സ്നേഹിക്കാൻ പഠിപ്പിക്കപ്പെടുന്ന ഒരു ജനത
വിലമതിപ്പ്, ഉദാരമനസ്കത, അല്ലെങ്കിൽ പൊതു താത്പര്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ ആർദ്രപ്രിയമാണ് സ്നേഹം. സ്നേഹം ഊഷ്മളമായ ഒരു ബന്ധമാണ്. അത് നിസ്വാർഥമാണ്, വിശ്വസ്തമാണ്. മറ്റുള്ളവരുടെ നന്മയിൽ അത് ഉദാരമായ താത്പര്യം കാണിക്കുന്നു. വിദ്വേഷത്തിന്റെ നേർവിപരീതമാണു സ്നേഹം. വിദ്വേഷത്താൽ പ്രചോദിതനായ ഒരു വ്യക്തി ആ സ്വവികാരത്തിന്റെ പിടിയിലമർന്നിരിക്കുന്നു; സ്നേഹത്താൽ പ്രചോദിതനായ ഒരുവനാകട്ടെ മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കുന്നു.
നിങ്ങളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്നത് ഏതാണ്—സ്നേഹമോ വെറുപ്പോ? ഇത് വെറും സൈദ്ധാന്തികമായ ഒരു ചോദ്യമല്ല. കാരണം, നിങ്ങളുടെ നിത്യഭാവി ഈ ചോദ്യത്തിനുള്ള ഉത്തരത്തെ ആശ്രയിച്ചിരിക്കുന്നു. വെറുക്കാൻ പഠിപ്പിക്കപ്പെടുന്ന ഒരു ലോകത്തിൽ ജീവിക്കുമ്പോൾത്തന്നെ ലക്ഷക്കണക്കിനാളുകൾ സ്നേഹിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നു. ഒരു പുതിയ വ്യക്തിത്വം ധരിച്ചുകൊണ്ടാണ് അവർ ഇതു ചെയ്യുന്നത്. അവർ സ്നേഹത്തെക്കുറിച്ച് വെറുതേ സംസാരിക്കുക മാത്രമല്ല, അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ കഠിനമായി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങൾ യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ എപ്പോഴെങ്കിലും പങ്കെടുത്തിട്ടുണ്ടെങ്കിൽ അവിടെ കണ്ട കാര്യങ്ങൾ നിങ്ങളിൽ മതിപ്പുളവാക്കിയിരിക്കാം. പല ദേശങ്ങളിൽനിന്നുള്ളവരാണെങ്കിലും യഹോവയുടെ സാക്ഷികൾ ആരാധനയിൽ ഏകീകൃതരാണ്. അവർ ഒരു യഥാർഥ സാർവദേശീയ സഹോദരവർഗമായിത്തീർന്നിരിക്കുന്നു. ഇത് അവരുടെ പ്രാദേശിക സഭകളിലും കൺവെൻഷനുകളിലും ദൃശ്യമാണ്. എന്നാൽ ഇത് ഏറ്റവും കൂടുതൽ പ്രകടമാകുന്നത്, ബെഥേൽ ഭവനങ്ങൾ എന്ന് അവർ വിളിക്കുന്ന സ്ഥലത്തായിരിക്കാം. ബൈബിൾ സാഹിത്യങ്ങൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ ഒരു കുടുംബംപോലെ ഒരുമിച്ചു താമസിച്ച് വേലചെയ്യുന്ന സ്വമേധയാസേവകരായ സാക്ഷികളുടെ കൂട്ടങ്ങളാണിവർ. ഓരോ രാജ്യത്തും, ഇവരിൽ ചിലർക്ക് അവിടെയുള്ള യഹോവയുടെ സാക്ഷികൾ നിർവഹിക്കുന്ന വേലയുടെ മേൽനോട്ടം വഹിക്കുകയെന്ന ചുമതലയുമുണ്ട്. ഇത് ഒരു നിസ്സാര സംഗതിയല്ല. കാരണം, 1997-ലെ റിപ്പോർട്ടുപ്രകാരം 233 രാജ്യങ്ങളിലുള്ള 82,000-ത്തിലേറെ സഭകളുടെ മേൽനോട്ടം വഹിക്കുന്നത് ഇതിലുൾപ്പെടുന്നു. ഈ ആവശ്യം നിവർത്തിക്കാൻ, ലോകമെമ്പാടുമായി—ലോകാസ്ഥാനത്തും 103 രാജ്യങ്ങളിലെ ചെറിയ ബ്രാഞ്ചുകളിലുമായി—16,000-ത്തിലേറെ ആളുകൾ ബെഥേൽ ഭവനങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.
