“ലോകത്തെ വീക്ഷിക്കൽ,” സ്കൂളിലേക്ക്
ഐക്യനാടുകളിൽ താമസിക്കുന്ന 15 വയസ്സുകാരിയായ എഡെൽമിറാ തന്റെ സ്കൂളിൽ ഉണരുക! മാസിക നന്നായി ഉപയോഗപ്പെടുത്തി. അതിന്റെ പ്രസാധകർക്കുള്ള ഒരു കത്തിൽ അവൾ ഇങ്ങനെ എഴുതി:
“വെള്ളിയാഴ്ച തോറും ഏതെങ്കിലും ആനുകാലിക സംഭവത്തെക്കുറിച്ച് ഞങ്ങൾ ഒരു റിപ്പോർട്ട് തയ്യാറാക്കി അവതരിപ്പിക്കേണ്ടതുണ്ട്. ഉണരുക!യുടെ 2000 ഏപ്രിൽ 22 ലക്കം വായിച്ച ഞാൻ ‘ലോകത്തെ വീക്ഷിക്കൽ’ എന്ന ഭാഗത്തു വന്ന ‘പുകവലി കാൻസറിന് ഇടയാക്കുമെന്ന് പുകയില കമ്പനി സമ്മതിക്കുന്നു’ എന്ന തലക്കെട്ടിൻ കീഴിലുള്ള വിവരങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചു. അതിനെ അടിസ്ഥാനമാക്കി ഞാൻ ഒരു സംഗ്രഹം തയ്യാറാക്കി ക്ലാസ്സിനെ വായിച്ചു കേൾപ്പിച്ചു. അധ്യാപികയും വിദ്യാർഥികളും അതീവ ശ്രദ്ധയോടെയാണ് അതു കേട്ടിരുന്നത്. പരിപാടി കഴിഞ്ഞപ്പോൾ, വിവരങ്ങൾ കണ്ടുപിടിക്കാൻ ഏറെസമയം വേണ്ടിവന്നോ എന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് ഒരു സഹപാഠി എന്നോടു ചോദിച്ചു. ഞാൻ അവൾക്ക് ആ ഉണരുക! നൽകി. അവൾ അത് വളരെ താത്പര്യത്തോടെ വായിക്കാൻ തുടങ്ങി. അടുത്ത പീരിയഡിൽ അവളോടൊപ്പം ഉണ്ടായിരുന്ന ഞങ്ങളുടെ സഭയിലെ ഒരു ആൺകുട്ടി പറഞ്ഞത് താൻ അവളെ കാണുമ്പോൾ അവൾ അത് അപ്പോഴും വായിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ്. ഉണരുക!യുടെയും അതിന്റെ കൂട്ടു മാസികയായ വീക്ഷാഗോപുരത്തിന്റെയും എല്ലാ ലക്കങ്ങളും ലഭിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഇപ്പോൾ ആ പെൺകുട്ടി പറയുന്നു.
“ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കുന്നതിൽ അഭിമാനം തോന്നാൻ ഈ അനുഭവം ഇടയാക്കി. യഹോവയെ കുറിച്ചു സംസാരിക്കാൻ നമുക്ക് ഒട്ടേറെ അവസരങ്ങളുണ്ട് എന്ന് അതെന്നെ പഠിപ്പിച്ചു.” എഡെൽമിറാ ഇങ്ങനെ പറഞ്ഞുകൊണ്ട് തന്റെ കത്ത് അവസാനിപ്പിക്കുന്നു: “ഈ മാസികകൾ തയ്യാറാക്കുന്നതിന് നിങ്ങൾ ചെയ്യുന്ന കഠിന ശ്രമത്തെപ്രതി നിങ്ങൾക്കു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി, ‘ലോകത്തെ വീക്ഷിക്കൽ’ പ്രസിദ്ധീകരിക്കുന്നതു നിറുത്തരുതേ!” (g01 5/8)