യേശു ഇപ്പോൾ ചെയ്യുന്നത്
യേശു കാഴ്ചയ്ക്ക് എങ്ങനെ ആയിരുന്നു എന്നതു കൗതുകം ഉണർത്തുന്ന ഒരു വിഷയമാണ്. എന്നാൽ അവൻ ഇപ്പോൾ എന്തു ചെയ്യുകയാണ് എന്നും അവൻ എവിടെയാണ് എന്നും കൃത്യമായി അറിയുന്നതാണ് അതിലും മർമപ്രധാനം. മാനവകുടുംബത്തെ സംബന്ധിച്ച ദൈവോദ്ദേശ്യത്തിൽ അവൻ വഹിക്കുന്ന പങ്ക് എന്താണ്?
ഉത്തരം നൽകാൻ ലൗകിക ചരിത്രത്തിനു സാധിക്കില്ല. സത്യാന്വേഷികളുടെ പ്രയോജനത്തിനായി ദൈവം തയ്യാറാക്കിയ ഗ്രന്ഥത്തിൽ മാത്രമേ അതു കണ്ടെത്താൻ കഴിയൂ. അതാണു ലോക ചരിത്രത്തിൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്ന പുസ്തകമായ വിശുദ്ധ ബൈബിൾ അഥവാ വിശുദ്ധ തിരുവെഴുത്തുകൾ.
മനുഷ്യർ എഴുതിയ മറ്റൊരു ഗ്രന്ഥമല്ല ബൈബിൾ. ബൈബിൾ എഴുതാൻ ദൈവം മനുഷ്യരെ ഉപയോഗിച്ചുവെങ്കിലും യഥാർഥ ഗ്രന്ഥകാരൻ അവനായിരുന്നു: “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.”—2 തിമൊഥെയൊസ് 3:16, 17.
തിരുവെഴുത്തുകൾ എന്തായിരുന്നു എന്ന് അപ്പൊസ്തലനായ പൗലൊസ് തിരിച്ചറിഞ്ഞിരുന്നു. കാരണം അവൻ ഇപ്രകാരം എഴുതി: ‘ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മമനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടു.’—1 തെസ്സലൊനീക്യർ 2:13.
ശതകോടിക്കണക്കിനു താരാപംക്തികളും അവയിൽ ഓരോന്നിലുമുള്ള ശതകോടിക്കണക്കിനു നക്ഷത്രങ്ങളും ഉൾപ്പെടുന്ന പ്രപഞ്ചത്തിന്റെ സർവശക്തനായ സ്രഷ്ടാവാണ് ദൈവം. അവയെ എല്ലാം സൃഷ്ടിക്കണമെങ്കിൽ എത്ര ഭയഗംഭീരമായ ശക്തി അവന് ഉണ്ടായിരിക്കണം! അത്ഭുതാവഹമായ പ്രപഞ്ചം ഉണ്ടാക്കിയ സർവശക്തന് സത്യാന്വേഷിയായ ആർക്കും ആശ്രയയോഗ്യമായ വഴികാട്ടിയായി ഉതകുന്ന ഒരു പുസ്തകം എഴുതിക്കാൻ തീർച്ചയായും സാധിക്കും.