മിക്ക ബെഥേൽ ഭവനങ്ങളിലും മുഖ്യമായും സേവനമനുഷ്ഠിക്കുന്നത് ആ പ്രത്യേക ബ്രാഞ്ച് ഓഫീസ് സ്ഥാപിതമായിരിക്കുന്ന രാജ്യത്തെ പൗരന്മാരായിരിക്കും. എന്നാൽ എപ്പോഴും അങ്ങനെയായിരിക്കണമെന്നില്ല. ചില ബെഥേൽ കുടുംബങ്ങളിൽ വിവിധ രാജ്യങ്ങളിൽനിന്നോ വംശത്തിൽനിന്നോ ഗോത്രത്തിൽനിന്നോ ഉള്ള സാക്ഷികളാണുള്ളത്. മാത്രമല്ല, അവർ മുമ്പ് വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരുമായിരുന്നു. ഉദാഹരണത്തിന്, ജർമനിയിലെ സെൽറ്റേഴ്സിൽ സ്ഥിതി ചെയ്യുന്ന ബെഥേൽ കുടുംബത്തിലുള്ള 1,200-ഓളം പേർ ഏതാണ്ട് 30 രാജ്യങ്ങളിൽനിന്നുള്ളവരാണ്. വിദ്വേഷരഹിതമായ ഒരന്തരീക്ഷത്തിൽ സമാധാനത്തോടും ഒരുമയോടും കൂടെ ജീവിച്ച് വേല ചെയ്യാനും ആരാധിക്കാനും അവരെ പ്രാപ്തരാക്കുന്നത് എന്താണ്? അവർ കൊലൊസ്സ്യർ 3:14-ലെ പിൻവരുന്ന ബൈബിൾ ബുദ്ധ്യുപദേശം പിൻപറ്റുന്നു:
“സ്നേഹം ധരിപ്പിൻ”
ഉടുതുണിയോടെയല്ല ആരും പിറന്നുവീഴുന്നത്. വസ്ത്രത്തെക്കുറിച്ചു സംസാരിക്കുന്നതുകൊണ്ടുമാത്രം ഒരുവൻ വസ്ത്രം ധരിച്ചെന്നും വരുന്നില്ല. ധരിക്കേണ്ട വസ്ത്രം സംബന്ധിച്ച് ആദ്യം സുനിശ്ചിത തീരുമാനങ്ങൾ എടുക്കണം, എന്നിട്ട് അപ്രകാരം ചെയ്യാൻ ശ്രമിക്കുകയും വേണം. അതുപോലെ, ആരും സ്നേഹം ധരിച്ചുകൊണ്ടല്ല ജനിക്കുന്നത്. അതേക്കുറിച്ചു സംസാരിക്കുന്നതുകൊണ്ടു മാത്രമാകുന്നുമില്ല. ശ്രമം ആവശ്യമാണ്.
വസ്ത്രം ധരിക്കുന്നതിന് ഒട്ടേറെ ഉദ്ദേശ്യങ്ങളുണ്ട്. അത് ശരീരത്തെ സംരക്ഷിക്കുന്നു, മറച്ചുവെക്കേണ്ടതായ ശരീരഭാഗങ്ങളെയോ കുറവുകളെയോ മറയ്ക്കുന്നു. ഒരളവുവരെ അത് ഒരുവന്റെ വ്യക്തിത്വത്തെയും വെളിപ്പെടുത്തുന്നു. അതുപോലെതന്നെയാണ് സ്നേഹവും. നീതിപൂർവകമായ തത്ത്വങ്ങളോടും ഉചിതമായ സഹവാസത്തോടുമുള്ള സ്നേഹം അപകടകരമായേക്കാവുന്ന സഹവാസമോ സ്ഥലങ്ങളോ ഒഴിവാക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്നതുകൊണ്ട് അതൊരു സംരക്ഷണമായി ഉതകുന്നു. നമുക്കു പ്രിയങ്കരമായിരിക്കേണ്ട വ്യക്തിബന്ധങ്ങളെ സംരക്ഷിക്കാൻ അത് ഉതകുന്നു. മറ്റുള്ളവരെ സ്നേഹിക്കുന്ന ഒരു വ്യക്തി സ്നേഹിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്. മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുന്ന ഒരു വ്യക്തി ഉപദ്രവിക്കപ്പെടാതിരിക്കാനുള്ള സാധ്യതയും ഏറെയാണ്.
