മൈഗ്രേൻ നേരിടാം ഈ തലവേദനയെ!
ചുറുചുറുക്കുള്ള ഒരു ഉദ്യോഗസ്ഥയാണ് ജോയ്‌സ്. തന്റെ കൈയിലുള്ള ഫയലിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ് അവർ. പെട്ടെന്ന് ചില ഭാഗങ്ങളിലെ അക്ഷരങ്ങൾ മാഞ്ഞുപോയതുപോലെ തോന്നി ജോയ്‌സിന്. വെളിച്ചത്തിന്റെ നൂറുനൂറു പൊട്ടുകൾ കണ്ണിനു മുന്നിൽ നൃത്തംവെക്കുന്നു . . . പിന്നെ അവ കൊള്ളിയാനുകളുടെ രൂപം കൈക്കൊണ്ടു. വിചിത്രമായ വേറെയും എന്തൊക്കെയോ രൂപങ്ങൾ. മിനിട്ടുകൾക്കുള്ളിൽ ജോയ്‌സിന് ഒന്നും കാണാൻ വയ്യാതായി. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായപ്പോൾ ഉടനെ അവർ ഒരു ചെറിയ കാപ്‌സ്യൂൾ എടുത്ത് വിഴുങ്ങി, ഇത്തരം സാഹചര്യങ്ങളിൽ സാധാരണ ചെയ്യാറുള്ളതുപോലെ.
ജോയ്‌സിന് മൈഗ്രേനാണ്. കൊടിഞ്ഞി, ചെന്നികുത്ത് എന്നീ പേരുകളിലും അറിയപ്പെടുന്ന ഇതിന് സാധാരണ തലവേദനയിൽനിന്ന് പല വ്യത്യാസങ്ങളുമുണ്ട്. ഉദാഹരണത്തിന് കൊടിഞ്ഞിക്ക് ഒരു പ്രത്യേക പാറ്റേൺ ഉണ്ട്. മാത്രമല്ല, കഠിനമായ ഈ തലവേദന ഒരു വ്യക്തിയുടെ സാധാരണ ജീവിതത്തെപ്പോലും ബാധിക്കും.
എന്താണ് കൊടിഞ്ഞിയുടെ ലക്ഷണങ്ങൾ? തലയ്‌ക്കകത്ത് വിങ്ങുന്നതുപോലുള്ള വേദന ഉണ്ടാകും. മിക്കപ്പോഴും തലയുടെ ഒരുവശത്തുമാത്രമായിരിക്കും വിങ്ങൽ. മനംപിരട്ടൽ, വെളിച്ചത്തോടുള്ള വെറുപ്പ് എന്നിങ്ങനെ വേറെയും ലക്ഷണങ്ങൾ ഉണ്ടാകാം. വേദന ചിലപ്പോൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷമാകും. മറ്റു ചിലപ്പോൾ ദിവസങ്ങളോളം നീണ്ടുനിന്നെന്നും വരാം.
ടെൻഷനുള്ളപ്പോൾ പലർക്കും തലവേദന ഉണ്ടാകാറുണ്ട്. എന്നാൽ ഇവരിൽ പത്തിൽ ഒരാൾക്കു മാത്രമായിരിക്കും കൊടിഞ്ഞിയുള്ളത്. കൊടിഞ്ഞിമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളിൽ അധികവും സ്‌ത്രീകളാണ്. എല്ലാവരിലും രോഗം അത്ര കഠിനമായിരിക്കണം എന്നില്ലെങ്കിലും ജോലിക്കാരായ രോഗികളിൽ മിക്കവർക്കുംതന്നെ ഇതിന്റെ പേരിൽ കുറെ ദിവസം അവധിയെടുക്കേണ്ടിവരാറുണ്ട്. വരുമാനത്തെയും കുടുംബജീവിതത്തെയും സാമൂഹ്യജീവിതത്തെയുമൊക്കെ ഇതു ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ കാര്യക്ഷമതയെ സാരമായി ബാധിക്കുന്ന 20 കാര്യങ്ങളിൽ ഒന്നായിട്ടാണ് ലോകാരോഗ്യ സംഘടന കൊടിഞ്ഞിയെ കണക്കാക്കുന്നത്.
