ലോകത്തെ വീക്ഷിക്കൽ
കുടിയേറ്റക്കാർ മരണംവരിക്കുന്നു
ദക്ഷിണാഫ്രിക്കയിൽ ഓരോ വർഷവും ആയിരക്കണക്കിനു നിയമവിരുദ്ധ കുടിയേറ്റക്കാർ തൊഴിലിനും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾക്കും വേണ്ടിയുള്ള അന്വേഷണത്തിൽ തങ്ങളുടെ ജീവൻ ഹോമിക്കുന്നു. ലിംപോപോ നദി നീന്തിക്കടക്കവേ നൂറുകണക്കിനാളുകളെ മുതലകൾ വിഴുങ്ങിയതായി പറയപ്പെടുന്നു. മറ്റുചിലരെ ക്രൂഗെർ ദേശീയ പാർക്കിലൂടെ കാൽനടയായി പോകവേ ആനകൾ ചവിട്ടിയരയ്ക്കുകയോ സിംഹങ്ങൾ പിടികൂടുകയോ ചെയ്തിരിക്കുന്നു. നരഭോജികളായിത്തീർന്ന അഞ്ച് സിംഹങ്ങളെ അടുത്തകാലത്ത് പാർക്ക് അധികൃതർ വെടിവെക്കുകയുണ്ടായി. “ആ അഞ്ചു സിംഹങ്ങളെ പോസ്റ്റുമോർട്ടം ചെയ്തപ്പോൾ അവയുടെ ദഹനവ്യവസ്ഥയിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി”യതായി ജോഹാനസ്ബർഗിലെ വർത്തമാനപ്പത്രമായ ദ സ്റ്റാർ റിപ്പോർട്ടുചെയ്യുന്നു. ക്രൂരമൃഗങ്ങൾക്ക് ഇരയാകുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കൃത്യ സംഖ്യ അറിയില്ല. “ദുരൂഹതയിൽ മറയുന്ന മനുഷ്യ കാൽപ്പാടുകൾ പാറാവുകാർ കണ്ടെത്തിയിരിക്കുന്ന”തായി ഒരു വർത്തമാനപ്പത്രം പ്രസ്താവിക്കുന്നു. “പൂർണവളർച്ചയെത്തിയ ഒരു സിംഹത്തിന് ഒറ്റയിരിപ്പിൽ 70 കിലോഗ്രാം ഇറച്ചി അകത്താക്കാനാകും. തെളിവെന്ന നിലയിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള സാധ്യത തുലോംതുച്ഛമാണ്, കഴുതപ്പുലികളും കുറുക്കൻമാരും അവിടെ എത്തുന്നെങ്കിൽ പ്രത്യേകിച്ചും.”
യുദ്ധത്തിൽ കുട്ടികളുടെ അവസ്ഥ
സഹായമാവശ്യമായിരിക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള സ്ഥാപനങ്ങളാണ് ടെറി ഡെസ് ഹോംസ്. ജർമനിയിൽ ആ സ്ഥാപനത്തിന്റെ അധ്യക്ഷയായ പെട്രാ ബോക്സ്ല പറയുന്നതനുസരിച്ച്, “കഴിഞ്ഞ പത്തുവർഷങ്ങളിൽ യുദ്ധത്തിലും കലഹങ്ങളിലും തെരുവുപോരാട്ടങ്ങളിലുമായി ഏതാണ്ട് ഇരുപതുലക്ഷം കുട്ടികൾ കൊല്ലപ്പെട്ടിരിക്കുന്നു. കൂടാതെ, വേറെ അറുപതുലക്ഷം കുട്ടികൾക്കു ശരീരത്തിൽ കടുത്ത മുറിവുകളുണ്ടായിരിക്കുന്നതായും ഒരുകോടി കുട്ടികൾ ആഴമായ വൈകാരിക ക്ഷതം അനുഭവിച്ചിരിക്കുന്നതായും സ്യൂററ്ഡോയിച്ച് ററ്സൈററുങ് റിപ്പോർട്ടുചെയ്യുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം അടുത്തകാലത്ത്, യുദ്ധം കൂടുതൽ ആപത്ക്കരമായി മാറിയിരിക്കുന്നെന്നു ബോക്സ്ല വിലപിക്കുന്നു. ചില രാജ്യങ്ങളിൽ സമ്മർദംചെലുത്തി കുട്ടികളെ കൊലയാളികളായി പരിശീലിപ്പിക്കുന്നു. മറ്റു ചില രാജ്യങ്ങളിലാകട്ടെ, ‘നിർവീര്യമാക്കപ്പെടാത്ത കുഴിബോംബുകൾ കണ്ടെത്താനായി ഉപയോഗിക്കപ്പെടുന്ന സജീവ അന്വേഷകരാണ്’ അവർ.
