ഒരു ഹിമ ദുരന്തം
“രാഷ്ട്രത്തിന്റെ ചരിത്രത്തിലേക്കും ഏറ്റവും വലിയ പ്രകൃതി ദുരന്തം.” കാനഡയുടെ പ്രവിശ്യകളായ ഒൺടേറിയോ, ക്വിബെക്, ന്യൂ ബ്രുൻസ്വിക് എന്നിവിടങ്ങളിൽ ഈ ജനുവരിയിൽ വിനാശം വിതച്ച ഹിമ കൊടുങ്കാറ്റിനെ ദ ടൊറന്റോ സ്റ്റാർ വിശേഷിപ്പിച്ചത് അങ്ങനെയാണ്. മേയ്ൻ, ന്യൂ ഹാംപ്ഷയർ എന്നിവിടങ്ങളെയും വെർമോണ്ടിന്റെയും ഉത്തര ന്യൂയോർക്കിന്റെയും ചില ഭാഗങ്ങളെയും പ്രസിഡന്റ് ബിൽ ക്ലിന്റൻ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
കൊടുങ്കാറ്റും ഇടമുറിയാതെ അഞ്ചു ദിവസം പെയ്ത അതിശൈത്യ പേമാരിയും 35 പേരുടെ ജീവൻ അപഹരിച്ചതായി പറയപ്പെടുന്നു. സാധാരണഗതിയിൽ അത്തരം പേമാരി ഏതാനും മണിക്കൂറുകൾ നേരത്തേക്കേ ഉണ്ടാകാറുള്ളൂ. എന്നാൽ ഇത്തവണ, ഉഷ്ണ വായുപിണ്ഡത്തിന്റെ ഒരു പാളി തണുത്ത വായുപിണ്ഡത്തിനു മീതെ നിശ്ചലമായി നിന്നു. അതുകൊണ്ട്, പെയ്തു വീഴുന്ന മഴവെള്ളം ഉടനെ മഞ്ഞുകട്ടയായി മാറുകയായിരുന്നു. തത്ഫലമായി, എട്ടു സെന്റീമീറ്റർ കനത്തിൽ ഹിമപാളികൾ രൂപംകൊണ്ടു. ഹിമഭാരം കൊണ്ട് നിരവധി മരങ്ങളും വൈദ്യുത കമ്പികളും വൈദ്യുതിക്കാലുകളും വൈദ്യുത ടവറുകളും ഭീതിദമായ പ്രത്യാഘാതങ്ങളോടെ നിലംപൊത്തി.
ക്വിബെക്കിൽ ഉരുക്കുകൊണ്ടുള്ള നൂറുകണക്കിനു വൈദ്യുത ടവറുകൾ കടലാസുപോലെ ചുങ്ങിച്ചുളുങ്ങിവീണു. ഉത്കണ്ഠാകുലനായ ഒരു യാത്രികൻ ഇങ്ങനെ വിവരിച്ചു: “എന്റെ കൺമുമ്പിൽ ഒരു വൈദ്യുത ടവർ പ്ലാസ്റ്റിക്ക് പോലെ വളഞ്ഞ് രണ്ടായി പിളരുന്നതു ഞാൻ കണ്ടു. പിന്നെയത് ഉരുണ്ടുകൂടി ഒരു പന്താകാരത്തിൽ താഴെ വീണു തകർന്നു തരിപ്പണമായി. ഹൈവേയിൽ എമ്പാടും വൈദ്യുത ലൈനുകളായിരുന്നു. ആദ്യം ഒരെണ്ണം നിലംപൊത്തി, അതേത്തുടർന്നു വേറെ മൂന്നെണ്ണവും.
ഹിമം കുന്നുകൂടിയതിന്റെ ഫലമായി, മുഴു ഭൂമിയെയും മൂന്നു തവണ ചുറ്റാൻ പോന്ന 1,20,000 കിലോമീറ്ററിലധികം നീളം വരുന്ന വൈദ്യുത കമ്പികൾ നിലംപതിച്ചു! കാനഡയിൽ 30 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയ്ക്ക് ആളുകൾ വൈദ്യുതിയും ചൂടുമില്ലാതെ വലഞ്ഞു. ചിലരാണെങ്കിൽ മൂന്നോ അതിൽ കൂടുതലോ ആഴ്ചകളോളം കഷ്ടപ്പെട്ടു.
