ആദിമസഭ ദൈവം ഒരു ത്രിത്വമാണെന്ന് പഠിപ്പിച്ചോ?
ഭാഗം 2—അപ്പൊസ്തലിക പിതാക്കൻമാർ ത്രിത്വോപദേശം പഠിപ്പിച്ചോ?
ഈ പരമ്പരയുടെ 1-ാം ഭാഗം 1991 നവംബർ 1ലെ വാച്ച്ററവറിൽ യേശുവും അവന്റെ ശിഷ്യൻമാരും ത്രിത്വോപദേശം—പിതാവും പുത്രനും പരിശുദ്ധാത്മാവും തുല്യരായ മൂന്നാളുകളാണെന്നും എന്നാൽ ഒരു ദൈവമാണെന്നുമുള്ള ആശയം—പഠിപ്പിച്ചോ എന്ന് ചർച്ചചെയ്തു. ബൈബിളിൽനിന്നും ചരിത്രകാരൻമാരിൽനിന്നും ദൈവശാസ്ത്രജ്ഞൻമാരിൽനിന്നുപോലുമുള്ള വ്യക്തമായ തെളിവ് അവർ അതു പഠിപ്പിച്ചില്ലെന്നാണ്. തുടർന്ന് താമസിയാതെ വന്ന സഭാനേതാക്കൻമാരെ സംബന്ധിച്ചെന്ത്—അവർ ഒരു ത്രിത്വം പഠിപ്പിച്ചോ?
“അപ്പൊസ്തലിക പിതാക്കൻമാർ” എന്നത് നമ്മുടെ പൊതുയുഗത്തിന്റെ ഒന്നാം നൂററാണ്ടിന്റെ ഒടുവിലും രണ്ടാം നൂററാണ്ടിന്റെ പ്രാരംഭത്തിലും ക്രിസ്ത്യാനിത്വത്തെക്കുറിച്ച് എഴുതിയ വൈദികർക്ക് ഉപയോഗിക്കപ്പെട്ട നാമധേയമാണ്. റോമിലെ ക്ലെമൻറ്, ഇഗ്നേഷ്യസ്, പോളിക്കാർപ്പ്, ഹെർമ്മസ്, പാപ്പിയസ്, എന്നിവർ അവരിൽ ചിലരായിരുന്നു.
അവർ അപ്പൊസ്തലൻമാരിൽ ചിലരുടെ സമകാലീനരായിരുന്നുവെന്ന് പറയപ്പെടുന്നു. അങ്ങനെ, അവർക്ക് അപ്പൊസ്തലിക ഉപദേശങ്ങൾ പരിചിതമായിരുന്നിരിക്കണം. ആ മനുഷ്യർ എഴുതിയതിനെക്കുറിച്ച്, ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ പറയുന്നു:
“മൊത്തത്തിൽ എടുക്കുമ്പോൾ അപ്പൊസ്തലിക പിതാക്കൻമാരുടെ എഴുത്തുകൾ പുതിയ നിയമത്തിനു പുറത്തുള്ള മററ് ഏതു ക്രിസ്തീയ സാഹിത്യത്തെക്കാളും ചരിത്രപരമായി മൂല്യവത്താണ്.”1
അപ്പൊസ്തലൻമാർ ത്രിത്വോപദേശം പഠിപ്പിച്ചെങ്കിൽ, ആ അപ്പൊസ്തലിക പിതാക്കൻമാരും അതു പഠിപ്പിച്ചിരിക്കണം. ദൈവം ആരാണെന്ന് ആളുകളോടു പറയുന്നതിനെക്കാൾ പ്രധാനമായി യാതൊന്നുമില്ലാത്തതിനാൽ അത് അവരുടെ പഠിപ്പിക്കലിൽ പ്രമുഖമായിരുന്നിരിക്കണം. അതുകൊണ്ട് അവർ ത്രിത്വോപദേശം പഠിപ്പിച്ചോ?
ഒരു ആദിമ വിശ്വാസപ്രഖ്യാപനം
ക്രിസ്തീയ വിശ്വാസത്തിന്റെ ഏററം ആദിമമായ ബൈബിളേതര പ്രഖ്യാപനങ്ങളിലൊന്ന് ദി ഡീഡാക്ക അല്ലെങ്കിൽ പന്ത്രണ്ടപ്പോസ്തലൻമാരുടെ പഠിപ്പിക്കൽ എന്നറിയപ്പെടുന്ന 16 ഹ്രസ്വ അദ്ധ്യായങ്ങളോടുകൂടിയ ഒരു പുസ്തകത്തിൽ കാണപ്പെടുന്നു. ചില ചരിത്രകാരൻമാർ അതിന്റെ തീയതി ക്രി.വ. 100നു മുമ്പോ അതിനോടടുത്തോ ആണെന്ന് നിർണ്ണയിക്കുന്നു. അതിന്റെ ഗ്രന്ഥ കർത്താവാരാണെന്ന് അറിയപ്പെടുന്നില്ല.2
