പ്രചാരണത്തിന് മാരകമായിരിക്കാൻ കഴിയും
“സത്യം ഷൂസ് ഇട്ടുതുടങ്ങുമ്പോഴേക്കും അസത്യം ലോകത്തിന്റെ പകുതിദൂരം പിന്നിട്ടിരിക്കും.”മാർക്ക് ട്വെയ്ൻ നടത്തിയ പ്രസ്താവനയെന്നു കരുതപ്പെടുന്നു.
“കുരുത്തംകെട്ട യഹൂദൻ!” ഏഴു വയസ്സുകാരനായ വിദ്യാർഥിയുടെ നേരെ ആ സ്കൂൾ അധ്യാപിക ആക്രോശിച്ചു. എന്നാൽ അതിൽ നിറുത്താതെ അവനിട്ട് നല്ലൊരു അടിയും വെച്ചുകൊടുത്തു. തുടർന്ന്, ആ ക്ലാസ്സിലെ എല്ലാ കുട്ടികളോടും വരിവരിയായി വന്ന് അവന്റെ മുഖത്തു തുപ്പാൻ ആവശ്യപ്പെട്ടു.
ആ അധ്യാപികയ്ക്കും കുട്ടിക്കും—അധ്യാപികയുടെ മാതൃസഹോദരിയുടെ പൗത്രനായിരുന്നു അവൻ—ഒരു കാര്യം വ്യക്തമായി അറിയാമായിരുന്നു. ആ കുട്ടിയോ അവന്റെ മാതാപിതാക്കളോ യഹൂദവംശജരായിരുന്നില്ല. അവർ യഹൂദ മതാനുസാരികളും ആയിരുന്നില്ല. മറിച്ച്, അവർ യഹോവയുടെ സാക്ഷികളായിരുന്നു. എന്നാൽ യഹൂദന്മാർക്ക് എതിരെ അന്നു പരക്കെ ഉണ്ടായിരുന്ന കടുത്ത മുൻവിധിയുടെ മറപിടിച്ച് തന്റെ വിദ്യാർഥിക്കെതിരെ വിദ്വേഷം ഊട്ടിവളർത്തുക എന്നതായിരുന്നു ആ അധ്യാപികയുടെ ലക്ഷ്യം. യഹോവയുടെ സാക്ഷികൾ തീരെ നികൃഷ്ടരായ ആളുകളാണെന്ന പല്ലവി അവിടത്തെ പുരോഹിതൻ വർഷങ്ങളായി ആ അധ്യാപികയോടും അവരുടെ വിദ്യാർഥികളോടും ആവർത്തിക്കുന്നതാണ്. ആ കുട്ടിയുടെ മാതാപിതാക്കളെയാണെങ്കിൽ, കമ്മ്യൂണിസ്റ്റുകാരെന്നും സിഐഎ (സെൻട്രൽ ഇന്റലിജൻസ് ഏജൻസി) ഏജന്റുമാരെന്നുമെല്ലാം മുദ്രയടിച്ചിരുന്നു. അങ്ങനെ, അവന്റെ സഹപാഠികളെല്ലാവരും വരിവരിയായി വന്നു, ഒരു “കുരുത്തംകെട്ട യഹൂദന്റെ” മുഖത്തു തുപ്പാനുള്ള ആവേശത്തോടെ.
ആ കുട്ടിക്ക് തന്റെ ജീവൻ നഷ്ടമായില്ല. എന്നാൽ, ഏതാണ്ട് 60 വർഷം മുമ്പ് ജർമനിയിലും സമീപ രാജ്യങ്ങളിലും താമസിച്ചിരുന്ന അറുപതുലക്ഷം യഹൂദന്മാരുടെ ഗതി അതായിരുന്നില്ല. നാസി തടങ്കൽപ്പാളയങ്ങളിലും വിഷവാതക അറകളിലുമായി ആ ജീവിതങ്ങൾ പൊലിയാൻ ഇടയാക്കുന്നതിൽ അവർക്കെതിരെ അന്നു നിലവിലിരുന്ന ദുഷ്പ്രചാരണങ്ങൾ ഒരു നിർണായക പങ്കുവഹിച്ചു. വിപുല വ്യാപകവും ആഴത്തിൽ വേരൂന്നിയതും അന്ധവും ദ്രോഹകരവുമായ യഹൂദവിരുദ്ധ മനഃസ്ഥിതി കാരണം അന്നുണ്ടായിരുന്ന മിക്കവരുടെയും കണ്ണുകളിൽ യഹൂദന്മാർ ശത്രുക്കളായി മാറി. അവരെ ഉന്മൂലനം ചെയ്യേണ്ടത് ആവശ്യമാണെന്നു മാത്രമല്ല അത് തികച്ചും നീതിയാണെന്നുപോലും അവർ വിശ്വസിച്ചു. യഹൂദന്മാരുടെ കാര്യത്തിൽ അങ്ങനെ, പ്രചാരണം കൂട്ടക്കൊലയ്ക്കുള്ള ഒരു ആയുധമായിത്തീർന്നു.