മെയ്നിൽ ഗവർണർ ആങ്കസ് കിങ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വൈദ്യുതിബന്ധം നിലച്ചത് അവിടത്തെ 2,00,000 പേരെ ബാധിച്ചു. “ഇത്രയും വലിയ ദുരന്തം ഈ സംസ്ഥാനത്ത് ആദ്യമായിട്ടാണ്,” ഗവർണർ പറഞ്ഞു. ന്യൂയോർക്കിലെ ഗവർണറായ ജോർജ് പട്ടാക്കി ഇങ്ങനെ അഭിപ്രായപ്പെട്ടു: “നഗരങ്ങളിലൊന്നും വൈദ്യുതി ഇല്ലായിരുന്നു.”
സെന്റ് ലോറൻസ് നദിയുടെ തെക്കേ തീരപ്രദേശത്ത് ഏതാണ്ട് 30,000 വൈദ്യുതി മരക്കാലുകൾ കൊടുങ്കാറ്റിൽ തകർന്നു വീണു. 17 മണിക്കൂർ നീണ്ടുനിന്ന അതിശൈത്യ പേമാരിക്കുശേഷം, ഉത്തര ന്യൂയോർക്കിൽ ആ നദിക്കു സമീപം താമസിക്കുന്ന ജിം കെല്ലി എഴുതി: “ജാലകങ്ങൾക്ക് അപ്പുറം ഞങ്ങൾക്ക് ഒന്നും ദൃശ്യമല്ലായിരുന്നു. അതു തുഷാരമോ മൂടൽമഞ്ഞോ ആയിരുന്നില്ല. മറിച്ച്, മഞ്ഞു കട്ടയായിരുന്നു. വീടിന്റെ എല്ലാ ഭാഗത്തുനിന്നും ശബ്ദമുയരുന്നതു കേൾക്കാമായിരുന്നു.”
കെല്ലി വിശദീകരിക്കുന്നു: “ദൂരെനിന്ന് വെടിപൊട്ടുന്ന പോലത്തെ ശബ്ദം കേൾക്കാമായിരുന്നു. കാതടപ്പിക്കുന്ന ശബ്ദം, പിന്നെ നിശ്ശബ്ദത; വീണ്ടും ശബ്ദം പിന്നെയും നിശ്ശബ്ദത.” എന്നാൽ അത് മരങ്ങളും ടെലഫോൺ കാലുകളും തകർന്നു വീഴുന്നതിന്റെ ശബ്ദം ആയിരുന്നെന്നു പിന്നീടാണ് അദ്ദേഹത്തിനു മനസ്സിലായത്.
വിരോധാഭാസമെന്നു പറയട്ടെ, ദുരന്തം നാശം വിതച്ചപ്പോഴും പ്രകൃതിദൃശ്യം വശ്യസുന്ദരമായിരുന്നു. ഒൺടേറിയോയ്ക്ക് രണ്ടു കോടി മേപ്പ്ൾ മരങ്ങൾ നഷ്ടമായതായി കണക്കാക്കപ്പെടുന്നു. അത് മേപ്പ്ൾ സത്ത് ഉത്പാദന വ്യവസായത്തിനേറ്റ കനത്ത ആഘാതമായിരുന്നു. മേപ്പ്ൾ മരങ്ങൾ കൃഷി ചെയ്യുന്ന ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “മരങ്ങൾ വെറും കുറ്റികൾ പോലെ പൊങ്ങി നിൽക്കുന്നു.”
“മനോഹരമായ യുദ്ധ മേഖല”
കാനഡയിലെ രണ്ടാമത്തെ വലിയ നഗരമായ മോൺട്രിയലിനെ വർണിച്ചുകൊണ്ട് ടൊറൊന്റോ സ്റ്റാർ പത്രത്തിൽ വന്ന ഒരു തലക്കെട്ടാണ് അത്. “തെരുവുകളിൽ ബോംബു സ്ഫോടനങ്ങൾ നടന്ന പ്രതീതിയായിരുന്നു,” ഒരു നിവാസി പറഞ്ഞു. മോൺട്രിയലിൽ മാത്രമായി ഏതാണ്ട് 50 കോടി ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായി ആദ്യം കണക്കാക്കുകയുണ്ടായി.
ഒൺടേറിയോയിലെ ബെൽവില്ലിലുള്ള ഒരു നിവാസി പറഞ്ഞു: “ഒരു ആണവ യുദ്ധം കഴിഞ്ഞതുപോലെ തോന്നിച്ചു. എങ്ങും ശ്വേത പൊടിപടലം. എങ്ങും ഭീകരത.” അദ്ദേഹം അതിനെ “ഭീകര സൗന്ദര്യം” എന്നു വിശേഷിപ്പിച്ചു.