സഹമനുഷ്യരെ അലോസരപ്പെടുത്തിയേക്കാവുന്ന, നമ്മുടെ വ്യക്തിത്വത്തിലെ കൂടുതൽ അനഭികാമ്യമായ ഭാഗങ്ങളെയും സ്നേഹം മറയ്ക്കുന്നു. അഹങ്കാരികളും തലക്കനമുള്ളവരും സ്വാർഥരും സ്നേഹമില്ലാത്തവരുമായ ആളുകളുടേതിനെക്കാൾ സ്നേഹസമ്പന്നരായ ആളുകളുടെ കുറവുകളെ മറന്നുകളയാനല്ലേ നാം കൂടുതൽ തയ്യാറാകുക?
സ്നേഹം ധരിക്കുന്ന ആളുകൾ ക്രിസ്തുസമാന വ്യക്തിത്വത്തിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്നു. ശാരീരിക സൗന്ദര്യം തൊലിപ്പുറമേ മാത്രമുള്ളതാണ്. എന്നാൽ ഒരു വ്യക്തിയെ ചൂഴ്ന്നുനിൽക്കുന്ന ഒന്നാണ് ആത്മീയ സൗന്ദര്യം. ആകാരസൗഷ്ഠവം കൊണ്ടല്ല, മറിച്ച് യഥാർഥ ഊഷ്മളതയുള്ള ഒരു വ്യക്തിത്വം നിമിത്തം സൗന്ദര്യമുള്ളവരായി നിങ്ങൾ കണക്കാക്കുന്ന ആളുകളുണ്ടായിരുന്നേക്കാം. തനിനിറം പുറത്തുവന്നപ്പോൾ നമ്മുടെ ദൃഷ്ടിയിൽ സൗന്ദര്യമില്ലാത്തവരായി കാണപ്പെട്ട സുന്ദരീസുന്ദരന്മാരെയും നമ്മിൽ മിക്കവർക്കും അറിയാമായിരിക്കാം. സ്നേഹം ധരിച്ച ആളുകൾക്കിടയിലായിരിക്കുന്നത് എത്ര ആനന്ദകരം!
വിദ്വേഷത്തിന്റെ സ്ഥാനത്ത് സ്നേഹം
വിദ്വേഷത്തിന്റെ സ്ഥാനത്തു സ്നേഹം പ്രതിഷ്ഠിക്കാനാകുമെന്ന് 1994-ൽ ജർമനിയിലെ 1,45,958 യഹോവയുടെ സാക്ഷികളെ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിയ ഒരു സർവേ ദൃഷ്ടാന്തീകരിക്കുന്നു.
അമിത മദ്യപാനം, മയക്കുമരുന്നു ദുരുപയോഗം, കുറ്റകൃത്യം, ചൂതാട്ടം, സാമൂഹികവിരുദ്ധമോ അക്രമാസക്തമോ ആയ പെരുമാറ്റം എന്നിവയെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വിദ്വേഷത്തെ എളുപ്പത്തിൽ ആളിക്കത്തിച്ചേക്കാവുന്ന സ്വാർഥതയുടെ പ്രകടനങ്ങളാണ്. എന്നാൽ അഭിമുഖം നടത്തപ്പെട്ടവരിൽ 38.7 ശതമാനം, സാക്ഷികൾ ഉയർത്തിപ്പിടിക്കുന്ന ഉന്നത ബൈബിൾ നിലവാരങ്ങൾക്കനുസൃതമായി ജീവിക്കാൻ ഇത്തരം ഒന്നോ അതിലധികമോ പ്രശ്നങ്ങളെ തങ്ങൾക്കു തരണം ചെയ്യേണ്ടിവന്നുവെന്ന് പറയുകയുണ്ടായി. ദൈവത്തോടും നടത്ത സംബന്ധിച്ച അവന്റെ നീതിയുള്ള നിലവാരങ്ങളോടുമുള്ള സ്നേഹമാണ് അവരെ അപ്രകാരം ചെയ്യാൻ പ്രേരിപ്പിച്ചത്. യഹോവയുടെ സാക്ഷികൾ അവർക്ക് സ്നേഹനിർഭരമായ സഹായം നൽകി, മിക്കപ്പോഴും വ്യക്തിപരമായിത്തന്നെ. കഴിഞ്ഞ 5 വർഷമായി (1992-1996) 233 രാജ്യങ്ങളിൽനിന്നുള്ള 16,16,894 ആളുകൾക്ക്, സർവവും ജയിച്ചടക്കുന്ന സ്നേഹത്താൽ വിദ്വേഷത്തെ കീഴടക്കിക്കൊണ്ട് സമാനമായ മാറ്റങ്ങൾ വരുത്താൻ സഹായം ലഭിക്കുകയുണ്ടായി.
