ആധുനികനാളിലെ ഒരു നല്ല ശമര്യക്കാരൻ
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
നല്ല ശമര്യക്കാരൻ എന്നു മിക്കപ്പോഴും വിളിക്കപ്പെടുന്ന, അയൽസ്നേഹം പ്രകടമാക്കിയ ഒരു മനുഷ്യനെ കുറിച്ചുള്ള ബൈബിൾ കഥ നമ്മിൽ അനേകരും കേട്ടിട്ടുണ്ട്. (ലൂക്കൊസ് 10:29-37) സഹായം ആവശ്യമുണ്ടായിരുന്ന തന്റെ അയൽക്കാരനോട് അഥവാ സഹമനുഷ്യനോട് സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഒരു ശമര്യക്കാരൻ ഏത് അളവോളം പോയി എന്ന് ഈ ഉപമയിലൂടെ യേശു വ്യക്തമാക്കി. ഇന്ന് അത്തരം നല്ല ശമര്യക്കാർ ഉണ്ടോ? മെക്സിക്കോയിൽ നിന്നുള്ള പിൻവരുന്ന വിവരണം ശ്രദ്ധിക്കുക.
ബെറ്റൂവെലും കുടുംബവും ഒരു യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു. വീട്ടിലെത്താൻ ഏതാനും കിലോമീറ്ററേ ഉള്ളൂ. അപ്പോഴാണ് ഹൈവേയിൽ ദാരുണമായ ഒരു വാഹന അപകടം നടക്കുന്നത് അവർ നേരിൽ കണ്ടത്. സഹായിക്കാനായി അവർ ഇറങ്ങിച്ചെന്നു. അപകടം പിണഞ്ഞ വാഹനങ്ങളിൽ ഒന്നിന്റെ ഡ്രൈവർ ഒരു ഡോക്ടറായിരുന്നു. ഗർഭിണിയായ തന്റെ ഭാര്യയെയും രണ്ടു ചെറിയ പെൺമക്കളെയും ചികിത്സയ്ക്കായി ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ അദ്ദേഹം അവരോട് അപേക്ഷിച്ചു. അപ്രകാരം ചെയ്തശേഷം, കൂടുതലായി എന്തെങ്കിലും സഹായം ചെയ്യേണ്ടതിന് ബെറ്റൂവെൽ അപകട സ്ഥലത്തേക്കു മടങ്ങിവന്നു.
ബെറ്റൂവെൽ പറയുന്നു: “ഹൈവേയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ സംഭവസ്ഥലത്ത് എത്തിക്കഴിഞ്ഞിരുന്നു. ജീവഹാനി ഉൾപ്പെട്ടിരുന്നതിനാൽ അന്വേഷണാർഥം അവർക്കു ഡോക്ടറെ കൊണ്ടുപോകേണ്ടിയിരുന്നു. ഞാൻ എന്തുകൊണ്ടാണ് അദ്ദേഹത്തെ സഹായിക്കുന്നതെന്നു ഡോക്ടർ എന്നോടു ചോദിച്ചപ്പോൾ, ഞങ്ങൾ യഹോവയുടെ സാക്ഷികളാണെന്നും അയൽക്കാരനെ സ്നേഹിക്കണമെന്ന് ബൈബിളിൽനിന്നു ഞങ്ങൾ പഠിച്ചിട്ടുണ്ടെന്നും ഞാൻ വിശദീകരിച്ചു. ഭാര്യയെയും കുട്ടികളെയും കുറിച്ചു വിഷമിക്കേണ്ടെന്നും ഞങ്ങൾ അവരെ നോക്കിക്കൊള്ളാമെന്നും ഞാൻ പറഞ്ഞു. കൃതജ്ഞത നിറഞ്ഞ കണ്ണുനീരോടെ അദ്ദേഹം തന്റെ കൈവശം ഉണ്ടായിരുന്ന വിലപിടിച്ച വസ്തുക്കളെല്ലാം സൂക്ഷിക്കാനായി എന്നെ ഏൽപ്പിച്ചു.”
ബെറ്റൂവെൽ കുടുംബം അവരെ തങ്ങളുടെ വീട്ടിലേക്കു കൊണ്ടുപോയി അനേക ദിവസം പരിപാലിച്ചു. ഈ അവസരം വിനിയോഗിച്ചുകൊണ്ട് ബെറ്റൂവെൽ അവരോടൊപ്പം ഒരു ബൈബിളധ്യയനം ആരംഭിച്ചു. പോലീസ് കസ്റ്റഡിയിൽനിന്നു മോചിതനായി തിരിച്ചെത്തിയ ഡോക്ടർ നന്ദി പറയുകയും യഹോവയുടെ സാക്ഷികളെ പ്രശംസിക്കുകയും ചെയ്തു. സ്വന്ത പട്ടണത്തിൽ ബൈബിളധ്യയനം തുടരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. തന്റെ ഭാര്യ ഒരു ആൺകുഞ്ഞിനെയാണ് പ്രസവിക്കുന്നതെങ്കിൽ അവന് ബെറ്റൂവെൽ എന്ന് പേരിടുമെന്നും പറഞ്ഞു. ബെറ്റൂവെൽ തുടരുന്നു: “രണ്ടു വർഷത്തിനു ശേഷം, ഈയിടെ ഞങ്ങൾ അവരെ സന്ദർശിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. അവർ ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു, അവരുടെ മകന്റെ പേര് ബെറ്റൂവെൽ എന്നും ആയിരുന്നു!” (g04 8/8)
[25-ാം പേജിലെ ചിത്രം]
ബെറ്റൂവെൽ