‘ഈ പ്രക്ഷുബ്ധ ലോകത്തിൽ നവോന്മേഷപ്രദം’
യൂഗോസ്ലാവിയയിൽ നിന്നുള്ള 22 വയസ്സുകാരനായ ഈഗൊർ കഴിഞ്ഞ വർഷം അയച്ച ഒരു കത്തിൽ വീക്ഷാഗോപുരം മാസികയെ വർണിച്ചത് അപ്രകാരമാണ്. അവൻ ഇങ്ങനെ വിശദീകരിച്ചു:
“ഏതാനും മാസങ്ങൾക്കു മുമ്പാണു ഞാൻ വീക്ഷാഗോപുരം മാസിക വായിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഞാൻ വീക്ഷാഗോപുരത്തിന്റെ പുതിയതും പഴയതുമായ ലക്കങ്ങൾ (1991 മുതലുള്ളത്) വായിച്ചുവരുന്നു. അവ എനിക്കു വളരെ ഇഷ്ടമാണ്. ഇത്തരമൊരു മാസിക ഈ പ്രക്ഷുബ്ധ ലോകത്തിൽ തീർച്ചയായും നവോന്മേഷപ്രദം ആണെന്നു ഞാൻ കരുതുന്നു.
“മിഷനറിമാരെ കുറിച്ചു നിങ്ങൾ എഴുതിയ ലേഖനം വളരെ രസകരമായി തോന്നി. അതുകൊണ്ടാണു നിങ്ങൾക്ക് എഴുതാമെന്നു വെച്ചതും. ഒന്നാമതായി, എനിക്ക് യഹോവയുടെ സാക്ഷിയാകാൻ സാധിക്കുമോ എന്നറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനൊരു കത്തോലിക്കനാണ്. എന്നാൽ നിങ്ങളുടെ മതം മറ്റേതൊരു മതത്തെക്കാളും നല്ലതാണെന്നു ഞാൻ വിചാരിക്കുന്നു. മറ്റൊരു മതവും ദൈവവചനം പ്രചരിപ്പിക്കാൻ ഇത്രമാത്രം ശ്രമം ചെലുത്തുന്നില്ല എന്നതാണ് അതിനുള്ള പ്രധാന കാരണം.
“ഞാൻ കത്തോലിക്കനാണ് എന്നത് ഒരു തടസ്സമല്ലെങ്കിൽ, എനിക്ക് എങ്ങനെ ഒരു യഹോവയുടെ സാക്ഷിയാകാൻ സാധിക്കുമെന്ന് അറിഞ്ഞാൽ കൊള്ളാം. എനിക്കൊരു ആഗ്രഹമുണ്ട്. സാധിക്കുമെങ്കിൽ ബെൽഗ്രേഡിൽവെച്ച് സ്നാപനമേൽക്കണം. അങ്ങനെയെങ്കിൽ ഞാൻ എന്നു വരണമെന്നു ദയവായി അറിയിക്കുക. ഒപ്പംതന്നെ സ്നാപനത്തിന് എന്തെങ്കിലും പൂർവ യോഗ്യത ഉണ്ടായിരിക്കേണ്ടതുണ്ടോ എന്നും അറിയിക്കുക. എന്റെ ആഗ്രഹപ്രകാരം അവിടെവെച്ച് സ്നാപനമേൽക്കാൻ സാധിക്കുകയില്ലെങ്കിൽ വേറെ എവിടെവെച്ച് സ്നാപനമേൽക്കാമെന്നും അതിനായി ആരെ സമീപിക്കണമെന്നും ദയവായി അറിയിക്കുക.
“അടുത്തതായി, ഒരാൾക്ക് എങ്ങനെ മിഷനറിയാകാൻ സാധിക്കും എന്നറിയാനും എനിക്ക് ആഗ്രഹമുണ്ട്. എന്റെ സ്നാപനം കഴിഞ്ഞാൽ ഉടനെ മിഷനറി സേവനത്തിനുള്ള പരിശീലനം തുടങ്ങാമോ എന്നും എനിക്കറിയണം. സാക്ഷിയെന്ന നിലയിൽ നിശ്ചിത വർഷത്തെ സേവനം അതിന് ആവശ്യമാണോ? . . .
“ദയവായി എന്റെ കത്ത് സഗൗരവം പരിചിന്തിക്കുക. ദൈവരാജ്യത്തിന്റെ സുവാർത്ത പ്രചരിപ്പിക്കുന്നതിനുള്ള ഉത്തമമായ വിധം ഒരു മിഷനറി ആയിരിക്കുന്നതാണ് എന്നു ഞാൻ വിചാരിക്കുന്നു.”
വീക്ഷാഗോപുരത്തിന്റെ ഓരോ ലക്കത്തിന്റെയും 2-ാം പേജിൽ ആ മാസികയുടെ ഉദ്ദേശ്യം വിശദീകരിക്കുന്നുണ്ട്: “ദൈവരാജ്യം തങ്ങളുടെ സഹമനുഷ്യരെ ഞെരുക്കുന്നവരെ താമസിയാതെ നശിപ്പിക്കുമെന്നും ഭൂമിയെ പറുദീസയായി രൂപാന്തരപ്പെടുത്തുമെന്നുമുള്ള സുവാർത്തകൊണ്ടു സകല ജനങ്ങളെയും ആശ്വസിപ്പിക്കുന്നു.” അതിന്റെ ഒരു പ്രതി സ്വീകരിക്കാനോ യഹോവയുടെ സാക്ഷികളിൽ ഒരാൾ നിങ്ങളുടെ വീട്ടിൽ വന്ന് സൗജന്യ ബൈബിളധ്യയനം നടത്താനോ ആഗ്രഹിക്കുന്നെങ്കിൽ ദയവായി Praharidurg Prakashan Society, Plot A/35, Nr. Industrial Estate, Nangargaon, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ എഴുതുക.