മുള്ളില്ലാത്ത യൂക്കാ—അസാധാരണ അനുവർത്തന സ്വഭാവമുള്ള സസ്യം
കോസ്റ്ററിക്കയിലെ ഉണരുക! ലേഖകൻ
ഓഷധിയുടെ സവിശേഷതകൾ, സോപ്പിന്റെ ഗുണം, സ്വാദിഷ്ടം, പോഷകസമൃദ്ധം. ഈ അസാധാരണ സസ്യത്തിന് ഇവ മാത്രമല്ല, ഇനിയും ഒട്ടേറെ സവിശേഷതകളുണ്ട്! മധ്യ അമേരിക്കക്കാർക്കു സുപരിചിതമാണ് ഈ സസ്യം, പക്ഷേ മുള്ളില്ലാത്ത യൂക്കാ എന്ന പേരിലല്ലെന്നു മാത്രം. മധ്യ അമേരിക്കയിൽ ഈ പദം ഉപയോഗിക്കുകയാണെങ്കിൽ മിക്ക ആളുകളും അമ്പരപ്പോടും ജിജ്ഞാസയോടുംകൂടെ നിങ്ങളെ നോക്കിനിൽക്കും. എന്നാൽ, ഈറ്റാബോ ഈസൊറ്റെ അല്ലെങ്കിൽ ഡീഗീജോ എന്നൊന്നു പറഞ്ഞുനോക്കൂ. ഉടനടി അവരുടെ മുഖത്ത് തിരിച്ചറിവിന്റേതായ ചിരി പടരും. കാരണം കോസ്റ്ററിക്ക, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നിവിടങ്ങളിൽ ഈ ചെടി പൊതുവേ അങ്ങനെയാണ് അറിയപ്പെടുന്നത്. കോസ്റ്ററിക്കക്കാരും മറ്റ് മധ്യ അമേരിക്കക്കാരും വിവിധതരം വിഭവങ്ങളിൽ, രുചിയും മണവും വർധിപ്പിക്കാൻ അതിന്റെ പൂക്കൾ ചേർക്കുന്നു.
ഒരു ശ്രേഷ്ഠ കുടുംബത്തിലെ അംഗം
മുള്ളില്ലാത്ത യൂക്കായുടെ വർഗീകരണത്തെച്ചൊല്ലി വർഗീകരണശാസ്ത്രജ്ഞന്മാർക്കിടയിൽ തർക്കമുള്ളതായി തോന്നുന്നു. ലിലിയേസി കുടുംബത്തിലായിരുന്നു അതിനെ പെടുത്തിയിരുന്നതെങ്കിലും അടുത്തകാലത്ത് അതിനെ അഗാവേസി കുടുംബത്തിൽ പെടുത്തിയിരിക്കുന്നു. രണ്ടാമതു പറഞ്ഞ പരുപരുത്ത സസ്യങ്ങളുടെ ഗണത്തിൽ, ലിലിയേൽസ് (ലില്ലി) വിഭാഗത്തിലെ ഏതാണ്ട് 550 ഇനങ്ങൾ അടങ്ങിയിട്ടുണ്ട്. സസ്യശാസ്ത്രജ്ഞന്മാർ അതിന് യൂക്കാ എലിഫെന്റൈപ്സ് എന്ന ശാസ്ത്രനാമം നൽകിയിരിക്കുന്നു.
യൂക്കാ ജീനസിൽ 40 ഇനങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു. ഇവയിൽ ഒട്ടുമിക്കതും വടക്കേ അമേരിക്ക, മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. കൂറ്റൻ ജോഷ്വാ വൃക്ഷവും (യൂക്കാ ബ്രെവിഫോളിയ) കൊച്ചു സ്പാനിഷ് ബയോനെറ്റും (യൂക്കാ അലോയിഫോളിയ) ഇവയുടെ പരക്കെ അറിയപ്പെടുന്ന ബന്ധുക്കളാണ്. തീർച്ചയായും, ഒരു വലിയ കുടുംബംതന്നെ!