“പുതിയ” മൃഗങ്ങളെ കണ്ടുപിടിച്ചു
“രോമമുള്ളവ, ഉഷ്ണരക്തമുള്ളവ, പാലുത്പാദിപ്പിക്കുന്നവ എന്നിങ്ങനെ ലോകത്തിലുള്ള മിക്ക സസ്തനികളെയും കണ്ടെത്തിയെന്നായിരുന്നു ഏതാനും ശതകങ്ങൾ മുമ്പുവരെ പൊതുവേ കരുതിയിരുന്നത്. എന്നാൽ മേലാൽ അതങ്ങനെയല്ല” എന്ന് യു. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് പ്രസ്താവിക്കുന്നു. ‘ലോകത്തിലെ സസ്തനി വർഗങ്ങളുടെ (ഇംഗ്ലീഷ്) 1983-നും 1993-നും ഇടയ്ക്കുള്ള പതിപ്പുകളിൽ 459 മൃഗങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. കഴിഞ്ഞ നാലു വർഷങ്ങളിൽ, ജീവശാസ്ത്രജ്ഞന്മാർ അനവധിയെണ്ണത്തെ കണ്ടെത്തി. കരണ്ടുതീനികൾ, വവ്വാലുകൾ, മാനുകൾ, ആൻറിലോപ്പ് മാനുകൾ, കാട്ടുകാള എന്തിന് കുരങ്ങന്മാർ പോലും അതിൽ ഉൾപ്പെടുന്നു.’ ഇപ്പോൾ തിരിച്ചറിയപ്പെട്ടിരിക്കുന്ന 4,600 സസ്തനി വർഗങ്ങൾ 8,000-ത്തോളമാകുമെന്നാണു കണക്കുകൂട്ടൽ. “വർഷങ്ങൾക്കു മുമ്പ് ശേഖരിക്കപ്പെട്ട മാതൃകകൾ ശാസ്ത്രജ്ഞന്മാർ സൂക്ഷ്മമായി പരിശോധിക്കവേ, കാഴ്ചബംഗ്ലാവുകളിൽവെച്ചായിരുന്നു ചില സസ്തനികളുടെ ‘കണ്ടുപിടിത്തം’ നടന്നത്.” കൂടാതെ, “പരാന്ന ജീവികൾക്ക് ആഹാരമാകുന്ന ധാരാളം പുതിയ വർഗങ്ങളും മറ്റു ചെറുജീവികളും ശാസ്ത്രത്തിന് അജ്ഞാതമാണ്. പുതുതായി കണ്ടെത്തപ്പെടുന്ന ഓരോ മൂന്നു സസ്തനികളിലും ഒരെണ്ണം ശാസ്ത്രജ്ഞന്മാർ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മൃഗങ്ങളാണ്,” ആ ലേഖനം പ്രസ്താവിക്കുന്നു. ഉഷ്ണമേഖലാവനങ്ങളിലും ലോകത്തിലെ മറ്റ് ഒറ്റപ്പെട്ട മേഖലകളിലുമാണ് മിക്ക കണ്ടുപിടിത്തങ്ങളും നടക്കുന്നത്. “നമ്മുടെ ഗ്രഹത്തിൽത്തന്നെ കണ്ടുപിടിക്കാത്ത ഇഷ്ടംപോലെ വർഗങ്ങളുള്ളപ്പോൾ, ചൊവ്വായിൽ കണ്ടെത്തിയേക്കാവുന്ന ഒരു ബാക്ടീരിയയെക്കുറിച്ച് ആളുകൾ ഇത്ര അത്ഭുതപരതന്ത്രരാകുന്നതിൽ ഞാൻ അതിശയംകൂറുന്നു,” സസ്തന വിജ്ഞാനിയായ ജോർജ് ഷാളെർ അഭിപ്രായപ്പെടുന്നു.