ദ ഡീഡാക്ക ക്രിസ്ത്യാനികളായിത്തീരുന്നതിന് ആളുകൾ അറിയേണ്ടയാവശ്യമുള്ള കാര്യങ്ങൾ പ്രതിപാദിക്കുന്നു. അതിന്റെ 7- അദ്ധ്യായത്തിൽ അത് “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലുള്ള” സ്നാപനം നിർദ്ദേശിക്കുന്നു, മത്തായി 28:19-ൽ യേശു ഉപയോഗിച്ച അതേ വാക്കുകൾ തന്നെ.3 എന്നാൽ മൂന്നിനും നിത്യതയിലും ശക്തിയിലും സ്ഥാനത്തിലും ജ്ഞാനത്തിലും സമത്വമുള്ളതായി അത് യാതൊന്നും പറയുന്നില്ല. ദി ഡീഡാക്കയിൽ ഒരു പ്രാർത്ഥനാരുപത്തിൽ പിൻവരുന്ന വിശ്വാസപ്രമാണം ഉൾപ്പെടുത്തിയിരിക്കുന്നു:
“പരിശുദ്ധപിതാവേ, നീ ഞങ്ങളുടെ ഹൃദയങ്ങളിൽ വസിക്കാനിടയാക്കിയിരിക്കുന്ന നിന്റെ വിശുദ്ധനാമത്തിനുവേണ്ടി ഞങ്ങൾ നിനക്ക് നന്ദി പറയുന്നു; നിന്റെ ദാസനായ യേശുവിലൂടെ നീ ഞങ്ങളെ അറിയിച്ചിരിക്കുന്ന പരിജ്ഞാനത്തിനും വിശ്വാസത്തിനും അമർത്യതക്കും നിനക്ക് എന്നേക്കും മഹത്വമുണ്ടാകട്ടെ! സർവശക്തനായ യജമാനനേ, നീ സകലവും നിന്റെ നാമത്തിനുവേണ്ടി സൃഷ്ടിച്ചു . . . നീ കൃപാപൂർവം നിന്റെ ദാസനായ യേശുവിലൂടെ ഞങ്ങൾക്ക് ആത്മീയാഹാരവും പാനീയവും നിത്യജീവനും നൽകിയിരിക്കുന്നു.”4
ഇതിൽ ത്രിത്വമില്ല. ഗ്രീക്ക് ആശയങ്ങൾക്ക് ക്രിസ്ത്യാനിത്വത്തിൻമേലുള്ള സ്വാധീനം എന്ന പുസ്തകത്തിൽ എഡ്വിൻ ഹാച്ച് മേൽ പ്രസ്താവിച്ച ഭാഗം ഉദ്ധരിക്കുകയും അനന്തരം ഇങ്ങനെ പറയുകയും ചെയ്യുന്നു:
“ക്രിസ്ത്യാനിത്വത്തിന്റെ ആദ്യ സ്വാധീനമേഖലയിൽ, ഈ ലളിതമായ ധാരണകളിൻമേൽ ഏതെങ്കിലും വലിയ മുന്നേററങ്ങൾ ഉണ്ടായിരുന്നതായി കാണപ്പെടുന്നില്ല. ഊന്നൽ കൊടുക്കപ്പെട്ട ഉപദേശം ദൈവം ഉണ്ടെന്നും അവൻ ഏകനാണെന്നും അവൻ സർവശക്തനും നിത്യനുമാണെന്നും അവൻ ലോകത്തെ സൃഷ്ടിച്ചുവെന്നും അവന്റെ കരുണ അവന്റെ സകല പ്രവൃത്തികളിൻമേലുമുണ്ടെന്നുമുള്ളതായിരുന്നു. വെറും തത്വശാസ്ത്രപരമായ ചർച്ചയിൽ അഭിരുചിയില്ലായിരുന്നു.”5
റോമിലെ ക്ലെമൻറ്
റോമാനഗരത്തിലെ ഒരു “ബിഷപ്പ്” ആയിരുന്നതായി വിചാരിക്കപ്പെടുന്ന റോമിലെ ക്ലെമൻറ് ക്രിസ്ത്യാനിത്വം സംബന്ധിച്ച് എഴുത്തുകളുടെ മറെറാരു ആദിമ ഉറവായിരുന്നു. അദ്ദേഹം ക്രി.വ. 100നോടടുത്ത് മരിച്ചതായി വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്താൽ എഴുതപ്പെട്ടതായി സങ്കൽപ്പിക്കപ്പെടുന്ന വിവരങ്ങളിൽ അദ്ദേഹം നേരിട്ടോ പരോക്ഷമായോ ത്രിത്വത്തെ പരാമർശിക്കുന്നില്ല. കൊരിന്ത്യർക്കുള്ള ക്ലെമൻറിന്റെ ഒന്നാം ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു:
“യേശുക്രിസ്തുവിലൂടെ സർവശക്തനായ ദൈവത്തിൽനിന്നുള്ള കൃപയും സമാധാനവും നിങ്ങൾക്ക് പെരുകട്ടെ.”
“അപ്പൊസ്തലൻമാർ കർത്താവായ യേശുക്രിസ്തുവിൽനിന്നുള്ള സുവിശേഷം നമ്മോടു പ്രസംഗിച്ചിരിക്കുന്നു; യേശുക്രിസ്തു ദൈവത്തിൽനിന്ന് അങ്ങനെ ചെയ്തിരിക്കുന്നു. തന്നിമിത്തം ക്രിസ്തു ദൈവത്താലും അപ്പൊസ്തലൻമാർ ക്രിസ്തുവിനാലും അയക്കപ്പെട്ടു.”
