വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
സാമ്പത്തിക പ്രതിസന്ധികളുള്ള ഇക്കാലത്തു കൂടുതൽക്കൂടുതൽ വ്യക്തികളും കമ്പനികളും പാപ്പരായി പ്രഖ്യാപിക്കുന്ന വ്യവസ്ഥയിൽ ആശ്രയിക്കുകയാണ്. പാപ്പരന്യായം കൊടുക്കുന്നത് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം തിരുവെഴുത്തുപരമായി ഉചിതമാണോ?
തികച്ചും ആധുനികമായ സംഗതികളെ സംബന്ധിച്ചു ദൈവവചനം പ്രായോഗിക മാർഗനിർദേശം നൽകുന്നതെങ്ങനെയാണ് എന്നതിനുള്ള ഉത്തമമായ ദൃഷ്ടാന്തം പ്രദാനം ചെയ്യുന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. പല രാജ്യങ്ങളിലും പാപ്പരത്തത്തെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളുണ്ട്. ഓരോ രാജ്യത്തെയും നിയമങ്ങൾക്കു വ്യത്യാസമുണ്ടായിരിക്കും. അതുകൊണ്ട്, ഇക്കാര്യത്തിൽ നിയമപരമായ ഉപദേശം നൽകുക ക്രിസ്തീയ സഭയുടെ ഉത്തരവാദിത്വമല്ല. എന്നാൽ പാപ്പരായി പ്രഖ്യാപിക്കുന്ന നിയമവ്യവസ്ഥയുടെ ഒരു ആകമാന വീക്ഷണമെന്തെന്നു നമുക്കു നോക്കാം.
വ്യക്തികളെയും ബിസിനസ്സ് സ്ഥാപനങ്ങളെയും പാപ്പരായി പ്രഖ്യാപിക്കുന്നത് ഗവൺമെൻറ് അനുവദിക്കുന്നതിന്റെ ഒരു കാരണം പണം കടം കൊടുത്തവർക്ക് അഥവാ മറേറതെങ്കിലും നിക്ഷേപം കൊടുത്തവർക്ക് (creditors) പണം വായ്പ വാങ്ങുകയോ നിക്ഷേപം ഏറെറടുത്തിരിക്കുകയോ ചെയ്തിട്ട് തങ്ങൾ കടപ്പെട്ടിരിക്കുന്നതു തിരികെ കൊടുക്കാത്ത ആളുകളിൽനിന്ന് അല്ലെങ്കിൽ ബിസിനസ്സുകാരിൽനിന്ന് (debtors) അത് ഒരളവോളം സംരക്ഷണം നൽകുന്നു എന്നതാണ്. നിക്ഷേപകർക്കു ചെയ്യാൻ ഒന്നേയുള്ളൂ. കോടതിയെ സമീപിച്ച് കടക്കാരനെ പാപ്പരായി പ്രഖ്യാപിക്കുന്ന ഉത്തരവു നേടുക. എന്നിട്ട് ഭാഗികമായ ഒരു നഷ്ടപരിഹാരമെന്ന നിലയിൽ അയാളുടെ വസ്തുവകകൾ വീതിച്ചെടുക്കുക.
പാപ്പരായി പ്രഖ്യാപിക്കുന്ന വ്യവസ്ഥയുടെ മറെറാരു പ്രയോജനം തങ്ങളുടെ നിക്ഷേപകരെ സത്യസന്ധമായി തൃപ്തിപ്പെടുത്താനാവാത്ത കടക്കാർക്ക് അതൊരു സുരക്ഷാവലയായിത്തീരുന്നു എന്നതാണ്. തന്റെ ചില സ്വത്തുക്കൾ മാത്രം പങ്കിട്ടെടുക്കാൻ നിക്ഷേപകർക്കു കഴിയുമാറു പാപ്പരത്തപ്രഖ്യാപനത്തിനെതിരെ കേസ് കൊടുക്കാൻ കടക്കാരന് അനുവാദമുണ്ടായേക്കാം. അപ്പോൾപ്പോലും തന്റെ വീടോ ഏതാനും മിനിമം വസ്തുവകകളോ നിലനിർത്താനും ഭാവിയിൽ ഇനിയും നഷ്ടപ്പെടുമെന്നോ തനിക്കു മുമ്പു പണം തന്നവർ പിടിച്ചുപറിക്കുമെന്നോ ഉള്ള ഭീഷണി കൂടാതെ അവ സ്വതന്ത്രമായി അനുഭവിച്ചുകൊള്ളാനും നിയമം അദ്ദേഹത്തെ അനുവദിച്ചേക്കാം.
