടയിലെ അഴിമതി തുടച്ചുനീക്കാൻ ശ്രമിക്കുകയും എന്നാൽ ഉന്നതാധികാരികളുടെ അഴിമതി വെച്ചുപൊറുപ്പിക്കുകയും ചെയ്യുന്നതിലൂടെ ജനങ്ങൾക്കു ഭരണകൂടങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. മാത്രമല്ല, ഏറ്റവും നല്ലവനായ ഭരണാധികാരിപോലും തെറ്റുചെയ്യാനുള്ള പ്രവണതയിൽനിന്ന് ഒഴിവുള്ളവനല്ല. “നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല” എന്ന് ബൈബിൾ പറയുന്നത് എത്ര സത്യമാണ്.—സഭാപ്രസംഗി 7:20.
ലഭിക്കാവുന്ന തിലേക്കുംവെച്ച് ഏറ്റവും വലിയ കോഴ യേശു തിരസ്കരിച്ചു.
പരിഹാരം: അപൂർണമനുഷ്യരിൽനിന്ന് വ്യത്യസ്തമായി ദൈവരാജ്യത്തിന്റെ രാജാവായി വാഴിച്ചിരിക്കുന്ന യേശുക്രിസ്തുവിനെ തെറ്റു ചെയ്യാൻ പ്രലോഭിപ്പിക്കുക സാധ്യമല്ല. ഉദാഹരണത്തിന്, “ലോകത്തിലെ സകല രാജ്യങ്ങളും അവയുടെ മഹത്ത്വവും” തന്നെ ഒന്നു നമസ്കരിക്കുന്നതിനു പകരമായി നൽകാമെന്ന് ഈ ലോകത്തിന്റെ ഭരണാധികാരിയായ പിശാച് യേശുവിന് ഒരിക്കൽ വാഗ്ദാനം ചെയ്യുകയുണ്ടായി. ലഭിക്കാവുന്നതിലേക്കുംവെച്ച് ഏറ്റവും വലിയ കോഴയായിരുന്നു അത്. എന്നാൽ യേശു അതു തിരസ്കരിച്ചു. (മത്തായി 4:8-10; യോഹന്നാൻ 14:30) ഇനി മറ്റൊരു സന്ദർഭം നോക്കൂ: പീഡനമേറ്റ് മരിക്കാറായ അവസ്ഥയിൽ ലഹരി ഉപയോഗിക്കാൻ യേശുവിനെ പ്രലോഭിപ്പിക്കുകയുണ്ടായി. അത് ഉപയോഗിക്കുന്നത് വേദന കുറയാൻ സഹായിക്കുമായിരുന്നെങ്കിലും സുബോധത്തെ ബാധിക്കുമായിരുന്നതിനാൽ അവൻ അതു നിഷേധിച്ചു. ഏതു സാഹചര്യത്തിലും ദൈവത്തിന്റെ ഉയർന്ന ധാർമികനിലവാരങ്ങൾ കാത്തുസൂക്ഷിക്കാൻ അവൻ ദൃഢചിത്തനായിരുന്നു. (മത്തായി 27:34) അതെ, ഇപ്പോൾ ദൈവം സ്വർഗീയജീവനിലേക്കു ഉയിർപ്പിച്ച യേശു ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ ഭരിക്കാൻ പൂർണയോഗ്യനാണെന്ന് തെളിയിച്ചിരിക്കുകയാണ്.—ഫിലിപ്പിയർ 2:8-11.
3. സ്ഥിരത
പ്രശ്നം: പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പുകൾ മുറയ്ക്കു നടക്കുന്നുണ്ട്. ഇതിലൂടെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ അധികാരക്കസേരയിൽനിന്നു താഴെയിറക്കാൻ കഴിയുമെന്നാണ് വെയ്പ്പ്. എന്നാൽ വസ്തുത നേരെമറിച്ചാണ്. വികസിത രാജ്യങ്ങളിൽപ്പോലും പ്രചാരണത്തോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പുകളിലും അഴിമതി കൊടികുത്തിവാഴുന്നു. പ്രചാരണങ്ങൾക്കുള്ള സംഭാവന കൊടുത്തും മറ്റു സഹായങ്ങൾ ചെയ്തും ധനികരായവർ ഭരണകക്ഷിയെയും അധികാരത്തിലേറാനിരിക്കുന്നവരെയും സ്വാധീനിക്കുന്നു.
