സംഗീതം സമനിലയുള്ള കാഴ്ചപ്പാട് പുലർത്തുക
സംഗീത വ്യവസായം ഇന്നു കോടികൾ മറിയുന്ന ഒരു ബിസിനസ്സായി മാറിയിരിക്കുന്നു. ജനസമ്മതിയാർജിച്ച സംഗീതജ്ഞരും അവരുടെ പിന്നണി പ്രവർത്തകരും കണക്കില്ലാതെ പണം കൊയ്യുകയാണ്. പ്രശസ്തിയുടെ കൊടുമുടികൾ കീഴടക്കിയ ചില സംഗീതജ്ഞരുടെ ജീവിതം പക്ഷേ അസന്തുഷ്ടമായിരുന്നു. ചിലർ അകാലത്തിൽ മൃതിയടഞ്ഞു, ചിലർ ആത്മഹത്യ ചെയ്തു. ഇതു കൂടാതെ, ചില തരം സംഗീതം ധാർമികവും വൈകാരികവും ആത്മീയവും ആയ അധഃപതനത്തിന് ഇടയാക്കും എന്നതിനു മതിയായ തെളിവുകൾ ഉണ്ട്, അതിന് അക്രമാസക്തവും സാമൂഹികവിരുദ്ധവുമായ പെരുമാറ്റങ്ങൾക്കു പ്രേരിപ്പിക്കാൻ കഴിയുമെന്നും.
സംഗീതത്തെ കുറിച്ച് ഒരു സമനിലയുള്ള കാഴ്ചപ്പാട് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ദുഷിപ്പിക്കുന്ന, ഹാനികരമായ അനേകം വശങ്ങൾ ഈ കലാരൂപത്തിന് ഉണ്ട് എന്നതു വസ്തുതയാണെങ്കിലും, ചില സംഗീതത്തിന് ഒരുവന്റെ ജീവിതം സമ്പുഷ്ടമാക്കാനും ഒരളവു വരെ ആനന്ദവും സംതൃപ്തിയും പകർന്നു നൽകാനും കഴിയും. കൂടാതെ, വൈകാരികവും ആത്മീയവുമായി നമ്മെ പ്രബുദ്ധരാക്കാനും അതിനു കഴിവുണ്ട്. ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക.
ബൈബിളിലെ 150 സങ്കീർത്തനങ്ങൾ അത്യുത്തമ സാഹിത്യ രചനകളാണ്. ഭാവഗാനങ്ങളും വിശുദ്ധഗീതങ്ങളും പ്രാർഥനകളും ചേർന്ന ഇവ ഇന്നു നൂറുകണക്കിനു ഭാഷകളിൽ ലഭ്യമാണ്. അവയുടെ വായന ഇന്നും ഒരു അനുപമസുന്ദരമായ അനുഭവമാണു വായനക്കാരനു നൽകുക. എന്നിരുന്നാലും, പുരാതന എബ്രായർ സങ്കീർത്തനങ്ങൾ കേവലം വായിക്കുക ആയിരുന്നില്ല. പകരം അവർ അവ പാടി, മിക്കപ്പോഴും ശ്രുതിമധുരമായ വാദ്യസംഗീതത്തിന്റെ അകമ്പടിയോടെ. തങ്ങളുടെ ദൈവമായ യഹോവയുടെ ജ്ഞാനത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള ആ സങ്കീർത്തനങ്ങൾ പരിശീലനം സിദ്ധിച്ച ഗായകർ ഭാവസാന്ദ്രമായി ആലപിക്കുമ്പോൾ, അതിലെ ആശയങ്ങൾ ശ്രോതാക്കളുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുമായിരുന്നു. എബ്രായ സംഗീതം തീരെ ലളിതമോ പ്രാചീനമോ ആയിരുന്നില്ല. നിലവാരത്തിന്റെയും ശൈലിയുടെയും കാര്യത്തിലാണെങ്കിൽ, അവ അയൽ രാജ്യങ്ങളുടേതിനെക്കാൾ വളരെ ഉയർന്നതായിരുന്നു.