രോഗത്തിന്റെ ആക്രമണം ഉണ്ടാകുന്നതിന് മുമ്പുതന്നെ ചിലരിൽ കടുത്ത ക്ഷീണം, വിശപ്പ്, മാനസിക അസ്വസ്ഥത, കൈകൾ തണുത്ത് ഐസുപോലെയാകൽ എന്നിങ്ങനെയുള്ള അപായ സൂചനകൾ കാണാറുണ്ട്. തലവേദന തുടങ്ങുന്നതിന് തൊട്ടുമുമ്പ് തലകറക്കം, ചെവിയിൽ മൂളക്കം, തലയ്‌ക്കകത്ത് ചുളുചുളുപ്പ്, വസ്‌തുക്കൾ രണ്ടായി കാണൽ, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, പേശികൾക്ക് ബലക്കുറവ് എന്നിവയുണ്ടാകാം.
കൊടിഞ്ഞിയുടെ കാരണങ്ങൾ പൂർണമായി മനസ്സിലാക്കാനായിട്ടില്ല. പക്ഷേ ഇത് നാഡീവ്യൂഹത്തിന് ഉണ്ടാകുന്ന ഒരു തകരാറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തലയിലെ രക്തക്കുഴലുകളെയാണ് ഇത് ബാധിക്കുന്നത്. വീക്കം സംഭവിച്ച രക്തക്കുഴലുകളിലൂടെ രക്തം കടന്നുപോകുമ്പോഴായിരിക്കാം തലയ്‌ക്കകത്ത് വിങ്ങൽ അനുഭവപ്പെടുന്നത്. എമർജൻസി മെഡിസിൻ എന്ന ജേർണൽ ഇങ്ങനെ പറയുന്നു: “വളരെ സെൻസിറ്റീവായ നാഡീവ്യവസ്ഥയാണ് ഈ രോഗികളുടേത്. ഇത് അവർക്ക് പാരമ്പര്യമായി ലഭിച്ചിട്ടുള്ളതാണ്. ഉറക്കക്കുറവ്, രൂക്ഷഗന്ധങ്ങൾ, യാത്ര, സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കൽ, സമ്മർദം, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയെല്ലാം ഇവരുടെ നാഡീവ്യവസ്ഥയെ തകരാറിലാക്കിയേക്കാം.” കൊടിഞ്ഞിയുള്ളവർക്ക് ഇറിറ്റബിൾ ബവൽ സിൻഡ്രോം (വൻകുടലിനുണ്ടാകുന്ന ഒരുതരം തകരാറ്), കലശലായ ഉത്‌കണ്‌ഠ, വിഷാദം എന്നിവയും ഉണ്ടാകാം.
എങ്ങനെ ആശ്വാസം നേടാം?
നിങ്ങളുടെ നാഡീവ്യവസ്ഥയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ കഴിയില്ലെങ്കിലും കൊടിഞ്ഞിയുടെ ആക്രമണത്തിനിടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ നിങ്ങൾക്കാകും. ഏതൊക്കെ ഭക്ഷണവും സാഹചര്യവുമാണ് തങ്ങൾക്കു ദോഷം ചെയ്യുന്നതെന്ന് മനസ്സിലാക്കി ചിലർ അത് ഒരു ഡയറിയിൽ എഴുതി സൂക്ഷിക്കുന്നു.
തലവേദനയ്‌ക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ പലതാകാം. ഉദാഹരണത്തിന്, ലോറന് കൊടിഞ്ഞിയുടെ ആക്രമണം ഉണ്ടാകുന്നത് ആർത്തവവുമായി ബന്ധപ്പെട്ടാണ്. ലോറൻ പറയുന്നു: “മാസമുറയുടെ രണ്ടും മൂന്നും ദിവസങ്ങളിൽ നന്നായി അധ്വാനിക്കുകയോ തണുപ്പോ ചൂടോ ഏൽക്കുകയോ ഉച്ചത്തിലുള്ള ശബ്ദം കേൾക്കുകയോ എരിവുള്ള ഭക്ഷണം കഴിക്കുകയോ ചെയ്‌താൽ ഉടനെ വരും തലവേദന. അതുകൊണ്ട് ഈ സമയത്ത് സ്വസ്ഥമായിരിക്കാനും എല്ലാറ്റിലുമൊരു മിതത്വം പാലിക്കാനും ഞാൻ ശ്രദ്ധിക്കാറുണ്ട്.” ജോയ്‌സിന് മൈഗ്രേൻ പിടിപെട്ടിട്ട് 60-ലേറെ വർഷമായി. അവർ പറയുന്നു: “ഓറഞ്ച്, പൈനാപ്പിൾ, റെഡ് വൈൻ എന്നിവയെല്ലാം എനിക്കു തലവേദനയുണ്ടാക്കും. അതുകൊണ്ട് അതൊന്നും ഞാൻ കഴിക്കാറില്ല.”