പ്രചാരണം പല രീതിയിലാകാം. സ്വസ്തിക പോലുള്ള വെറുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചുകൊണ്ടു പരസ്യമായോ മര്യാദയില്ലാത്ത ഒരു തമാശ പറഞ്ഞുകൊണ്ട് അൽപ്പം വളഞ്ഞവഴിക്കോ ഒക്കെ അതു ചെയ്യാൻ കഴിയും. സ്വേച്ഛാധിപതികൾ, രാഷ്ട്രീയ പ്രവർത്തകർ, പുരോഹിതന്മാർ, പരസ്യലോകത്തു പ്രവർത്തിക്കുന്നവർ, വിപണനക്കാർ, പത്രപ്രവർത്തകർ, റേഡിയോ-ടിവി രംഗത്തെ പ്രശസ്തർ തുടങ്ങി ആളുകളുടെ ചിന്തകളെയും പെരുമാറ്റങ്ങളെയുമൊക്കെ സ്വാധീനിക്കാൻ താത്പര്യമുള്ള എല്ലാവരും പ്രചാരണത്തിന്റെ പ്രേരണാത്മകമായ മാർഗങ്ങൾ പതിവായി ഉപയോഗിക്കാറുണ്ട്.
തികച്ചും സ്തുത്യർഹമായ സാമൂഹിക ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് പ്രചാരണാത്മകമായ സന്ദേശങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും എന്നതു ശരിതന്നെ. മദ്യപിച്ചു വാഹനമോടിക്കുന്നതിന് എതിരെയുള്ള പ്രചാരണം തന്നെ ഉദാഹരണം. എന്നാൽ മറുവശത്ത്, വംശീയമോ മതപരമോ ആയ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം ഇളക്കിവിടുന്നതിനോ സിഗരറ്റുകൾ വാങ്ങുന്നതിന് ആളുകളെ പ്രലോഭിപ്പിക്കുന്നതിനോ പ്രചാരണംകൊണ്ടു സാധിക്കും. “പ്രേരണാത്മകമായ സന്ദേശങ്ങളുടെ ഒരു പ്രളയത്തെതന്നെ ദിവസവും നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. ന്യായവാദവും സംവാദവും ആളുകളിൽ പ്രേരണ ചെലുത്തുന്നത് പരസ്പരമുള്ള ആശയകൈമാറ്റത്തിലൂടെയാണെങ്കിൽ, ഈ സന്ദേശങ്ങൾ [സാംസ്കാരിക പ്രാധാന്യമുള്ളതും ആളുകളിൽ അനുകൂല പ്രതികരണം ഉളവാക്കാൻ പര്യാപ്തവുമായ] പ്രതീകങ്ങളെയും അതുപോലെ മനുഷ്യമനസ്സിലെ ഏറ്റവും അടിസ്ഥാന വികാരങ്ങളെയും വിദഗ്ധമായി കരുവാക്കിയാണ് നമ്മിൽ പ്രേരണ ചെലുത്തുന്നത്. നന്മയ്ക്കായിട്ടാണെങ്കിലും തിന്മയ്ക്കായിട്ടാണെങ്കിലും ശരി, നമ്മുടേത് ഒരു പ്രചാരണയുഗമാണ്,” ഗവേഷകരായ ആന്തൊണി പ്രാറ്റ്കാനിസും എലിയട്ട് ആരോൻസണും ചൂണ്ടിക്കാണിക്കുന്നു.
മനുഷ്യന്റെ ചിന്തകളെയും പ്രവൃത്തികളെയും സ്വാധീനിക്കുന്നതിന് പ്രചാരണം നൂറ്റാണ്ടുകളിലുടനീളം എങ്ങനെയാണ് ഉപയോഗിച്ചിട്ടുള്ളത്? അപകടകരമായ പ്രചാരണത്തിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ സ്വയം സംരക്ഷിക്കാൻ കഴിയും? ആശ്രയയോഗ്യമായ വിവരങ്ങളുടെ ഒരു സ്രോതസ്സ് ഇന്നുണ്ടോ? തുടർന്നുവരുന്ന ലേഖനങ്ങളിൽ ഇവയും മറ്റു ചോദ്യങ്ങളും പരിചിന്തിക്കുന്നതായിരിക്കും.
[3-ാം പേജിലെ ചിത്രം]
യഹൂദന്മാരുടെ കൂട്ടക്കൊലയിൽ പ്രചാരണം ഒരു മുഖ്യ പങ്കുവഹിച്ചു