അത്തരം സ്വാധീനം “ഭരണകൂടങ്ങളുടെ നിയമസാധുതയ്ക്കും ഗുണനിലവാരത്തിനും ഭീഷണി ഉയർത്തുക മാത്രമല്ല ഭരണകൂടങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുകകൂടി ചെയ്യുന്നു”വെന്ന് യു.എസ്. സുപ്രീം കോടതിയിലെ ജഡ്ജിയായ ജോൺ പോൾ സ്റ്റീവൻ എഴുതി. രാഷ്ട്രീയരംഗത്താണ് ഏറ്റവുമധികം അഴിമതി നിറഞ്ഞിരിക്കുന്നതെന്ന് ലോകമെമ്പാടുമുള്ള അനേകമാളുകൾ വിശ്വസിക്കുന്നതിൽ തെല്ലും അതിശയിക്കാനില്ല.
പരിഹാരം: ദൈവരാജ്യം, എന്നേക്കും നിലനിൽക്കുന്ന സുസ്ഥിരമായ ഒരു ഭരണകൂടമായതിനാൽ പ്രചാരണത്തോടോ തെരഞ്ഞെടുപ്പിനോടോ ബന്ധപ്പെട്ട യാതൊരു തട്ടിപ്പിനും സാധ്യതയില്ല. (ദാനീയേൽ 7:13, 14) മാത്രമല്ല, ആ രാജ്യത്തിന്റെ ഭരണാധികാരിയെ ദൈവമാണ് തെരഞ്ഞെടുത്തത്. ജനങ്ങൾ വോട്ടു ചെയ്ത് നൽകിയ അധികാരമല്ല അത്. അതുകൊണ്ടുതന്നെ ആ ഭരണം അട്ടിമറിക്കുക സാധ്യമല്ല. അതിന്റെ ഈ സ്ഥിരത പ്രജകളുടെ ദീർഘകാല ക്ഷേമത്തെ മുൻനിർത്തി പ്രവർത്തിക്കാൻ അതിനെ സഹായിക്കുന്നു.
4. നിയമങ്ങൾ
സ്വർഗത്തിൽനിന്നു ഭരിക്കുന്ന ഒരു യഥാർഥ ഗവണ്മെന്റാണ് ദൈവരാജ്യം
പ്രശ്നം: പുതിയപുതിയ നിയമങ്ങൾ നിർമിക്കുകവഴി കാര്യങ്ങൾ മെച്ചപ്പെടുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച്, നിയമങ്ങളുടെ പെരുപ്പം അഴിമതി ചെയ്യാനുള്ള പഴുതുകൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, നിയമങ്ങൾ നിർമിച്ചുകൊണ്ടും നടപ്പിലാക്കിക്കൊണ്ടും അഴിമതി കുറയ്ക്കാമെന്നു വിചാരിച്ചാൽ അതിനു ചെലവ് ഏറെയാണ്, കാര്യമായ നേട്ടവും ഇല്ല.
പരിഹാരം: ദൈവരാജ്യത്തിന്റെ നിയമങ്ങൾ മനുഷ്യഗവണ്മെന്റുകളുടെ നിയമങ്ങളെക്കാൾ അത്യന്തം ശ്രേഷ്ഠമാണ്. ഉദാഹരണത്തിന്, ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയ കാര്യങ്ങളുടെ ഒരു നീണ്ട പട്ടിക നൽകുന്നതിനു പകരം യേശു സുവർണനിയമം എന്നറിയപ്പെടുന്ന ഒറ്റ നിയമത്തിൽ അതെല്ലാം ഉൾപ്പെടുത്തി. “മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ” എന്ന് അവൻ പറഞ്ഞു. (മത്തായി 7:12) ഇത്തരം നിയമത്തിന്റെ ഏറെ പ്രധാനമായ ഒരു സവിശേഷത അവയ്ക്ക് ആളുകളുടെ മനസ്സിനെയും പ്രവൃത്തികളെയും സ്വാധീനിക്കാൻ കഴിയും എന്നതാണ്. യേശു ഇങ്ങനെ പറഞ്ഞു: “നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.” (മത്തായി 22:39) ഹൃദയം വായിക്കാൻ കഴിയുന്ന ദൈവത്തിനുമാത്രമേ ഇത്തരം നിയമങ്ങൾ നടപ്പിലാക്കാൻ കഴിയൂ.—1 ശമൂവേൽ 16:7.