ബൈബിൾ പറയുന്നത്
യേശുവിനെ കുറിച്ചുള്ള എണ്ണമറ്റ സിദ്ധാന്തങ്ങളുടെയും ഊഹാപോഹങ്ങളുടെയും പൊള്ളത്തരം ദൈവവചനം തുറന്നു കാട്ടുന്നു. അവനെ കുറിച്ച് അതു നൽകുന്ന ചില വിശദാംശങ്ങൾ ശ്രദ്ധിക്കുക:
• ദൂതന്മാരെയും ഭൗതിക പ്രപഞ്ചത്തെയും സൃഷ്ടിക്കുന്നതിന് എണ്ണമറ്റ യുഗങ്ങൾക്കു മുമ്പ് ദൈവം സ്വർഗത്തിൽ ആദ്യമായി സൃഷ്ടിച്ചത് യേശുവിനെയാണ്. ദൈവത്തിന്റെ നേരിട്ടുള്ള ഏക സൃഷ്ടിയും അവൻ തന്നെ. അതുകൊണ്ടാണ് അവനെ ദൈവത്തിന്റെ ‘ഏകജാതനായ പുത്രൻ’ എന്നു വിളിക്കുന്നത്. മറ്റു സൃഷ്ടികളെല്ലാം ഈ പുത്രനിലൂടെ, ദൈവത്തിന്റെ “അതിവിദഗ്ധ ശിൽപ്പി”യിലൂടെ, അവൻ മനുഷ്യപൂർവ അസ്ഥിത്വത്തിൽ ആയിരിക്കെ ആണ് സൃഷ്ടിക്കപ്പെട്ടത്.—യോഹന്നാൻ 3:16; 6:38; 8:58; സദൃശവാക്യങ്ങൾ 8:30, NW; കൊലൊസ്സ്യർ 1:15, 16.
• ഏതാണ്ട് 2,000 വർഷം മുമ്പ് യേശു ഒരു മനുഷ്യനായി ജനിക്കേണ്ടതിനു ദൈവം അവന്റെ ജീവനെ ഒരു യഹൂദ കന്യകയുടെ ഗർഭാശയത്തിലേക്കു മാറ്റി. ഇപ്പോൾ പോലും കൃത്രിമ ബീജസങ്കലനം വഴി മനുഷ്യർക്ക് ഏതാണ്ട് സമാനമായ പ്രവൃത്തി ചെയ്യാൻ സാധിക്കുന്നു.—മത്തായി 1:18; യോഹന്നാൻ 1:14.
• യേശു ഒരു നല്ല മനുഷ്യൻ മാത്രമായിരുന്നില്ല. മുതിർന്ന വ്യക്തിയായിരിക്കേ അവൻ തന്റെ സ്നേഹസമ്പന്നനും കാരുണ്യവാനും നീതിനിഷ്ഠനും ആയ സ്വർഗീയ പിതാവായ യഹോവയാം ദൈവത്തിന്റെ വ്യക്തിത്വത്തെ പൂർണമായ അളവിൽ പ്രതിഫലിപ്പിച്ചു.—യോഹന്നാൻ 14:9, 10; എബ്രായർ 1:3, NW; 1 യോഹന്നാൻ 4:7-11, 20, 21.
• ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി എന്ന നിലയിൽ യേശു സമ്പന്നരെ അവഗണിക്കാതെ തന്നെ ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ആവശ്യങ്ങൾക്കായി കരുതി. ദൈവത്തിന്റെ ശക്തമായ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ യേശു അത്ഭുതകരമായി രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്തു. ഇത്തരം അത്ഭുതകരമായ പ്രവൃത്തികൾ ചെയ്യുകവഴി, താൻ മരിച്ചവരിൽ നിന്ന് സ്വർഗീയ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുകയും ദൈവത്തിന്റെ സ്വർഗീയ ഗവൺമെന്റിന്റെ രാജാവാകുകയും ചെയ്യുമ്പോൾ ഭൂവ്യാപകമായി ചെയ്യാൻ പോകുന്ന കാര്യങ്ങൾ ചെറിയ ഒരു അളവിൽ അവൻ പ്രകടമാക്കുകയായിരുന്നു.—മത്തായി 11:4-6; ലൂക്കൊസ് 7:11-17; യോഹന്നാൻ 11:5-45.