പിന്നീട് ഒന്നാം നൂറ്റാണ്ടിൽ, ക്രിസ്ത്യാനികൾ ദൈവത്തെ സ്തുതിക്കുന്നതിനും വൈകാരികമായ പിരിമുറുക്കങ്ങൾക്ക് അയവു വരുത്തുന്നതിനുമായി സങ്കീർത്തനങ്ങളും മറ്റു വിശുദ്ധഗീതങ്ങളും ആലപിക്കുമായിരുന്നു. അങ്ങനെ, സംഗീതം അവരുടെ ജീവിതത്തെ കൂടുതൽ അർഥസമ്പുഷ്ടമാക്കി. ബൈബിളിനെ ആസ്പദമാക്കിയുള്ള ഗീതങ്ങൾ ആലപിക്കുന്നത്, അവരുടെ ജീവിതങ്ങളെ നയിക്കുന്നതിന് ആവശ്യമായ ദൈവപരിജ്ഞാനം ഹൃദയങ്ങളിൽ കൂടുതൽ ആഴത്തിൽ പതിയാൻ വഴിയൊരുക്കി.—മത്തായി 26:30; പ്രവൃത്തികൾ 16:25.
സംഗീതത്തിന് ഒരാളുടെ വ്യക്തിത്വം വാർത്തെടുക്കാൻ കഴിയുമെന്നു പുരാതന ഗ്രീക്കുകാർ വിശ്വസിച്ചിരുന്നു. സ്ത്രീയായാലും പുരുഷനായാലും അതിന് ഒരാളെ കൂടുതൽ തികഞ്ഞ വ്യക്തിയാക്കി തീർക്കാൻ കഴിയും എന്നും അവർ കരുതിപ്പോന്നിരുന്നു. ശാസ്ത്രം, ധനതത്ത്വശാസ്ത്രം, യുക്തി എന്നിവയ്ക്കെല്ലാം ഊന്നൽ നൽകുന്ന 20-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പക്ഷേ മിക്കപ്പോഴും സുകുമാര കലകളിലൂടെയുള്ള നമ്മുടെ വ്യക്തിത്വത്തിന്റെ വൈകാരികവശത്തിന്റെ വികസനം അവഗണിക്കപ്പെടുകയാണ്.
സമനില കാത്തുസൂക്ഷിക്കുക
ഇമ്പമധുരമാർന്ന ഒരു ഗാനം ശ്രവിക്കുന്നത് ഒരുവനെ ആനന്ദ നിർവൃതിയടയാൻ സഹായിച്ചേക്കാം. അതു പ്രയോജനപ്രദവും ആയിരുന്നേക്കാം. എന്നാൽ, ഏതെങ്കിലും ഒരു സംഗീതോപകരണം വായിക്കുന്നതോ ഒരു സുഹൃദ്സംഘത്തോടൊപ്പം പാടുന്നതോ അതിലുമേറെ ആസ്വാദ്യമായിരുന്നേക്കാം. സംഗീതത്തെ കുറിച്ചുള്ള അറിവിന് സന്തുഷ്ടിയുടെ വിശാലലോകത്തേക്കു തുറക്കുന്ന ഒരു ജാലകം ആയിരിക്കാൻ കഴിയും.
ജീവിതത്തിൽ നാം ആസ്വദിക്കുന്ന മറ്റേതൊരു സംഗതിയുടെയും കാര്യത്തിൽ എന്നപോലെ, ഇവിടെയും മിതത്വവും നല്ല വിവേചനയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതോടൊപ്പം നല്ല തിരഞ്ഞെടുപ്പു നടത്തുന്നതിലും ശ്രദ്ധാലുക്കളായിരിക്കണം. ഏതു തരം സംഗീതം ശ്രവിക്കുന്നു എന്നതിനു മാത്രമല്ല, എത്ര നേരം ശ്രവിക്കുന്നു അല്ലെങ്കിൽ എത്ര നേരം സംഗീതോപകരണങ്ങൾ വായിക്കുന്നു എന്ന കാര്യത്തിനും ഇതു ബാധകമാണ്.
ചില പ്രത്യേക തരം സംഗീതം നിങ്ങളുടെ വികാരങ്ങൾ, പ്രവർത്തനങ്ങൾ, ബന്ധങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിൽ, അത് ഉപേക്ഷിച്ച് മറ്റു തരത്തിലുള്ള സംഗീതം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും സംരക്ഷിക്കുന്നതിന് നിങ്ങളുടെ വികാരങ്ങളെയും, വികാരങ്ങളെ കാക്കുന്നതിനു നിങ്ങളുടെ കാതുകളെയും സംരക്ഷിക്കുക!
പാട്ടിന്റെ ഈരടികളുടെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമാണ്. പതിയെ പതിയെ, ജീവിതവും ധാർമികതയും സംബന്ധിച്ചു നിങ്ങളുടേതിൽ നിന്നു വ്യത്യസ്തമായ കാഴ്ചപ്പാടു വെച്ചുപുലർത്തുന്ന, അഭക്തവും അധാർമികവുമായ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് നിങ്ങളുടെ മനസ്സും വാർത്തെടുക്കപ്പെട്ടേക്കാം. ചിലപ്പോൾ പാട്ടിന്റെ ശീർഷകം പോലും ഉള്ളിൽ തെറ്റായ ചിന്തകൾ കടന്നുവരുന്നതിന് ഇടയാക്കിയേക്കാം.
ദൈവത്തെ പ്രസാദിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരെ “ആത്മീയ ആരാധനയായി [തങ്ങളുടെ] ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന്നു സ്വീകാര്യവുമായ ജീവനുള്ള ബലിയായി സമർപ്പി”ക്കാൻ ദൈവവചനമായ ബൈബിൾ ബുദ്ധിയുപദേശിക്കുന്നു. (റോമർ 12:1, ഓശാന ബൈബിൾ) സ്പഷ്ടമായും, നമ്മുടെ വികാരങ്ങളും ആ ‘ജീവനുള്ള ബലിയിൽ’ ഉൾപ്പെടുന്നു. അതുകൊണ്ട്, സംഗീതത്തിന്റെ വശ്യശക്തിയാൽ, വികാരങ്ങൾ നിങ്ങളുടെ വിവേചനാ പ്രാപ്തിയെയും ന്യായബോധത്തെയും കീഴടക്കുന്നതായും അങ്ങനെ നിങ്ങളുടെ പ്രവർത്തനങ്ങളെ തെറ്റായി സ്വാധീനിക്കുന്നതായും മനസ്സിലാക്കുന്നുവെങ്കിൽ, സംഗീതം സംബന്ധിച്ച നിങ്ങളുടെ അഭിരുചിക്കു മാറ്റം വരുത്താനുള്ള സമയമായിരിക്കുന്നു. ഓർക്കുക: സംഗീതത്തിന്റെ ശക്തിക്ക് നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും സ്വാധീനിക്കാൻ കഴിയും—ഒന്നുകിൽ ഗുണകരമായി അല്ലെങ്കിൽ ദോഷകരമായി!
[10-ാം പേജിലെ ചതുരം/ചിത്രം]
പഠനപ്രാപ്തി മെച്ചപ്പെടുത്തൽ
“താളാത്മകമായ സംഗീതം ദിവസേന കേൾക്കുന്നതു കുഞ്ഞുങ്ങളുടെ പഠനപ്രാപ്തി മെച്ചപ്പെടുത്തുമെന്നു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, അനേകം കുടുംബങ്ങളിലും, കുഞ്ഞുങ്ങൾ അതു കേൾക്കുന്നേയില്ല.”—ഓഡിയോ, മാർച്ച് 1999.