5. പ്രേരകഘടകം
പ്രശ്നം: അത്യാഗ്രഹവും സ്വാർഥതയും ആണ് അഴിമതിയുടെ അടിസ്ഥാനകാരണം. മിക്ക ഗവണ്മെന്റ് അധികാരികളും പൗരന്മാരും മോശമായ ഇത്തരം ഗുണങ്ങൾ പ്രകടമാക്കുന്നു. കഴിഞ്ഞ ലേഖനത്തിൽ ഒരു ഡിപ്പാർട്ടുമെന്റ് സ്റ്റോറിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അതിന്റെ നിർമാണത്തിൽ ഗുണമേന്മയുള്ള സാധനങ്ങൾ ഉപയോഗിച്ചിരുന്നില്ല എന്നതാണ് അതിന്റെ തകർച്ചയ്ക്കു കാരണം. നല്ല സാധനങ്ങൾ ഉപയോഗിക്കുന്നതിനെക്കാളും നല്ല നിർമാണരീതികൾ പിൻപറ്റുന്നതിനെക്കാളും ലാഭം ഗവണ്മെന്റ് അധികാരികൾക്കു കൈക്കൂലി കൊടുക്കുന്നതാണെന്നു കോൺട്രാക്ടർമാർക്കു തോന്നി.
അഴിമതി ഇല്ലാതാകണമെങ്കിൽ ആളുകളുടെ ഹൃദയങ്ങളിൽ വേരുറച്ചുപോയിരിക്കുന്ന അത്യാഗ്രഹവും സ്വാർഥതയും പോലുള്ള ദുർഗുണങ്ങൾ പിഴുതുകളയാൻ അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. പക്ഷേ, മനുഷ്യഗവണ്മെന്റുകൾക്ക് ഇത്തരത്തിലുള്ള വിദ്യാഭ്യാസപരിപാടി നടപ്പിലാക്കാനുള്ള ആഗ്രഹമോ പ്രാപ്തിയോ ഇല്ല എന്നതാണ് സങ്കടകരമായ വസ്തുത.
പരിഹാരം: അഴിമതിക്ക് പ്രേരണയേകുന്ന ചിന്താഗതികൾ മറികടക്കേണ്ടത് എങ്ങനെയെന്നു പഠിപ്പിച്ചുകൊണ്ടാണ് ദൈവരാജ്യം അഴിമതിയെ വേരോടെ പിഴുതെറിയുന്നത്.b ഈ വിദ്യാഭ്യാസം “മനസ്സുകളെ ഭരിക്കുന്ന ശക്തിസംബന്ധമായി പുതുക്കം പ്രാപി”ക്കാൻ ആളുകളെ സഹായിക്കുന്നു. (എഫെസ്യർ 4:23) അങ്ങനെ അത്യാഗ്രഹവും സ്വാർഥതയും വളർത്തിയെടുക്കുന്നതിനു പകരം ഉള്ളതുകൊണ്ടു തൃപ്തിപ്പെടാനും മറ്റുള്ളവരിൽ താത്പര്യമെടുക്കാനും അവർ പഠിക്കുന്നു.—ഫിലിപ്പിയർ 2:4; 1 തിമൊഥെയൊസ് 6:6.
6. പ്രജകൾ
പ്രശ്നം: ഏറ്റവും നല്ല ചുറ്റുപാടും മികച്ച ധാർമികവിദ്യാഭ്യാസവും ലഭിച്ചാൽപ്പോലും ചില ആളുകൾ വഞ്ചനയും അഴിമതിയും കാണിച്ചേക്കാം. അതുകൊണ്ടാണ് മനുഷ്യഗവണ്മെന്റുകൾക്ക് അഴിമതി പൂർണമായും ഇല്ലാതാക്കാൻ കഴിയാത്തതെന്ന് വിദഗ്ധർ കണ്ടെത്തിയിരിക്കുന്നു. ഗവണ്മെന്റുകൾക്ക് അഴിമതിയുടെ വ്യാപ്തിയും അതിന്റെ ദൂഷ്യഫലങ്ങളും കുറയ്ക്കാനായേക്കാം. എന്നാൽ അതു തുടച്ചുനീക്കാൻ അവർക്കാവില്ല എന്നതാണു യാഥാർഥ്യം.
