കുറ്റകൃത്യത്തിന് അറുതി വരുത്താൻ പാടുപെടുന്നു
“വിരസത യുവജന കുറ്റകൃത്യങ്ങളുടെ സുപ്രധാന കാരണമെന്നു ചെറുപ്പക്കാർ അവകാശപ്പെടുന്നു,” ഒരു പ്രശസ്ത ബ്രിട്ടീഷ് വർത്തമാനപത്രത്തിന്റെ തലക്കെട്ട് പ്രഖ്യാപിച്ചു. “വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കുള്ള കാരണം കുടുംബകലഹം,” മറ്റൊരെണ്ണം പറഞ്ഞു. മൂന്നാമതൊരെണ്ണം ഇങ്ങനെ പ്രസ്താവിച്ചു: “ആസക്തികൾ, ‘ആയിരക്കണക്കിനു കുറ്റകൃത്യങ്ങൾക്കുള്ള പ്രചോദനം.’” മാനിലയിൽ അരങ്ങേറിയിട്ടുള്ള അക്രമാസക്തമായ എല്ലാ കുറ്റകൃത്യങ്ങളുടെയും 75 ശതമാനം നടത്തിയതു മയക്കുമരുന്ന് ഉപയോഗിക്കുന്നവരായിരുന്നുവെന്ന് ഫിലിപ്പൈൻ പനോരമ എന്ന മാഗസിൻ കണക്കാക്കി.
കുറ്റകൃത്യസംബന്ധമായ പെരുമാറ്റത്തിനു പ്രചോദകമായിരിക്കുന്ന മറ്റു ഘടകങ്ങളും ഉണ്ടായിരിക്കാം. “സമ്പന്നതയുടെ ഒപ്പത്തിനൊപ്പം നിലകൊള്ളുന്ന ദാരിദ്ര്യ”മാണ് നൈജീരിയയിലെ പൊലീസ് ഇൻസ്പെക്ടർ ജനറൽ പരാമർശിച്ച ഒരു ഘടകം. തരപ്പടിക്കാരുടെ സമ്മർദം, മങ്ങിയ തൊഴിൽ പ്രതീക്ഷകൾ, ശക്തമായ നിയമ പ്രതിബന്ധങ്ങളുടെ അഭാവം, കുടുംബമൂല്യങ്ങളുടെ പൊതുവേയുള്ള തകർച്ച, അധികൃതരോടും നിയമത്തോടുമുള്ള ബഹുമാനത്തിന്റെ അഭാവം, ചലച്ചിത്രങ്ങളിലും വീഡിയോകളിലുമുള്ള അമിതമായ അക്രമം എന്നിവയും കാരണങ്ങളായി പരാമർശിക്കപ്പട്ടിരിക്കുന്നു.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതുകൊണ്ടു പ്രയോജനമുണ്ടെന്നു പലരും വിശ്വസിക്കുന്നതാണു മറ്റൊരു ഘടകം. കുറേ കാലമായി, “റിപ്പോർട്ടു ചെയ്യപ്പെടുന്ന മോഷണങ്ങളുടെയും അവയ്ക്കു ശിക്ഷിക്കപ്പെടുന്ന വ്യക്തികളുടെയും എണ്ണം വിപരീതദിശയിലാ”ണെന്ന് ഇറ്റലിയിലെ ബൊലോഗ്ന സർവകലാശാലയിലെ ഒരു സാമൂഹികശാസ്ത്രജ്ഞൻ പറഞ്ഞു. “റിപ്പോർട്ടു ചെയ്യപ്പെടുന്ന മോഷണങ്ങളോടുള്ള താരതമ്യത്തിൽ മോഷണക്കുറ്റം ചുമത്തപ്പെട്ടവരുടെ എണ്ണം 50-ൽ നിന്ന് 0.7 ശതമാനമായി കുത്തനെ താണ”തായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുഃഖകരമാണെങ്കിലും ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കായുടെ ഈ വാക്കുകൾ സത്യമാണ്: “വർധിച്ചുവരുന്ന കുറ്റകൃത്യം ആധുനിക വ്യവസായവത്കൃത സമുദായങ്ങളുടെയെല്ലാം ഒരു സവിശേഷതയായി കാണപ്പെടുന്നു. നിയമങ്ങളിലെയോ ശിക്ഷാക്രമശാസ്ത്രത്തിലെയോ വികസനങ്ങളൊന്നും ഈ പ്രശ്നത്തിന്മേൽ കാര്യമായ പ്രഭാവം ചെലുത്തിയതായി കാണപ്പെടുന്നില്ല. . . . സാമ്പത്തിക വളർച്ചയ്ക്കും വ്യക്തിഗത വിജയത്തിനും മുന്തിയ വിലകൽപ്പിക്കുന്ന ആധുനിക നഗരവത്കൃത സമൂഹത്തിൽ കുറ്റകൃത്യങ്ങളുടെ നിരക്കു വർധിച്ചുകൊണ്ടിരിക്കുകയില്ലെന്നു കരുതാൻ കാരണമൊന്നുമില്ല.”