ബഹുമുഖോപയോഗമുള്ള ഈ സസ്യത്തിന്റെ ചില സവിശേഷതകൾ എന്തൊക്കെയാണ്? കാഴ്ചയ്ക്കു മോടിയുള്ളതല്ലെങ്കിലും അസാധാരണത്വം തോന്നിക്കുന്ന അതിന്റെ, കട്ടിയുള്ള നീണ്ട ഇലകൾ കാണ്ഡത്തിൽനിന്ന് ഏതാണ്ട് ഒരു മീറ്റർ പുറത്തേക്കു നീണ്ടുനിൽക്കുന്നു. നാരുകളുള്ള, നരച്ച തവിട്ടുനിറത്തിലുള്ള, വണ്ണമുള്ള തടി ആനയുടെ മുൻകാലിനോടു സദൃശമാണ്. അതിന് എലിഫെന്റൈപ്സ് എന്ന ശാസ്ത്രനാമം വരാൻ കാരണം അതാണ്.
ഒറ്റനോട്ടത്തിൽ, 4.5 മീറ്റർമുതൽ 7.5 മീറ്റർവരെ ഉയരമുള്ള യൂക്കാ ഒരു വൃക്ഷമാണെന്ന് എളുപ്പം തെറ്റിദ്ധരിക്കപ്പെട്ടേക്കാം. കോസ്റ്ററിക്കയിലെ വരണ്ട കാലാവസ്ഥയിൽ, വിശേഷിച്ചും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ദന്തവർണത്തിലുള്ള, മണിയുടെ ആകൃതിയിലുള്ള നൂറു കണക്കിനു പൂക്കൾ ഈറ്റാബോ ചെടിക്ക് മകുടം ചാർത്തുന്നു. ചന്തസ്ഥലങ്ങളിലും തെരുവുകളിലും വിൽക്കപ്പെടുന്നതുകൊണ്ട് ഒരേസമയത്ത് അവ എല്ലായിടത്തും ഉള്ളതുപോലെ കാണപ്പെടുന്നു! ചെടിയുടെ വഴക്കമില്ലാത്ത, വടിപോലെനിൽക്കുന്ന ഇലകളിൽനിന്ന് തികച്ചും വ്യത്യസ്തമായ പതുപതുത്ത, മൃദുലമായ ഈ പുഷ്പങ്ങൾ കൃത്യമായും ചെടിയുടെ മധ്യഭാഗത്ത് കുലകളായിട്ടാണ് ഉണ്ടാകുന്നത്. ഒട്ടും വളയാതെ നിവർന്നായിരിക്കും അവ വിടർന്നുനിൽക്കുക.
യൂക്കാ ഇനങ്ങളിൽ, തോട്ടക്കാർക്കും പ്രകൃതിദൃശ്യരചയിതാക്കൾക്കും ഒരുപോലെ പ്രിയപ്പെട്ട ഒന്നാണ് ഈറ്റാബോ. വ്യത്യസ്ത കാലാവസ്ഥകളോടും മണ്ണിനോടും ഇണങ്ങുന്നതിനുപുറമേ, അത് ഉഷ്ണമേഖലാ പ്രതീതി ജനിപ്പിക്കുന്നു എന്നതാണ് കാരണം. ഒരിക്കൽ പറമ്പിനു ചുറ്റും വേലിക്കു പകരം നട്ടുവളർത്തിയിരുന്ന, സമൃദ്ധമായി വളരുന്ന ഈറ്റാബോ ചെടി ഇപ്പോൾ ആ രാജ്യത്തിന്റെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും ഉണ്ടായിരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.
തദ്ദേശവാസികൾ ഈ സസ്യത്തിന്റെ ബഹുമുഖോപയോഗത്തെ തീർച്ചയായും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഇലകളിൽനിന്നെടുക്കുന്ന നാരുകൾകൊണ്ട് പായകൾ, ബെൽറ്റുകൾ, പൊക്കണം എന്നിവയുണ്ടാക്കുന്നു. കൂടാതെ, ഇലകൾ ഒരു പ്രത്യേക താപനിലവരെ ചൂടാക്കിയാൽ വളയുന്ന പാകത്തിനാകും. അതുപയോഗിച്ച് തോട്ടക്കാർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ കെട്ടാൻ കഴിയും. ഈ സസ്യംകൊണ്ടുള്ള ഉപയോഗങ്ങൾക്ക് അന്തമില്ലെന്നു തോന്നുന്നു!