മതം വഴിത്തിരിവിൽ
“നാം ഈ നൂറ്റാണ്ടിന്റെയും സഹസ്രാബ്ദത്തിന്റെയും അന്ത്യത്തോടടുക്കവേ, ഇത് കേവലം ഒരു പ്രതീകാത്മക അന്ത്യത്തെക്കാൾ കവിഞ്ഞതാണ്, അതായത് അനുപമമായ ഒരു മാറ്റം സംജാതമാകുന്നുവെന്ന ഒരു ബോധം ഉരുത്തിരിയുന്നു” എന്ന് സഭകളുടെ ലോക സമിതിയുടെ ജനറൽ സെക്രട്ടറിയായ കൊൺറാറ്റ് റൈസെർ അഭിപ്രായപ്പെട്ടു. “ഈ മാറ്റം നമ്മെ ഏതു ദിശയിലാണ് നയിക്കുന്നത് എന്നതു സംബന്ധിച്ച് നാം തികച്ചും ബോധവാന്മാരല്ലെന്നതാണു പ്രശ്നം. തന്നിമിത്തം, വേണ്ടുംവിധം മാറ്റപ്രക്രിയയെ രൂപപ്പെടുത്തുന്നതിൽ നമുക്കു സജീവമായ പങ്കുവഹിക്കാനാകുന്നില്ല. പകരം, അതിനോടു പ്രതികരിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും മാത്രമേ കഴിയുന്നുള്ളൂ.” “മതബാഹുല്യ”ത്തെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്ന ഒരു പ്രശ്നമായി ഡോ. റൈസർ പട്ടികപ്പെടുത്തുന്നു. ക്രൈസ്തവലോകം ‘പരിഹാരമേകുന്നതിലുപരി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന്’ അദ്ദേഹം പറഞ്ഞതായി ഇഎൻഐ ബുള്ളറ്റിൻ ഉദ്ധരിച്ചു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “തങ്ങളുടേതിൽനിന്നു വ്യത്യസ്തമായ മതവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമുള്ളവരെ ഒരു ഭീഷണിയായി കാണാതെ, . . . പരിപുഷ്ടിപ്പെടുത്തിയേക്കാവുന്ന ഒരു ഉറവായി കണക്കാക്കി, അയൽക്കാരെപ്പോലെ ജീവിക്കാനാകുന്ന വികസിത മാർഗങ്ങളിൽനിന്ന് നാം ബഹുദൂരം പിന്നിലാണ്.”
സഹസ്രാബ്ദം അവസാനിച്ചെന്നോ?
