നിങ്ങൾക്ക് അറിയാമോ?
ഇസ്രായേല്യരുടെ ജീവിതത്തിൽ സംഗീതത്തിന് എത്ര പ്രാധാന്യമുണ്ടായിരുന്നു?
സംഗീതത്തിന് ഇസ്രായേല്യരുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടായിരുന്നു. അവർ സംഗീതോപകരണങ്ങൾ വായിച്ചതിനെക്കുറിച്ചും പാട്ടുകൾ പാടിയതിനെക്കുറിച്ചും ഉള്ള വിവരണങ്ങൾ ബൈബിളിൽ പല ഭാഗങ്ങളിലും കാണാം. ശരിക്കും പറഞ്ഞാൽ, ബൈബിളിന്റെ ഏതാണ്ട് പത്തിലൊരു ഭാഗംതന്നെ പാട്ടുകളാണ്. അതിന്റെ ഉദാഹരണങ്ങളാണു സങ്കീർത്തനങ്ങളും ഉത്തമഗീതവും വിലാപങ്ങളും. ബൈബിൾക്കാലത്തെ ജീവിതത്തെക്കുറിച്ചുള്ള ഒരു പുസ്തകം പറയുന്നതനുസരിച്ച് ഇസ്രായേല്യരുടെ ജീവിതത്തിലെ പല പ്രവർത്തനങ്ങളിലും സംഗീതത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു.
അനുദിനജീവിതത്തിൽ. വികാരങ്ങൾ പ്രകടിപ്പിക്കുന്നതിന് ഇസ്രായേല്യർ സംഗീതോപകരണങ്ങൾ വായിക്കുകയും പാട്ടുകൾ പാടുകയും ചെയ്യുന്ന ഒരു രീതിയുണ്ടായിരുന്നു. (യശ. 30:29) പുതിയ രാജാവ് അധികാരത്തിൽ വരുമ്പോഴും ഉത്സവങ്ങളുടെ സമയത്തും യുദ്ധങ്ങളിൽ വിജയിക്കുമ്പോഴും ഒക്കെ സ്ത്രീകൾ തപ്പു കൊട്ടുകയും സന്തോഷത്തോടെ പാടി, നൃത്തംവെക്കുകയും ചെയ്യുമായിരുന്നു. (ന്യായാ. 11:34; 1 ശമു. 18:6, 7; 1 രാജാ. 1:39, 40) ഇനി, ആരെങ്കിലും മരിക്കുമ്പോൾ തങ്ങളുടെ വിഷമം പ്രകടിപ്പിക്കുന്നതിനു വിലാപഗീതങ്ങൾ പാടുന്നതും അവരുടെ പതിവായിരുന്നു. (2 ദിന. 35:25) മക്ലിന്റോക്കിന്റെയും സ്ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നതുപോലെ, “എബ്രായർ സംഗീതത്തിന്റെ ആത്മാവുള്ളവരായിരുന്നു” എന്നതിൽ സംശയമില്ല.
രാജകൊട്ടാരത്തിൽ. ഇസ്രായേലിലെ രാജാക്കന്മാർക്കു പൊതുവേ പാട്ടുകൾ ഇഷ്ടമായിരുന്നു. തനിക്കുവേണ്ടി കിന്നരം വായിക്കാൻ ശൗൽ രാജാവ് ദാവീദിനെ തന്റെ കൊട്ടാരത്തിൽ നിയമിച്ചു. (1 ശമു. 16:18, 23) പിന്നീട് ദാവീദ് ഒരു രാജാവായപ്പോൾ അദ്ദേഹം സംഗീതോപകരണങ്ങൾ ഉണ്ടാക്കുകയും മനോഹരമായ ഗാനങ്ങൾ രചിക്കുകയും യഹോവയുടെ ആലയത്തിൽ ഗായകസംഘത്തെ നിയമിക്കുകയും ചെയ്തു. (2 ദിന. 7:6; ആമോ. 6:5) ഇനി, ശലോമോൻ രാജാവിന്റെ കൊട്ടാരത്തിൽ ഗായകന്മാരും ഗായികമാരും ഉണ്ടായിരുന്നു.—സഭാ. 2:8.
ആരാധനയിൽ. ഏറ്റവും പ്രധാനമായി, ഇസ്രായേല്യർ യഹോവയ്ക്കുള്ള ആരാധനയിൽ സംഗീതം ഉൾപ്പെടുത്തിയിരുന്നു. യരുശലേമിലെ ദേവാലയത്തിൽ സംഗീതോപകരണങ്ങൾ വായിക്കാൻ 4,000 പുരുഷന്മാരാണുണ്ടായിരുന്നത്. (1 ദിന. 23:5) അവർ ഇലത്താളങ്ങളും തന്ത്രിവാദ്യങ്ങളും കിന്നരങ്ങളും കാഹളങ്ങളും ഉപയോഗിച്ചു. (2 ദിന. 5:12) എന്നാൽ ഈ സംഗീതജ്ഞർ മാത്രമല്ല യഹോവയെ ആരാധിക്കുന്നതിനായി പാട്ടുകൾ പാടിയത്. വാർഷികോത്സവങ്ങൾക്ക് യരുശലേമിലേക്കു പോകുമ്പോൾ യാത്രയിൽ പല ഇസ്രായേല്യരും പാട്ടു പാടുമായിരുന്നു. 120–134 സങ്കീർത്തനങ്ങളാണ് അവർ പാടിയിരുന്നത്. അതുപോലെ പെസഹ ഭക്ഷിക്കുന്ന സമയത്ത് ഇസ്രായേല്യർ ഹല്ലേൽ സങ്കീർത്തനങ്ങൾa ആലപിച്ചിരുന്നതായി ജൂതന്മാരുടെ ചരിത്രരേഖകളിൽ കാണാം.
ഇന്നും ദൈവജനത്തിനിടയിൽ സംഗീതത്തിനു വലിയ പ്രാധാന്യമുണ്ട്. (യാക്കോ. 5:13) യഹോവയെ സ്തുതിക്കാനായി നമ്മൾ പാട്ടുകൾ പാടുന്നു. (എഫെ. 5:19) നമ്മൾ ഒത്തൊരുമിച്ച് യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുമ്പോൾ അതു സഹോദരങ്ങൾക്കിടയിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നു. (കൊലോ. 3:16) അതുപോലെ യഹോവയെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകൾ പാടുകയും കേൾക്കുകയും സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്യുന്നതു ബുദ്ധിമുട്ടുകളിൽ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കും. (പ്രവൃ. 16:25) യഹോവയിലുള്ള വിശ്വാസവും യഹോവയോടുള്ള സ്നേഹവും തെളിയിക്കാനുള്ള മനോഹരമായ ഒരു വിധമാണു സംഗീതം.
a 113-118 വരെയുള്ള സങ്കീർത്തനങ്ങളെയാണു ജൂതന്മാർ ഹല്ലേൽ സങ്കീർത്തനങ്ങൾ എന്നു വിളിച്ചിരുന്നത്. അവ യഹോവയെ സ്തുതിക്കാനായി പാടിയിരുന്നവയായിരുന്നു.