ആണവഭീഷണി—ഒടുവിൽ അവസാനിച്ചെന്നോ?
“ഭൂമിയിൽ സമാധാനത്തിനുള്ള സാധ്യത രണ്ടാം ലോകമഹായുദ്ധത്തെതുടർന്നുള്ള ഏതൊരു കാലയളവിനെക്കാളുമധികം ഇപ്പോഴുള്ളതായി തോന്നുന്നു.” ശ്രദ്ധേയമായ നിരായുധീകരണ കരാറുകളും അപ്രതീക്ഷിതമായ രാഷ്ട്രീയ കോളിളക്കങ്ങളും ഒടുവിൽ ശീതസമരത്തിന് അന്ത്യം കുറിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒരു പത്രലേഖകൻ 1980-കളുടെ അവസാനം ഇങ്ങനെയൊരു ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത്. എന്നാൽ മുൻ വൻശക്തിയുടെ ഏററുമുട്ടലിനു മാററുകൂട്ടിക്കൊണ്ടിരുന്ന ആണവഭീഷണിയും അവസാനിച്ചായിരുന്നോ? നിലനിൽക്കുന്ന സമാധാനവും സുരക്ഷിതത്വവും യഥാർഥത്തിൽ എത്തിപ്പിടിക്കാവുന്ന ദൂരത്തിലായിരുന്നോ?
അണ്വായുധ വ്യാപനത്തിന്റെ വിപത്തുകൾ
സമാധാനം നിലനിർത്തുന്നതിനു ശീതസമരകാലത്ത് ശാക്തിക സന്തുലനത്തിൽ ആശ്രയിക്കവേ സമാധാനം പിന്തുടരാൻ അണ്വായുധ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനു വൻശക്തികൾ സമ്മതംമൂളി. എന്നാൽ ഈ പരിപാടിയിൽ ഏർപ്പെടുന്ന രാഷ്ട്രങ്ങളുടെ എണ്ണം അവർ പരിമിതപ്പെടുത്തി. 1970-ൽ അണ്വായുധ വ്യാപന നിരോധന കരാർ പ്രാബല്യത്തിൽ വന്നു. പിന്നീട്, ഏതാണ്ടു 140 രാഷ്ട്രങ്ങൾ അതിനു സമ്മതംമൂളുകയുണ്ടായി. എങ്കിലും അണ്വായുധങ്ങൾ നിർമിക്കാൻ സാധ്യതയുള്ള അർജൻറീന, ഇന്ത്യ, ഇസ്രായേൽ, ബ്രസീൽ എന്നീ രാഷ്ട്രങ്ങൾ ഇന്നുവരെ അതിൽ ഒപ്പുവെയ്ക്കുന്നതിനു വിസമ്മതിച്ചിരിക്കുന്നു.
എന്നിരുന്നാലും, ആണവശക്തിയായിത്തീരുന്നതിനു സാധ്യതയുണ്ടായിരുന്ന ഉത്തര കൊറിയ 1985-ൽ അതിൽ ഒപ്പുവെച്ചു. അതുകൊണ്ട്, 1993 മാർച്ച് 12-ന് തങ്ങൾ കരാറിൽനിന്നു പിൻവാങ്ങുന്നതായി അത് അറിയിപ്പു നൽകിയപ്പോൾ ന്യായമായും അത്ര സുഖകരമായല്ല ലോകം പ്രതികരിച്ചത്. ജർമൻ വാർത്താപത്രമായ ഡെർ സ്പീജൽ അഭിപ്രായപ്പെടുന്നു: “അണ്വായുധ വ്യാപന നിരോധന കരാറിൽനിന്നുള്ള പിൻവാങ്ങൽ ഒരു മുന്നറിയിപ്പാണ്: ഇനിയിപ്പോൾ അണ്വായുധ മത്സരത്തിന്റെ ഭീഷണിയുണ്ട്. ഏഷ്യയിൽ അതു തുടങ്ങിക്കഴിഞ്ഞു. അത് വൻശക്തികൾ തമ്മിലുള്ള ബോംബ് കിടമത്സരത്തെക്കാൾ കൂടുതൽ അപകടകരമായേക്കാം.”