• ദൈവത്തിന്റെ ആ സ്വർഗീയ രാജ്യത്തിനു വേണ്ടി പ്രാർഥിക്കാനും അതു ജീവിതത്തിൽ ഒന്നാം സ്ഥാനത്തു വെക്കാനുമാണ് യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചത്. പൂർണമായ ആധിപത്യം സ്ഥാപിച്ചു കഴിയുമ്പോൾ “അതു [ഇന്നു നിലവിലുള്ള] ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” അപ്പോൾ ഭൂമിയിലെ ഒരേ ഒരു ഗവൺമെന്റ് ആ രാജ്യമായിരിക്കും; അരിഷ്ടത അനുഭവിക്കുന്ന മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശ അതു മാത്രമാണ്.—ദാനീയേൽ 2:44; മത്തായി 6:9, 10.
• ദൈവമായിരുന്നു യേശുവിന്റെ പിതാവ്. യേശു ദൈവത്തോടു വിശ്വസ്തൻ ആയിരുന്നു. അതുകൊണ്ട് അവൻ വധിക്കപ്പെട്ടപ്പോൾ ഒരു പൂർണ മനുഷ്യൻ ആയിരുന്നു. ദൈവത്തോടു മത്സരിച്ചപ്പോൾ ആദാം നഷ്ടപ്പെടുത്തിയത് വീണ്ടെടുക്കാൻ യേശു തന്റെ പൂർണതയുള്ള ജീവൻ ഒരു മറുവില യാഗമായി ദൈവത്തിനു സ്വമേധയാ സമർപ്പിച്ചു. അങ്ങനെ ചെയ്യുകവഴി തന്നിൽ വിശ്വസിക്കുന്ന ഏവർക്കും നിത്യജീവനുള്ള വഴി യേശു തുറന്നുകൊടുത്തു.—യോഹന്നാൻ 3:16, NW; റോമർ 3:23, 24; 1 യോഹന്നാൻ 2:2.
• ദൈവത്തിന്റെ നിയമിത സ്വർഗീയ രാജാവെന്ന നിലയിൽ യേശു, ഭൂമുഖത്തു നിന്നു ദുഷ്ടത നീക്കം ചെയ്യാനും അനുസരണമുള്ള മനുഷ്യവർഗത്തെ ശാരീരികവും മാനസികവുമായി പൂർണതയിലേക്ക് ഉയർത്താനും ഉള്ള ദൈവോദ്ദേശ്യം നിവർത്തിക്കും. അപ്പോൾ മനുഷ്യവർഗം പറുദീസാ ഭൂമിയിൽ സമാധാനത്തോടും സന്തോഷത്തോടും കൂടെ വസിക്കും. എല്ലാവർക്കും നല്ല പാർപ്പിടങ്ങളും സുഭിക്ഷമായ ആഹാരവും ഉണ്ടായിരിക്കും. രോഗവും ദുഃഖവും മരണവും എന്നേക്കുമായി പൊയ്പോകും. എന്തിന്, മരിച്ചവർ പോലും പുനരുത്ഥാനത്തിലേക്കു വരുത്തപ്പെടുകയും അവർക്ക് ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും.—ഉല്പത്തി 1:26-28; 2:8; സങ്കീർത്തനം 37:10, 11, 29; സദൃശവാക്യങ്ങൾ 2:21, 22; യെശയ്യാവു 25:6; 65:21-23; ലൂക്കൊസ് 23:43; പ്രവൃത്തികൾ 24:15; വെളിപ്പാടു 21:3-5.
അങ്ങനെ, ഭൂമിയിൽ നീതി വസിക്കുന്ന ഒരു പുതിയ ലോകം സ്ഥാപിക്കാനുള്ള ദൈവോദ്ദേശ്യത്തിൽ യേശു പ്രമുഖ പങ്കു വഹിക്കുന്നതായി ബൈബിൾ വ്യക്തമായി പറയുന്നു. ഇപ്രകാരം മർമപ്രധാനമായ ഒരു പങ്കു വഹിക്കുന്നതുകൊണ്ട് യേശു ഉചിതമായി ഇങ്ങനെ പറഞ്ഞു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.”—യോഹന്നാൻ 14:6; 2 പത്രൊസ് 3:13.
