“പിഴുതെറിയാനാവാത്ത വേരുകൾ”
ലോകത്തിലെ ഏററവും വലുതും പഴക്കം ചെന്നതുമായ ജീവനുള്ള വസ്തുക്കളിൽപ്പെട്ടതാണ് കാലിഫോർണിയയിലെ സിക്ക്വോയ മരങ്ങൾ. ഈ ഉത്തുംഗ പ്രതിഭാസത്തിനു പൂർണവളർച്ചയെത്തുമ്പോൾ ഏതാണ്ട് 90 മീററർ ഉയരമുണ്ടാകും. ഇതിനു 3,000-ത്തിലധികം വർഷം ജീവിക്കാനാകും.
ഭയഗംഭീരമായ ദൃശ്യമാണു സിക്ക്വോയ മരത്തിനുള്ളത്. ഒപ്പംതന്നെ മതിപ്പുളവാക്കുന്നതാണ് അതിന്റെ മറഞ്ഞിരിക്കുന്ന വേരുപടലവും. മൂന്നോ നാലോ ഏക്കറോളം സ്ഥലത്തു വ്യാപിച്ച് കെട്ടുപിണഞ്ഞുകിടക്കുന്ന വേരുകളാണു സിക്ക്വോയയ്ക്കുള്ളത്. ഈ ബൃഹത്തായ വേരുപടലം നിമിത്തം പ്രളയങ്ങളിലും കൊടുങ്കാററിലും ഇതു കടപുഴകി വീഴുന്നില്ല. ഒരു ശക്തമായ ഭൂമികുലുക്കത്തെ അതിജീവിക്കാൻപോലും സിക്ക്വോയയ്ക്കു സാധിക്കുന്നു!
ശലോമോൻ രാജാവ് തന്റെ സദൃശവാക്യങ്ങളിലൊന്നിൽ ഒരു മരത്തിന്റെ ശക്തമായ വേരുപടലത്തെ ദൃഷ്ടാന്തമായി തിരഞ്ഞെടുക്കുന്നുണ്ട്. “ദുഷ്ടതയിലൂടെ ആരും നിലനിൽപ്പു നേടുന്നില്ല, എന്നാൽ പിഴുതെറിയാനാവാത്ത വേരുകളുള്ളവരാണ് നല്ല മനുഷ്യർ.” (സദൃശവാക്യങ്ങൾ 12:3, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) അതേ, ഉറച്ച അടിത്തറയില്ലാത്തവരാണ് ദുഷ്ടൻമാർ. അവർ നേടിയെടുക്കുന്നു എന്നു തോന്നിക്കുന്ന ഏതൊരു വിജയവും താത്കാലികമാണ്. കാരണം യഹോവയുടെ വാഗ്ദാനം ഇതാണ്: “ദുഷ്ടൻമാരുടെ പ്രതീക്ഷെക്കോ ഭംഗം വരും.”—സദൃശവാക്യങ്ങൾ 10:28.
ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണിത്. കാരണം ചിലർ തങ്ങളിൽത്തന്നെ ‘വേരില്ലാതെ’ വീഴുമെന്നു യേശു പറയുകയുണ്ടായി. (മത്തായി 13:20) കൂടാതെ, “വക്രതയാർന്ന ഉപദേശങ്ങളുടെ കാററിൽ ആടിയുല”യുന്ന വ്യക്തികളെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് എഴുതുകയുണ്ടായി. (എഫേസോസ് 4:14, പി.ഒ.സി. ബൈബിൾ) ഇത് എങ്ങനെ തടയാനാകും?
സിക്ക്വോയ മരത്തിന്റെ വേരുകൾ ഭൂമിയുടെ പരിപുഷ്ടമായ മണ്ണിൽ വിസ്തൃതമായി വ്യാപിച്ചിരിക്കുന്നതുപോലെ, നമ്മുടെ മനസ്സും ഹൃദയവും ദൈവവചനത്തിലേക്കു വിസ്തൃതമായി ആഴ്ന്നിറങ്ങി അതിലെ ജീവദായകജലം വലിച്ചെടുക്കേണ്ടയാവശ്യമുണ്ട്. ഇത് ഉറച്ച വേരുള്ള വിശ്വാസം വികസിപ്പിച്ചെടുക്കാൻ നമ്മെ സഹായിക്കും. പീഡനങ്ങളാകുന്ന കൊടുങ്കാററുകളുടെ ഫലങ്ങൾ നാം അനുഭവിക്കുമെന്നതു തീർച്ചയാണ്. പ്രതികൂല സാഹചര്യങ്ങൾക്കു നടുവിൽ നാം ഒരു മരത്തെപ്പോലെ ആടിയുലഞ്ഞേക്കാം. എന്നാൽ നല്ല ഉറച്ച അടിസ്ഥാനമുള്ളതാണു നമ്മുടെ വിശ്വാസമെങ്കിൽ, “പിഴുതെറിയാനാവാത്ത വേരുക”ളുള്ളവരാണു നാമെന്നു തെളിയും.—താരതമ്യം ചെയ്യുക: എബ്രായർ 6:19.