ദേശീയവാദം വിസ്മയജനകമാംവിധം പുതിയ രാഷ്ട്രങ്ങൾക്കു ജൻമം നൽകുന്നതിനാൽ ആണവ ശക്തികളുടെ എണ്ണം ഒരുപക്ഷേ വർധിച്ചേക്കും. (ചതുരം കാണുക.) പത്രപ്രവർത്തകനായ ചാൾസ് ക്രൗത്താമർ പിൻവരുന്ന മുന്നറിയിപ്പു നൽകുന്നു: “സോവിയററ് ഭീഷണിയുടെ അന്ത്യം ആണവ അപകടത്തിന്റെ അന്ത്യത്തെ അർഥമാക്കുന്നില്ല. യഥാർഥ അപകടം ആണവശക്തികളുടെ വ്യാപനമാണ്. അതിപ്പോൾ തുടങ്ങിയിട്ടേയുള്ളൂ.”
ബോംബുകൾ വില്പനയ്ക്ക്
ഭാവി ആണവശക്തികൾ ഈ ആയുധങ്ങൾ വെച്ചുനീട്ടുന്ന പ്രശസ്തിയും ശക്തിയും നേടിയെടുക്കുന്നതിന് ഉത്സുകരാണ്. ഒരു രാജ്യം കസാക്ക്സ്ഥാനിൽനിന്നു ചുരുങ്ങിയപക്ഷം രണ്ട് അണ്വായുധത്തലപ്പുകളെങ്കിലും വാങ്ങിയതായി പറയപ്പെടുന്നു. ഈ അണ്വായുധത്തലപ്പുകൾ “കാണാതെപോയ”തായാണ് ഈ മുൻ സോവിയററ് റിപ്പബ്ലിക്ക് ഔദ്യോഗികമായി പട്ടികപ്പെടുത്തുന്നത്.
1992 ഒക്ടോബറിൽ, ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽവെച്ച് അനേകം പേരെ അറസ്ററുചെയ്യുകയുണ്ടായി. ഒരു മുഴു പട്ടണത്തിന്റെയും ജലവിതരണത്തെ വിഷലിപ്തമാക്കാൻപോന്ന വൻതോതിൽ അണു വികിരണമുള്ള 200 ഗ്രാം സെസിയം അവരുടെ കൈവശം കണ്ടെത്തി. ഒരാഴ്ചക്കുശേഷം മ്യൂനിക്കിൽവെച്ച് ഏഴു കള്ളക്കടത്തുകാരെ പിടികൂടുകയുണ്ടായി. അവരുടെ പക്കൽനിന്നു 2.2 കിലോഗ്രാം യുറേനിയം കണ്ടെടുത്തു. രണ്ടാഴ്ചക്കുള്ളിൽ രണ്ടു കള്ളക്കടത്തു സംഘങ്ങളെ കണ്ടുപിടിച്ചത് ഔദ്യോഗികവൃന്ദത്തെ സംഭ്രാന്തരാക്കി. എന്തുകൊണ്ടെന്നാൽ, കഴിഞ്ഞ വർഷം ലോകത്താകമാനം അഞ്ചു കേസുകളേ റിപ്പോർട്ടു ചെയ്തിരുന്നുള്ളൂ.