അനുകമ്പയുള്ള ഒരു ഭരണാധികാരി
പുതിയ ലോകത്തിൽ യേശു തങ്ങളുടെ ഭരണാധികാരി ആയിരിക്കാൻ താഴ്മയുള്ള ആളുകൾ ആഗ്രഹിക്കുന്നു. എത്ര വ്യത്യസ്തനായ, സന്തോഷം പകരുന്ന ഭരണാധികാരി ആയിരിക്കും അവൻ! അവൻ അങ്ങനെ ആയിരിക്കുമെന്നു പ്രകടമാക്കിയ ഒരു വിധമാണ്, ഭൂമിയിൽ ആയിരുന്നപ്പോൾ അവൻ ചെയ്ത അത്ഭുതകരമായ സൗഖ്യമാക്കലുകൾ. (മത്തായി 15:30, 31) ഏതു തരം ഭരണാധികാരി ആയിരിക്കും അവൻ എന്നതും ശ്രദ്ധിക്കുക.
ലോക ഭരണാധികാരികളെ കുറിച്ചുള്ള രേഖ ആദ്യം തന്നെ പരിശോധിക്കാം. യുഗങ്ങളിൽ ഉടനീളം അവർ തങ്ങളുടെ ജനങ്ങളെ എണ്ണമറ്റ യുദ്ധങ്ങളിലേക്കു വലിച്ചിഴച്ചിരിക്കുന്നു, കൊടുംക്രൂരതകൾക്കും മതവിചാരണകൾക്കും കൂട്ടക്കുരുതികൾക്കും ഇരകളാക്കിയിരിക്കുന്നു. അങ്ങനെ അവർ മിക്കപ്പോഴും ക്രൂരരും നിർദയരുമായി വർത്തിച്ചിരിക്കുന്നു എന്നു ചരിത്രം തെളിയിക്കുന്നു. ഈ 20-ാം നൂറ്റാണ്ടിൽ മാത്രമായി 10 കോടിയിലധികം ജനങ്ങൾ യുദ്ധങ്ങളിൽ കൊല ചെയ്യപ്പെട്ടിരിക്കുന്നു.
ദരിദ്രരോടും ചവിട്ടിമെതിക്കപ്പെട്ടവരോടും അബലരോടും യേശു കാട്ടിയ മനോഭാവവും അവരോട് അവൻ ഇടപെട്ട വിധത്തെക്കുറിച്ചുള്ള വൃത്താന്തവും ഈ ലോകത്തിലെ ഭരണാധിപന്മാരുടെ മനോഭാവങ്ങളിൽനിന്നും പ്രവർത്തന രീതികളെക്കുറിച്ചുള്ള വൃത്താന്തങ്ങളിൽനിന്നും എത്ര വ്യത്യസ്തമാണെന്നു കാണുക: “അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു.” അതുകൊണ്ട് അവൻ അവരോട് ഇപ്രകാരം പറഞ്ഞു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”—മത്തായി 9:36; 11:28-30.
ആളുകളോട് എത്ര അനുകമ്പ ഉള്ളവൻ ആയിരുന്നു യേശു! ഇതിൽ അവൻ തന്റെ സ്വർഗീയ പിതാവിനെ അനുകരിച്ചു. യേശു സ്നേഹത്തിന്റെ മൂർത്തിമദ്ഭാവം ആയിരുന്നു, പരസ്പരം യഥാർഥ, തത്ത്വാധിഷ്ഠിതമായ സ്നേഹം ഉണ്ടായിരിക്കാൻ അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. വംശം, ദേശീയത, സാമ്പത്തിക നില, മുൻ മതപശ്ചാത്തലം തുടങ്ങി യാതൊന്നും തങ്ങളുടെ സാർവദേശീയ ഐക്യത്തിന് വിലങ്ങുതടിയാകാൻ അവർ അനുവദിക്കുകയില്ല. (യോഹന്നാൻ 13:34, 35; പ്രവൃത്തികൾ 10:34, 35) അതേ, സ്വന്തം ജീവൻ മനുഷ്യർക്കായി നൽകത്തക്കവിധം അവൻ അത്രയധികം അവരെ സ്നേഹിച്ചു. (എഫെസ്യർ 5:25) ഈ ലോകത്തിന് ആവശ്യമായതും അതിനു ലഭിക്കാൻ പോകുന്നതും ഇത്തരം ഒരു ഭരണാധികാരിയെ തന്നെയാണ്.