പണ്ഡിതന്മാർ പറയുന്നതനുസരിച്ച്, “സഹസ്രാബ്ദം നിരവധി വർഷങ്ങൾക്കു മുമ്പുതന്നെ അവസാനിച്ചു. എന്തുചെയ്യാം, അതനുഭവിക്കാൻ നമുക്കു യോഗമുണ്ടായില്ല,” ന്യൂസ്വീക്ക് മാസിക പ്രസ്താവിക്കുന്നു. കാരണം? നമ്മുടെ കലണ്ടർ, “ഐച്ഛികമായി തിരഞ്ഞെടുത്ത ഒരു സമയ ബിന്ദുവിൽ അധിഷ്ഠിതമാണ്.” അത് ക്രിസ്തുവിന്റെ ജനനത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്നു. എന്നാൽ, യേശുവിന്റെ ജനനം വാസ്തവത്തിൽ “ക്രിസ്തുവിനു മുമ്പ്” അനേകവർഷം മുമ്പായിരുന്നുവെന്ന് ആധുനികകാല പണ്ഡിതന്മാർ വിശ്വസിക്കുന്നതായി ആ ലേഖനം സൂചിപ്പിക്കുന്നു. ന്യൂസ്വീക്ക് പറയുന്നതനുസരിച്ച്, “നാമിപ്പോൾ മൂന്നാം സഹസ്രാബ്ദത്തിലാണെന്നാണ് അതിന്റെയർഥം.” ഈ പിശകിന്റെ കാരണക്കാരൻ ഡയനോഷ്യസ് ദ ഷോർട്ടായിരുന്നു. പൊ.യു. 525-ൽ ജോൺ ഒന്നാമൻ പാപ്പാ ഒരു പ്രാമാണിക പ്രാർഥനാ കലണ്ടർ വികസിപ്പിച്ചെടുക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. യേശുവിന്റെ ജനനം ഒരു ആധാര ബിന്ദുവായി എടുക്കാൻ തീരുമാനിച്ച ഡയനോഷ്യസിന് ആ തീയതി കണക്കാക്കുന്നതിൽ പിഴവുപറ്റി. “കൃത്യമായി യേശു ജനിച്ചതെന്നാണെന്ന് തീർച്ചയായും ചരിത്രകാരന്മാർക്കറിയില്ല,” ന്യൂസ്വീക്ക് പ്രസ്താവിക്കുന്നു. “അവന്റെ ജനനമാഘോഷിക്കുന്ന ക്രിസ്തുമസ്സ് തീയതിപോലും ഐച്ഛികമാണ്. മകര സംക്രാന്തിയുടെ പുറജാതീയ ആഘോഷത്തിനു മതപരമായി തുടക്കംകുറിക്കുന്ന തീയതിയുമായി ഏകകാലികമായി വരത്തക്കവണ്ണം സഭ ഡിസം. 25 തിരഞ്ഞെടുത്തതായി പണ്ഡിതന്മാർ വിശ്വസിക്കുന്നു.” പൊ.യു.മു. 2-ാം നൂറ്റാണ്ടിലായിരുന്നു യേശു ജനിച്ചതെന്ന് ബൈബിൾ കാലഗണന സൂചിപ്പിക്കുന്നു.
ഇപ്പോൾ പൂച്ചകളെയും ഉൾപ്പെടുത്തി
പശുവോ കുതിരയോ പട്ടിയോ ഉൾപ്പെട്ടിരിക്കുന്ന ഒരു അപകടസ്ഥലത്തുനിന്ന്, മൃഗത്തിന്റെ ഉടമയെ അറിയിക്കുകയോ കുറഞ്ഞപക്ഷം പ്രാദേശിക പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയോ ചെയ്യാതെ കടന്നുകളയുന്നതു ന്യൂയോർക്ക് സംസ്ഥാനത്തു ദശകങ്ങളായി ഒരു കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു. പൂച്ചകളെ ഒഴിവാക്കിയിരുന്നു. എന്നാൽ, ഉയർന്ന ഭൂരിപക്ഷത്താൽ പാസാക്കപ്പെട്ട് നിയമമാക്കിയ ഒരു ബില്ലിന്റെ സഹായത്താൽ ഈ പ്രശ്നം ഇപ്പോൾ പരിഗണിക്കപ്പെട്ടിരിക്കുന്നു. “ഫ്ളാറ്റ് ക്യാറ്റ്” ബിൽ എന്നറിയപ്പെടുന്ന ഈ നിയമമനുസരിച്ച്, പൂച്ചയ്ക്കു പരിക്കേൽക്കുന്ന ഒരു അപകട രംഗത്തുനിന്ന് കുറഞ്ഞപക്ഷം പൊലീസിനെയെങ്കിലും അറിയിക്കാതെ കടന്നുകളയുന്നതു കുറ്റകരമാണ്. ഇതിൽ വീഴ്ചവരുത്തിയാൽ പൂച്ചകൾക്കു “പരിക്കേൽപ്പിച്ചിട്ടു നിർത്താതെ കടന്നുകളഞ്ഞവർ” എന്നനിലയിൽ 100 ഡോളർ പിഴയടയ്ക്കേണ്ടിവരും. “പൂച്ച സ്നേഹികളെ സംബന്ധിച്ചിടത്തോളം, ഇത് വർഗവിവേചനത്തിന്റെ ഒരു പ്രകടനത്തിന് അന്ത്യം കുറിക്കപ്പെടാനുള്ള മഹത് സാധ്യതയെ അർഥമാക്കുന്നു”വെന്ന് ദ ന്യൂയോർക്ക് ടൈംസ് അഭിപ്രായപ്പെട്ടു.
