ഭരണസംഘത്തിൽനിന്നുള്ള ഒരു കത്ത്
യഹോവയെ സ്നേഹിക്കുന്ന പ്രിയ വായനക്കാരന്,
“നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്നു യേശു പറഞ്ഞു. (യോഹന്നാൻ 8:32) എത്ര പ്രോത്സാഹജനകമായ വാക്കുകൾ! അതെ, വ്യാജം അരങ്ങുതകർക്കുന്ന, ബുദ്ധിമുട്ടു നിറഞ്ഞ ഈ ‘അവസാനകാലത്തും’ സത്യാന്വേഷികൾക്കു ബൈബിൾസത്യം കണ്ടെത്താനാകും. (2 തിമൊഥെയൊസ് 3:1) ദൈവവചനത്തിലെ സത്യം ആദ്യം മനസ്സിലാക്കിയ സന്ദർഭം നിങ്ങൾ ഓർക്കുന്നുണ്ടോ? എത്ര പുളകപ്രദമായിരുന്നു ആ അനുഭവം!
എന്നാൽ, സത്യത്തിന്റെ ശരിയായ അറിവ് നേടുന്നതും അതു മറ്റുള്ളവരുമായി പങ്കുവെക്കുന്നതും പോലെതന്നെ പ്രധാനമാണ് അതിനു ചേർച്ചയിൽ ജീവിക്കുന്നതും. പക്ഷേ, ദൈവസ്നേഹത്തിൽ നിലനിന്നാൽ മാത്രമേ നമുക്ക് അതിനു സാധിക്കൂ. ആകട്ടെ, എന്താണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്? തന്റെ മരണത്തിന്റെ തലേ രാത്രിയിൽ യേശു നടത്തിയ ഒരു പ്രസ്താവനയിൽ അതിനുള്ള ഉത്തരമുണ്ട്. വിശ്വസ്തരായ അപ്പോസ്തലന്മാരോടു യേശു പറഞ്ഞു: “ഞാൻ പിതാവിന്റെ കല്പനകൾ അനുസരിച്ച് പിതാവിന്റെ സ്നേഹത്തിൽ നിലനിൽക്കുന്നു. അതുപോലെ, നിങ്ങളും എന്റെ കല്പനകൾ അനുസരിക്കുന്നെങ്കിൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും.”—യോഹന്നാൻ 15:10.
പിതാവിന്റെ കല്പനകൾ അനുസരിച്ചുകൊണ്ടാണ് യേശു ദൈവസ്നേഹത്തിൽ നിലനിന്നത് എന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചോ? നമ്മുടെ കാര്യത്തിലും അതു ശരിയാണ്. ദൈവസ്നേഹത്തിൽ നിലനിൽക്കണമെങ്കിൽ അനുദിനം നമ്മൾ സത്യത്തിനു ചേർച്ചയിൽ ജീവിക്കേണ്ടതുണ്ട്. ആ രാത്രിയിൽത്തന്നെ യേശു പറഞ്ഞു: “ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ നിങ്ങൾ അതനുസരിച്ച് പ്രവർത്തിക്കുകകൂടെ ചെയ്താൽ സന്തോഷമുള്ളവരായിരിക്കും.”—യോഹന്നാൻ 13:17.
തുടർന്നും സത്യത്തിനു ചേർച്ചയിൽ ജീവിക്കാനും ‘നിത്യജീവന്റെ പ്രത്യാശയോടെ എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കാനും’ ഈ പുസ്തകം നിങ്ങളെ സഹായിക്കട്ടെ!—യൂദ 20, 21.
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം