ശബ്ദമലിനീകരണം—അവൾ കണ്ടെത്തിയ പരിഹാരം
“ഞാൻ ഒരു കളിപ്പാട്ട നിർമാണ കമ്പനിയിലാണു ജോലി ചെയ്യുന്നത്. ഇത് ആവർത്തന വിരസത ഉളവാക്കുന്ന ഒരു തൊഴിൽ ആയതിനാൽ ജോലിസമയത്ത് സംഗീതം കേൾക്കാൻ ജോലിക്കാർക്ക് അനുവാദം നൽകിയിട്ടുണ്ട്. എന്റെ തൊട്ടടുത്ത വിഭാഗത്തിലെ ഒരു ജോലിക്കാരി തരംതാഴ്ന്ന സംഗീതം ശ്രവിക്കാൻ ഇഷ്ടപ്പെടുന്നു. എന്നോടൊപ്പം ജോലിചെയ്യുന്ന മറ്റു രണ്ടുപേർക്കും അത്തരം സംഗീതത്തോടാണ് താത്പര്യം. എനിക്കാകട്ടെ ദിവസവും എട്ടു മണിക്കൂർ വീതം ഇതു കേൾക്കേണ്ടിവരുന്നത് ഒരു പരിശോധന തന്നെ ആയിരുന്നു.
“ഈ ജോലിയിൽ തുടരുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചും ഞാൻ ചിന്തിച്ചു. ഒന്നാമതായി, കൺവെൻഷനുകളിലും യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകർക്കായുള്ള പ്രത്യേക യോഗങ്ങളിലും പങ്കെടുക്കേണ്ടതുള്ളപ്പോൾ എന്റെ മേലധികാരി എനിക്ക് അവധി നൽകുമായിരുന്നു. ജോലിസ്ഥലത്തേക്ക് ആണെങ്കിൽ വീട്ടിൽ നിന്ന് ഏറെ ദൂരമില്ലതാനും. മുഴുസമയ ശുശ്രൂഷ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് അനുയോജ്യമായ ജോലി സമയവുമായിരുന്നു എന്റേത്.
“മറ്റെന്തെങ്കിലും സംഗീതം കേൾക്കുകയോ അൽപ്പം ശബ്ദം കുറച്ചു വെക്കുകയോ ചെയ്യാമോ എന്നു ഞാൻ വിനയത്തോടെ സഹപ്രവർത്തകരോടു ചോദിച്ചു. അവർ എന്റെ അഭ്യർഥനയോടു പ്രതികരിച്ചു, മേലധികാരിയോടു പരാതി പറഞ്ഞുകൊണ്ടായിരുന്നെന്നു മാത്രം. മേലധികാരി എന്നെ ഓഫീസിലേക്കു വിളിപ്പിച്ചിട്ടു പറഞ്ഞു: ‘ഷാരൻ, നിങ്ങളുടെ മതം അനുശാസിക്കുന്നതു പോലെ പോകാൻ ഈ കമ്പനിക്കു പറ്റില്ല, ഞങ്ങളുടെ ജോലിക്കാർക്ക് അവർ ആഗ്രഹിക്കുന്ന എന്തും ശ്രവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.’
“അങ്ങനെയെങ്കിൽ എനിക്ക് എന്റെ കാസെറ്റ് പ്ലെയറും ഹെഡ്ഫോണും കൊണ്ടുവരാമോ എന്നു ഞാൻ ചോദിച്ചു. അവർ അതിന് അനുമതി നൽകി. ഞാൻ വീക്ഷാഗോപുരത്തിന്റെ ഓഡിയോ റെക്കോഡുകൾ കൊണ്ടുവന്നു കേൾക്കാൻ തുടങ്ങി. അങ്ങനെ അനാരോഗ്യകരമായ സംഗീതം ശ്രവിക്കുന്നത് ഒഴിവാക്കാൻ എനിക്കു സാധിച്ചു. മാത്രമല്ല, ആത്മീയ ശക്തി നിലനിറുത്താനും ഈ റെക്കോഡിങ്ങുകൾ എന്നെ പ്രാപ്തയാക്കി.”—ഷാരൻ ക്വാൻ പറഞ്ഞപ്രകാരം. (g02 12/08)