ഈ വ്യക്തികൾ ഇതു ഭീകരവിഭാഗത്തിനാണോ അതോ ദേശീയ സർക്കാരിനാണോ വിൽക്കാൻ ഉദ്ദേശിച്ചിരുന്നത് എന്ന് അറിഞ്ഞുകൂടാ. എന്തുതന്നെയായാലും ആണവ ഭീകരപ്രവർത്തനത്തിനുള്ള സാധ്യത വർധിച്ചുവരുകയാണ്. യൂറോപ്യൻ അണ്വായുധ വ്യാപന വാർത്താവിതരണ കേന്ദ്രത്തിലെ ഡോ. ഡേവിഡ് ലോറി, അപകടത്തെക്കുറിച്ചു വിശദീകരിക്കുന്നു: “ഒരു ഭീകരൻ ആകെ ചെയ്യേണ്ടത് ഇത്രയേ ഉള്ളൂ: പരിശോധനക്കായി സൽപ്പേരുള്ള ഒരു ഉദ്യോഗസ്ഥന്, ഞങ്ങളുടെ കൈവശം ഇത്രമാത്രം യുറേനിയം ഉണ്ട്, ഇതാ അതിനു തെളിവ് എന്നു പറഞ്ഞുകൊണ്ട് അതീവ സമ്പുഷ്ടമാക്കിത്തീർത്ത യുറേനിയത്തിന്റെ സാമ്പിൾ അയച്ചുകൊടുക്കുക. അത് അപഹർത്താവ് ഇരയുടെ ഒരു ചെവിമുറിച്ച് അയച്ചുകൊടുക്കുന്നതുപോലെയാണ്.”
സമാധാനപരമായ “ടൈം ബോബുകളും മരണക്കുടുക്കുകളും”
1992-ന്റെ ആരംഭത്തിൽ 420 ആണവ റിയാക്ടറുകൾ വൈദ്യുതോത്പാദനമെന്ന സമാധാനദൗത്യത്തിൽ ഏർപ്പെട്ടിരുന്നു; അതേസമയം വേറെ 76 എണ്ണം നിർമാണത്തിൻകീഴിലായിരുന്നു. കാലം കടന്നുപോകവേ റിയാക്ടറിനാലുള്ള അപകടങ്ങൾ രോഗങ്ങൾ, ചാപ്പിള്ള ജനനം, ജനനവൈകല്യങ്ങൾ എന്നിവയുടെ വർധനവിന് ഇടയാക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. ഒരു റിപ്പോർട്ടു പറയുന്ന പ്രകാരം 1967-ഓടെ ഒരു സോവിയററ് പ്ലൂറേറാണിയം പ്ലാൻറിൽ നടന്ന സംഭവങ്ങൾ ചെർണോബിൽ ദുരന്തത്തിന്റെ മൂന്നിരട്ടി റേഡിയോ ആക്ടീവതയ്ക്ക് ഇടയാക്കി.
1986 ഏപ്രിലിൽ ഉക്രെയിനിലുള്ള ചെർണോബിലിൽ വച്ചുനടന്ന രണ്ടാമതു സൂചിപ്പിച്ച ഈ സംഭവമാണ് വാർത്താമാധ്യമങ്ങളിൽ പ്രഥമസ്ഥാനം പിടിച്ചത്. അന്തരീക്ഷത്തിലേക്കു തള്ളിവിട്ട “റേഡിയോ ആക്ടീവതയുടെ അതിഭയങ്കരമായ അളവിന്റെ ദീർഘകാല ഭവിഷ്യത്തുകൾ കണക്കിലെടുത്താൽ അതിനെ പത്തു ഹിരോഷിമ ബോംബുകളോടു തുലനം ചെയ്യാവുന്നതാണ്” എന്ന് 1970-കളിൽ ചെർണോബിൽ പ്ലാൻറിന്റെ ഡെപ്യൂട്ടി ചീഫ് ആണവ എൻജിനിയറായിരുന്ന ഗ്രിഗോറി മെഡ്വെഡഫ് വിശദീകരിക്കുന്നു.
1980-കളുടെ മധ്യത്തോടെ സോവിയററ് യൂണിയനിൽ ഗൗരവതരമായ 11 ആണവ റിയാക്ടർ അപകടങ്ങളും ഐക്യനാടുകളിൽ 12 അപകടങ്ങളും നടന്നതായി ചെർണോബിലസ്കായാ ക്രോണിക്കാ എന്ന തന്റെ പുസ്തകത്തിൽ മെഡ്വെഡഫ് പട്ടികപ്പെടുത്തുന്നു. 1979-ൽ ത്രീ മൈൽ ഐലൻഡിൽ നടന്ന ഞെട്ടിപ്പിക്കുന്ന അപകടം രണ്ടാമത്തേതിൽ ഉൾപ്പെടുന്നു. ആ സംഭവത്തെക്കുറിച്ചു മെഡ്വെഡഫ് അഭിപ്രായപ്പെടുന്നു: “ഇത് ആണവോർജത്തിനെതിരെയുള്ള ഗൗരവതരമായ ആദ്യത്തെ പ്രഹരമായിരുന്നു. ഇത് ആണവോർജ നിലയങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് അനേകരുടെയും മനസ്സുകളിൽ അബദ്ധധാരണകൾ വിതറി—എന്നാൽ സകലരുടെയും മനസ്സുകളിൽ എന്നു പറയാനാവില്ല.”
ആപത്തുകൾ ഇപ്പോഴും ഭവിക്കുന്നതിന്റെ കാരണം ഇതു വിശദീകരിക്കുന്നു. 1992-ൽ റഷ്യയിൽ അത് 20 ശതമാനത്തോളം വർധിച്ചു. ഇവയിൽ ഒരെണ്ണം നടന്നതിനുശേഷം ആ വർഷം മാർച്ചിൽ റഷ്യയിലുള്ള സെൻറ് പീറേറഴ്സ്ബർഗിലെ സോസ്നോവി ബോറ വൈദ്യുതി നിലയത്തിൽ അണു വികിരണ പരിധി വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ 50 ശതമാനത്തോളം ഉയരുകയും എസ്റേറാണിയയിലും ദക്ഷിണ ഫിൻലൻഡിലും അനുവദിച്ചിരിക്കുന്ന പരമാവധി പരിധിയുടെ ഇരട്ടിയായിത്തീരുകയും ചെയ്തു. ന്യൂകാസിൽ യൂണിവേഴ്സിററി പ്രൊഫസ്സറായ ജോൺ അർക്കർട്ട് ഇങ്ങനെ സമ്മതിച്ചു പറയുന്നു: “സോസ്നോവി ബോറയാണു വർധനവിന് ഇടയാക്കിയത് എന്ന് എനിക്കു തെളിയിക്കാനാവില്ല—എന്നാൽ സോസ്നോവി ബോറയല്ലെങ്കിൽപ്പിന്നെ എന്താണ് അതിനു കാരണം?”
ചെർണോബിലിലെ റിയാക്ടറുകൾ മാതിരിയുള്ളവയുടെ രൂപകല്പനയിൽ ന്യൂനതയുണ്ടെന്നും അതു പ്രവർത്തിപ്പിക്കുന്നത് അത്യന്തം അപകടകരമാണെന്നും ചില അധികാരികൾ അവകാശപ്പെടുന്നു. വൈദ്യുതിയുടെ വൻതോതിലുള്ള ആവശ്യം നിറവേററുന്നതിനായി ഒരു ഡസനിലധികം റിയാക്ടറുകൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടാണിരിക്കുന്നത്. വോൾട്ടേജ് വർധിപ്പിക്കുന്നതിനുവേണ്ടി ചില റിയാക്ടർ ഓപ്പറേററർമാർ സുരക്ഷാ നിയന്ത്രണ യന്ത്രം (safety override) ഓഫ് ചെയ്തിടുന്നതായും കുററപ്പെടുത്തിയിരിക്കുന്നു. വൈദ്യുതിയുടെ 70 ശതമാനവും ആണവനിലയങ്ങൾ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഫ്രാൻസ്പോലുള്ള രാജ്യങ്ങളെ ഇത്തരം റിപ്പോർട്ടുകൾ സംഭ്രാന്തരാക്കുന്നു. “ചെർണോബിൽ” സംഭവംപോലെ വേറൊന്ന് ഉണ്ടായാൽ ഫ്രാൻസിലെ പല നിലയങ്ങളും ശാശ്വതമായി അടച്ചുപൂട്ടാൻ നിർബന്ധിതരായേക്കാം.
“സുരക്ഷിത” റിയാക്ടറുകൾപോലും കാലപ്പഴക്കത്താൽ സുരക്ഷിതമല്ലാതായിത്തീരുമെന്നതു സ്പഷ്ടമാണ്. 1993-ൽ ഒരു പതിവു സുരക്ഷിതത്വ പരിശോധനയിൽ ജർമനിയിലെ ഏററവും പഴക്കമുള്ള ബ്രൂൺസ്ബ്യൂട്ടൽ റിയാക്ടറിന്റെ സ്ററീൽ കുഴലുകളിൽ നൂറിലധികം പിളർപ്പുകളുള്ളതായി കണ്ടെത്തി. ഫ്രാൻസിലെയും സ്വിററ്സർലൻഡിലെയും റിയാക്ടറുകളിലും സമാനമായ പിളർപ്പുകൾ കണ്ടെത്തി. ജപ്പാനിൽ ആദ്യമായി ഒരു ഗുരുതരമായ ആണവനിലയ അപകടം ഉണ്ടായത് 1991-ലായിരുന്നു. സാധ്യതയനുസരിച്ച് അതിനു കാരണം അതിന്റെ കാലപ്പഴക്കമാണ്. ഐക്യനാടുകളുടെ മുന്നിൽ ഇതൊരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. കാരണം, അവിടെ മൂന്നിൽ രണ്ടു കൊമേഴ്സ്യൽ റിയാക്ടറുകളും ഒരു ദശകത്തിലധികം കാലപ്പഴക്കമുള്ളവയാണ്.
ആണവ റിയാക്ടർ അപകടങ്ങൾ എവിടെവേണമെങ്കിലും ഏതുസമയത്തും സംഭവിക്കാം. റിയാക്ടറുകൾ എത്രയധികമോ ഭീഷണിയും അത്രയധികം; റിയാക്ടറിന്റെ പഴക്കം എത്ര കൂടുതലാണോ അപകടസാധ്യതയും അത്ര കൂടുതലാണ്. ഒരു വാർത്താപത്രം അവയ്ക്കു സ്പന്ദിക്കുന്ന ടൈം ബോംബ് എന്നും റേഡിയോ ആക്ടീവ് മരണക്കുടുക്ക് എന്നും ഇരട്ടപ്പേരിട്ടതു വെറുതെയല്ല.
ആണവ അവശിഷ്ടം അവർ എവിടെ എറിഞ്ഞു കളയണം?
ഈയിടെ ഫ്രഞ്ച് ആൽപ്സിലെ നദീതീരത്തുള്ള ഒരു പിക്നിക്ക് സ്ഥല വേലികെട്ടി പൊലീസ് അതിനു കാവൽ നിൽക്കുന്നതു കണ്ട് ആളുകൾ സ്തബ്ധരായി. ദ യൂറോപ്യൻ എന്ന വാർത്താപത്രം ഇപ്രകാരം വിശദീകരിക്കുന്നു: “രണ്ടു മാസം മുമ്പ് ബെറീലിയം വിഷബാധയാൽ പ്രദേശത്തുള്ള ഒരു സ്ത്രീ മരിച്ചതിനുശേഷം റേഡിയോ ആക്ടീവതയുടെ പതിവു പരിശോധന നടത്തുന്നതിന് ആജ്ഞ പുറപ്പെടുവിച്ചു. പിക്നിക് സ്ഥലത്തുള്ള റേഡിയോ ആക്ടീവതയുടെ നിരക്ക് ചുററുമുള്ള പ്രദേശത്തെക്കാൾ 100 മടങ്ങ് അധികമാണെന്ന് അതു തെളിയിച്ചു.”
വിവിധ പ്രക്രിയകളാൽ നിർമിക്കപ്പെടുന്ന വളരെ കനംകുറഞ്ഞ ഒരു ലോഹമാണ് ബെറീലിയം. വ്യോമയാന വ്യവസായത്തിൽ അത് ഉപയോഗിച്ചുവരുന്നു. രശ്മിപ്രസരണത്തിനു വിധേയമാകുമ്പോൾ ആണവോർജ കേന്ദ്രങ്ങളിലും ഉപയോഗിക്കുന്നു. ഇങ്ങനെ ബെറീലിയം ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറി ആപത്കരമായ രശ്മിപ്രസരണത്തിലൂടെ ഉണ്ടായ അവശിഷ്ടങ്ങൾ പിക്നിക് സ്ഥലത്തോ അതിനടുത്ത പ്രദേശത്തോ ഉപേക്ഷിച്ചുകളഞ്ഞിരിക്കണം. “രശ്മിപ്രസരണമേററില്ലെങ്കിൽപ്പോലും ബെറീലിയം ധൂളി അറിയപ്പെടുന്ന വ്യവസായ അവശിഷ്ടങ്ങളിൽ ഏററവും മാരകമാണ്” എന്ന് ദ യൂറോപ്യൻ അഭിപ്രായപ്പെടുകയുണ്ടായി.
ഇതിനോടകം 30 വർഷംകൊണ്ട് ഏതാണ്ട് 17,000 പെട്ടി റേഡിയോ ആക്ടീവ് അവശിഷ്ടങ്ങൾ നോവയാ സെംലയുടെ തീരത്തുനിന്നു കുറച്ചകലെയായി കടലിൽ താഴ്ത്തിക്കളഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. 1950-കളുടെ ആദ്യഘട്ടത്തിൽ ആണവ പരിശോധനക്കുള്ള സ്ഥലമായി സോവിയററ് യൂണിയൻ ഇത് ഉപയോഗിച്ചിരുന്നു. ഇതിനുപുറമേ, ആണവ അന്തർവാഹിനികളുടെ റേഡിയോ ആക്ടീവ് വിഭാഗങ്ങളും ചുരുങ്ങിയത് 12 റിയാക്ടറുകളുടെ ഭാഗങ്ങളും സൗകര്യപ്രദമായ ഈ ചവററുകൊട്ടയിൽ കൊണ്ടെത്തള്ളി.
മനഃപൂർവമായാലും അല്ലാഞ്ഞാലും ആണവ മലിനീകരണം അപകടകരമാണ്. 1989-ൽ നോർവീജിയൻ തീരത്തു മുങ്ങിപ്പോയ അന്തർവാഹിനിയെക്കുറിച്ച് ടൈം ഇപ്രകാരം മുന്നറിയിപ്പു നൽകുകയുണ്ടായി: “കപ്പലിൽനിന്നു തീരത്തടിഞ്ഞ കഷണങ്ങളിൽനിന്ന് ഇപ്പോൾത്തന്നെ കാർസിനോജനിക്ക് ഐസോടോപ്പായ സെൽസിയം-137 ബഹിർഗമിച്ചുകൊണ്ടിരിക്കുകയാണ്. സമുദ്രജീവികളെയോ മമനുഷ്യന്റെ ആരോഗ്യത്തെയോ ബാധിക്കത്തക്കവിധം അത്ര ശക്തമല്ല ഈ ബഹിർഗമനം എന്നാണ് ഇന്നോളം കരുതിപ്പോന്നത്. എന്നാൽ കോംസമോലിയെററ്സ് അന്തർവാഹിനിക്കുള്ളിൽ 13 കി.ഗ്രാം [29 പൗണ്ട്] പ്ലൂട്ടോണിയം ഉൾക്കൊള്ളുന്ന രണ്ട് ആണവ ടോർപ്പിഡോകളുമുണ്ട്. അവയുടെ ഹാഫ് ലൈഫ് 24,000 വർഷമാണ്. അതിന്റെ ഒരു തരിക്കുപോലും ഒരാളെ കൊല്ലാൻ കഴിയും കാരണം അത്രകണ്ടു വിഷലിപ്തമാണത്. പ്ലൂട്ടോണിയം വെള്ളത്തിൽ വീണ് 1994-ഓടെ അതിവിസ്തൃതമായ ദൂരത്തോളം സമുദ്രത്തെ മലിനമാക്കാനിടയുണ്ട് എന്നു റഷ്യൻ വിദഗ്ധർ മുന്നറിയിപ്പു നൽകിയിരിക്കുന്നു.”
