“അദ്ദേഹം അതു പത്രത്തിൽ കൊടുത്തു”
കാനഡയിൽനിന്ന്, വിലമതിപ്പുള്ള ഒരു പെൺകുട്ടി വാച്ച് ടവർ സൊസൈറ്റിക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അയച്ച ഒരു കത്തിൽ എഴുതിയിരുന്നതാണത്. അവൾ സ്കൂളിൽ നടന്ന ഒരു പ്രസംഗമത്സരത്തിൽ പങ്കെടുത്തിരുന്നു. വിധികർത്താക്കളുടെ സമിതിയിലെ ഒരാൾ അവളുടെ അവതരണത്തിൽ അത്യധികം ആകൃഷ്ടനായി. തന്മൂലം, അത് പ്രാദേശിക വർത്തമാനപത്രത്തിൽ അച്ചടിക്കാൻ അനുവാദം ചോദിച്ചു.
പെൺകുട്ടി എങ്ങനെയാണ് തന്റെ വിഷയം തിരഞ്ഞെടുത്തത്? “എന്റെ ക്ലാസ്സിന്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് കുശുകുശുപ്പ് സംബന്ധിച്ച ഒരു പ്രശ്നമുണ്ടായിരുന്നു,” അവൾ വിശദീകരിച്ചു. അതുകൊണ്ട് അവൾ തന്റെ അവതരണം ഉണരുക!യിൽ വായിച്ച വിവരങ്ങളിൽ അടിസ്ഥാനപ്പെടുത്തി. ഒൺടേറിയോയിലെ നയാഗ്രാ ഫാൾസിന്റെ ദ റിവ്യൂ എന്ന പ്രാദേശിക വർത്തമാനപത്രത്തിൽ, “കുശുകുശുപ്പ് ഹാനികരമായിരിക്കാം; നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടുന്നു?” എന്ന തലക്കെട്ടിൻ കീഴിൽ അവളുടെ പ്രസംഗത്തിന്റെ ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു.
സമിതിയിലെ ആ വിധികർത്താവിനെ അത്രയേറെ ആകർഷിച്ച സംഗതിയെന്തായിരുന്നു? പെൺകുട്ടിയുടെ പ്രസംഗത്തിൽനിന്നുള്ള ചില പ്രസക്തഭാഗങ്ങൾ ശ്രദ്ധിക്കുക: “ഇന്ന് സമൂഹത്തിൽ കുശുകുശുപ്പ് സർവസാധാരണമാണ്. അതിനു വളരെയേറെ തലവേദനകളും നിദ്രാവിഹീന രാത്രികളും, എല്ലാറ്റിനുമുപരി വ്രണിതവികാരങ്ങളും ഉളവാക്കാൻ കഴിയും. . . .
“സംസാരം മനുഷ്യസഹജമായതിനാൽ കുശുകുശുപ്പ് നിർത്തുക അസാധ്യമാണ്. നമുക്കു ചെയ്യാൻ കഴിയുന്ന ഒരു കാര്യം അതു നിയന്ത്രണാധീനമാക്കുക എന്നതാണ്. ഇതെങ്ങനെ ചെയ്യാൻ കഴിയും എന്നതിനുള്ള ചില മാർഗനിർദേശങ്ങൾ ഇവയാണ്: 1. എരിതീയിൽ എണ്ണയൊഴിക്കാതിരിക്കുക. 2. കുശുകുശുപ്പു ശ്രദ്ധിക്കാതിരിക്കുക. . . . കുശുകുശുപ്പു ശ്രദ്ധിക്കുന്നത് നിങ്ങൾ അതിനോടു യോജിക്കുന്നു എന്നു കാണിക്കും. 3. ദ്രോഹകരമായ കുശുകുശുപ്പിനു നിങ്ങളെ ഒരു നുണയനാക്കിത്തീർക്കാൻ കഴിയും. 4. എല്ലാറ്റിനെക്കാളും പ്രധാനം, സംസാരിക്കുന്നതിനു മുമ്പ് ചിന്തിക്കുക! നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്നെക്കുറിച്ചാണ് അങ്ങനെ പറയുന്നതെങ്കിൽ എനിക്കെങ്ങനെ അനുഭവപ്പെടും?’”
“ഈ നാലു പടികൾ പ്രാവർത്തികമാക്കുക, സാധ്യതയനുസരിച്ച് നിങ്ങൾ ഒരു മെച്ചപ്പെട്ട വ്യക്തിയായിത്തീരും,” പെൺകുട്ടി ഉപസംഹരിച്ചു.
സ്കൂളിൽ പഠിക്കുന്ന യുവജനങ്ങൾക്കു മാത്രമല്ല എല്ലാ ആളുകൾക്കും എത്ര പ്രായോഗികമായ ബുദ്ധ്യുപദേശം! വളരെ വൈവിധ്യമാർന്ന വിഷയങ്ങളിൽ സമയോചിതവും നൂതനവുമായ വിവരങ്ങൾ പ്രദാനം ചെയ്യാൻ ഉണരുക! ശ്രമിക്കുന്നു. ഈ പത്രിക ക്രമമായി ലഭിക്കാൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ, അടുത്ത തവണ യഹോവയുടെ സാക്ഷികളിലൊരാൾ നിങ്ങളെ സന്ദർശിക്കുമ്പോൾ ചോദിക്കുക. അല്ലെങ്കിൽ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിൽ എഴുതുക.