യുവജനങ്ങൾ ചോദിക്കുന്നു . . .
വിഷാദം തോന്നുമ്പോൾ ഞാൻ ആരോടെങ്കിലും അതു പറയണമോ?
“വിഷാദം തോന്നുമ്പോൾ, അത് പുറത്തു പറയാതിരിക്കാനാണ് ഞാൻ ആദ്യം ശ്രമിക്കുക. കാരണം, ഞാൻ ഒരു കുഴപ്പക്കാരൻ കുട്ടിയാണെന്ന് ആളുകൾ കരുതിയാലോ. എന്നാൽ സഹായത്തിനായി ആരോടെങ്കിലും അതു പറയണമെന്നു പിന്നീട് എനിക്കു മനസ്സിലാകും.”—13-കാരനായ അലേജാൻഡ്രോ.
“വിഷാദം തോന്നുമ്പോൾ ഞാൻ സുഹൃത്തുക്കളോട് അത് പറയാറില്ല. കാരണം, അവർക്കു സഹായിക്കാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. അവർ എന്നെ കളിയാക്കുകയേ ഉള്ളൂ.”—13-കാരനായ ആർറ്റ്യൂറോ.
ജീവിതത്തിൽ ഒരിക്കൽപ്പോലും വിഷാദം അനുഭവിക്കാത്ത ആരുംതന്നെ ഉണ്ടാവില്ല.a എങ്കിലും, നിങ്ങൾ ചെറുപ്പക്കാരും താരതമ്യേന അനുഭവജ്ഞാനം കുറഞ്ഞവരും ആയതിനാൽ, ജീവിത സമ്മർദങ്ങൾ നിമിത്തം എളുപ്പം തളർന്നുപോയേക്കാം. മാതാപിതാക്കൾ, സുഹൃത്തുക്കൾ, അധ്യാപകർ തുടങ്ങിയവർ നിങ്ങളോട് ആവശ്യപ്പെടുന്ന സംഗതികൾ, താരുണ്യത്തിൽ ഉണ്ടാകുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾ, താൻ ഒരു പരാജയമാണെന്ന തോന്നൽ—അത് ഒരുപക്ഷേ നിസ്സാര ദൗർബല്യങ്ങൾ കൊണ്ടായിരിക്കാം—എന്നിവയെല്ലാം നിങ്ങളെ ദുഃഖിതരും വിഷാദമഗ്നരും ആക്കിയേക്കാം.
അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കുന്നത് ഒരു നല്ല സംഗതിയാണ്. “എന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ ആകെ തകർന്നുപോകുമെന്നാണ് എനിക്കു തോന്നുന്നത്,” 17 വയസ്സുകാരിയായ ബിയാട്രിസ് പറയുന്നു. എങ്കിലും, മിക്ക യുവജനങ്ങളും പ്രശ്നങ്ങൾ ഉള്ളിലൊതുക്കുകയും മിക്കപ്പോഴും നിരാശയുടെ പടുകുഴിയിലേക്കു വഴുതിവീഴുകയും ചെയ്യുന്നു എന്നതാണ് സങ്കടകരമായ സംഗതി. ആത്മഹത്യാശ്രമത്തിന്റെ ഘട്ടത്തോളം എത്തുന്ന യുവജനങ്ങൾ പലപ്പോഴും കടുത്ത ഏകാന്തത അനുഭവിക്കുന്നവരാണ് എന്ന് മഡ്രിഡ് മെഡിക്കൽ വിഭാഗത്തിലെ പ്രൊഫസറായ മരീയ ഡി കെസസ് മാർഡൊമെങ്കോ അഭിപ്രായപ്പെടുന്നു. സംസാരിക്കാനും തങ്ങളുടെ പ്രശ്നങ്ങളൊക്കെ തുറന്നുപറയാനും പറ്റിയ മുതിർന്ന ഒരാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നാണ് ആത്മഹത്യാശ്രമത്തിൽനിന്ന് രക്ഷപ്പെട്ട പല യുവജനങ്ങളും പറഞ്ഞത്.
നിങ്ങളുടെ കാര്യമോ? നിരാശ തോന്നുമ്പോൾ അതെല്ലാം തുറന്നു പങ്കുവെക്കാൻ പറ്റിയ ഒരാൾ നിങ്ങൾക്കുണ്ടോ? ഇല്ലെങ്കിൽ, സഹായത്തിനായി നിങ്ങൾക്ക് ആരിലേക്കു തിരിയാം?
മാതാപിതാക്കളോടു സംസാരിക്കുക
വിഷാദം അനുഭവപ്പെടുമ്പോൾ താൻ എന്താണ് ചെയ്യാറുള്ളതെന്ന് തുടക്കത്തിൽ പരാമർശിച്ച അലേജാൻഡ്രോ വിശദീകരിക്കുന്നു: “ഞാൻ എന്റെ അമ്മയെയാണ് സമീപിക്കുക. കാരണം, ഞാൻ ജനിച്ച കാലം മുതൽതന്നെ അമ്മ എനിക്കു നല്ലൊരു സഹായമായിരുന്നിട്ടുണ്ട്. എനിക്ക് അമ്മയെ പൂർണ വിശ്വാസമാണ്. ഇനി, അച്ഛനും എന്റെ ഈ പ്രായത്തിലൂടെതന്നെ കടന്നുപോയതാണല്ലോ. അതുകൊണ്ട് ഞാൻ അദ്ദേഹത്തെയും സമീപിക്കും. വിഷാദം തോന്നുമ്പോൾ അത് ആരോടെങ്കിലും പറയാതിരുന്നാൽ അത് എന്റെ അവസ്ഥയെ ഒന്നുകൂടെ വഷളാക്കുകയാണ് ചെയ്യുന്നത്.” റൊഡോൾഫോ എന്ന 11 വയസ്സുകാരൻ അനുസ്മരിക്കുന്നു: “ചിലപ്പോൾ അധ്യാപകൻ എന്നെ പരിഹസിക്കുകയും ശകാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അത് എന്നെ വളരെയേറെ ദുഃഖിപ്പിച്ചിരുന്നു. അപ്പോഴൊക്കെ ഞാൻ ടോയ്ലെറ്റിൽ പോയിരുന്ന് കരയുമായിരുന്നു. പിന്നീട്, ഞാൻ അമ്മയോട് എന്റെ പ്രശ്നങ്ങളെ കുറിച്ചു പറഞ്ഞു. അമ്മ എന്നെ സഹായിച്ചു. ഞാൻ അമ്മയോടു പറഞ്ഞില്ലായിരുന്നെങ്കിൽ, അത് എന്നെ കൂടുതൽ ദുഃഖിതനാക്കുമായിരുന്നു.”