യേശു ഇപ്പോൾ ‘സുന്ദരനായ’ ഒരു രാജാവ്
യേശു ഇപ്പോൾ ശക്തനായ ഒരു സ്വർഗീയ രാജാവ് ആണെന്നു മനസ്സിലാക്കാൻ ദൈവത്തിന്റെ പ്രാവചനിക വചനങ്ങൾ നമ്മെ സഹായിക്കുന്നു. അവനെ കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രവചിച്ചു: “നീ മനുഷ്യപുത്രന്മാരിൽ [“മനുഷ്യപുത്രന്മാരെക്കാൾ,” NW] അതിസുന്ദരൻ. . . . സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക . . . നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു. അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, . . . നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.”—സങ്കീർത്തനം 45:2, 4, 7.
ദൈവത്താൽ അഭിഷിക്തനായ സ്വർഗീയ രാജാവെന്ന നിലയിൽ അവന്റെ നീതിയോടുള്ള സ്നേഹവും ദുഷ്ടതയോടുള്ള വെറുപ്പും പ്രകടമാക്കാൻ യേശു നിയോഗിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ബൈബിളിൽ അവനെ, ദൈവത്തിന്റെ ശത്രുക്കളെയെല്ലാം താമസിയാതെ സംഹരിക്കാൻ പോകുന്ന അനശ്വരനായ, ജേതാവായ ‘രാജാധിരാജാവ്’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. അതിനു പുറമേ, അവൻ ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കുകയും വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗത്തെ പൂർണതയിൽ എത്തിക്കുകയും ചെയ്യും.—വെളിപ്പാടു 19:11-16.
യേശുവിന്റെ പുതിയ ഭാഗധേയം, എതിരാളികളുടെ ഉപദ്രവവും അടിയും കുത്തുമേറ്റു കൊല്ലപ്പെടുന്ന ‘പീഡനം അനുഭവിക്കുന്ന മിശിഹാ’യുടേത് അല്ല മറിച്ച്, ഭൂമിയുടെ ഭരണാധികാരിയായ “വീരനാം ദൈവ”ത്തിന്റേതാണ്. (യെശയ്യാവു 9:6) ഇതു മിക്ക മാനുഷ ഭരണാധികാരികൾക്കും സ്വാഗതാർഹമായ ഒരു വാർത്തയല്ല. കാരണം ദാനീയേൽ 2:44-ൽ പറഞ്ഞിരിക്കുന്നതുപോലെ അവരുടെ രാജത്വങ്ങൾ താമസിയാതെ തകർത്തു നശിപ്പിക്കപ്പെടും. ക്രിസ്തുവിനെ തന്റെ വധനിർവാഹകൻ ആയി ഉപയോഗിച്ചുകൊണ്ട് ദൈവം “തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും. അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും.”—സങ്കീർത്തനം 110:5, 6.
യെശയ്യാവു മുൻകൂട്ടി പറഞ്ഞതുപോലെ, ഇപ്രകാരം ചെയ്യുകവഴി ക്രിസ്തു “അനേകജനതകളെ പരിഭ്രാന്തരാക്കും. രാജാക്കന്മാർ അവൻമൂലം നിശ്ശബ്ദരാകും.” കാരണം? “[തങ്ങളുടെ ഉറ്റസ്നേഹിതരായ മതനേതാക്കന്മാർ] അവരോടു പറഞ്ഞിട്ടില്ലാത്തവ അവർ കാണും; കേട്ടിട്ടില്ലാത്തവ മനസ്സിലാക്കുകയും ചെയ്യും.”—യെശയ്യാവു 52:15, പി.ഒ.സി. ബൈബിൾ.