അപ്പോൾ, പണപരമോ വ്യാവസായികമോ ആയ ഇടപാടുകളിൽ രണ്ടു കൂട്ടർക്കും ഒരളവോളം സംരക്ഷണം നൽകാനുദ്ദേശിച്ചുള്ളതാണ് ഈ നിയമങ്ങളെന്നതു വ്യക്തമാണ്. എന്നിരുന്നാലും, സഹായകമായ എന്തു ബുദ്ധ്യുപദേശമാണു ബൈബിൾ നൽകുന്നതെന്നു നമുക്കു നോക്കാം.
കടക്കാരനായിത്തീരുന്നതിനെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ ഈ സംഗതി ആദ്യംതൊട്ട് അവസാനംവരെ ബൈബിൾ വായിക്കുന്ന ഒരാളുടെ ശ്രദ്ധയിൽപ്പെടാതെപോകാൻ സാധ്യതയില്ല. സദൃശവാക്യങ്ങൾ 22:7 പോലുള്ള മുന്നറിയിപ്പുകൾ നാം കാണുന്നു: “ധനവാൻ ദരിദ്രൻമാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ.”
മത്തായി 18:23-34-ലെ ഒരു വൻകടക്കാരനായ ദാസനെക്കുറിച്ചുള്ള യേശുവിന്റെ ഉപമയും ഓർക്കുക. “അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിററു കടം തീർപ്പാൻ കല്പിച്ചു.” എന്നാൽ പിന്നീട് ആ യജമാനനായ രാജാവ് മനസ്സലിഞ്ഞ് കരുണ കാട്ടി. കുറെക്കഴിഞ്ഞ് ആ ദാസൻ നിർദയമായി പെരുമാറിയപ്പോൾ രാജാവ് “അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു.” അപ്പോൾ വ്യക്തമായും ഏററവും നല്ലതെന്നു നിർദേശിച്ചിരിക്കുന്ന സംഗതി കടം വാങ്ങാതിരിക്കുക എന്നതുതന്നെയാണ്.
പുരാതന ഇസ്രായേലിൽ ദൈവത്തിന്റെ ദാസൻമാർക്കു ബിസിനസ്സ് ഇടപാടുകളുണ്ടായിരുന്നു. ചില അവസരങ്ങളിൽ കടംവാങ്ങലും കടംകൊടുക്കലുമൊക്കെ ഉണ്ടായിരുന്നു. എന്തു ചെയ്യാനാണ് യഹോവ അവരെ പ്രബോധിപ്പിച്ചത്? ഒരു ബിസിനസ്സ് തുടങ്ങാനോ വിപുലീകരിക്കാനോവേണ്ടി പണം കടമെടുക്കാൻ ഒരു വ്യക്തിക്ക് ആഗ്രഹമുണ്ടെങ്കിൽ അതിനു പലിശ ഈടാക്കുക എന്നത് ഒരു എബ്രായനെ സംബന്ധിച്ചിടത്തോളം നിയമപരവും സർവസാധാരണവുമായിരുന്നു. എന്നുവരികിലും, ദരിദ്രനായ ഇസ്രായേല്യനു കടം കൊടുക്കുമ്പോൾ നിസ്വാർഥരായിരിക്കാൻ ദൈവം തന്റെ ജനത്തോട് ആവശ്യപ്പെട്ടു. പ്രതികൂല സാഹചര്യം മുതലെടുത്ത് അവർ പലിശ ഈടാക്കാൻ പാടില്ലായിരുന്നു. (പുറപ്പാടു 22:25) ആവർത്തനപുസ്തകം 15:7, 8 [NW] പറയുന്നു: “നിന്റെ സഹോദരൻമാരിൽ ആരെങ്കിലും ദരിദ്രൻ ആയിത്തീർന്നാൽ, . . . നിന്റെ കൈ അവന്നുവേണ്ടി ഔദാര്യപൂർവം തുറന്ന് അവന്റെ ബുദ്ധിമുട്ടിനു യോജിച്ചവിധം അവന് ആവശ്യമുള്ളത്രയും ഏതുവിധേനയും വായ്പ കൊടുക്കേണം.”