നിങ്ങളുടെ മാതാപിതാക്കളോട് ഉള്ളുതുറന്നു സംസാരിക്കുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഒരുപക്ഷേ അവർക്കാവില്ല എന്നായിരിക്കാം നിങ്ങൾ വിചാരിക്കുന്നത്. എന്നാൽ വാസ്തവം അതാണോ? ഇന്നത്തെ ലോകത്തിൽ യുവജനങ്ങൾ അനുഭവിക്കുന്ന എല്ലാ സമ്മർദങ്ങളും പൂർണമായി മനസ്സിലാക്കാൻ അവർക്കു കഴിയില്ലായിരിക്കാം. എങ്കിലും, ഈ ലോകത്തിലുള്ള മറ്റാരെക്കാളും മെച്ചമായി നിങ്ങളെ മനസ്സിലാക്കാൻ സാധ്യതയുള്ളത് അവരല്ലേ? അലേജാൻഡ്രോ പറയുന്നു: “ചിലപ്പോഴൊക്കെ എന്റെ വികാരങ്ങളെ സഹതാപപൂർവം മനസ്സിലാക്കുക എന്നത് മാതാപിതാക്കൾക്ക് അത്ര എളുപ്പമല്ല.” എന്നുവരികിലും അവൻ പറയുന്നു: “സഹായത്തിനായി അവരെ ആശ്രയിക്കാനാകുമെന്ന് എനിക്കറിയാം.” തങ്ങളുടെ പ്രശ്നങ്ങൾ എത്ര കൃത്യമായാണ് മാതാപിതാക്കൾ മനസ്സിലാക്കുന്നതെന്ന് അറിയുമ്പോൾ യുവജനങ്ങൾ ചിലപ്പോഴൊക്കെ വിസ്മയിച്ചുപോകുന്നു. നിങ്ങളെക്കാൾ പ്രായവും അനുഭവപരിചയവും ഉള്ളതുകൊണ്ട്, സഹായകമായ നിർദേശങ്ങൾ നൽകാൻ അവർക്കു കഴിയും. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്ന മാതാപിതാക്കളുടെ കാര്യത്തിൽ ഇത് വിശേഷാൽ സത്യമാണ്.
“മാതാപിതാക്കളോടു സംസാരിക്കുമ്പോൾ, പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതു സംബന്ധിച്ചുള്ള പ്രായോഗിക നിർദേശങ്ങളും പ്രോത്സാഹനവും എനിക്കു ലഭിക്കുന്നു,” നേരത്തെ പരാമർശിച്ച ബിയാട്രിസ് പറയുന്നു. നല്ല കാരണത്തോടെയാണ് ബൈബിൾ യുവജനങ്ങൾക്ക് പിൻവരുന്ന ബുദ്ധിയുപദേശം നൽകുന്നത്. “മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു. നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു.”—സദൃശവാക്യങ്ങൾ 6:20; 23:22.
തീർച്ചയായും, മാതാപിതാക്കളുമായി നല്ല ബന്ധമില്ലെങ്കിൽ അവരോടു കാര്യങ്ങൾ തുറന്നു പറയുക ബുദ്ധിമുട്ടായിരിക്കും. ഡോ. കറ്റാലിന ഗോൺസാലെസ് ഫോർട്ടിസ പറയുന്നതനുസരിച്ച്, ഹൈസ്കൂൾ കുട്ടികളെ കുറിച്ചു നടത്തിയ ഒരു പഠനം കാണിക്കുന്നത്, ആത്മഹത്യയ്ക്കു ശ്രമിച്ചു എന്നു പറഞ്ഞ കുട്ടികൾ ആത്മാഭിമാനക്കുറവ് അനുഭവപ്പെട്ടിരുന്നവരും മാതാപിതാക്കളുമായി നല്ല ബന്ധം ഇല്ലാതിരുന്നവരും ആയിരുന്നു എന്നാണ്. നേരെമറിച്ച്, “അത്തരം ആത്മഹത്യാപരമായ ചിന്തകൾ ഇല്ലാതിരുന്ന യുവജനങ്ങൾ, പൊതുവെ മാതാപിതാക്കളുമായി നല്ല ബന്ധം ഉണ്ടായിരുന്നവരാണ്.”
അതുകൊണ്ട്, മാതാപിതാക്കളുമായി നല്ലൊരു ബന്ധം വളർത്തിയെടുക്കാൻ ജ്ഞാനപൂർവം ശ്രമിക്കുക. അവരുമായി ക്രമമായി സംസാരിക്കുന്നത് ഒരു ശീലമാക്കിയെടുക്കുക. നിങ്ങളുടെ അനുദിന ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ അവരോടു പറയുക. അവരോടു ചോദ്യങ്ങൾ ചോദിക്കുക. അങ്ങനെ ചെയ്താൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവരെ സമീപിക്കാൻ നിങ്ങൾക്കു വലിയ ബുദ്ധിമുട്ട് തോന്നില്ല.
ഒരു സുഹൃത്തിനോട് സംസാരിക്കുക
സമപ്രായത്തിലുള്ള ഒരാളുമായി നിങ്ങളുടെ പ്രശ്നങ്ങൾ പങ്കുവെക്കുന്നത് എളുപ്പമായിരിക്കില്ലേ? അതേ, ആശ്രയയോഗ്യരായ സുഹൃത്തുക്കൾ ഉണ്ടായിരിക്കുന്നത് നല്ല സംഗതിയാണ്. “സഹോദരനെക്കാളും പററുള്ള സ്നേഹിതന്മാരും ഉണ്ടു” എന്ന് സദൃശവാക്യങ്ങൾ 18:24 പറയുന്നു. നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കാനും നിങ്ങളെ പിന്തുണയ്ക്കാനും സുഹൃത്തുക്കൾക്ക് സാധിച്ചേക്കാമെങ്കിലും ഏറ്റവും മെച്ചപ്പെട്ട ഉപദേശം നൽകാൻ അവർക്ക് എല്ലായ്പോഴും കഴിഞ്ഞെന്നുവരില്ല. ഇതിനെല്ലാം പുറമേ, ജീവിതാനുഭവങ്ങളുടെ കാര്യത്തിൽ അവർ നിങ്ങളെക്കാൾ മെച്ചപ്പെട്ടവരായിരിക്കാനും സാധ്യതയില്ല. രെഹബെയാമിന്റെ കാര്യമെടുക്കുക. ബൈബിൾ കാലങ്ങളിലെ ഒരു രാജാവായിരുന്നു അദ്ദേഹം. അനുഭവജ്ഞാനവും പക്വതയുമുള്ള പുരുഷന്മാരിൽനിന്ന് ഉപദേശം കൈക്കൊള്ളുന്നതിനു പകരം, സമപ്രായക്കാരുടെ വാക്കുകൾക്കാണ് അദ്ദേഹം ശ്രദ്ധ നൽകിയത്. ഫലമെന്തായിരുന്നു? ദുരന്തം! അതേ, രാജ്യത്തിലെ ബഹുഭൂരിപക്ഷം ആളുകളുടെ പിന്തുണയും ദൈവാംഗീകാരംപോലും ഒടുവിൽ അദ്ദേഹത്തിനു നഷ്ടമായി.—1 രാജാക്കന്മാർ 12:8-19.
സമപ്രായക്കാരോടു കാര്യങ്ങൾ തുറന്നുപറയുന്നതിലെ മറ്റൊരു പ്രശ്നം രഹസ്യം സൂക്ഷിക്കുന്നതു സംബന്ധിച്ചുള്ളതായിരിക്കാം. തുടക്കത്തിൽ പരാമർശിച്ച ആർറ്റ്യൂറോ പറയുന്നു: “എനിക്കറിയാവുന്ന ആൺകുട്ടികളൊക്കെ വിഷാദം അനുഭവപ്പെടുമ്പോൾ തങ്ങളുടെ സുഹൃത്തുക്കളോട് അക്കാര്യം പറയുന്നവരാണ്. പക്ഷേ പിന്നീട്, ആ സുഹൃത്തുക്കൾ കാര്യങ്ങളെല്ലാം മറ്റുള്ളവരുടെ ചെവിയിൽ എത്തിക്കുകയും പറഞ്ഞ വ്യക്തികളെ കളിയാക്കുകയും ചെയ്യുന്നു.” പതിമൂന്നുകാരിയായ ഗബ്രിയേലയ്ക്ക് സമാനമായ അനുഭവം ഉണ്ടായി. അവൾ പറയുന്നു: “എന്റെ വ്യക്തിപരമായ കാര്യങ്ങൾ എന്റെ കൂട്ടുകാരി അവളുടെ മറ്റൊരു സുഹൃത്തിനോട് പറയുന്നുണ്ടെന്ന് ഒരു ദിവസം എനിക്കു മനസ്സിലായി. അതിൽപ്പിന്നെ എനിക്കവളെ വിശ്വാസമില്ല. ഞാൻ സമപ്രായക്കാരോട് സംസാരിക്കാറുണ്ട്. എന്നാൽ, കാര്യം