“സകലവും കാണുന്നവനും സകല ആത്മാക്കളുടെയും ഭരണാധികാരിയും സർവജഡത്തിന്റെയും കർത്താവുമായ ദൈവം—നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഒരു പ്രത്യേകജനമായിരിക്കാൻ അവനിലൂടെ നമ്മെയും തെരഞ്ഞെടുത്തവനുമായവൻ—തന്റെ മഹത്വമുള്ള വിശുദ്ധനാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏതു ദേഹിക്കും വിശ്വാസവും ഭയവും സമാധാനവും ക്ഷമയും ദീർഘക്ഷമയും നൽകട്ടെ.”6
യേശുവിനോ പരിശുദ്ധാത്മാവിനോ ദൈവത്തോടു സമത്വമുണ്ടെന്ന് ക്ലെമൻറ് പറയുന്നില്ല. അവൻ സർവശക്തനായ ദൈവത്തെ (കേവലം “പിതാവിനെ”) പുത്രനിൽനിന്ന് വ്യത്യസ്തനായി അവതരിപ്പിക്കുന്നു. ദൈവം ശ്രേഷ്ഠനായി പറയപ്പെട്ടിരിക്കുന്നു, കാരണം ക്രിസ്തു ദൈവത്താൽ “അയക്കപ്പെട്ടവൻ” ആണ്, ദൈവം ക്രിസ്തുവിനെ “തെരഞ്ഞെടുത്തു.” ദൈവവും ക്രിസ്തുവും വേറിട്ടവരും തുല്യരല്ലാത്തവരുമായ രണ്ട് വ്യക്തിത്വങ്ങളാണെന്ന് പ്രകടമാക്കിക്കൊണ്ട് ക്ലെമൻറ് ഇങ്ങനെ പറഞ്ഞു:
“അഖിലാണ്ഡത്തിന്റെ സ്രഷ്ടാവ് മുഴുലോകത്തിലുമുള്ള തന്റെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കൃത്യമായ സംഖ്യയെ തന്റെ പ്രിയ പുത്രനായ യേശുക്രിസ്തു മുഖാന്തരം സുരക്ഷിതമായി കാക്കണമേയെന്ന് നാം ആത്മാർത്ഥമായ പ്രാർത്ഥനയോടെയും അപേക്ഷയോടെയും യാചിക്കും. . . . ‘അത്യുന്നതരുടെ ഇടയിൽ അത്യുന്നതൻ’ നീ [ദൈവം] മാത്രം ആണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. . . . നീ മാത്രമാണ് ആത്മാക്കളുടെ രക്ഷാകർത്താവും സർവജഡത്തിന്റെയും ദൈവവും.”
“നീ മാത്രമാണ് ഏക ദൈവമെന്നും യേശുക്രിസ്തു നിന്റെ പുത്രനാണെന്നും സകല ജനതകളും മനസ്സിലാക്കട്ടെ.”7
ക്ലെമൻറ് ദൈവത്തെ (“പിതാവ്” എന്നു മാത്രമല്ല) “അത്യുന്നതൻ” എന്നു വിളിക്കുന്നു, യേശുവിനെ ദൈവത്തിന്റെ “പുത്രൻ” എന്ന് പരാമർശിക്കുകയും ചെയ്യുന്നു. യേശുവിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെയും സൂചിപ്പിക്കുന്നു: “അവൻ ദൈവത്തിന്റെ പ്രതാപത്തെ പ്രതിഫലിപ്പിക്കുന്നതുകൊണ്ട് അവന്റെ പദവിനാമം ദൂതൻമാരുടേതിലും പ്രശസ്തമായിരിക്കുന്നതുപോലെ അവൻ അവരെക്കാൾ ശ്രേഷ്ഠനാണ്.”8 യേശു ദൈവത്തിന്റെ പ്രതാപത്തെ പ്രതിഫലിപ്പിക്കുന്നു, എന്നാൽ അവൻ അതിനോടു സമനാകുന്നില്ല, ചന്ദ്രൻ പ്രകാശത്തിന്റെ ഉറവായ സൂര്യന് തുല്യമാകാതെ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതുപോലെ.
ദൈവപുത്രൻ സ്വർഗ്ഗീയ പിതാവായ ദൈവത്തോട് സമനായിരുന്നെങ്കിൽ, യേശു ദൈവദൂതൻമാരെക്കാൾ ശ്രേഷ്ഠനാണെന്ന് ക്ലെമൻറ് പറയുന്നത് അനാവശ്യമായിരിക്കുമായിരുന്നു, എന്തുകൊണ്ടെന്നാൽ അത് പ്രസ്പഷ്ടമായിരിക്കുമായിരുന്നു. പുത്രൻ ദൂതൻമാരെക്കാൾ ശ്രേഷ്ഠനായിരിക്കെ, അവൻ [പുത്രൻ] സർവശക്തനായ ദൈവത്തേക്കാൾ താണവനാണെന്നുള്ള അദ്ദേഹത്തിന്റെ അംഗീകരണത്തെ അദ്ദേഹത്തിന്റെ പദപ്രയോഗം പ്രകടമാക്കുന്നു.
ക്ലെമൻറിന്റെ നിലപാട് വളരെ വ്യക്തമാണ്: പുത്രൻ പിതാവിനെക്കാൾ താണവനാണ്, രണ്ടാമനാണ്. യേശു പിതാവുമായി ഒരു ദൈവശിരസ്സിൽ പങ്കാളിയാണെന്ന് ക്ലെമൻറ് ഒരിക്കലും വീക്ഷിച്ചില്ല. പുത്രൻ പിതാവിനെ, അതായത് ദൈവത്തെ, ആശ്രയിക്കുന്നവനാണെന്ന് അവൻ പ്രകടമാക്കുന്നു, പിതാവ് തന്റെ സ്ഥാനം ആരുമായി പങ്കുവെക്കാതെ, ‘ഏകനായ ദൈവ’മായിരിക്കുന്നുവെന്ന് സുനിശ്ചിതമായി പറയുകയും ചെയ്യുന്നു. ക്ലെമൻറ് ഒരിടത്തും പരിശുദ്ധാത്മാവിന് ദൈവവുമായി സമത്വം കൊടുക്കുന്നില്ല. അതുകൊണ്ട്, ക്ലെമൻറിന്റെ എഴുത്തുകളിൽ അശേഷം ത്രിത്വമില്ല.
ഇഗ്നേഷ്യസ്
അന്ത്യോക്യയിലെ ഒരു ബിഷപ്പായിരുന്ന ഇഗ്നേഷ്യസ് ക്രി.വ. ഒന്നാം നൂററാണ്ടിന്റെ ഏതാണ്ട് മദ്ധ്യംമുതൽ രണ്ടാം നൂററാണ്ടിന്റെ പ്രാരംഭംവരെ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റേതായി പറയപ്പെടുന്ന എഴുത്തുകൾ അധികൃതമാണെന്ന് സങ്കൽപ്പിച്ചാൽ, അവയിലൊന്നും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സമത്വമില്ല.
