മുഖ്യലേഖനം | അഴിമതിയില്ലാത്ത ഗവണ്മെന്റ് സാധ്യമോ?
അഴിമതിയിൽ മുങ്ങിയ ഗവണ്മെന്റുകൾ
‘വ്യക്തിപരമായ ലാഭത്തിനായി അധികാരം ദുർവിനിയോഗം ചെയ്യുക’ എന്നാണ് ഭരണതലത്തിലെ അഴിമതിയെ നിർവചിച്ചിരിക്കുന്നത്. ഇത്തരം അഴിമതിക്കു നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്ന് ചരിത്രം വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, നീതിന്യായക്കേസുകളിൽ “കൈക്കൂലി” വാങ്ങുന്നതിനെ നിരോധിക്കുന്ന ഒരു നിയമം ബൈബിളിൽ കാണാനാകും. ഇത് സൂചിപ്പിക്കുന്നത് 3,500 വർഷങ്ങൾക്കുമുമ്പുതന്നെ അഴിമതി വ്യാപകമായിരുന്നുവെന്നാണ്. (പുറപ്പാടു 23:8 പി.ഒ.സി.) എന്നാൽ അഴിമതിയെന്നു പറയുന്നതിൽ കൈക്കൂലി വാങ്ങുന്നത് മാത്രമല്ല ഉൾപ്പെടുന്നത്. അഴിമതിക്കാരായ ഗവണ്മെന്റ് അധികാരികൾ ചിലപ്പോൾ സാധനസാമഗ്രികൾ മോഷ്ടിക്കുന്നു, തങ്ങൾക്ക് അർഹതയില്ലാത്ത സേവനം ചെയ്തുതരാൻ ആവശ്യപ്പെടുന്നു, പ്രത്യേകലക്ഷ്യത്തിൽ നീക്കിവെച്ചിരിക്കുന്ന പണം ഒന്നടങ്കം അപഹരിക്കുന്നു. ഇനി, അർഹതയില്ലാത്ത ആനുകൂല്യങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ലഭിക്കാൻ തങ്ങളുടെ അധികാരവും സ്വാധീനവും ഉപയോഗിക്കുന്നതും അഴിമതിയാണ്.
എല്ലാ മനുഷ്യസംഘടനകളിലും അഴിമതിയുണ്ടെങ്കിലും ഏറ്റവും കൂടുതൽ അഴിമതി നടമാടുന്നത് ഭരണകൂടങ്ങളിലാണ്. പ്രധാനമായും അഞ്ചു മേഖലകളാണ് അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നതെന്ന് ലോകമെമ്പാടുമുള്ളവർ ഏകസ്വരത്തിൽ പറയുന്നതായി അഴിമതിക്കെതിരെ പോരാടുന്ന ഒരു സംഘടനയുടെ 2013-ലെ റിപ്പോർട്ട് (Global Corruption Barometer) സൂചിപ്പിക്കുന്നു. രാഷ്ട്രീയപ്പാർട്ടികൾ, പോലീസ് ഉദ്യോഗസ്ഥർ, ഗവണ്മെന്റ് അധികാരികൾ, നിയമനിർമാണ സഭകൾ, നീതിന്യായകോടതികൾ എന്നിവയാണ് അവ. പ്രശ്നം എത്ര ഗുരുതരമാണെന്നു കാണിക്കുന്ന ചില റിപ്പോർട്ടുകൾ നോക്കൂ:
ആഫ്രിക്ക: സൗത്ത് ആഫ്രിക്കയിൽ, 2013-ൽ മാത്രം 22,000-ത്തോളം ഗവണ്മെന്റ് ഉദ്യോഗസ്ഥർ അഴിമതിയുടെ പേരിൽ കുറ്റക്കാരാണെന്നു കണ്ടെത്തി.
അമേരിക്കൻ ദേശങ്ങൾ: രാഷ്ട്രീയപിന്തുണ നേടുന്നതിനായി പൊതുഫണ്ട് ഉപയോഗിച്ചതിനെപ്രതി 2012-ൽ ബ്രസീലിലെ 25-ഓളം ആളുകളാണ് കുറ്റക്കാരെന്നു തെളിഞ്ഞത്. അക്കൂട്ടത്തിൽ മുൻപ്രസിഡന്റിന്റെ ഉദ്യോഗസ്ഥരിലെ പ്രധാനിയും ഉണ്ടായിരുന്നു. പ്രസിഡന്റ് കഴിഞ്ഞാൽ ഏറ്റവും അധികാരമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
ഏഷ്യ: 1995-ൽ ദക്ഷിണകൊറിയയിലെ സോളിൽ ഒരു ഡിപ്പാർട്ടുമെന്റ് സ്റ്റോർ തകർന്നുവീണതിനെത്തുടർന്ന് 502 ആളുകൾ മരിച്ചു. തരംതാണ നിർമാണവസ്തുക്കൾ ഉപയോഗിച്ചതും സുരക്ഷാനിയമങ്ങൾ ലംഘിച്ചതും ആണ് അപകടകാരണം. ഇതിനായി, കോൺട്രാക്ടർമാർ നഗരാധികാരികൾക്ക് കൈക്കൂലി കൊടുത്തതായി അന്വേഷണസംഘം കണ്ടെത്തി.
യൂറോപ്പ്: “പ്രശ്നത്തിന്റെ വ്യാപ്തി (യൂറോപ്പിലെ അഴിമതി) ആളുകളെ ഞെട്ടിക്കുന്നതാണ്” എന്ന് യൂറോപ്യൻ കമ്മീഷന്റെ ആഭ്യന്തരവകുപ്പ് മേധാവിയായ സെസീല്യ മാംസ്ട്രോം അഭിപ്രായപ്പെട്ടു. “അഴിമതി തുടച്ചുനീക്കാനുള്ള രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിബദ്ധത പൊയ്പ്പോയിരിക്കുന്നു” എന്നും അവർ കൂട്ടിച്ചേർത്തു.
ഗവണ്മെന്റുകളുടെ അഴിമതിക്ക് ആഴത്തിൽ വേരുകളുണ്ട്. “ഗവണ്മെന്റുകൾ ഇടപാടുകൾ നടത്തുന്ന വിധത്തിൽ സമൂലമാറ്റം വരുത്തി”യെങ്കിൽ മാത്രമേ സാമൂഹികപരിഷ്കാരം സാധ്യമാകുകയുള്ളൂ എന്ന് അഴിമതിവിരുദ്ധ വിഷയത്തിൽ നിപുണയായ പ്രൊഫസർ സൂസൻ റോസ് ആക്കെർമാൻ എഴുതി. അത് നടപ്പുള്ള കാര്യമല്ലെന്നു തോന്നിയേക്കാം. എന്നാൽ, ഇതിനെക്കാൾ വലിയ മാറ്റങ്ങൾ വരുത്തുക സാധ്യമാണെന്നു മാത്രമല്ല, അത് ഉറപ്പായും നടക്കുമെന്നും ബൈബിൾ കാണിച്ചുതരുന്നു. (w15-E 01/01)