കൊടുങ്കാറ്റ് ഉണ്ടായതിന്റെ പിറ്റേ വാരം—അപ്പോഴും ആളുകൾക്കു വൈദ്യുതി ലഭിച്ചിരുന്നില്ലെന്നു മാത്രമല്ല, കൊടിയ തണുപ്പുമായിരുന്നു—പൊലീസ് ആളുകളെ അഭയസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി. “അവരോട് അഭ്യർഥിക്കണോ അതോ ആജ്ഞാപിക്കണോ?” ഒരു പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു.
“അവർ എങ്ങനെയെങ്കിലും പുറത്തു കടന്നേ മതിയാകൂ,” പൊലീസ് മേധാവി മറുപടി നൽകി. “എങ്കിലും നയത്തോടെ വേണം പെരുമാറാൻ. യുദ്ധകാല അടിയന്തിരതയോടെ പ്രവർത്തിക്കുക” അദ്ദേഹം കൂട്ടിച്ചേർത്തു.
കഷ്ടിച്ച് ഒഴിവായ ദുരന്തങ്ങൾ
മോൺട്രിയലിൽ മിക്കയിടങ്ങളിലും വൈദ്യുതി ഇല്ലായിരുന്നതിനാൽ ട്രാഫിക് ലൈറ്റും ഇല്ലാതായി. ഭൂഗർഭ റെയിൽ ഗതാഗതം സ്തംഭിച്ചു. കൊടുങ്കാറ്റ് യാത്ര പറയുന്നതിനു തൊട്ടുമുമ്പ്, നഗരത്തിനു വൈദ്യുതി വിതരണം ചെയ്യുന്ന അഞ്ചു വൈദ്യുത നിലയങ്ങളിൽ നാലെണ്ണം സ്തംഭിക്കുകയോ തകരുകയോ ചെയ്തു. അതുകൊണ്ടുണ്ടായ പ്രത്യാഘാതങ്ങളോ?
“ഉച്ചയോടെ മോൺട്രിയലിലെങ്ങും വൈദ്യുതിയും വെള്ളവും ഇല്ലാത്ത അവസ്ഥയായി.” ക്വിബെക്കിലെ പ്രധാന മന്ത്രിയായ ല്യൂസിയൻ ബൂഷാർ വിശദീകരിച്ചു. “രണ്ടു ജല ശുദ്ധീകരണ നിലയങ്ങൾ സ്തംഭിച്ചതിന്റെ ഫലമായി രണ്ടു മണിക്കൂർ നേരത്തേക്കുള്ള വെള്ളമേ അവശേഷിച്ചിരുന്നുള്ളൂ.” ആളുകൾ മെഴുകു തിരി ഉപയോഗിക്കാൻ തുടങ്ങുകയും അതേസമയം വെള്ളം ഇല്ലാതാകുകയും ചെയ്തതോടെ ദുരന്ത സാധ്യത വർധിച്ചു.
അതിനു രണ്ടാഴ്ചയ്ക്കു ശേഷം ജനുവരി 24-ന് യഹോവയുടെ സാക്ഷികളുടെ മോൺട്രിയൽ സമ്മേളന ഹാളിൽ 1,889 പേർ ഒരു സർക്കിട്ട് സമ്മേളനത്തിനായി കൂടിവന്ന സമയത്ത് മറ്റൊരു ദുരന്തം കഷ്ടിച്ച് ഒഴിവാക്കപ്പെട്ടു. രാത്രിയിൽ 20 സെന്റിമീറ്റർ കനത്തിൽ മോൺട്രിയൽ ഹിമകമ്പിളി പുതച്ചുകിടന്നു. സമ്മേളന പരിപാടിക്കിടയിൽ ഭിത്തികൾക്കും സീലിങ്ങിനും കേടുപാടു സംഭവിച്ചിരിക്കുന്നതായി കണ്ടെത്തി. ഉച്ചതിരിഞ്ഞുള്ള പരിപാടി റദ്ദാക്കി. സന്നിഹിതരായിരുന്നവരോട്, വീട്ടിൽ പോയി വസ്ത്രം മാറിവന്ന് കേടുപോക്കൽ പരിപാടിയിൽ സഹായിക്കാൻ ആഹ്വാനം ചെയ്തു.