പുത്രൻ നിത്യതയിലും ശക്തിയിലും സ്ഥാനത്തിലും ജ്ഞാനത്തിലും പിതാവിനോട് സമനാണെന്ന് ഇഗ്നേഷ്യസ് പറഞ്ഞിരുന്നെങ്കിൽത്തന്നെ അപ്പോഴും അത് ഒരു ത്രിത്വമായിരിക്കുകയില്ല, എന്തുകൊണ്ടെന്നാൽ ആ വിധങ്ങളിൽ പരിശുദ്ധാത്മാവ് പിതാവിനോട് സമനാണെന്ന് ഇഗ്നേഷ്യസ് ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ ആ വിധങ്ങളിലോ മററ് ഏതെങ്കിലും വിധത്തിലോ പുത്രൻ പിതാവായ ദൈവത്തോട് സമനാണെന്ന് ഇഗ്നേഷ്യസ് പറഞ്ഞില്ല. പകരം, ശ്രേഷ്ഠനായ ഏക സർവ്വശക്തനാം ദൈവത്തിന് പുത്രൻ കീഴ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പ്രകടമാക്കി.
ഇഗ്നേഷ്യസ് സർവ്വശക്തനായ ദൈവത്തെ “ജനിക്കാത്തവനും അടുത്തുകൂടാത്തവനും സകലരുടെയും കർത്താവും ഏകജാതനായ പുത്രന്റെ പിതാവും ജനകനും” എന്നു വിളിക്കുകയും പിതാവും അവന്റെ പുത്രനും തമ്മിലുള്ള വ്യത്യാസം കാണിക്കുകയും ചെയ്യുന്നു.9 അദ്ദേഹം “പിതാവായ ദൈവത്തെയും കർത്താവായ യേശുക്രിസ്തുവിനെയും” കുറിച്ച് പറയുന്നു.10 “സർവ്വശക്തനായ ഏക ദൈവമാണുള്ളത്, അവന്റെ പുത്രനായ യേശുക്രിസ്തു അവനെ വെളിപ്പെടുത്തിയിരിക്കുന്നു” എന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു.11
ഒരു ആൾ എന്ന നിലയിൽ പുത്രൻ നിത്യനല്ലായിരുന്നെന്നും സൃഷ്ടിക്കപ്പെട്ടതായിരുന്നെന്നും ഇഗ്നേഷ്യസ് പ്രകടമാക്കുന്നു, എന്തുകൊണ്ടെന്നാൽ “[സർവ്വശക്തനാം ദൈവമായ] കർത്താവ് തന്റെ വഴികളുടെ തുടക്കമായി എന്നെ സൃഷ്ടിച്ചു” എന്നു പറയുന്ന പുത്രനായിരുന്നു അവൻ.12 സമാനമായി, ഇഗ്നേഷ്യസ് ഇങ്ങനെ പറഞ്ഞു: “ക്രിസ്തുവിന്റെ പിതാവായി അഖിലാണ്ഡത്തിന്റെ ഒരു ദൈവമുണ്ട്, ‘സകലവും അവന്റേതാണ്;’ നമ്മുടെ കർത്താവായ യേശുക്രിസ്തു എന്ന ഏക കർത്താവുമുണ്ട്, ‘സകലവും അവൻ മുഖാന്തരമാണ്.’”13 അദ്ദേഹം ഇങ്ങനെയും എഴുതുന്നു:
“പരിശുദ്ധാത്മാവ് തന്റെ സ്വന്തം കാര്യങ്ങൾ സംസാരിക്കുന്നില്ല, എന്നാൽ കർത്താവിന് തന്റെ പിതാവിൽനിന്ന് ലഭിച്ച കാര്യങ്ങൾ അവൻ നമ്മോടു പ്രഖ്യാപിച്ചതുപോലെ, . . . ക്രിസ്തുവിന്റെ കാര്യങ്ങളാണ് സംസാരിക്കുന്നത്. എന്തെന്നാൽ, അവൻ [പുത്രൻ] പറയുന്നു, ‘നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല, പിന്നെയോ എന്നെ അയച്ച പിതാവിന്റേതാണ്.’”14
“നിശബ്ദതയിൽനിന്ന് പുറപ്പെട്ടതും തന്നെ അയച്ചവനെ [ദൈവത്തെ] എല്ലാ വിധത്തിലും പ്രസാദപ്പിച്ചവനുമായ തന്റെ വചനമായ, തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ പ്രത്യക്ഷമായ ഒരു ദൈവമുണ്ട്. . . . യേശുക്രിസ്തു പിതാവിന് കീഴ്പെട്ടവനായിരുന്നു.”15
ഇഗ്നേഷ്യസ് പുത്രനെ “വചനമായ ദൈവം” എന്നു വിളിക്കുന്നുവെന്നത് സത്യംതന്നെ. എന്നാൽ പുത്രന് “ദൈവം” എന്ന പദം ഉപയോഗിക്കുന്നത് അവശ്യം സർവ്വശക്തനായ ദൈവവുമായുള്ള സമത്വത്തെ അർത്ഥമാക്കുന്നില്ല. യെശയ്യാവ് 9:6-ൽ ബൈബിളും പുത്രനെ “ദൈവം” എന്നു വിളിക്കുന്നു. യോഹന്നാൻ 1:18 പുത്രനെ “ഏകജാതനായ ദൈവം” എന്നു വിളിക്കുന്നു. പിതാവായ യഹോവയാം ദൈവത്താൽ ശക്തിയും അധികാരവും നൽകപ്പെട്ടതിനാൽ പുത്രനെ ഉചിതമായി “ശക്തനായവൻ” എന്ന് വിളിക്കാൻ കഴിയുമായിരുന്നു, “ദൈവം” എന്നതിന്റെ അടിസ്ഥാന അർത്ഥം അതാണ്.—മത്തായി 28:18; 1 കൊരിന്ത്യർ 8:6; എബ്രായർ 1:2.