എന്താണ് തലവേദനയുണ്ടാക്കുന്നതെന്ന് കൃത്യമായി കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. കാരണം പല ഘടകങ്ങൾ ചേരുമ്പോഴായിരിക്കാം രോഗത്തിന്റെ ആക്രമണം ഉണ്ടാകുന്നത്. ഉദാഹരണത്തിന്, ചിലപ്പോൾ ചോക്ലേറ്റ് കഴിച്ചാൽ ഒന്നും സംഭവിക്കില്ലായിരിക്കാം. പക്ഷേ മറ്റു ചിലപ്പോൾ അതു നിങ്ങൾക്കു തലവേദനയുണ്ടാക്കും. ഒരുപക്ഷേ മറ്റെന്തെങ്കിലും ഘടകങ്ങൾ കൂടെ ചേർന്നതാകാം കാരണം.
കാരണം തിരിച്ചറിയാനോ ഒഴിവാക്കാനോ നിങ്ങൾക്കു സാധിക്കുന്നില്ലെങ്കിൽപ്പോലും ചില മുൻകരുതലുകളെടുക്കാൻ നിങ്ങൾക്കാകും. ഉറക്കത്തിൽ കൃത്യനിഷ്‌ഠ വളരെ ആവശ്യമാണെന്ന് വിദഗ്‌ധർ പറയുന്നു. ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും വേണം. വാരാന്തങ്ങളിൽ വൈകിയുറങ്ങിയാലും പതിവു സമയത്തുതന്നെ എഴുന്നേൽക്കുന്നതായിരിക്കും നല്ലതെന്ന് അവർ പറയുന്നു. എഴുന്നേറ്റ് എന്തെങ്കിലും ചെയ്‌തിട്ട് വീണ്ടും ഉറങ്ങിയാലും വിരോധമില്ല. ശരീരത്തിൽ കഫീന്റെ അളവു കൂടുന്നതും തലവേദനയ്‌ക്കു കാരണമാകാം. അതുകൊണ്ട് ദിവസവും കാപ്പികുടി ഒന്നോ രണ്ടോ കപ്പിലൊതുക്കുക. കോളയുടെ കാര്യത്തിലും വേണം ഈ മിതത്വം. വിശന്നിരിക്കുന്നത് ചിലരിൽ തലവേദനയുണ്ടാക്കാം എന്നതിനാൽ ഒരുനേരംപോലും ഭക്ഷണം കഴിക്കാതിരിക്കരുത്. തലവേദനയ്‌ക്ക് പ്രേരകമാകുന്ന ഒരു ഘടകം പലപ്പോഴും സമ്മർദമാണ്. അതുകൊണ്ടുതന്നെ അൽപ്പം ബുദ്ധിമുട്ടിയാണെങ്കിലും സമ്മർദം നിയന്ത്രിച്ചേ മതിയാകൂ. ദിനചര്യയിൽ അൽപ്പം ഭേദഗതി വരുത്തുന്നതും ബൈബിൾ വായിക്കുന്നതും അൽപ്പം സംഗീതം ശ്രവിക്കുന്നതുമൊക്കെ മാനസിക സമ്മർദം ലഘൂകരിക്കാൻ സഹായിക്കും.
പ്രതിവിധിയുണ്ടോ?
കൊടിഞ്ഞിയുടെ ബുദ്ധിമുട്ടുകൾ ശമിപ്പിക്കാൻ പല മാർഗങ്ങളുമുണ്ട്.a അതിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് ആവശ്യത്തിനുള്ള ഉറക്കം. ഡോക്‌ടറുടെ കുറിപ്പില്ലാതെ വാങ്ങാൻ കിട്ടുന്ന വേദനാസംഹാരികൾ രോഗിക്ക് ഉറങ്ങാൻ കഴിയുംവിധം വേദന അൽപ്പമൊന്നു ശമിപ്പിച്ചേക്കാം.