സ്വാദിഷ്ട ഭോജനം!
ലോകത്തിലെ പുഷ്പങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ഗ്രന്ഥകാരിയായ ഫ്രാൻസെസ് പെറി എഴുതുന്നു: “ഇന്ത്യക്കാർ യൂക്കാ വർഗത്തിന്റെ പൂമൊട്ടുകൾ ഭക്ഷിക്കുന്നു. അതിന്റെ പഴങ്ങൾക്കും വേരുകൾക്കും സോപ്പിന്റെ [വഴുവഴുപ്പുള്ള] സവിശേഷതകളുള്ളതുകൊണ്ട് തുണി അലക്കാൻ ഉപയോഗിക്കാം.” മധ്യ അമേരിക്കക്കാർ യൂക്കായുടെ പാചക, ശുദ്ധീകരണ സവിശേഷതകൾ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പുളിപ്പുകലർന്നതെങ്കിലും കുറേ നേരത്തക്ക് നാക്കിൽ തങ്ങിനിൽക്കുന്ന ആ സ്വാദ് അവർക്കു പ്രിയമാണ്. അതിന്റെ പൂക്കൾകൊണ്ട് തണുപ്പിച്ച സാലഡ് തയ്യാറാക്കുന്നു, അല്ലെങ്കിൽ മുട്ടയും ഉരുളക്കിഴങ്ങും ചേർത്ത് പാകംചെയ്യുന്നു. ഇത് കോസ്റ്ററിക്കക്കാരുടെയും മറ്റ് മധ്യ അമേരിക്കക്കാരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ്. ധാരാളം ജീവകങ്ങളും കാൽസ്യം, ഇരുമ്പ്, തയാമിൻ, ഫോസ്ഫറസ്, റൈബോഫ്ളാവിൻ എന്നീ ധാതുക്കളും അടങ്ങിയിട്ടുള്ളതുകൊണ്ട് യൂക്കാ പോഷകമൂല്യമുള്ളതുമാണ്.
യൂക്കായുടെ ഔഷധഗുണങ്ങളും ശ്രദ്ധേയമാണ്; പൂക്കൾ തിളപ്പിച്ചു പിഴിഞ്ഞെടുക്കുന്ന ടോണിക്ക് ഉദരസംബന്ധമായ പ്രശ്നങ്ങൾക്കു നല്ലതാണ്. മൂത്രവാർച്ച, വൻകുടൽവീക്കം എന്നിവ ചികിത്സിച്ചുമാറ്റാനും മൂത്രവിസർജനസഹായകമായും ഇലകൾ ഉപയോഗിക്കാം. ഓഷധിയുടെ സവിശേഷതകളുള്ള, സോപ്പിന്റെ ഗുണമുള്ള, സ്വാദിഷ്ടമായ, പോഷകസമ്പന്നമായ ഈ സസ്യം നമ്മുടെ നാക്കിന് രുചി പകരുന്ന ഭൂമിയിലെ സൃഷ്ടികളിൽ ഒന്നു മാത്രം!
[26-ാം പേജിലെ ചിത്രം]
മുട്ടയും ഉരുളക്കിഴങ്ങും യൂക്കായുടെ പൂക്കളും ചേർത്ത് തയ്യാറാക്കുന്ന വിഭവം മധ്യ അമേരിക്കക്കാരുടെ ഇഷ്ടഭോജ്യമാണ്
[27-ാം പേജിലെ ചിത്രം]
നാട്ടിൻപുറങ്ങളിൽ വളരുന്ന യൂക്കാ, വൃക്ഷങ്ങൾപോലെ തോന്നിക്കും