എന്നിരുന്നാലും ഇഗ്നേഷ്യസിന്റേതായി പറയപ്പെടുന്ന 15 ലേഖനങ്ങൾ അധികൃതമായി അംഗീകരിക്കപ്പെടുന്നുവോ? ദി ആൻറീ-നൈസീൻ ഫാദേഴ്സ് വാള്യം 1-ൽ എഡിററർമാരായ അലക്സാണ്ടർ റോബർട്ട്സും ജെയിംസ് ഡോണാൾഡ്സണും ഇങ്ങനെ പ്രസ്താവിക്കുന്നു:
“ഇഗ്നേഷ്യസിന്റെ ലേഖനങ്ങളാണെന്ന് അവകാശപ്പെടുന്ന ഇവയിൽ ആദ്യത്തെ എട്ടെണ്ണം കൃത്രിമമാണെന്നുള്ളതാണ് നിരൂപകരുടെ ഇപ്പോഴത്തെ സാർവലൗകികമായ അഭിപ്രായം. അവ ഒരു പിൽക്കാല യുഗത്തിലെ ഉല്പന്നമാണെന്നുള്ളതിന്റെ നിസ്സംശയമായ തെളിവുകൾ അവയിൽത്തന്നെയുണ്ട് . . . അവ പൊതു അനുവാദത്തോടെ ഇപ്പോൾ കള്ളപ്രമാണങ്ങളെന്ന നിലയിൽ നിരാകരിക്കപ്പെടുകയാണ്.”
“യൂസേബിയസ് സമ്മതിക്കുന്ന ഏഴു ലേഖനങ്ങളിൽ . . . നമ്മുടെ കൈവശം രണ്ട് ഗ്രീക്ക് പാഠഭേദങ്ങൾ ഉണ്ട്, ഒന്ന് ഹ്രസ്വവും ഒന്ന് ദീർഘവും. . . . ദീർഘത്തെ അപേക്ഷിച്ച് ഹ്രസ്വരൂപം പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും, അതുപോലും തികച്ചും കൂട്ടിച്ചേർപ്പുകളിൽനിന്ന് വിമുക്തമാണെന്നോ നിസ്സംശയമായ സപ്രമാണത ഉള്ളതാണെന്നോ കരുതാവുന്നതല്ലെന്ന് പണ്ഡിതൻമാരുടെയിടയിൽ പ്രബലപ്പെട്ടിരിക്കുന്ന ഗണ്യമായ ഒരു അഭിപ്രായമുണ്ടായിരുന്നു.”16
അദ്ദേഹത്തിന്റെ ഹ്രസ്വ ഭാഷ്യത്തെ യഥാർത്ഥമായി നാം സ്വീകരിക്കുന്നുവെങ്കിൽ, ക്രിസ്തു ദൈവത്തിനു കീഴ്പ്പെട്ടവനാണെന്ന് പ്രകടമാക്കുന്നതായി (ദീർഘഭാഷ്യത്തിലുള്ള) ചില പദപ്രയോഗങ്ങളെ അത് ഒഴിവാക്കുകതന്നെ ചെയ്യുന്നു, എന്നാൽ ഹ്രസ്വഭാഷ്യത്തിൽ ശേഷിക്കുന്നവ അപ്പോഴും ഒരു ത്രിത്വത്തെ തെളിയിക്കുന്നില്ല. അദ്ദേഹത്തിന്റെ എഴുത്തുകളിൽ യഥാർത്ഥം ഏതായാലും, എങ്ങനെ നോക്കിയാലും, ഇഗ്നേഷ്യസ് ദൈവവും അവന്റെ പുത്രനും അടങ്ങിയ ഒരു ദ്വിത്വത്തിൽ വിശ്വസിച്ചിരുന്നുവെന്നേ അവ പ്രകടമാക്കുന്നുള്ളു. ഇത് തീർച്ചയായും സമൻമാരുടെ ഒരു ദിത്വമായിരുന്നില്ല, എന്തുകൊണ്ടെന്നാൽ പുത്രൻ എല്ലായ്പ്പോഴും ദൈവത്തെക്കാൾ ചെറിയവനും അവനു കീഴ്പെട്ടിരിക്കുന്നവനുമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ, ഒരുവൻ ഇഗ്നേഷ്യസിന്റെ എഴുത്തുകളെ എങ്ങനെ വീക്ഷിച്ചാലും അവയിൽ ഒരു ത്രിത്വോപദേശം കാണാനില്ല.
പോളിക്കാർപ്പ്
സ്മുർന്നയിലെ പോളിക്കാർപ്പ് ഒന്നാം നൂററാണ്ടിന്റെ മൂന്നു ഭാഗങ്ങളിൽ ഒടുവിലത്തേതിൽ ജനിക്കുകയും രണ്ടാം നൂററാണ്ടിന്റെ മദ്ധ്യത്തിൽ മരിക്കുകയും ചെയ്തു. അദ്ദേഹത്തിന് അപ്പൊസ്തലനായ യോഹന്നാനുമായി സമ്പർക്കമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു, അദ്ദേഹം ഫിലിപ്പിയർക്കുള്ള പോളിക്കാർപ്പിന്റെ ലേഖനം എഴുതിയതായും പറയപ്പെടുന്നു.