ഈ വീക്ഷണഗതി തീരെ നിഷേധാത്മകമാണോ?
സ്ഥിതിവിശേഷം അത്രയ്ക്കു മോശമാണോ? കുറ്റകൃത്യങ്ങൾ കുറഞ്ഞതായി ചില സ്ഥലങ്ങൾ റിപ്പോർട്ടു ചെയ്യുന്നില്ലേ? ശരിയാണ്, ചിലത് അങ്ങനെ ചെയ്യുന്നുണ്ട്. പക്ഷേ സ്ഥിതിവിവരക്കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നവയായേക്കാം. ഉദാഹരണത്തിന്, ഫിലിപ്പീൻസിൽ തോക്കു നിരോധനം ഏർപ്പെടുത്തിയശേഷം കുറ്റകൃത്യങ്ങളിൽ 20 ശതമാനം കുറവുണ്ടായതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. എന്നാൽ, കാർ മോഷ്ടാക്കളും ബാങ്ക് കവർച്ചക്കാരും കാർ മോഷ്ടിക്കുന്നതും ബാങ്ക് കൊള്ളയടിക്കുന്നതും നിറുത്തി “തട്ടിക്കൊണ്ടുപോകൽ ആരംഭിച്ചി”രിക്കുന്നതായി ഒരു ഉദ്യോഗസ്ഥൻ വിശ്വസിക്കുന്നുവെന്ന് ഏഷ്യാവീക്ക് വിവരിച്ചു. ബാങ്ക് കവർച്ചകളുടെയും കാർ മോഷണങ്ങളുടെയും കുറവ് മൊത്തത്തിലുള്ള കുറ്റകൃത്യങ്ങളിൽ കുറവു കാണിച്ചു. എന്നാൽ, ആളപഹരണങ്ങൾ നാലു മടങ്ങു വർധിച്ചതു കണക്കാക്കിയപ്പോൾ ഈ കുറവിന് അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു!
ഹംഗറിയെ സംബന്ധിച്ചു റിപ്പോർട്ടു ചെയ്യവേ, എച്ച്വിജി മാഗസിൻ ഇങ്ങനെ എഴുതി: “1993-ന്റെ ആദ്യപകുതിയുമായി താരതമ്യം ചെയ്യുമ്പോൾ, കുറ്റകൃത്യങ്ങളുടെ എണ്ണം 6.2 ശതമാനം കുറഞ്ഞിരിക്കുന്നു. ഭരണസംബന്ധമായ മാറ്റങ്ങൾ മൂലമാണു മുഖ്യമായും . . . ഈ കുറവ് സംഭവിക്കുന്നത് എന്നു പറയാൻ പൊലീസ് മറന്നുപോയി.” മോഷണം, തട്ടിപ്പ് അല്ലെങ്കിൽ റൗഡിത്തരം എന്നിവയോടു ബന്ധപ്പെട്ട കേസുകൾ മുമ്പു രജിസ്റ്റർ ചെയ്തിരുന്ന പണപരമായ പരിധി 250 ശതമാനമായി ഉയർത്തി. അതുകൊണ്ട് ഈ പരിധിക്കു താഴെ വിലവരുന്ന വസ്തുവകകളോടു ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ മേലാൽ രജിസ്റ്റർ ചെയ്യപ്പെടുന്നില്ല. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നാലിൽ മൂന്നു ഭാഗവും വസ്തുവകകൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ആയതുകൊണ്ട് സംഭവിച്ചിരിക്കുന്ന കുറവു തികച്ചും യഥാർഥമാണെന്നു പറയാൻ വയ്യാ.
കുറ്റകൃത്യങ്ങളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തുക ബുദ്ധിമുട്ടാണെന്നതു സമ്മതിക്കുന്നു. പല കുറ്റകൃത്യങ്ങളും—ചില പ്രത്യേക വിഭാഗങ്ങളിൽ 90 ശതമാനംവരെ—റിപ്പോർട്ടു ചെയ്യപ്പെടാതെ പോകുന്നു എന്നതാണ് ഒരു കാരണം. എന്നാൽ, കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുണ്ടോ വർധിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ചുള്ള വാദം പ്രസക്തമല്ല. കുറ്റകൃത്യങ്ങൾ നിർമാർജനം ചെയ്തുകാണാനാണ് ആളുകൾ വാഞ്ഛിക്കുന്നത്, അല്ലാതെ കുറഞ്ഞു കാണാനല്ല.