ഒറ്റ മണിക്കൂറിനുള്ളിൽ മൺവെട്ടികളും പിക്കാസും മറ്റ് ഉപകരണങ്ങളുമായി മടങ്ങി എത്തിയ 300 സ്വമേധയാ സേവകർ, 7,100 ചതുരശ്ര മീറ്റർ വരുന്ന വൻ മേൽക്കൂരയിൽ നിന്നു മഞ്ഞു നീക്കാൻ തുടങ്ങി. മേൽപ്രതലത്തിലെ മഞ്ഞുകട്ട മാറ്റിയപ്പോഴാണ് ഒരു സംഗതി പിടികിട്ടിയത്, ചിലയിടങ്ങളിൽ മഞ്ഞുകട്ടയുടെ കനം 60 സെന്റിമീറ്ററിലും അധികമായിരുന്നു! ഈർച്ചവാളുകൾ ഉപയോഗിച്ച് മഞ്ഞുകട്ട ചതുര ആകൃതിയിൽ മുറിച്ചെടുത്തിട്ട് മേൽക്കൂരയുടെ അറ്റത്തേക്കു വലിച്ചുകൊണ്ടുപോയി താഴേക്കു തള്ളിയിട്ടു. ഏതാണ്ട് 1,600 ടൺ മഞ്ഞുകട്ട നീക്കം ചെയ്തു! തത്ഫലമായി, സീലിങ് അതിന്റെ പൂർവസ്ഥാനത്താകുകയും ഭിത്തിയിലെ വിടവുകൾ സ്വയം ശരിയാകുകയും ചെയ്തതായി അതിനു ശേഷം നടത്തിയ പരിശോധനയിൽ വ്യക്തമായി. ഞായറാഴ്ച സുരക്ഷിതമായി പരിപാടി പുനരാരംഭിച്ചു.
അവർ അന്യോന്യം സഹായിച്ചു
ദുരന്തപ്രദേശത്തുള്ള ചിലർ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ മുതിർന്നു എന്നതു ശരിതന്നെ. എന്നാൽ, മഴയത്തും തണുപ്പത്തും ഒന്നാം നൂറ്റാണ്ടിലെ പോലെ അനേകരും “അസാധാരണ ദയ കാണിച്ചു.” (പ്രവൃത്തികൾ 28:2) ന്യൂയോർക്കിലെ റോമിൽനിന്നുള്ള ഡെയ്ലി സെന്റിനെൽ എന്ന പത്രം ആളുകളെ സഹായിക്കാൻ ഇറങ്ങിത്തിരിച്ച യഹോവയുടെ സാക്ഷികളെ കുറിച്ച് ഇങ്ങനെ എഴുതി: “അവരുടെ ആളുകൾ വാട്ടർടൗണിലെ രാജ്യഹാളിൽ കൂടിവന്നു. അവിടെനിന്ന് സഭയിലെ വ്യത്യസ്ത അംഗങ്ങളുടെ വീടുകളിലേക്ക് അവരെ പറഞ്ഞയച്ചു. കൂടാതെ, അവർ തെരുവിലൂടെ അങ്ങുമിങ്ങും നടന്ന് അയൽക്കാരെയും സഹായിക്കുന്നുണ്ടായിരുന്നു.”
“ആഡംസ്, പോസ്റ്റ്ഡാം, മലോൺ, ഓഗ്ഡെൻസ്ബർഗ്, പ്ലാറ്റ്സ്ബർഗ്, മസ്സീന, ഗവെർനൂർ, എലെൻബർ എന്നിവിടങ്ങളിൽ എമ്പാടും” ഉള്ള ആളുകൾക്കായി ഇത്തരം ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി എന്ന് ആ ലേഖനം പറഞ്ഞു. ചില സ്വമേധയാ സേവകർ ജനറേറ്ററുകളുമായി വയറുകൾ ഘടിപ്പിച്ച് ചൂള കത്തിക്കാൻ സംവിധാനമൊരുക്കിക്കൊണ്ടു ചൂടു പ്രദാനം ചെയ്തു. കൊടുങ്കാറ്റിനെ തുടർന്ന് പല സ്ഥലങ്ങളിലും താപനില പൂജ്യം സെൽഷ്യസിനു താഴെയായി.