“പൊണ്ണത്തടിയെന്ന പകർച്ചവ്യാധി”
“പൊണ്ണത്തടിയെന്ന പകർച്ചവ്യാധിയുടെ വർധനവ് ലോകവ്യാപകമായി കോടിക്കണക്കിനാളുകളുടെ ആരോഗ്യത്തിനു ഭീഷണിയുയർത്തുന്നു” എന്ന് ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച ഒരു മുന്നറിയിപ്പു പരാമർശിച്ചുകൊണ്ട് ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ടു ചെയ്യുന്നു. “പശ്ചിമ യൂറോപ്പിലും അമേരിക്കകളിലുമുള്ള ചില രാജ്യങ്ങളിൽ മുതിർന്നവരിൽ 25%-വും പൊണ്ണത്തടിയുള്ളവരാണെന്ന് 25 രാജ്യങ്ങളിൽനിന്നുള്ള പോഷകാഹാര, ആരോഗ്യ വിദഗ്ധർ പ്രസ്താവിച്ചു. പൂർവ യൂറോപ്പിലും മെഡിറ്ററേനിയൻ രാജ്യങ്ങളിലും ഐക്യനാടുകളിലെ കറുത്ത വർഗക്കാരുടെ ഇടയിലുമുള്ള സ്ത്രീകളിൽ ഈ സംഖ്യ 40% ആണ്. പൊണ്ണത്തടിക്കാർ ഏറ്റവും കൂടുതലുള്ളത് മെലിനേഷ്യ, മൈക്രോനേഷ്യ, പോളിനേഷ്യ എന്നിവിടങ്ങളിലാണ്—ചില മേഖലകളിൽ 70%.” കൊഴുപ്പു കുറഞ്ഞ ഭക്ഷണക്രമവും കൂടുതൽ പ്രവർത്തന നിരതമായ ജീവിതരീതിയും പ്രാവർത്തികമാക്കാത്തപക്ഷം, ഹൃദയധമനീരോഗം, ശ്വസനസംബന്ധമായ പ്രശ്നങ്ങൾ, മസ്തിഷ്കാഘാതം, പിത്താശയ രോഗം, അർബുദം, പ്രമേഹം, പേശികളെയും നട്ടെല്ലിനെയും ബാധിക്കുന്ന പ്രശ്നങ്ങൾ എന്നിവയുടെ ഇരകളെക്കൊണ്ട് നിരവധി രാജ്യങ്ങളും നിറഞ്ഞുകവിയുമെന്ന് ആ വിദഗ്ധർ മുന്നറിയിപ്പു നൽകി. “പൊണ്ണത്തടിയെ, ‘സിഗരറ്റുവലിയുടെയത്രയും ഹാനികരമെന്നു തെളിഞ്ഞേക്കാവുന്ന, നമ്മുടെ കാലത്ത് ഏറ്റവും കൂടുതലായി അവഗണിക്കപ്പെടുന്ന, പൊതു ആരോഗ്യപ്രശ്നങ്ങളിൽ ഒന്നായി കണക്കാക്കണമെന്നു’ വിദഗ്ധർ അഭിപ്രായപ്പെട്ടു.”
തെറ്റിദ്ധരിക്കപ്പെട്ട ഭക്തിയോ?