വിവാഹജീവിതത്തിൽ നിസ്വാർഥ സ്നേഹം ബാധകമാക്കിക്കൊണ്ട് യഹോവയുടെ സാക്ഷികൾ ഈടുറ്റ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നു. ചില രാജ്യങ്ങളിൽ രണ്ടോ മൂന്നോ വിവാഹങ്ങളിൽ ഒന്നു വീതം വിവാഹമോചനത്തിൽ കലാശിക്കുന്നു. എന്നാൽ മുകളിൽ പ്രതിപാദിച്ച സർവേ സൂചിപ്പിച്ചത്, നിലവിൽ 4.9 ശതമാനം സാക്ഷികൾ മാത്രമേ തങ്ങളുടെ ഇണകളിൽനിന്നു വിവാഹമോചനം നേടുകയോ വേർപെട്ടു കഴിയുകയോ ചെയ്തിട്ടുള്ളുവെന്നാണ്. എങ്കിലും ഇവരിൽ വലിയൊരു ഭാഗം, യഹോവയുടെ സാക്ഷികളാകുന്നതിന് മുമ്പ് വിവാഹമോചനം നേടിയവരായിരുന്നു എന്നോർക്കണം.
സ്നേഹത്തിന്റെ ദൈവം, തന്നെ സ്നേഹിക്കുന്നവരെ തന്റെ വഴികൾ പഠിപ്പിക്കുന്ന മഹാ പ്രബോധകനായതുകൊണ്ട് യഹോവയുടെ സാക്ഷികൾ തങ്ങളുടെ സ്നേഹം ആദ്യം അവന്റെ നേർക്കു തിരിച്ചുവിടുന്നു. ‘ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായേക്കാവുന്ന’ മറ്റാളുകളിൽനിന്നു വിഭിന്നരായി യഹോവയുടെ സാക്ഷികൾ ദൈവത്തെ ഒന്നാമതു വെക്കുന്നു. (2 തിമൊഥെയൊസ് 3:4) തത്ത്വദീക്ഷയില്ലാത്ത ഈ ലോകത്തിന്റെ വഴികൾക്കു വിരുദ്ധമായി ഒരു സാധാരണ സാക്ഷി ഓരോ ആഴ്ചയും മതപരമായ പ്രവർത്തനങ്ങൾക്കായി 17.5 മണിക്കൂർ ചെലവഴിക്കുന്നു. സാക്ഷികൾ ആത്മീയചിന്താഗതിയുള്ളവരാണെന്നു വ്യക്തം. അവരെ സന്തുഷ്ടരാക്കുന്നത് അതാണ്. യേശു പറഞ്ഞു: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു, കാരണം സ്വർഗരാജ്യം അവർക്കുള്ളതാകുന്നു.”—മത്തായി 5:3, NW.
ഒരു യഥാർഥ ദൈവദാസന് മനുഷ്യരെ ഭയക്കേണ്ട ആവശ്യമില്ലെന്ന് 118-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ പറയുന്നു. “യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?” (6-ാം വാക്യം) ദൈവത്തിലുള്ള പരിപൂർണ വിശ്വാസം മറ്റു മനുഷ്യരെ വെറുക്കാനും ഭയക്കാനും ഇടയാക്കുന്ന കാരണങ്ങളിലൊന്നിനെ നീക്കം ചെയ്യുന്നു.