പോളിക്കാർപ്പിന്റെ എഴുത്തിൽ ഒരു ത്രിത്വത്തെ സൂചിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടായിരുന്നോ? ഇല്ലായിരുന്നു, അതിനെക്കുറിച്ചുള്ള പ്രസ്താവമില്ല. അദ്ദേഹം പറയുന്നത് യേശുവും അവന്റെ ശിഷ്യൻമാരും അപ്പൊസ്തലൻമാരും പഠിപ്പിച്ചതിനോട് ചേർച്ചയിലാണ്. ഉദാഹരണത്തിന്, പോളിക്കാർപ്പ് തന്റെ ലേഖനത്തിൽ ഇങ്ങനെ പ്രസ്താവിച്ചു:
“നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനും ദൈവപുത്രനായ യേശുക്രിസ്തുതന്നെയും, . . . വിശ്വാസത്തിലും സത്യത്തിലും നിങ്ങളെ കെട്ടുപണിചെയ്യട്ടെ.”17
ക്ലെമൻറിനെ പോലെ, പോളിക്കാർപ്പും ഒരു ദൈവശിരസ്സിലെ സമൻമാരുടെ “പിതാവു” “പുത്ര” ബന്ധത്തെക്കുറിച്ച് പറയുന്നില്ലെന്ന് ഗൗനിക്കുക. പകരം, അദ്ദേഹം ‘യേശുവിന്റെ പിതാവു’ എന്നു മാത്രമല്ല, “ദൈവവും പിതാവുമായവനെ”ക്കുറിച്ച് പറയുന്നു. അതുകൊണ്ട് ബൈബിളെഴുത്തുകാർ ആവർത്തിച്ചുചെയ്യുന്നതുപോലെ, അദ്ദേഹം ദൈവത്തെയും യേശുവിനെയും വേർതിരിക്കുന്നു. 2 കൊരിന്ത്യർ 1:3-ൽ (NW) പൗലോസ് ഇങ്ങനെ പറയുന്നു: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവനായിരിക്കട്ടെ.” അവൻ പറയുന്നത് ‘യേശുവിന്റെ പിതാവ് വാഴ്ത്തപ്പെട്ടവനായിരിക്കട്ടെ’ എന്നു മാത്രമല്ല, പിന്നെയോ യേശുവിന്റെ “ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവനായിരിക്കട്ടെ” എന്നാണ്.
പോളിക്കാർപ്പ് ഇങ്ങനെയും പറയുന്നു: “സർവശക്തനായ ദൈവത്തിൽനിന്നും നമ്മുടെ രക്ഷകനായ കർത്താവായ യേശുക്രിസ്തുവിൽനിന്നുമുള്ള സമാധാനം.”18 ഇവിടെയും യേശു സർവശക്തനായ ദൈവത്തിൽനിന്ന് വേറിട്ടവനാണ്, തുല്യ ത്രിയേക ദൈവശിരസ്സിലെ ഒരു ആൾ അല്ല.
ഹെർമ്മസും പാപ്പിയസും
മറെറാരു അപ്പൊസ്തലിക പിതാവ് ഹെർമ്മസ് ആണ്, രണ്ടാം നൂററാണ്ടിന്റെ ആദ്യഭാഗത്താണ് അദ്ദേഹം എഴുതിയത്. ഇടയൻ അഥവാ പാസ്ററർ എന്ന അദ്ദേഹത്തിന്റെ കൃതിയിൽ അദ്ദേഹം ദൈവത്തെ ഒരു ത്രിത്വമായി മനസ്സിലാക്കിയിരുന്നുവെന്ന് വിശ്വസിക്കുന്നതിലേക്ക് ഒരുവനെ നയിക്കുന്ന എന്തെങ്കിലും അദ്ദേഹം പറയുന്നുണ്ടോ? അദ്ദേഹം പറഞ്ഞതിന്റെ ചില ദൃഷ്ടാന്തങ്ങൾ ശ്രദ്ധിക്കുക:
“പരിശുദ്ധാത്മാവ് സംസാരിക്കണമെന്ന് മനുഷ്യൻ ആഗ്രഹിക്കുമ്പോഴല്ല അത് സംസാരിക്കുന്നത്, എന്നാൽ അത് സംസാരിക്കണമെന്ന് ദൈവം ആഗ്രഹിക്കുമ്പോൾ മാത്രമാണ് അത് സംസാരിക്കുന്നത്. . . . ദൈവം മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതായത്, അവൻ ആളുകളെ സൃഷ്ടിക്കുകയും അവരെ തന്റെ പുത്രനു കൊടുക്കുകയും ചെയ്തു. അവരെ കാവൽചെയ്യുന്നതിന് പുത്രൻ ദൂതൻമാരെ അവരുടെമേൽ നിയമിച്ചാക്കി.”19
“ദൈവത്തിന്റെ പുത്രൻ അവന്റെ സൃഷ്ടികളെക്കാളെല്ലാം പ്രായമുള്ളവനാണ്.”20
ആത്മാവിന്റെമേലുള്ള ദൈവത്തിന്റെ ശ്രേഷ്ഠത പ്രകടമാക്കിക്കൊണ്ട് (കേവലം പിതാവല്ല), ദൈവം ആഗ്രഹിക്കുമ്പോഴാണ് ആത്മാവ് സംസാരിക്കുന്നതെന്ന് ഇവിടെ ഹെർമ്മസ് പറയുന്നു. പുത്രന്റെമേലുള്ള ദൈവത്തിന്റെ ശ്രേഷ്ഠത പ്രകടമാക്കിക്കൊണ്ട് ദൈവം തന്റെ പുത്രന് മുന്തിരിത്തോട്ടം കൊടുത്തു. ദൈവത്തിന്റെ പുത്രൻ അവന്റെ, പുത്രന്റെ, സകല സൃഷ്ടികളെക്കാളും, അതായത് ദൈവത്തിന്റെ വിഗ്ദ്ദ്ധശില്പിയെന്ന നിലയിൽ ദൈവപുത്രൻ സൃഷ്ടിച്ചവരെക്കാളെല്ലാം, പ്രായമുള്ളവനാണെന്നും അദ്ദേഹം പ്രസ്താവിക്കുന്നു, എന്തുകൊണ്ടെന്നാൽ “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറെറല്ലാം അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു.” (കൊലോസ്യർ 1:15, 16, NW) പുത്രൻ നിത്യനല്ലെന്നുള്ളതാണ് വസ്തുത. അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ട ദൂതൻമാരെപ്പോലെയുള മററു ആത്മജീവികൾക്കെല്ലാം മുമ്പ് ഉയർന്ന സ്ഥാനമുള്ള ഒരു ആത്മജീവിയായി അവൻ സൃഷ്ടിക്കപ്പെട്ടു.