1993-ൽ കൊടിഞ്ഞിക്കുള്ള പ്രതിവിധിയായി ട്രിപ്‌റ്റനുകൾ വിപണിയിലെത്തി. “ചികിത്സാരംഗത്തെ ഒരു വലിയ മുന്നേറ്റം” എന്നാണ് ദ മെഡിക്കൽ ജേർണൽ ഓഫ് ഓസ്‌ട്രേലിയ ഇതിനെ വിശേഷിപ്പിച്ചത്. “ബാക്‌ടീരിയയ്‌ക്കെതിരെ പെൻസിലിൻ എത്ര ഫലപ്രദമാണോ ഏതാണ്ട് അത്രതന്നെ ഫലപ്രദമാണ് മൈഗ്രേനിനെയും ക്ലസ്റ്റർ തലവേദനയെയും ചെറുക്കുന്നതിൽ ട്രിപ്‌റ്റനും” എന്ന് ജേർണൽ കൂട്ടിച്ചേർത്തു.
ജീവന് അപകടമുണ്ടാക്കുന്ന ഒരു രോഗമല്ല മൈഗ്രേൻ. അതുകൊണ്ടുതന്നെ ട്രിപ്‌റ്റന്റെ കണ്ടുപിടിത്തം ജീവരക്ഷാകരമാണെന്നു പറയാനാവില്ല. എന്നുവരികിലും, കൊടിഞ്ഞിയുടെ പിടിയിൽപ്പെട്ട് വർഷങ്ങളോളം ദുരിതമനുഭവിച്ച ചിലർക്ക് വലിയ ആശ്വാസം നൽകിയിട്ടുണ്ട് ട്രിപ്‌റ്റൻ. അതുകൊണ്ടുതന്നെ ഒരു അത്ഭുതമരുന്നായിട്ടാണ് ചില രോഗികൾ അതിനെ കാണുന്നത്. പക്ഷേ ട്രിപ്‌റ്റൻ കഴിച്ചതുകൊണ്ടു മാത്രമായില്ല; നേരത്തേ പറഞ്ഞതുപോലെ രോഗികൾ ചില നിഷ്‌ഠകൾ പാലിക്കുകയും വേണം.
ഏതു മരുന്നിനും ഗുണവും ദോഷവുമുണ്ട്. ട്രിപ്‌റ്റന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. ഒരു ട്രിപ്‌റ്റൻ ഗുളികയ്‌ക്ക് നല്ല വിലയാകും. അതുകൊണ്ടുതന്നെ ചെറിയതോതിലുള്ള മൈഗ്രേൻ തലവേദനയ്‌ക്കൊന്നും ഇത് കുറിച്ചുകൊടുക്കാറില്ല. മാത്രമല്ല, ട്രിപ്‌റ്റൻ എല്ലാവർക്കും ഫലം ചെയ്‌തെന്നുംവരില്ല. ഇനി, ചില ആരോഗ്യപ്രശ്‌നങ്ങളുള്ളവർ ഈ ഔഷധം പരീക്ഷിക്കുന്നത് ഒട്ടും ബുദ്ധിയായിരിക്കില്ല. മൈഗ്രേൻ ചികിത്സിച്ചു മാറ്റാൻ പര്യാപ്‌തമായ ഔഷധങ്ങളൊന്നും ഇന്നോളം കണ്ടുപിടിച്ചിട്ടില്ലെങ്കിലും “മൈഗ്രേൻ രോഗികളുടെ ദുരിതങ്ങൾ ശമിപ്പിക്കാൻപോന്ന പല മരുന്നുകളും ഇന്നുണ്ട്” എന്ന് എമർജൻസി മെഡിസിൻ പറയുന്നു. (g11-E 01)
[അടിക്കുറിപ്പ്]
a ഉണരുക! ഏതെങ്കിലും ഒരു പ്രത്യേക ചികിത്സാരീതി ശുപാർശ ചെയ്യുന്നില്ല. ഓരോരുത്തരും അവരുടെ സാഹചര്യങ്ങൾ വിലയിരുത്തി സ്വയം തീരുമാനമെടുക്കണം.
[25-ാം പേജിലെ ചിത്രം]
ഏതൊക്കെ ഭക്ഷണവും സാഹചര്യവുമാണ് കൊടിഞ്ഞിക്ക് പ്രേരകമാകുന്നതെന്നു നോക്കി ചിലർ അത് ഒരു ഡയറിയിൽ എഴുതിവെക്കുന്നു
[25-ാം പേജിലെ ചിത്രം]
നേർത്ത സംഗീതം ശ്രവിക്കുന്നത് മനസ്സിന് അയവുവരുത്തും
[25-ാം പേജിലെ ചിത്രം]
കൊടിഞ്ഞിക്ക് ഫലപ്രദമായ ചികിത്സയുണ്ട്