ഒരവസരത്തിൽ, സാക്ഷികൾ വീടുകൾ സന്ദർശിക്കുന്നതു കണ്ട് പൊലീസ് അവരെ കള്ളന്മാരായി തെറ്റിദ്ധരിച്ചു. തങ്ങൾ എന്താണു ചെയ്യുന്നതെന്നു സാക്ഷികൾ വിശദീകരിച്ചപ്പോൾ, മോൺട്രിയലിൽ താമസിക്കുന്ന സാക്ഷിയല്ലാത്ത തന്റെ പിതാവിനെ കൊടുങ്കാറ്റിനു ശേഷം യഹോവയുടെ സാക്ഷികൾ സഹായിച്ച കാര്യം ഒരു പൊലീസുകാരൻ പറഞ്ഞു. തന്റെ പിതാവിനെ സഹായിച്ചതിൽ ആ മകൻ വിലമതിപ്പു പ്രകടമാക്കി.
മോൺട്രിയലിന്റെ തെക്കു ഭാഗത്തായി “അന്ധകാര ത്രികോണം” എന്നു വിളിക്കപ്പെടുന്ന പ്രദേശത്തുള്ള ഏതാണ്ട് 100 പട്ടണങ്ങളെ കൊടുങ്കാറ്റ് കശക്കിയെറിഞ്ഞു. കൊടുങ്കാറ്റ് അടങ്ങി പത്തു ദിവസത്തിനു ശേഷവും ആ പട്ടണങ്ങൾ ഇരുട്ടിലായിരുന്നു. വാസ്തവത്തിൽ, അനേകർക്കും ഒരു മാസത്തോളം വൈദ്യുതി ലഭിച്ചില്ല! ആ പ്രദേശത്തുള്ളവർക്കു സഹായമേകുന്നതിന് ടൊറന്റോയ്ക്കു സമീപമുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസ് ക്രമീകരണങ്ങൾ ചെയ്തു. വിളക്കെണ്ണ, ബാറ്ററികൾ, ടോർച്ചുകൾ തുടങ്ങിയവ ഒരു പ്രത്യേക വിതരണ കേന്ദ്രത്തിൽ എത്തിച്ചു. അവിടെനിന്ന് അവ ആവശ്യാനുസരണം ആളുകൾക്കു ലഭ്യമാക്കി.
ആ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആവശ്യങ്ങൾ തിരിച്ചറിയുന്നതിന് ക്രിസ്തീയ മൂപ്പന്മാരെ നിയോഗിക്കുകയുണ്ടായി. മൂപ്പന്മാരുടെ ഒരു സംഘം ഒരു വാരത്തിൽ 11 സഭകൾ സന്ദർശിച്ച് പ്രോത്സാഹജനകമായ നിരവധി യോഗങ്ങൾ നടത്തി. ആത്മീയ പ്രോത്സാഹനം പ്രദാനം ചെയ്ത ഇത്തരം കൂടിവരവുകൾക്കു ശേഷം ആർക്കും വീട്ടിൽ പോകണമെന്നില്ലായിരുന്നു. സംസാരിച്ചും അനുഭവങ്ങൾ പങ്കിട്ടും സഹവാസം ആസ്വദിച്ചും അവർ അവിടെത്തന്നെ തങ്ങി. വാസ്തവത്തിൽ, കൊടുങ്കാറ്റിനെ തുടർന്നുള്ള വാരങ്ങളിലെ ക്രമമായ യോഗഹാജർ സർവകാല അത്യുച്ചമായിരുന്നു.
ചൂടു പകരാൻ ഉതകുന്ന വിറകടുപ്പോ വൈദ്യുതി പ്രദാനം ചെയ്യാനുള്ള ജനറേറ്ററോ ഉണ്ടായിരുന്നവർ അതിനുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്നവർക്കു തങ്ങളുടെ വീടുകളിൽ സ്വാഗതമരുളി. ചില സാക്ഷികൾ 20-ഓളം പേരെ തങ്ങളോടൊപ്പം താമസിപ്പിച്ചു. കൂടാതെ, വൈദ്യുതി ലഭ്യമായിരുന്ന ഇടങ്ങളിൽ അനേകർ മറ്റുള്ളവർക്കു താമസസൗകര്യം പ്രദാനം ചെയ്തു. ഉദാഹരണത്തിന്, “അന്ധകാര ത്രികോണ”ത്തിൽ നിന്ന് 800 കിലോമീറ്റർ അകലെയുള്ള സെറ്റിയലിലെ സാക്ഷികൾ 85 കുടുംബങ്ങൾക്കു താമസസൗകര്യം നൽകി.