ദൈവം “ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ” ആണെന്ന് അറിവുള്ളതിനാൽ ഒരു ക്രിസ്ത്യാനി, കോപത്തെ—അത് വിദ്വേഷത്തിനുള്ള മറ്റൊരു കാരണമായിത്തീരാവുന്നതുകൊണ്ട്—തന്റെ ജീവിതത്തിൽനിന്നു നീക്കം ചെയ്യാൻ കഠിനമായി ശ്രമിക്കും. സൗമ്യതയും ആത്മനിയന്ത്രണവും ഉൾപ്പെടെയുള്ള ദൈവാത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്തുന്നത് ഇതിന് അയാളെ സഹായിക്കും.—സങ്കീർത്തനം 86:15; ഗലാത്യർ 5:22, 23.
ഒരു സത്യക്രിസ്ത്യാനി വിനയാന്വിതനായിരിക്കും, ഭാവിക്കേണ്ടതിന്നു മീതെ അയാൾ ഭാവിച്ചുയരുകയില്ല. (റോമർ 12:3) മറ്റുള്ളവരോടുള്ള ഇടപെടലിൽ അയാൾ സ്നേഹം നട്ടുവളർത്തുന്നു. വിദ്വേഷത്തിനു വിരുദ്ധമായി അത് “ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല.”—1 കൊരിന്ത്യർ 13:5.
അതേ, ഭയമോ ദേഷ്യമോ വ്രണിതവികാരമോ ആളുകളോടു വെറുപ്പു തോന്നാൻ ഇടയാക്കിയേക്കാം. എന്നാൽ സ്നേഹം, വിദ്വേഷത്തിന് ഇടയാക്കിയേക്കാവുന്ന അടിസ്ഥാന കാര്യങ്ങളെ ഇല്ലാതാക്കിക്കൊണ്ട് അതിന്മേൽ വിജയം നേടുന്നു. ‘ദൈവം സ്നേഹം ആകുന്നു.’ അതുകൊണ്ട് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി സ്നേഹമാണ്.—1 യോഹന്നാൻ 4:9.
വിദ്വേഷം വേഗത്തിൽ പൊയ്പോകും, എന്നേക്കുമായി
സ്വാർഥതയും വിദ്വേഷവും യഹോവയാം ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് അവയ്ക്ക് എന്നേക്കും നിലനിൽക്കാൻ സാധ്യമല്ല. എന്നേക്കും നിലനിൽക്കുന്ന സ്നേഹത്താൽ അവ പ്രതിസ്ഥാപിതമാകണം, അത് ആവശ്യമാണുതാനും. വിദ്വേഷരഹിതമായ, സന്തോഷം നിറഞ്ഞുനിൽക്കുന്ന ഒരു ലോകമാണ് നിങ്ങൾ കാംക്ഷിക്കുന്നതെങ്കിൽ അതു കാണാൻ ജീവിച്ചിരിക്കുന്നതിനുവേണ്ട യോഗ്യതകൾ ബൈബിളിൽനിന്നു വിവരിച്ചുതരാൻ യഹോവയുടെ സാക്ഷികളെ അനുവദിക്കുക.
അതേ, ‘എന്റെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന ഗുണം ഏതാണ്, സ്നേഹമോ വിദ്വേഷമോ?’ എന്ന് നാമോരോരുത്തരും ചോദിക്കുന്നത് നന്നായിരിക്കും. ഇത് വെറും സൈദ്ധാന്തികമായ ഒരു ചോദ്യമല്ല. ദൈവത്തിന്റെ പ്രതിയോഗിയെ, അതായത് വിദ്വേഷത്തിന്റെ ദൈവത്തെ, അനുകരിക്കുന്നവർ അധികകാലം ജീവിച്ചിരിക്കുകയില്ല. എന്നാൽ യഹോവയെ, സ്നേഹത്തിന്റെ ദൈവത്തെ, അനുകരിക്കുന്നവരോ എന്നേക്കും ജീവിക്കും!—1 യോഹന്നാൻ 2:15-17.
[10-ാം പേജിലെ ചിത്രം]
ഇന്നുപോലും ആളുകൾക്കു സ്നേഹം ധരിക്കാനാകും