കുടുംബവക ആട്ടുകല്ലോ രാത്രിയിൽ തണുപ്പകററാനുള്ള വസ്ത്രമോ പോലുള്ള അത്യാവശ്യ ജീവനസാധനങ്ങൾ കടം കൊടുത്തവർ കടക്കാരനിൽനിന്നു പിടിച്ചെടുക്കരുതെന്നു വ്യവസ്ഥ ചെയ്തിരുന്ന നിയമങ്ങളിലും പ്രതിഫലിച്ചതു സമാനമായ ദയയും പരിഗണനയുംതന്നെയാണ്.—ആവർത്തനപുസ്തകം 24:6, 10-13; യെഹെസ്കേൽ 18:5-9.
എല്ലാ യഹൂദരും തങ്ങളുടെ മഹാന്യായാധിപനിൽനിന്നും നിയമദാതാവിൽനിന്നുമുള്ള ഈ സ്നേഹപുരസ്സരമായ നിയമങ്ങളുടെ അന്തസ്സത്ത അംഗീകരിച്ച് ബാധകമാക്കിയില്ലെന്നത് തീർച്ചയാണ്. (യെശയ്യാവു 33:22) അത്യാഗ്രഹികളായ ചില യഹൂദർ തങ്ങളുടെ സഹോദരൻമാരോട് ഇടപെട്ടത് വളരെ പരുഷമായിട്ടായിരുന്നു. അപ്രതീക്ഷിത ദുരിതങ്ങൾ നേരിട്ടതിനാൽ ആ സമയത്ത് പണം കൊടുക്കാനാവാത്ത ആത്മാർഥതയുള്ള ക്രിസ്ത്യാനികളോടുപോലും ഒരു മയവുമില്ലാത്ത, ന്യായയുക്തമല്ലാത്ത ആവശ്യങ്ങൾ ഉന്നയിക്കുന്ന ചില നിക്ഷേപകർ ഇന്നുമുണ്ട്. (സഭാപ്രസംഗി 9:11) വഴക്കമില്ലാത്തതും സമ്മർദം ചെലുത്തുന്നതുമായ അവരുടെ ആവശ്യങ്ങൾകൊണ്ട്, ലോകക്കാരായ നിക്ഷേപകർ അത്തരം കടക്കാരെ തങ്ങളുടേതായ സംരക്ഷണം തേടാതെ നിർവാഹമില്ലെന്നു ചിന്തിക്കുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചേക്കാം. എങ്ങനെ? ചില സംഭവങ്ങളിൽ നിക്ഷേപകർ അംഗീകരിക്കുന്ന ഒരേ ഒരു പോംവഴി പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നിയമനടപടിയായിരിക്കും. അതുകൊണ്ട്, അത്യാഗ്രഹിയോ തന്റെ കടങ്ങളെ സംബന്ധിച്ചു ശ്രദ്ധക്കുറവു കാണിക്കുന്നവനോ അല്ലാത്ത ഒരു ക്രിസ്ത്യാനി താൻ പാപ്പരാണെന്നു പ്രഖ്യാപിച്ചുകിട്ടാൻ നടപടിയെടുത്തേക്കാം.
