ഭാഗം 3
ഈജിപ്തിൽനിന്നുള്ള വിടുതൽമുതൽ ഇസ്രായേലിന്റെ ആദ്യത്തെ രാജാവുവരെ
ഈജിപ്തിൽ അടിമകളായിരുന്ന ഇസ്രായേല്യരെ മോശെ അവിടെനിന്നു പുറത്തുകൊണ്ടുവന്ന് സീനായി പർവതത്തിന് അടുത്തേക്കു നയിച്ചു; അവിടെവെച്ച് ദൈവം അവർക്കു തന്റെ നിയമങ്ങൾ നൽകി. പിന്നീട് കനാൻദേശം ഒറ്റുനോക്കാൻ മോശെ 12 ചാരന്മാരെ അയച്ചു. എന്നാൽ അവരിൽ 10 പേർ തിരിച്ചുവന്നു പറഞ്ഞത് പേടിപ്പെടുത്തുന്ന കാര്യങ്ങളാണ്. അതുകേട്ട് ജനം തങ്ങൾക്ക് ഈജിപ്തിലേക്കു മടങ്ങിപ്പോകണമെന്നു പറഞ്ഞു. ഇസ്രായേല്യർ ഇത്രത്തോളം വിശ്വാസമില്ലാതെ പെരുമാറിയതുകൊണ്ട് ദൈവം അവരെ ശിക്ഷിച്ചു. 40 വർഷം മരുഭൂമിയിൽ അവർ അലഞ്ഞുനടക്കേണ്ടി വന്നു.
ഒടുവിൽ, ഇസ്രായേല്യരെ കനാൻദേശത്തേക്കു നയിക്കുന്നതിന് യഹോവ യോശുവയെ തിരഞ്ഞെടുത്തു. ദേശം പിടിച്ചടക്കാൻ അവരെ സഹായിക്കുന്നതിന് യഹോവ അത്ഭുതങ്ങൾ ചെയ്തു. യോർദ്ദാൻ നദിയുടെ ഒഴുക്കു നിൽക്കുന്നതിനും യെരീഹോയുടെ മതിലുകൾ ഇടിഞ്ഞുവീഴുന്നതിനും ഒരു ദിവസം മുഴുവൻ സൂര്യൻ അനങ്ങാതെ നിൽക്കുന്നതിനും അവൻ ഇടയാക്കി. ആറു വർഷം കഴിഞ്ഞ് ഇസ്രായേല്യർ കനാന്യരിൽനിന്നു ദേശം പിടിച്ചെടുത്തു.
യോശുവയുടെ കാലം മുതൽ 356 വർഷത്തേക്ക് ന്യായാധിപന്മാരാണ് ഇസ്രായേലിൽ ഭരണം നടത്തിയത്. ബാരാക്ക്, ഗിദെയോൻ, യിഫ്താഹ്, ശിംശോൻ, ശമൂവേൽ തുടങ്ങിയ അനേകം ന്യായാധിപന്മാരെക്കുറിച്ചു നാം പഠിക്കും. രാഹാബ്, ദെബോരാ, യായേൽ, രൂത്ത്, നവോമി, ദലീലാ എന്നിങ്ങനെയുള്ള സ്ത്രീകളെക്കുറിച്ചും ഈ ഭാഗത്തിൽ വായിക്കും. മൂന്നാം ഭാഗത്തിൽ ആകെ 396 വർഷത്തെ ചരിത്രം കൊടുത്തിട്ടുണ്ട്.