ഗവൺമെൻറുകൾ ശ്രമിക്കുന്നു
ഏറെ വികസിതമായ രാജ്യങ്ങൾ, തങ്ങളുടെ വാർഷിക ബജറ്റിന്റെ ശരാശരി 2 മുതൽ 3 വരെ ശതമാനം, കുറ്റകൃത്യ നിയന്ത്രണത്തിനായി ചെലവാക്കുന്നതായും അതേസമയം, വികസ്വര രാജ്യങ്ങൾ അതിലും കൂടുതൽ, അതായത് ശരാശരി 9 മുതൽ 14 വരെ ശതമാനം ചെലവാക്കുന്നതായും 1990-ലെ ഐക്യരാഷ്ട്രങ്ങളുടെ സർവേ വെളിപ്പെടുത്തി. ചിലയിടങ്ങളിൽ പൊലീസ് സേനയുടെ വലുപ്പം കൂട്ടുന്നതിനും അവയ്ക്കു മെച്ചമായ സജ്ജീകരണങ്ങൾ പ്രദാനം ചെയ്യുന്നതിനുമാണു പ്രഥമ സ്ഥാനം. പക്ഷേ, ഫലങ്ങൾ സമ്മിശ്രമാണ്. ഹംഗറിക്കാരായ ചില പൗരന്മാർ പരാതിപ്പെടുന്നു: “കുറ്റവാളികളെ പിടികൂടാൻ ഒരിക്കലും വേണ്ടത്ര പൊലീസുകാരില്ല, എന്നാൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ എപ്പോഴും ആവശ്യത്തിന് ഉണ്ടുതാനും.”
കൂടുതൽ കർക്കശമായ കുറ്റകൃത്യ നിയമങ്ങൾ നിർമിക്കേണ്ടതിന്റെ ആവശ്യം സമീപകാലത്തു പല ഗവൺമെൻറുകളും കണ്ടെത്തി. ഉദാഹരണത്തിന്, “ലാറ്റിൻ അമേരിക്കയിലുടനീളം ആളപഹരണം വർധിച്ചിരിക്കു”ന്നതുകൊണ്ട്, അവിടത്തെ ഗവൺമെൻറുകൾ, “ദൃഢവും അതേസമയം വ്യർഥവുമായ” നിയമങ്ങൾ പുറപ്പെടുവിച്ചുകൊണ്ടു പ്രതികരിച്ചിരിക്കുന്നു എന്ന് ടൈം മാഗസിൻ പറയുന്നു. “. . . നിയമങ്ങൾ ഉണ്ടാക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, അവ നടപ്പിലാക്കുന്നതാണു കൂടുതൽ ബുദ്ധിമുട്ട്” എന്ന് അതു സമ്മതിക്കുന്നു.
1992-ൽ ബ്രിട്ടനിൽ 1,00,000-ത്തിലേറെ അയൽപക്ക നിരീക്ഷണ പദ്ധതികൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. കുറഞ്ഞത് 40 ലക്ഷം ഭവനങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു. 1980-കളുടെ മധ്യത്തിൽ ഇത്തരത്തിലുള്ള പരിപാടികൾ ഓസ്ട്രേലിയയിൽ നടപ്പിലാക്കിയിരുന്നു. “പൊതുസുരക്ഷിതത്വത്തെക്കുറിച്ചുള്ള പൗരന്മാരുടെ അവബോധം വർധിപ്പിക്കുക, കുറ്റകൃത്യങ്ങളും അയൽപക്കത്തെ സംശയാസ്പദമായ സംഭവങ്ങളും റിപ്പോർട്ടു ചെയ്യുന്നതിൽ തദ്ദേശവാസികളുടെ മനോഭാവങ്ങളും പെരുമാറ്റങ്ങളും മെച്ചപ്പെടുത്തുക, വസ്തുവകകൾ തിരിച്ചറിയാൻ പാകത്തിൽ അടയാളമിടുകയും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുകവഴി കുറ്റകൃത്യങ്ങൾക്ക് ഇരയാവുന്നതു കുറയ്ക്കുക” എന്നിങ്ങനെയുള്ള കാര്യങ്ങളിലൂടെ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരിക എന്നതാണ് അവയുടെ ലക്ഷ്യമെന്ന് ഓസ്ട്രേലിയയിലെ ശിക്ഷാക്രമസ്ഥാപനം പറയുന്നു.