1997 ജൂൺ 1-ന് മെക്സിക്കോ സിറ്റിയിലെ ഒരു ഭൂഗർഭ റെയിൽവേ സ്റ്റേഷന്റെ ഭിത്തിയിൽ ഒരു രൂപം—വ്യക്തമായും അന്തരീക്ഷ ഈർപ്പം നിമിത്തം—തെളിഞ്ഞുവന്നു. നിരവധി കത്തോലിക്കാ ഭക്തരെ സംബന്ധിച്ചിടത്തോളം ഇത് ഗ്വാഡലൂപ്പ് കന്യകയുടെ—മെക്സിക്കോയിൽ കന്യാമറിയത്തിനു നൽകിയിരിക്കുന്ന ഒരു പേര്—പ്രകൃത്യതീത പ്രത്യക്ഷപ്പെടലായിരുന്നു. “കന്യകയുടെ ഭൂഗർഭ സ്റ്റേഷനിലെ പ്രത്യക്ഷപ്പെടൽ കത്തോലിക്കാ സഭ ആധികാരികമായ ഒരത്ഭുതമായി കരുതുന്നില്ല. മറിച്ച്, അത് സ്റ്റേഷനിലെ ഭിത്തിയിലൂടെ വെള്ളം അരിച്ചിറങ്ങിയതു നിമിത്തം സ്വാഭാവികമായി രൂപംകൊണ്ടതാണ്” എന്ന് വർത്തമാനപ്പത്രമായ എൽ യൂണിവേഴ്സാൽ പ്രസ്താവിച്ചു. എന്നിരുന്നാലും, ആരാധിക്കാനായി നിരവധിയാളുകൾ അതിന്റെ മുന്നിൽ നിൽക്കുന്നു. ആ രൂപം ദർശിക്കാനായി “ഓരോ മണിക്കൂറിലും ആയിരത്തിലധികം ആളുകൾ വന്നെത്തുന്നു.” ഭിത്തിയിൽ ഒരു രൂപക്കൂട് നിർമിക്കുകയും ഒരു കത്തോലിക്കാ പുരോഹിതൻ അതു വെഞ്ചരിക്കുകയും ചെയ്തു.
ആസക്തിയിൽനിന്നു ലാഭമുണ്ടാക്കൽ
ഐക്യരാഷ്ട്ര സംഘടന പറയുന്നതനുസരിച്ച്, ലോകവ്യാപകമായി ഏതാണ്ട് 34 കോടി മയക്കുമരുന്നാസക്തരുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഷോർണൽ ഡാ റ്റാർഡെ റിപ്പോർട്ടു ചെയ്തപ്രകാരം, “ലോകജനസംഖ്യയുടെ ഏകദേശം 4 ശതമാനം, അതായത് 27.75 കോടി ആളുകൾ, ഉപയോഗിക്കുന്ന മനക്ഷോഭശമനൗഷധങ്ങളിലും വേദനസംഹാരികളിലുമുള്ള ആസക്തിയാണ് ഒന്നാം സ്ഥാനത്ത്. ആഗോള ജനസംഖ്യയുടെ 2.5 ശതമാനം, അതായത് 14.1 കോടി, ആസക്തരുള്ള മരിജ്വാനയ്ക്കാണ് അടുത്ത സ്ഥാനം.” മൊത്തം നിയമവിരുദ്ധ മയക്കുമരുന്നിന്റെ 5-10 ശതമാനം മാത്രമേ പൊലീസ് പിടിച്ചെടുക്കുന്നുള്ളുവെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. ഓരോ വർഷവും മയക്കുമരുന്നു വിപണനം 40,000 കോടി ഡോളറോളം ഉണ്ടാക്കുന്നു. ചില സന്ദർഭങ്ങളിൽ മയക്കുമരുന്ന് ഇടപാടുകാർ 300 ശതമാനം വരെ ലാഭമുണ്ടാക്കുന്നു. “മറ്റേതൊരു കച്ചവടത്തിലും ഒരിക്കലും ലഭിക്കാത്ത ലാഭം,” പ്രസ്തുത പത്രം പ്രസ്താവിക്കുന്നു.