കടം! വരുത്തൽ വീട്ടൽ
ലൂയിസും റിക്കും വിവാഹിതരായിട്ട് ഏതാണ്ട് ഒരു വർഷമായി. അനേകം യുവദമ്പതികളെപ്പോലെ അവർക്ക് എല്ലാം ഉടൻതന്നെ വേണമായിരുന്നു—അത് എളുപ്പവുമായിരുന്നു! ററിവി-ക്കു കൊടുക്കേണ്ടിയിരുന്നത് പ്രതിമാസം വെറും 52 ഡോളറായിരുന്നു. ഒരു വിസിആറും കൂടെ വാങ്ങുന്നതിന് കൊടുക്കേണ്ടിയിരുന്നത് 78 ഡോളർ മാത്രമായിരുന്നു. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങുന്നത് അല്പവുംകൂടെ പ്രയാസമായിരുന്നു—പ്രതിമാസം 287 ഡോളറായിരുന്നു കൊടുക്കേണ്ടിയിരുന്നത്. തീർച്ചയായും, കർട്ടനുകൾക്കും പരവതാനിക്കുമുള്ള ചെലവ് അതിൽ ഉൾപ്പെട്ടിരുന്നില്ല, അവക്ക് 46.50 ഡോളർകൂടെ കൊടുക്കണമായിരുന്നു. എന്നാൽ ഫൈനാൻസ് കമ്പനി സഹകരണമുള്ളതായിരുന്നു.
കട അവരുടെ ക്രെഡിററ് കാർഡ് സ്വീകരിച്ചതുകൊണ്ട് ഉപകരണങ്ങൾ ഏറെ എളുപ്പത്തിൽ കിട്ടി. ആ വിധത്തിൽ പ്രതിമാസ പണമടകൾ സ്വതഃപ്രേരിതമായിരുന്നു. അവർ ഒരു വായ്പക്ക് അപേക്ഷിക്കേണ്ടിയിരുന്നില്ല. റിക്ക് പ്ലാൻ ചെയ്തിരുന്നതുപോലെ അയാളുടെ സ്പോർട്ട്സ്കാറിന്റെ വില വിവാഹത്തിനുമുമ്പ് വീട്ടിക്കഴിഞ്ഞിരുന്നെങ്കിൽ കുറേകൂടെ എളുപ്പമായിരുന്നു, എന്നാൽ അയാൾക്ക് അതു ചെയ്യാൻ കഴിഞ്ഞില്ലത്രേ.
റിക്ക് അതിപ്രകാരം പറഞ്ഞു: “വിവാഹം ഗംഭീരമായിരിക്കുമെന്നു ഞാൻ വിചാരിച്ചു, എന്നാൽ വെറും തമാശയല്ലാത്ത ഞങ്ങളുടെ കടങ്ങളെക്കുറിച്ച് ഞാൻ വളരെയധികം വ്യാകുലപ്പെടുകയാണ്.” ലോയിസ് സമ്മതിക്കുകയും ഇങ്ങനെ കൂട്ടിച്ചേർക്കുകയുംചെയ്തു: “കടംവരുത്തുന്നത് വളരെ എളുപ്പമായിരുന്നു. ഞങ്ങൾ എന്നെങ്കിലും കടത്തിൽനിന്നു വിമുക്തരാകുമോ?”
ഈ ദീനമായ ചോദ്യം ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും ദശലക്ഷക്കണക്കിനു കുടുംബങ്ങളെ അഭിമുഖീകരിക്കുന്ന വിഷമാവസ്ഥയെ പ്രതിദ്ധ്വനിപ്പിക്കുന്നു. വലുതും ചിലപ്പോൾ വഹിക്കാൻ പ്രയാസവുമായ ഋണഭാരം വഹിക്കാതെ ജീവിതം നയിക്കുന്ന ആളുകൾ തീർച്ചയായും അപൂർവമാണ്.
കടംവരുത്തൽ
ഒരുവൻ കടത്തിലകപ്പെടുന്നതെങ്ങനെയാണ്? ലളിതം! അത് ഒരു ജീവിതരീതിയാണ്. ഗവൺമെൻറുകളും ബഹുരാഷ്ട്ര കോർപ്പറേഷനുകളും ചെറിയ ബിസിനസുകളും കുടുംബങ്ങളും വ്യക്തികളുമെല്ലാം കടത്തെ സാധാരണമായി അംഗീകരിക്കാനിടയായിരിക്കുന്നു.
വൃഥാഭിമാനം മിക്കപ്പോഴും കടം സൃഷ്ടിക്കുന്നു. കടം സമ്മർദ്ദമുളവാക്കുന്നു. സമ്മർദ്ദം മററു പ്രയാസങ്ങളിലേക്കു നയിക്കുന്നു. അതുകൊണ്ട് ഋണോൻമുഖമായിരിക്കുന്ന ഒരു ലോകത്തിൽ ഒരുവൻ ജീവിക്കുന്നതും അതേസമയം കടമില്ലാതിരിക്കുന്നതും എങ്ങനെയാണ്?