റിമൂസ്കി പോലുള്ള വിദൂര ഗ്രാമങ്ങളിൽ താമസിക്കുന്ന സാക്ഷികൾ മരങ്ങൾ വെട്ടി വിറക് അയച്ചു കൊടുത്തു. ചിലർ തങ്ങൾ അയച്ച തടിക്കഷണങ്ങളിൽ, സമയം കണ്ടെത്തി തിരുവെഴുത്തുകളും എഴുതിയിരുന്നു. ഒരു സാക്ഷി തന്റെ അയൽക്കാരന് ഒരു തടിക്കഷണം സമ്മാനമായി നൽകി. അതിൽ സങ്കീർത്തനം 55:16 എഴുതിയിരുന്നു: “യഹോവ എന്നെ രക്ഷിക്കും.” ആ തടിക്കഷണം കയ്യിൽ പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “യഹോവേ, നിനക്കു നന്ദി.”
ഇതിൽനിന്നെല്ലാമുള്ള പാഠമോ?
തങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത വൈദ്യുതി എത്ര പെട്ടെന്നു വിച്ഛേദിക്കപ്പെടുന്നു എന്നത് അനേകരെയും അന്ധാളിപ്പിച്ചു. “ഞങ്ങൾ പുതിയ വീടു പണിയുമ്പോൾ അതിൽ ഒരു വിറകടുപ്പും ഒരു ജനറേറ്ററും . . . ഗ്യാസ് അടുപ്പും ഉണ്ടായിരിക്കുമെന്നത് ഉറപ്പാണ്,” ഒരു വ്യക്തി പറഞ്ഞു.
കൊടുങ്കാറ്റ് അടങ്ങി ഏതാണ്ട് ആറ് ആഴ്ചകൾക്കു ശേഷം ഒരു വ്യാഖ്യാതാവ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “എവിടെ നോക്കിയാലും മഞ്ഞുകട്ടകൾ, എങ്ങും അന്ധകാരം. ടെലിവിഷൻ ഓഫായിരുന്നതുകൊണ്ട് ചിന്തിക്കാൻ ധാരാളം സമയം ഉണ്ടായിരുന്നു.” എന്നിട്ട് അദ്ദേഹം പറഞ്ഞു: “പ്രകൃതി ശക്തികൾക്കു മുമ്പിൽ നാം എത്രമാത്രം നിസ്സാരരാണെന്ന് അതു ഞങ്ങളെ ഓർമിപ്പിച്ചു.”
ഈ വ്യവസ്ഥിതിയെ ഉന്മൂലനം ചെയ്ത ശേഷം ഭൂമിയെ ഒരു ആഗോള പറുദീസയായി പുനഃസ്ഥാപിക്കുമെന്ന സ്രഷ്ടാവിന്റെ വാഗ്ദാനം ബൈബിൾ വിദ്യാർഥികൾ അനുസ്മരിക്കുന്നു. മുമ്പൊരിക്കൽ അവൻ അത്തരമൊരു ലോകത്തെ ഉന്മൂലനം ചെയ്തതാണ്. (മത്തായി 24:37-39; 2 പത്രൊസ് 2:5) അതിന് ഉപയോഗിച്ചേക്കാവുന്ന ആയുധ സന്നാഹങ്ങളിലേക്കു വിരൽ ചൂണ്ടിക്കൊണ്ട് ദൈവം ചോദിക്കുന്നു: “നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ [അതിശൈത്യ പേമാരി ഉൾപ്പെട്ട] ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? ഞാൻ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചു വെച്ചിരിക്കുന്നു.”—ഇയ്യോബ് 38:22, 23.
[17-ാം പേജിലെ ചിത്രം]
വൈദ്യുത ടവറുകൾ കടലാസുപോലെ ചുങ്ങിച്ചുളുങ്ങിവീണു
[18-ാം പേജിലെ ചിത്രം]
സമ്മേളന ഹാളിന്റെ മേൽക്കൂരയിൽ നിന്നു സ്വമേധയാ സേവകർ മഞ്ഞുകട്ടയും ഹിമവും നീക്കം ചെയ്തതിനാൽ ദുരന്ത സാധ്യത ഒഴിവായി
[18-ാം പേജിലെ ചിത്രം]
കൊടുങ്കാറ്റിൽ അകപ്പെട്ടവർക്കുള്ള വിറക്