റേഡിയോ ആക്ടീവ് ധൂളീപതനം—ആശങ്കാജനകമായ ഒരു പ്രശ്നം
ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലെ അണ്വായുധ പരീക്ഷണങ്ങൾക്കുശേഷം സ്ട്രോൺഷ്യം 90 (Sr90)—ആണവപ്രവർത്തനങ്ങളുടെ ഒരു ഉപോത്പന്നം—കുട്ടികളുടെ പാൽപ്പല്ലുകളിൽ കണ്ടെത്തിയതായി കാനഡയിലെ ഗ്ലോബ് ആൻഡ് മെയിൽ എന്ന പത്രം പറയുന്നു. കുട്ടികളിൽ കാൻസർ നിരക്ക് പെട്ടെന്നു വർധിച്ചതിനു കാരണം ഇതാണെന്ന് അന്ന് ആരോപിക്കപ്പെട്ടിരുന്നു.
ദശാബ്ദങ്ങൾ കഴിഞ്ഞ് ഇപ്പോൾ, യു.എസ്. റേഡിയേഷൻ ആൻഡ് പബ്ലിക് ഹെൽത്ത് പ്രോജക്ടുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞർ ഇക്കാര്യം സംബന്ധിച്ച് വീണ്ടും ആശങ്കയിലാണ്. ഇതുമായി സഹകരിച്ചു പ്രവർത്തിക്കുന്ന, ശസ്ത്രക്രിയ ആവശ്യമില്ലാത്ത രോഗങ്ങൾ ചികിത്സിക്കുന്നതിൽ വിദഗ്ധയായ ഡോ. ജാനറ്റ് ഷെർമാൻ വിശദീകരിക്കുന്നു: “1990 മുതൽ ജനിക്കുന്ന കുട്ടികളുടെ പാൽപ്പല്ലുകളിലെ Sr90-ന്റെ അളവ് ഭൗമോപരിതല ആണവ പരീക്ഷണങ്ങൾ നടത്തിയിരുന്ന വർഷങ്ങളിൽ ഉണ്ടായിരുന്ന അളവിൽ എത്തിക്കൊണ്ടിരിക്കുകയാണ്.”
എവിടെനിന്നാണ് Sr90 വരുന്നത്? കഴിഞ്ഞ കാലത്തെ ആണവ അപകടങ്ങൾ, ശരിയായി പ്രവർത്തിക്കുന്ന ആണവ നിലയങ്ങളിൽനിന്നുള്ള അണുപ്രസരണം, അല്ലെങ്കിൽ അനേകം വർഷങ്ങൾക്കു മുമ്പ് നടത്തിയ അണുബോംബ് പരീക്ഷണങ്ങൾ എന്നിവയാണ് സാധ്യതയുള്ള കാരണങ്ങളായി ചില ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്.a അതിന്റെ ഉത്ഭവം എവിടെയാണെങ്കിലും ശരി, Sr90-നാൽ മലിനമായിത്തീർന്ന സസ്യങ്ങൾ ഉത്പാദിപ്പിക്കുന്ന ആഹാരത്തിലൂടെയും അത്തരം പുല്ലു തിന്നുന്ന പശുക്കളുടെ പാലിലൂടെയും ആണ് ഈ പദാർഥം മനുഷ്യരുടെ ഉള്ളിൽ എത്തുന്നത്. Sr90-ന് കാൽസ്യത്തോട് രാസപരമായി സാമ്യമുള്ളതിനാൽ, മനുഷ്യശരീരം റേഡിയോ ആക്ടീവതയുള്ള ഈ പദാർഥത്തെ അസ്ഥികളിൽ ശേഖരിച്ചുവെക്കുന്നു. അത് അസ്ഥി അർബുദവും രക്താർബുദവും പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുന്നു.
ഭാവിതലമുറകൾ അണുപ്രസരണ വിധേയമാകുന്നതിനെ കുറിച്ചും ഗ്ലോബ് ആശങ്ക പ്രകടിപ്പിച്ചു. ആ പത്രം വിശദീകരിക്കുന്നു: “റിയാക്ടർ കേന്ദ്രത്തിൽനിന്നു നീക്കം ചെയ്യപ്പെടുന്ന [ആണവവിസർജ്യം], അതിനെ റിയാക്ടർ കേന്ദ്രത്തിൽ നിറച്ചപ്പോഴത്തേതിനെക്കാൾ ഏതാണ്ട് പത്തുലക്ഷം മടങ്ങ് റേഡിയോ ആക്ടീവതയുള്ളതാണ്. ഉപയോഗശേഷം ഉടനെ പുറത്തെടുത്ത ഒരു ഇന്ധനക്കെട്ടിൽനിന്ന് ഒരു മീറ്റർ [മൂന്ന് അടി] അകലെയായി നിൽക്കുന്ന ഒരാൾ ഒരു മണിക്കൂറിനകം അണുപ്രസരണമേറ്റ് മരണമടയത്തക്കവിധം അത്രയ്ക്കു മാരകമാണ് അത്.”
റേഡിയോ ആക്ടീവതയുള്ള പദാർഥങ്ങൾ മനുഷ്യവർഗത്തിന് ഭീഷണി ഉയർത്തവേ, നമുക്ക് സുരക്ഷിതമായ ഒരു ഭാവിക്കായി പ്രതീക്ഷിക്കാനാകുമോ? ഭൂമിയും അതിലെ ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ട സമയത്ത്, സകലവും “വളരെ നല്ലത്” ആയിരുന്നു എന്നു ബൈബിൾ പറയുന്നു. (ഉല്പത്തി 1:31, NW) ഈ ഭൂഗ്രഹം പെട്ടെന്നുതന്നെ ഒരു പറുദീസ ആയിത്തീരും എന്ന ബൈബിളിന്റെ വാഗ്ദാനത്തിൽ നമുക്ക് ഉറച്ച വിശ്വാസമുണ്ടായിരിക്കാൻ കഴിയും. അണുപ്രസരണം മലിനമാക്കിയ ഭക്ഷണവും വെള്ളവും അപ്പോൾ ഒരു കഴിഞ്ഞകാല സംഗതി ആയിരിക്കും.—സങ്കീർത്തനം 65:9-13; വെളിപ്പാടു 21:1-5. (g01 2/08)
[അടിക്കുറിപ്പ്]
a 1986-ൽ യൂക്രെയിനിലെ ചെർണോബിലിലുള്ള അണുവൈദ്യുതിനിലയത്തിൽ അപകടം ഉണ്ടായതിനെ തുടർന്ന്, ജർമൻ കുട്ടികളുടെ പാൽപ്പല്ലിലെ Sr90-ന്റെ അളവ് പത്തു മടങ്ങായി വർധിച്ചു.
[31-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഫോട്ടോ: U. S. Department of Energy photograph