ജെ. എൻ. ഡി. കെല്ലി തന്റെ ആദിമ ക്രിസ്തീയ ഉപദേശങ്ങളിൽ ദൈവപുത്രനെ സംബന്ധിച്ച ഹെർമ്മസിന്റെ വീക്ഷണങ്ങളെക്കുറിച്ച് എഴുതുന്നു:
“ദൈവത്തിന്റെ ഉൾസമിതിയായിരിക്കുന്ന ആറു ദൂതൻമാരെക്കാളും ശ്രേഷ്ഠനും ‘ഏററം പൂജ്യനും’ ‘വിശുദ്ധനും’ ‘മഹത്വമുള്ളവനും’ എന്നു വർണ്ണിക്കപ്പെടുന്നവനുമായ ഒരു ദൂതനെക്കുറിച്ച് നിരവധി ഭാഗങ്ങളിൽ നാം വായിക്കുന്നു. ഈ ദൂതന് മീഖായേൽ എന്ന പേർ കൊടുക്കപ്പെട്ടിരിക്കുന്നു. ഹെർമ്മസ് അവനെ ദൈവപുത്രനായി പരിഗണിച്ചുവെന്നും പ്രധാനദൂതനായ മീഖായേലിനോടു തുല്യനായി കരുതിയെന്നുമുള്ള നിഗമനത്തിൽ നിന്ന് ഒഴിഞ്ഞുമാറുക പ്രയാസമാണ്.”
“ഒരുതരം പരമോന്നത ദൂതനായി ക്രിസ്തുവിനെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളുടെയും . . . തെളിവുണ്ട്. കൃത്യമായ അർത്ഥത്തിൽ ത്രിത്വോപദേശത്തിന്റെ യാതൊരു ലക്ഷണവുമില്ല.”21
പാപ്പിയസും അപ്പൊസ്തലനായ യോഹന്നാനെ അറിഞ്ഞിരുന്നതായി പറയപ്പെടുന്നു. അദ്ദേഹം രണ്ടാം നൂററാണ്ടിന്റെ പ്രാരംഭത്തിൽ എഴുതിയിരിക്കാനിടയുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ എഴുത്തുകളുടെ ശകലങ്ങൾ മാത്രമെ ഇന്നു സ്ഥിതിചെയ്യുന്നുള്ളു. അവയിൽ അദ്ദേഹം ഒരു ത്രിത്വോപദേശത്തെക്കുറിച്ച് യാതൊന്നും പറയുന്നില്ല.
പൂർവാപരയോജിപ്പുള്ള ഉപദേശം
ദൈവത്തിന്റെ പരമോന്നതത്വത്തിന്റെയും യേശുവിനോടുള്ള ബന്ധത്തിന്റെയും സംഗതിയിൽ അപ്പൊസ്തലിക പിതാക്കൻമാരുടെ ഉപദേശം ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം യേശുവിന്റെയും ശിഷ്യൻമാരുടെയും അപ്പൊസ്തലൻമാരുടെയും പഠിപ്പിക്കലിനോട് തികച്ചും പൂർവാപരയോജിപ്പിലാണ്. അവരെല്ലാം ദൈവത്തെക്കുറിച്ച് ഒരു ത്രിത്വമായിട്ടല്ല, പിന്നെയോ നിത്യനും സർവശക്തനും സർവജ്ഞനുമായി വേറിട്ടുള്ള ഒരു വ്യക്തിയായി പറയുന്നു. അവരെല്ലാം ദൈവപുത്രനെക്കുറിച്ച് തന്റെ ഇഷ്ടം നിർവഹിക്കുന്നതിൽ തന്നെ സേവിക്കുന്നതിന് ദൈവം സൃഷ്ടിച്ച, ചെറിയവനും കീഴ്പെട്ടിരിക്കുന്നവനുമായി വേറിട്ടുള്ള ഒരു ആത്മജീവിയായി പറയുന്നു. ദൈവത്തോടു സമത്വമുള്ള ഒന്നായി പരിശുദ്ധാത്മാവിനെ ഒരിടത്തും ഉൾപ്പെടുത്തിയിട്ടില്ല.
അങ്ങനെ, അപ്പൊസ്തലിക പിതാക്കൻമാരുടെ, ഒന്നാം നൂററാണ്ടിന്റെ ഒടുവിലത്തെയും രണ്ടാം നൂററാണ്ടിന്റെ പ്രാരംഭത്തിലെയും ആ എഴുത്തുകളിൽ ക്രൈസ്തവലോകത്തിന്റെ ത്രിത്വത്തിന് പിന്തുണയില്ല. ദൈവത്തെയും യേശുവിനെയും പരിശുദ്ധാത്മാവിനെയും കുറിച്ച് ബൈബിൾ പറയുന്നതുപോലെതന്നെ അവർ പ്രസ്താവിച്ചു. ദൃഷ്ടാന്തത്തിന്, പ്രവൃത്തികൾ 7:55, 56ൽ നോക്കുക:
“സ്തേഫാനോസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്ക് ഉററുനോക്കുകയും ദൈവത്തിന്റെ മഹത്വവും ദൈവത്തിന്റെ വലതുഭാഗത്ത് യേശു നിൽക്കുന്നതും കാണുകയും ചെയ്തു. ‘സ്വർഗ്ഗം തുറന്നിരിക്കുന്നതായും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്ത് നിൽക്കുന്നതായും എനിക്ക് കാണാൻ കഴിയും’ എന്ന് അവൻ പറഞ്ഞു.”—കാത്തലിക്ക് ജറൂസലം ബൈബിൾ.