‘ചുഴലിക്കാറ്റു കൊയ്യുന്നു’
മതനേതാക്കന്മാരുടെ കൃത്യവിലോപത്തെ കുറിച്ചു മുൻകൂട്ടിപ്പറയുകയായിരുന്നു യെശയ്യാവ്. ഉദാഹരണത്തിന്, തങ്ങളുടെ ആട്ടിൻപറ്റത്തെ ബൈബിൾ സത്യം പഠിപ്പിക്കുന്നതിനു പകരം അവർ നരകാഗ്നിയിലെ നിത്യ ദണ്ഡനം, ത്രിയേക ദൈവത്തിലുള്ള വിശ്വാസം, ആത്മാവിന്റെ അമർത്ത്യത എന്നിങ്ങനെ പുറജാതീയ ഉത്ഭവമുള്ള, തിരുവെഴുത്തു വിരുദ്ധമായ ആശയങ്ങൾ പഠിപ്പിക്കുന്നു. കൂടാതെ, പുരോഹിതവർഗം തങ്ങളുടെ രാഷ്ട്രത്തിന്റെ എല്ലാ യുദ്ധങ്ങളെയും പിന്തുണയ്ക്കുകയും ചെയ്തിരിക്കുന്നു, അതു തങ്ങളുടെ മതത്തിലെ ആളുകളുടെ തന്നെ കൊലയ്ക്ക് ഇടയാക്കുന്നത് ആണെങ്കിൽ പോലും. ദൈവത്തിന്റെ കൽപ്പനകളുടെ നേരിട്ടുള്ള ലംഘനമാണ് ഇത്.—1 യോഹന്നാൻ 2:3, 4; 3:10-12; 4:8, 20, 21.
കൂടാതെ, പുരോഹിതവർഗം തങ്ങളുടെ അജഗണങ്ങൾക്ക്, നയനാനന്ദകരമെങ്കിലും ദൈവത്തിന്റെ ദൃഷ്ടിയിൽ നിരർഥകമായ വിഗ്രഹങ്ങളും പൗരോഹിത്യ സ്ഥാന വസ്ത്രങ്ങളും ഏറെ പണം ചെലവഴിച്ചു പണിതീർത്ത ദേവാലയങ്ങളും സൂര്യദേവന്റെ പ്രഭാവലയം ഉൾപ്പെടെ പുറജാതീയ ആശയങ്ങൾ കലർത്തിയ ചിത്രരചനകളുമാണു പ്രദാനം ചെയ്യുന്നത്. “വിട്ടുപോരുവിൻ; വിട്ടുപോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുതു; . . . യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ” എന്ന തന്റെ ദാസന്മാരോടുള്ള ദൈവത്തിന്റെ കൽപ്പന അവഗണിച്ചുകൊണ്ടാണ് അവർ ഇതു ചെയ്യുന്നത്.—യെശയ്യാവു 52:11; 2 കൊരിന്ത്യർ 6:14-18.
ദൈവത്തെ പ്രതിനിധാനം ചെയ്യുന്നവർ എന്ന് അവകാശപ്പെടുകയും എന്നാൽ അവന്റെ കൽപ്പനകളെ ലംഘിക്കുകയും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവർ, വിതച്ചതു തന്നെ കൊയ്യും. അവർ പ്രതികൂലമായി ന്യായം വിധിക്കപ്പെടും. ഈ വ്യവസ്ഥിതി നശിപ്പിക്കപ്പെടുമ്പോൾ അവർ കനത്ത വിലയൊടുക്കേണ്ടിവരും. ഹോശേയ പ്രവാചകൻ പറഞ്ഞതുപോലെ “അവർ കാററു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും.”—ഹോശേയ 8:7; വെളിപ്പാടു 17:1-3-ഉം, 15-ഉം, 16-ഉം കൂടി കാണുക.
പരമാർഥഹൃദയർ സത്യം പഠിക്കുന്നു
പുരോഹിതവർഗം ദൈവത്തെയും യേശുവിനെയും കുറിച്ചു തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത് യേശുവിനെപ്പറ്റിയുള്ള സത്യം പഠിക്കുന്നതിൽനിന്നു പരമാർഥഹൃദയരെ തടയുകയില്ല. ഒന്നാം നൂറ്റാണ്ടിൽ അങ്ങനെ സംഭവിച്ചില്ല. യേശുവിന്റെ രണ്ടു മുഖങ്ങൾ എന്ന ഇംഗ്ലീഷിലുള്ള തന്റെ പുസ്തകത്തിൽ പോൾ ബാർനെറ്റ് എഴുതുന്നു: “യാതൊരു മുന്നറിയിപ്പും കൂടാതെ മാനത്തു നിന്നു ചരിത്രത്തിലേക്കു പൊട്ടിവീണവനല്ല ക്രിസ്തു.” അതേ, അന്ന് ബൈബിൾ പ്രവചനങ്ങൾ കൃത്യമായി മിശിഹായുടെ വരവിനെ സംബന്ധിച്ച് “മുന്നറിയിപ്പു” നൽകി. അങ്ങനെ അവന്റെ വിശ്വസ്ത ശിഷ്യന്മാർക്ക് അവന്റെ വരവിനെ കുറിച്ചുള്ള ഉറപ്പു ലഭിച്ചു. മഹത്ത്വമുള്ള, സ്വർഗീയ “രാജാധിരാജാവായി” യേശുവിനെ ദൈവം അധികാരപ്പെടുത്തിയിരിക്കുന്നു എന്ന വസ്തുത പ്രഖ്യാപിക്കുന്ന അതിലുമേറെ തെളിവുകൾ ഇന്നുണ്ട്.—മത്തായി 24:3-13; 2 തിമൊഥെയൊസ് 3:1-5, 13, 14എ.
“[ക്രിസ്തു ഭരണാധികാരിയായ ദൈവ]രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.” (മത്തായി 24:14) ലോകമെമ്പാടുമുള്ള, അമ്പതു ലക്ഷത്തിലധികം വരുന്ന യഹോവയുടെ സാക്ഷികളാലാണ് ഇന്ന് അതു നിവർത്തിക്കപ്പെടുന്നത്. അതുകൊണ്ട് യഥാർഥ യേശുവിനെ അറിയാൻ ആഗ്രഹമുള്ളവർക്കു തീർച്ചയായും അതിന് അവസരമുണ്ട്. (യോഹന്നാൻ 10:14; 1 യോഹന്നാൻ 5:20) പെട്ടെന്നുതന്നെ ഭൂമിയിൽ ആഞ്ഞടിക്കാനിരിക്കുന്ന “മഹാകഷ്ട”ത്തെ അതിജീവിക്കാൻ അവനെ അറിയുന്നതും അനുസരിക്കുന്നതും മർമപ്രധാനമാണ്.—വെളിപ്പാടു 7:9-14; യോഹന്നാൻ 17:3; 2 തെസ്സലൊനീക്യർ 1:6-10.
അതുകൊണ്ട്, ദൈവപുത്രനെ കുറിച്ചു ബൈബിൾ നൽകുന്ന ആകർഷകമായ ചിത്രം പരിശോധിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ.
[9-ാം പേജിലെ ചിത്രം]
രാജ്യമഹത്ത്വത്തിലുള്ള ക്രിസ്തു ദുഷ്ടത തുടച്ചു നീക്കും
[10-ാം പേജിലെ ചിത്രം]
ക്രിസ്തുവിന്റെ സ്നേഹപുരസ്സരമായ ഭരണത്തിൻ കീഴിൽ ഭൂമി ഒരു പറുദീസയായി മാറും