പാട്ടാക്കുന്ന സ്വഭാവമുള്ളവരാണ് അവരെങ്കിൽ, എന്നെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന കാര്യങ്ങൾ ഞാൻ അവരോടു പറയാറില്ല.” അതുകൊണ്ട് നിങ്ങൾ സഹായം തേടുമ്പോൾ ‘മറെറാരുത്തന്റെ രഹസ്യം വെളിപ്പെടുത്തുകയില്ലാത്ത’ ഒരാളെ കണ്ടെത്തുന്നത് പ്രാധാന്യമർഹിക്കുന്ന ഒരു സംഗതിയാണ്. (സദൃശവാക്യങ്ങൾ 25:9) അങ്ങനെയുള്ള ഒരു വ്യക്തി നിങ്ങളെക്കാൾ പ്രായമുള്ള ആളായിരിക്കാനാണ് കൂടുതൽ സാധ്യത.
ചില കാരണങ്ങളാൽ, കുടുംബത്തിൽ സഹായം കണ്ടെത്താൻ നിങ്ങൾക്കു കഴിഞ്ഞില്ലെന്നുവരാം. അത്തരം സാഹചര്യങ്ങളിൽ ഒരു സുഹൃത്തിനോടു സംസാരിക്കുന്നതുകൊണ്ടു കുഴപ്പമില്ല. പക്ഷേ, ആ വ്യക്തിക്ക് ജീവിതാനുഭവവും ബൈബിൾ തത്ത്വങ്ങൾ സംബന്ധിച്ച അറിവും ഉണ്ടെന്ന് ഉറപ്പുവരുത്തുക. യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭകളിൽ ഇത്തരം വ്യക്തികൾ ഉണ്ടെന്നുള്ളതിൽ യാതൊരു സംശയവുമില്ല. പതിനാറുകാരിയായ ലില്ലിയാന പറയുന്നു: “ചില ക്രിസ്തീയ സഹോദരിമാരിൽ ഞാൻ പരിപൂർണ വിശ്വാസമർപ്പിച്ചിരിക്കുന്നു. അത് എനിക്ക് വളരെ പ്രയോജനം ചെയ്യുന്നു. എന്നെക്കാൾ പ്രായമുള്ളതുകൊണ്ട്, മെച്ചപ്പെട്ട ബുദ്ധിയുപദേശം നൽകാൻ അവർക്കു കഴിയും. അവർ എന്റെ സുഹൃത്തുക്കൾ ആയിത്തീർന്നിരിക്കുന്നു.”
നിങ്ങളുടെ ആത്മീയതയും അപകടത്തിൽ ആയിരിക്കുന്നു എങ്കിലെന്ത്? പ്രാർഥനയും ബൈബിൾ വായനയും അവഗണിക്കുന്ന ഘട്ടത്തോളം പോലും നിങ്ങൾ വിഷാദമഗ്നരായിരുന്നേക്കാം. യാക്കോബ് 5:14, 15-ൽ ബൈബിൾ ഈ ബുദ്ധിയുപദേശം നൽകുന്നു: “നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും.” ആത്മീയമായി നിരുത്സാഹിതരോ രോഗികളോ ആയവരെ സഹായിക്കുന്നതിൽ അനുഭവപരിചയമുള്ള പ്രായമേറിയ പുരുഷന്മാർ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭകളിലുണ്ട്. അവരുടെ സഹായം തേടാൻ മടിക്കേണ്ടതില്ല. അത്തരം പുരുഷന്മാർക്ക് ‘കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയിരിക്കാൻ കഴിയു’മെന്ന് ബൈബിൾ പറയുന്നു.—യെശയ്യാവു 32:2.