സ്തേഫാനോസ്, യേശു ദൈവത്തോടുകൂടെ അവന്റെ അടുത്ത് നിൽക്കുന്ന, സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ഒരു ദർശനം കണ്ടു. യേശുവിൽനിന്ന് തികച്ചും വേറിട്ട വ്യക്തിത്വത്തോടുകൂടിയ, “പിതാവ്” എന്നു മാത്രമല്ല, “ദൈവം” എന്നു വിളിക്കപ്പെട്ട ഒരുവന്റെ അടുത്ത് നിൽക്കുകയായിരുന്നു പുത്രൻ. സ്തേഫാനോസ് കണ്ട ദർശനത്തിൽ മൂന്നാമത്തെ ആൾ ഉൾപ്പെട്ടിരുന്നില്ല. യേശുവിനോടും അവന്റെ പിതാവിനോടുംകൂടെ പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിൽ കാണപ്പെട്ടില്ല.
അത് വെളിപാട് 1:1നോടു സമാനമാണ്, അതിങ്ങനെ പ്രസ്താവിക്കുന്നു: “ഇത് യേശുക്രിസ്തുവിന് ദൈവത്താൽ കൊടുക്കപ്പെട്ട വെളിപാടാണ്.” (ദി ജറൂസലം ബൈബിൾ) വീണ്ടും, പുനരുത്ഥാനം പ്രാപിച്ച സ്വർഗ്ഗത്തിലെ ക്രിസ്തു ദൈവത്തിൽനിന്ന് തികച്ചും വേറിട്ടവനായി കാണിക്കപ്പെട്ടിരിക്കുന്നു, പരിശുദ്ധാത്മാവിനെക്കുറിച്ച് പറഞ്ഞിട്ടില്ല. യേശു ത്രിത്വത്തിലെ എല്ലാമറിയാവുന്ന രണ്ടാമത്തെ ആളായിരുന്നെങ്കിൽ അവന് ഒരു വെളിപാട് എങ്ങനെ “കൊടുക്കപ്പെടാൻ” കഴിയും?
ഇവപോലുള്ള തിരുവെഴുത്തുകൾ ത്രിത്വമില്ലെന്ന് വ്യക്തമായി പ്രകടമാക്കുന്നു. ദൈവം ഒരു ത്രിത്വമാണെന്ന് മുഴുബൈബളിലുമുള്ള യാതൊരു തിരുവെഴുത്തും പറയുന്നില്ല. അപ്പൊസ്തലിക പിതാക്കൻമാരുടെ എഴുത്തുകൾ ഇതിനെ പ്രതിഫലിപ്പിച്ചു. ഏററവും തീർച്ചയായി അവർ ക്രൈസ്തവലോകത്തിന്റെ ത്രിത്വം പഠിപ്പിച്ചില്ല.
ക്രിസ്ത്യാനിത്വം സംബന്ധിച്ച അടുത്ത പ്രാധാന്യമുള്ള എഴുത്തുകളുടെ സംഹിത പിന്നീട് രണ്ടാം നൂററാണ്ടിലാണുണ്ടായത്. ഇവ അപ്പോളജിസ്ററ്സ് എന്നു വിളിക്കപ്പെട്ട വൈദികരുടെ കൃതികളായിരുന്നു. അവർ ഒരു ത്രിത്വം പഠിപ്പിച്ചോ? ഒരു ഭാവിലക്കത്തിൽ ഈ പരമ്പരയിലെ 3-ാം ഭാഗം അവരുടെ പഠിപ്പിക്കലുകൾ സംബന്ധിച്ച വിശദീകരണം നൽകും. (w92 2⁄1)
References:
1. The New Encyclopædia Britannica, 15th Edition, 1985, Micropædia, Volume 1, page 488.
2. A Dictionary of Christian Theology, edited by Alan Richardson, 1969, page 95; The New Encyclopædia Britannica, 15th Edition, 1985, Micropædia, Volume 4, page 79.
3. The Apostolic Fathers, Volume 3, by Robert A. Kraft, 1965, page 163.
4. Ibid., pages 166-7.
5. The Influence of Greek Ideas on Christianity, by Edwin Hatch, 1957, page 252.
6. The Ante-Nicene Fathers, Alexander Roberts and James Donaldson, editors, American Reprint of the Edinburgh Edition, 1885, Volume I, pages 5, 16, 21.
7. The Library of Christian Classics, Volume 1, Early Christian Fathers, translated and edited by Cyril C. Richardson, 1953, pages 70-1.
8. Ibid., page 60.
9. The Ante-Nicene Fathers, Volume I, page 52.
10. Ibid., page 58.
11. Ibid., page 62.
12. Ibid., page 108.
13. Ibid., page 116.
14. Ibid., page 53.
15. The Apostolic Fathers, Volume 4, by Robert M. Grant, 1966, page 63.
16. The Ante-Nicene Fathers, Volume I, pages 46-7; Cyclopedia of Biblical, Theological, and Ecclesiastical Literature, by John McClintock and James Strong, reprinted by Baker Book House Co., 1981, Volume IV, pages 490-3; The Catholic Encyclopedia, 1910, Volume VII, pages 644-7.
17. The Ante-Nicene Fathers, Volume I, page 35.
18. Ibid., page 33.
19. The Ante-Nicene Fathers, Volume II, pages 27, 35.
20. The Apostolic Fathers (Loeb’s Classical Library) with an English Translation by Kirsopp Lake, 1976, page 249.
21. Early Christian Doctrines, by J. N. D. Kelly, Second Edition, 1960, pages 94-5.