പൊലീസ് സ്റ്റേഷനുകളെ വാണിജ്യ സ്ഥലങ്ങളുമായി ബന്ധപ്പെടുത്താൻ ചിലയിടങ്ങളിൽ ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷനുകൾ ഉപയോഗിക്കുന്നു. പൊലീസും ബാങ്കുകളും കടകളും ഒരു കുറ്റകൃത്യ പ്രതിരോധ മാർഗം എന്ന നിലയിലോ നിയമലംഘകരെ തിരിച്ചറിയാനുള്ള ഉപകരണമെന്ന നിലയിലോ വീഡിയോ കാമറകൾ ഉപയോഗിക്കുന്നു.
നൈജീരിയയിൽ മോഷ്ടാക്കളെയും കാറുകൾ തട്ടിക്കൊണ്ടുപോകുന്നവരെയും പിടികൂടാൻ പൊലീസുകാർക്കു ഹൈവേകളിൽ ചെക്ക് പോസ്റ്റുകളുണ്ട്. തട്ടിപ്പുകളെ എതിരിടാൻ തക്കവിധം വാണിജ്യ അഴിമതികളെ നിരീക്ഷിക്കാൻ ഗവൺമെൻറ് ഒരു പ്രത്യേക ദൗത്യ സംഘത്തെ നിയമിച്ചിട്ടുണ്ട്. സാമുദായിക നേതാക്കന്മാർ കൂടിച്ചേർന്ന പൊലീസ്-കമ്മ്യൂണിറ്റി റിലേഷൻസ് കമ്മിറ്റികൾ കുറ്റകൃത്യങ്ങളെയും ചോദ്യം ചെയ്യത്തക്ക സ്വഭാവമുള്ള ആളുകളെയും കുറിച്ചു പൊലീസിന് അറിവു നൽകുന്നു.
ഫിലിപ്പീൻസ് സന്ദർശിക്കുന്നവർ, പൊതുവേ വീടുകളിൽ ആളുകളുള്ളതായും പലർക്കും കാവൽനായ്ക്കൾ ഉള്ളതായും നിരീക്ഷിക്കുന്നു. ബിസിനസുകാർ തങ്ങളുടെ ബിസിനസ് കാത്തുസൂക്ഷിക്കാൻ സ്വകാര്യ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നു. കാറുകൾക്കുവേണ്ടിയുള്ള മോഷണ നിവാരണ വസ്തുക്കളും നന്നായി വിറ്റഴിക്കപ്പെടുന്നു. ചെലവു വഹിക്കാൻ കഴിയുന്നവർ കനത്ത സുരക്ഷാനടപടികളുള്ള വികസിതപ്രദേശങ്ങളിലേക്കോ ഫ്ളാറ്റുകളിലേക്കോ വലിയുന്നു.
ലണ്ടൻ വർത്തമാനപത്രമായ ദി ഇൻഡിപ്പെൻഡൻറ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “നിയമ വ്യവസ്ഥയിലുള്ള വിശ്വാസം ക്ഷയിച്ചുവരവേ, പൗരന്മാർ തങ്ങളുടെ സമുദായങ്ങൾക്കുള്ള പ്രതിരോധ മാർഗങ്ങൾ കൂടുതലായി സ്വയം സംഘടിപ്പിക്കുന്നു.” കൂടുതൽ കൂടുതൽ ആളുകൾ ആയുധമേന്തുന്നു. ഉദാഹരണത്തിന്, ഐക്യനാടുകളിൽ, 50 ശതമാനം വീടുകളിലും സ്വന്തമായി കുറഞ്ഞത് ഒരു തോക്കെങ്കിലുമുണ്ട്.
കുറ്റകൃത്യങ്ങളെ എതിരിടാൻ ഗവൺമെൻറുകൾ നിരന്തരമായി പുതിയ മാർഗങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, യുഎൻ ഉറവിടങ്ങൾ പറയുന്നതനുസരിച്ച്, “നിയമപാലകരുടെ പരിശീലനത്തിനു കിടപിടിക്കാൻ” കഴിയാത്തവിധം വിദഗ്ധരായ വളരെയധികം ആളുകൾ “കുറ്റകൃത്യങ്ങൾ നടത്തുന്നതിന് അസാധാരണമായ മാർഗങ്ങൾ” കണ്ടെത്തുന്നതായി ഉക്രെയിനിലെ ആഭ്യന്തരകാര്യ പഠനകേന്ദ്രത്തിലെ വി. ഫ്സ്യവൊലൊഡൊഫ് ചൂണ്ടിക്കാട്ടി. സൂത്രക്കാരായ കുറ്റവാളികൾ വൻതുകകൾ തിരികെ ബിസിനസുകളിലേക്കും സാമൂഹിക പ്രവർത്തനങ്ങളിലേക്കും ഇറക്കിക്കൊണ്ടു സമൂഹത്തിൽ ഇഴുകിച്ചേരുന്നു. മാത്രമല്ല, അവർ “സമൂഹത്തിൽ തങ്ങൾക്കുതന്നെ വലിയ സ്ഥാനങ്ങൾ നേടിയെടുക്കുന്നു.”