‘നിങ്ങളുടെ ആവശ്യങ്ങൾ ദൈവത്തെ അറിയിക്കുക’
ഏതായാലും, സഹായത്തിന്റെ ഏറ്റവും നല്ല ഉറവ് “സർവ്വാശ്വാസവും നല്കുന്ന ദൈവ”മാണ്. (2 കൊരിന്ത്യർ 1:3) നിങ്ങൾക്കു ദുഃഖമോ വിഷാദമോ അനുഭവപ്പെടുന്നെങ്കിൽ ഫിലിപ്പിയർ 4:6, 7-ലെ ബുദ്ധിയുപദേശം ബാധകമാക്കുക: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” നിങ്ങളെ ശ്രദ്ധിക്കാൻ യഹോവ സദാ സന്നദ്ധനാണ്. (സങ്കീർത്തനം 46:1; 77:1) ചില അവസരങ്ങളിൽ മനസ്സമാധാനത്തിനായി പ്രാർഥിക്കുകയേ വേണ്ടൂ.
വിഷാദമോ മ്ലാനതയോ കൂടെക്കൂടെ അനുഭവപ്പെടുന്നെങ്കിൽ, ഇക്കാര്യത്തിൽ നിങ്ങൾ തനിച്ചല്ല എന്നോർക്കുക. പല യുവജനങ്ങൾക്കും സമാനമായ വികാരങ്ങൾ ഉണ്ടായിട്ടുണ്ട്. കാലക്രമത്തിൽ അവ മാറിക്കൊള്ളും. പ്രശ്നങ്ങൾ ഉള്ള അത്രയും കാലം നിങ്ങൾ അവയെ ഒറ്റയ്ക്ക് സഹിക്കേണ്ടതില്ല. നിങ്ങളുടെ പ്രയാസം മറ്റാരെയെങ്കിലും അറിയിക്കുക. സദൃശവാക്യങ്ങൾ 12:25 പറയുന്നു: “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.” പ്രോത്സാഹനത്തിന്റെ ‘നല്ല വാക്ക്’ നിങ്ങൾക്ക് എങ്ങനെയാണ് ലഭിക്കുക? നിങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനും തക്ക അനുഭവപരിചയവും അറിവും ഉള്ള ഒരാളോടു സംസാരിക്കുന്നതിലൂടെ.
[അടിക്കുറിപ്പ്]
a നിരന്തരം വിഷാദം അനുഭവപ്പെടുന്നെങ്കിൽ, അത് വൈകാരികമോ ശാരീരികമോ ആയ ഗുരുതരമായ ക്രമക്കേടുകളുടെ ലക്ഷണമാണ്. അതിന് ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. ഇതിന്റെ കൂട്ടുമാസികയായ വീക്ഷാഗോപുരത്തിന്റെ 1990 മാർച്ച് 1 (ഇംഗ്ലീഷ്) ലക്കത്തിലെ “വിഷാദത്തിനെതിരെയുള്ള യുദ്ധത്തിൽ വിജയിക്കൽ” എന്ന ലേഖനം കാണുക.
[14-ാം പേജിലെ ആകർഷക വാക്യം]
“മാതാപിതാക്കളോട് സംസാരിക്കുമ്പോൾ, പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതു സംബന്ധിച്ചുള്ള പ്രായോഗിക നിർദേശങ്ങളും പ്രോത്സാഹനവും എനിക്കു ലഭിക്കുന്നു”
[15-ാം പേജിലെ ചിത്രം]
നിങ്ങൾക്ക് ബുദ്ധിയുപദേശം നൽകാൻ പറ്റിയ സ്ഥാനത്തായിരിക്കുന്നത് ദൈവഭക്തിയുള്ള മാതാപിതാക്കളാണ്, സമപ്രായക്കാരല്ല