എന്നുവരികിലും, സംഗതിയുടെ മറുവശത്തെക്കുറിച്ചും നമുക്കു ബോധമുണ്ടായിരിക്കണം. ഒരു ക്രിസ്ത്യാനി കടത്തിലായിപ്പോയത് ചിലപ്പോൾ എന്തിൽ അഥവാ എത്രമാത്രം ചെലവിടണമെന്നതിൽ അദ്ദേഹം ആത്മസംയമനം പാലിക്കാഞ്ഞിട്ടാവാം. അല്ലെങ്കിൽ ബിസിനസ്സ് തീരുമാനങ്ങളിൽ ന്യായയുക്തമായ ദീർഘവീക്ഷണം പുലർത്താഞ്ഞിട്ടാവാം. എന്തു ചെയ്യാമെന്ന മട്ടിൽ അയാൾ നിർവികാരത പ്രകടിപ്പിക്കുന്നെങ്കിൽ, പാപ്പരാണെന്നുള്ള പ്രഖ്യാപനം നേടി പെട്ടെന്നു തടിതപ്പുന്നെങ്കിൽ, അങ്ങനെ മോശമായ തന്റെ കണക്കുകൂട്ടലുകളുടെ ഫലമായി മററുള്ളവരെ ദ്രോഹിക്കുന്നെങ്കിൽ അതു നീതിയായിരിക്കുമോ? സാമ്പത്തികമായ അത്തരം നിരുത്തരവാദിത്വം ബൈബിൾ അംഗീകരിക്കുന്നില്ല. ഉവ്വ് എന്നതിന് ഉവ്വ് എന്നു മാത്രമേ അർഥമുണ്ടായിരിക്കാവൂ എന്നാണു ബൈബിൾ ദൈവദാസനോട് ആവശ്യപ്പെടുന്നത്. (മത്തായി 5:37) ഒരു ഗോപുരം പണിയുന്നതിനു മുമ്പു കണക്കു കൂട്ടണമെന്നതു സംബന്ധിച്ചുള്ള യേശുവിന്റെ അഭിപ്രായവും അനുസ്മരിക്കുക. (ലൂക്കൊസ് 14:28-30) അതിനോടുള്ള ചേർച്ചയിൽ, കടം വാങ്ങുന്നതിനുമുമ്പു നഷ്ടസാധ്യതകളെക്കുറിച്ചെല്ലാം ഒരു ക്രിസ്ത്യാനി ഗൗരവമായി ചിന്തിക്കണം. ഒരിക്കൽ കടം വാങ്ങിയാൽപ്പിന്നെ, വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ താൻ കൊടുക്കേണ്ട പണം തിരിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് അയാൾക്കു ബോധമുണ്ടായിരിക്കണം. ഒരു ക്രിസ്ത്യാനി ഉത്തരവാദിത്വമില്ലാത്തവനോ അവിശ്വസ്തനോ ആയിരുന്നുവെന്ന് അനേകരും മനസ്സിലാക്കിയാൽ അതിനർഥം അയാൾ അധ്വാനിച്ചു നേടിയെടുത്ത തന്റെ സൽപ്പേരിനു കളങ്കം ചാർത്തിക്കഴിഞ്ഞുവെന്നാണ്. അയാളെക്കുറിച്ച് ഇനി മററുള്ളവർ നല്ല സാക്ഷ്യം കൊടുക്കില്ല.—1 തിമൊഥെയൊസ് 3:2, 7.
യഹോവ സ്വാഗതമരുളുന്നത് ഏതുതരം വ്യക്തിയെയാണ് എന്നതിനെപ്പററി നമ്മോടു പറയുന്ന സങ്കീർത്തനം 15:4 അനുസ്മരിക്കുക. നാം ഇങ്ങനെ വായിക്കുന്നു: ‘[ദൈവത്തിന്റെ അംഗീകാരമുള്ളവൻ] സത്യംചെയ്തിട്ടു ചേതം വന്നാലും മാറാത്തവ’നാണ്. അതേ, തങ്ങളോട് ഇടപെടാൻ ആഗ്രഹിക്കുന്ന വിധത്തിൽത്തന്നെ ക്രിസ്ത്യാനികൾ തങ്ങളുടെ നിക്ഷേപകരോട് ഇടപെടണമെന്നാണു ദൈവം പ്രതീക്ഷിക്കുന്നത്.—മത്തായി 7:12.
ചുരുക്കിപ്പറഞ്ഞാൽ, പാപ്പരായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച കൈസറുടെ നിയമങ്ങളിൽനിന്ന് അപൂർവം ചില സാഹചര്യങ്ങളിൽ ക്രിസ്ത്യാനികൾക്കു സംരക്ഷണം നേടാനാവുമെന്ന സാധ്യതയെ ബൈബിൾ തള്ളിക്കളയുന്നില്ല. എന്നുവരികിലും, ക്രിസ്ത്യാനികൾ അസാമാന്യമാംവിധം സത്യസന്ധരും വിശ്വസ്തരുമായിരിക്കണം. അങ്ങനെ, സാമ്പത്തിക കടപ്പാടുകൾ നിറവേററാനുള്ള തങ്ങളുടെ ആത്മാർഥമായ ആഗ്രഹത്തിൽ അവർ മാതൃകയായിരിക്കണം.