റേഡിയോ ആക്ടീവ് അവശിഷ്ടം പുറന്തള്ളുകയെന്നത് ഫ്രാൻസിനെയും റഷ്യയെയും മാത്രം വലയ്ക്കുന്ന പ്രശ്നമല്ല. ഐക്യനാടുകളെ സംബന്ധിച്ചാണെങ്കിലോ, “റേഡിയോ ആക്ടീവ് അവശിഷ്ടങ്ങൾ കുന്നുപോലെ കൂടിക്കിടക്കുകയാണ്, അതു കൂട്ടിവെക്കാൻ ഒരു സുനിശ്ചിത ഇടമില്ല” എന്നു ടൈം റിപ്പോർട്ടുചെയ്യുന്നു. അതു പറയുന്നത് മാരകമായ ഒരു ദശലക്ഷം ബാരലുകൾ ഒരു തത്കാല സംഭരണിയിൽ വെച്ചിരിക്കുകയാണ് എന്നാണ്. എപ്പോൾ വേണമെങ്കിലും അതു “നഷ്ടപ്പെട്ടുപോകുന്നതിനും മോഷ്ടിക്കപ്പെടുന്നതിനും ദുരുപയോഗംമൂലം പരിസ്ഥിതിയെ ഹനിക്കുന്നതിനുമുള്ള അപകടസാധ്യതയുണ്ട്.”
ഈ അപകടം ദൃഷ്ടാന്തീകരിക്കാനെന്നപോലെയായിരുന്നു 1993 ഏപ്രിലിൽ സൈബീരിയയിലുള്ള ടോംസ്കിലെ ആണവ അവശിഷ്ട ടാങ്കിന്റെ പൊട്ടിത്തെറി. അത് ചെർണോബിലിന്റേതിനു സമാനമായ അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ചിത്രങ്ങൾ മനസ്സിലുണർത്തി.
ആണവഭീഷണി അവസാനിക്കുമെന്ന സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഏതെങ്കിലും ഉത്ഘോഷണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നതു സ്പഷ്ടമാണ്. എന്നുവരികിലും സമാധാനവും സുരക്ഷിതത്വവും സമീപിച്ചിരിക്കുക തന്നെയാണ്. നമുക്കെങ്ങനെ അറിയാം?
[4-ാം പേജിലെ ചതുരം]
ആണവശക്തികൾ
ഇപ്പോൾ 12, എന്നാൽ വർധിച്ചുവരുന്നു
പ്രഖ്യാപിക്കപ്പെട്ടത് അഥവാ യഥാർഥത്തിലുള്ളത്: ഇന്ത്യ, ഇസ്രായേൽ, ഉക്രെയിൻ, ഐക്യനാടുകൾ, കസാക്ക്സ്ഥാൻ, ചൈന, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ബെലാറൂസ്, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ
സാധ്യതയുള്ളത്: അർജൻറീന, അൾജീരിയ, ഇറാക്ക്, ഇറാൻ, ഉത്തര കൊറിയ, തയ്വാൻ, ദക്ഷിണ കൊറിയ, ബ്രസീൽ, ലിബിയ, സിറിയ
[5-ാം പേജിലെ ചിത്രം]
ആണവോർജത്തിന്റെ സമാധാനപരമായ ഉപയോഗംപോലും അപകടകരമായിത്തീരാം
[ചിത്രത്തിനു കടപ്പാട്]
Background: U.S. National Archives photo
[മുഖചിത്രത്തിനു കടപ്പാട്]
Cover: Stockman/International Stock
[3-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
U.S. National Archives photo