പരിഹാരം: അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കുന്നതിനായി ഗവണ്മെന്റുകൾ എടുക്കേണ്ട നടപടിയെക്കുറിച്ച് ‘ഐക്യരാഷ്ട്ര സംഘടനയുടെ അഴിമതിക്കെതിരെയുള്ള കരാർ’ (The United Nations Convention Against Corruption) ഇപ്രകാരം പ്രസ്താവിച്ചു: “ധാർമിക തത്ത്വങ്ങളിൽ വീഴ്ചവരുത്താത്തവരും സത്യസന്ധരും ഉത്തരവാദിത്വമുള്ളവരും” ആയിത്തീരാൻ ഗവണ്മെന്റുകൾ ജനങ്ങളെ പ്രോത്സാഹിപ്പിക്കണം. ഇത്, മഹത്തായ ഒരു ലക്ഷ്യമാണെങ്കിലും ദൈവരാജ്യഗവണ്മെന്റ് ഇത്തരം ഗുണങ്ങൾ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അതിന്റെ പ്രജകൾക്ക് ആ ഗുണങ്ങൾ വേണമെന്ന് നിഷ്കർഷിക്കുകയും ചെയ്യുന്നു. ബൈബിൾ പറയുന്നതനുസരിച്ച്, ‘അത്യാഗ്രഹികളും’ ‘ഭോഷ്കു പറയുന്നവരും’ ദൈവരാജ്യം അവകാശമാക്കുകയില്ല.—1 കൊരിന്ത്യർ 6:9-11; വെളിപാട് 21:8.
ജനങ്ങൾക്ക് ഉയർന്ന ധാർമികനിലവാരങ്ങൾ പിൻപറ്റാൻ കഴിയുമെന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കുണ്ടായ ഒരു അനുഭവം തെളിയിക്കുന്നു. ഉദാഹരണത്തിന്, ശിമോൻ എന്ന പേരുള്ള ഒരു ശിഷ്യൻ പരിശുദ്ധാത്മാവിനെ കോഴ കൊടുത്തു വാങ്ങാൻ ശ്രമിച്ചപ്പോൾ അപ്പൊസ്തലന്മാർ അത് നിഷേധിക്കുകയും അവന്റെ “വക്രതയെക്കുറിച്ച് അനുതപി”ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ ഈ മോശമായ ആഗ്രഹം എത്ര അപകടകരമാണെന്നു തിരിച്ചറിഞ്ഞ ശിമോൻ അത് മറികടക്കുന്നതിനായി തനിക്കുവേണ്ടി പ്രാർഥിക്കണമെന്ന് അപ്പൊസ്തലന്മാരോട് അപേക്ഷിച്ചു.—പ്രവൃത്തികൾ 8:18-24.
ദൈവരാജ്യത്തിന്റെ പ്രജയായിത്തീരാൻ. . .
നിങ്ങൾ ഏതു ദേശക്കാരനാണെങ്കിലും ദൈവരാജ്യത്തിന്റെ ഒരു പ്രജയായിത്തീരാനുള്ള അവസരമുണ്ട്. (പ്രവൃത്തികൾ 10:34, 35) ദൈവരാജ്യം ലോകവ്യാപകമായി നടത്തിവരുന്ന വിദ്യാഭ്യാസപരിപാടി ഇതിന്റെ ഒരു പ്രജയായിത്തീരാൻ കഴിയുന്നത് എങ്ങനെയെന്നു പഠിപ്പിക്കുന്നു. ഒരു സൗജന്യ ബൈബിൾപഠന പരിപാടി എങ്ങനെയെന്നു കാണിച്ചുതരാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേ ഉള്ളൂ. ആഴ്ചയിൽ പത്തു മിനിട്ടു മാത്രമേ നീക്കിവെക്കാനാകുന്നുള്ളുവെങ്കിലും ബൈബിൾ പഠിക്കാൻ നിങ്ങൾക്കു കഴിയും. “ദൈവരാജ്യത്തിന്റെ സുവിശേഷ”ത്തെക്കുറിച്ചുള്ള മറ്റു വിഷയങ്ങൾ പഠിക്കുന്നതോടൊപ്പം ഈ ഗവണ്മെന്റ് ഇന്നുള്ള ഭരണകൂടങ്ങളിലെ അഴിമതി എങ്ങനെ തുടച്ചുനീക്കുമെന്നും നിങ്ങൾക്കു പഠിക്കാം. (ലൂക്കോസ് 4:43) നിങ്ങളുടെ പ്രദേശത്തുള്ള സാക്ഷികളുമായി ബന്ധപ്പെടാനോ അല്ലെങ്കിൽ jw.org എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാനോ ഞങ്ങൾ നിങ്ങളെ സ്നേഹപൂർവം ക്ഷണിക്കുന്നു. ▪ (w15-E 01/01)
സൗജന്യമായി ബൈബിൾ പഠിക്കാൻ നിങ്ങൾക്കു താത്പര്യമുണ്ടോ?
a ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ പേരാണ് യഹോവ.
b ഉദാഹരണത്തിന്, 2012 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “അഴിമതി നിറഞ്ഞ ലോകത്തിൽ സത്യസന്ധരായിരിക്കുക സാധ്യമോ?” എന്ന ലേഖനം കാണുക.