വിശ്വാസം നശിക്കുന്നു
ഗവൺമെൻറുകൾതന്നെ പ്രശ്നത്തിന്റെ ഭാഗമാണെന്ന വിശ്വാസത്തിൽ എത്തിച്ചേരുകപോലും ചെയ്യുന്ന ആളുകളുടെ എണ്ണം ചില രാജ്യങ്ങളിൽ വർധിച്ചുവരുന്നു. ഒരു കുറ്റകൃത്യവിരുദ്ധ സംഘത്തിന്റെ തലവൻ ഇപ്രകാരം പറഞ്ഞത് ഏഷ്യാവീക്ക് ഉദ്ധരിച്ചു: “സംശയാസ്പദമായ രീതിയിൽ ഞങ്ങൾ അറസ്റ്റ് ചെയ്യുന്നവരിൽ ഏതാണ്ട് 90 ശതമാനവും പൊലീസുകാരോ പട്ടാളക്കാരോ ആണ്.” സത്യമാണെങ്കിലും അല്ലെങ്കിലും ഇത്തരം റിപ്പോർട്ടുകൾ, ഒരു നിയമസഭാംഗം ഇങ്ങനെ പറയുന്നതിലേക്കു നയിച്ചു: “നിയമം ഉയർത്തിപ്പിടിക്കാമെന്നു പ്രതിജ്ഞ ചെയ്തവർതന്നെ നിയമലംഘികളാണെങ്കിൽ, നമ്മുടെ സമൂഹം കുഴപ്പത്തിലായിരിക്കുന്നു.”
ഉയർന്ന ഉദ്യോഗസ്ഥന്മാർ ഉൾപ്പെടുന്ന അഴിമതി ആരോപണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗവൺമെൻറുകളെ പിടിച്ചുലച്ചിട്ടുണ്ട്. ഇത് പൗരന്മാരുടെ വിശ്വാസത്തെ കൂടുതൽ ദുർബലമാക്കുന്നു. കുറ്റകൃത്യങ്ങൾക്കു കടിഞ്ഞാണിടാനുള്ള ഗവൺമെൻറുകളുടെ കഴിവിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നതിനുപുറമേ, അപ്രകാരം ചെയ്യാനുള്ള അവരുടെ ദൃഢനിശ്ചയത്തെ ആളുകൾ ഇപ്പോൾ ചോദ്യം ചെയ്യുന്നു. ഒരു വിദ്യാഭ്യാസപ്രവർത്തകൻ ഇങ്ങനെ ചോദിച്ചു: “ഈ അധികാരികൾതന്നെ കഴുത്തറ്റം ചെളിയിലാണ്ടിരിക്കെ, അവർ കുറ്റകൃത്യങ്ങളെ എതിരിടുന്നതെങ്ങനെയാണ്?”
ഗവൺമെൻറുകൾ വരുന്നു, പോകുന്നു. പക്ഷേ, കുറ്റകൃത്യം നിലനിൽക്കുന്നു. എങ്കിലും, കുറ്റകൃത്യം മേലാൽ കാണുകയില്ലാത്ത ഒരു സമയം താമസിയാതെ വരാൻ പോകുന്നു!
[7-ാം പേജിലെ ചിത്രങ്ങൾ]
കുറ്റകൃത്യ പ്രതിരോധ മാർഗങ്ങൾ: ക്ലോസ്ഡ് സർക്യൂട്ട് ടിവി കാമറയും മോണിറ്ററും; സ്റ്റീൽ ഷട്ടറും; കാവൽക്കാരനും ഒപ്പം പരിശീലനം നൽകിയ നായും
[8-ാം പേജിലെ ചിത്രം]
കുറ്റകൃത്യങ്ങൾ ആളുകളെ സ്വന്തം വാതിലുകൾക്കു പിന്നിലെ തടവുകാരാക്കുന്നു