ഒരുപക്ഷേ പഠിക്കേണ്ട ഒന്നാമത്തെ പാഠം വിൽപ്പനയോടുള്ള ലളിതമായ ചെറുത്തുനിൽപ്പാണ്. വായ്പകൾ വാഗ്ദാനംചെയ്യുന്ന പോസ്റററുകളാൽ ആക്രമിക്കപ്പെടാതെ ഒരുവന് മിക്ക പണമിടപാട്സ്ഥാപനങ്ങളിലും പ്രവേശിക്കാവുന്നതല്ല. ക്രെഡിററ് കാർഡുകൾ അനായാസം ലഭ്യമാണ്. ലോൺതട്ടിപ്പുകാർ മുതൽ ആദരണീയമായ ബാങ്കിംഗ്സ്ഥാപനങ്ങൾവരെയുള്ളവരിൽ പണംവിൽക്കുന്ന തൊഴിലിലേർപ്പെട്ടിരിക്കുന്ന വിജയശാലികളും ആക്രമണകാരികളുമായ ദശലക്ഷക്കണക്കിനാളുകളുണ്ട്. അവരെ സംബന്ധിച്ചിടത്തോളം പണം പലവ്യഞ്ജനങ്ങൾ പോലെയുള്ള ഒരു ചരക്കാണ്—അവരുടെ ജോലി അതു നിങ്ങൾക്കു വിൽക്കുകയാണ്. വേണ്ട എന്നു പറയാൻ പഠിക്കുക.
കടം കൈകാര്യംചെയ്യൽ
കടവും ആദായവും തമ്മിൽ സ്വീകാര്യമായ ഒരു അനുപാതം നിർവചിക്കാൻ അനേകം ഫോർമുലാകൾ നിലവിലുണ്ട്. എന്നാൽ ഇവ വളരെയധികം വ്യത്യസ്തങ്ങളാകയാൽ പലതും അർത്ഥശൂന്യമാണ്. ഉദാഹരണത്തിന്, ഒരു കുടുംബത്തിന് മൊത്തം വരുമാനത്തിന്റെ 30 ശതമാനം അനായാസം താമസസ്ഥലത്തിനുവേണ്ടി മാററിവെക്കാവുന്നതാണെന്ന് ചില സാമ്പത്തികവിദഗ്ദ്ധൻമാർ വിചാരിക്കുന്നു. ഇത് മോർട്ട്ഗേജോ വാടകയോ കൊടുക്കുന്നതിനാണ്. എന്നിരുന്നാലും, ഈ ഫോർമുലാ വളരെ ദരിദ്രരായവർക്ക് ആശാസ്യമല്ലായിരിക്കാം. അതുകൊണ്ട് സാമാന്യ ഫോർമുലാകൾ മിക്കപ്പോഴും തീരെ അസ്പഷ്ടമാണ്. കടനിയന്ത്രണത്തിന്റെ മുഴുപ്രശ്നവും ഒരു വ്യക്തിപരമായ തലത്തിൽ പരിചിന്തിക്കുന്നതാണ് മെച്ചം.
ചില കടങ്ങൾ സ്വീകാര്യമായിരിക്കാം, എന്നാൽ ഇത് വിവേചനയും ശ്രദ്ധാപൂർവകമായ കൈകാര്യവും ആവശ്യമാക്കിത്തീർക്കുന്നു. ഉദാഹരണത്തിന്, കടംവരുത്താതെ മിക്കവർക്കും ഒരു വീടു വാങ്ങാൻ കഴികയില്ല. ഒരു കുടുംബം രൊക്കം പണം കൊടുത്തു വീടുവാങ്ങാൻ വേണ്ടത്ര പണം സമ്പാദിക്കുന്നതുവരെ വാടകക്ക് താമസിക്കണമെന്നു വിചാരിക്കുന്നത് അപ്രായോഗികമാണ്. ഒരിക്കലും ആ സമ്പാദ്യമുണ്ടായെന്നു വരില്ല. എന്നാൽ, തങ്ങൾ വാടകയായി കൊടുക്കുന്ന പണം ഒരു വീട് തവണയായി പണമടച്ചുവാങ്ങാൻ തിരിച്ചുവിടാൻ കഴിയുമെന്ന് ഒരു കുടുംബം വിചാരിച്ചേക്കാം. ഈ പദ്ധതിക്ക് അനേകം വർഷം വേണ്ടിവന്നാലും അത് കൂടുതൽ പ്രായോഗികമാണെന്ന് കുടുംബം വിചാരിക്കുന്നു.
കാലം കടന്നുപോകുന്നതോടെ വീടിന്റെ വില വർദ്ധിക്കാനിടയുണ്ടെന്നു നാം തിരിച്ചറിയുമ്പോൾ വീടിന്റെ തവണകൾ പ്രതിമാസവാടകയെക്കാൾ കൂടുതലായിരിക്കാമെങ്കിലും അവർ വീടിന്റെ വിലയും അതിന്റെ അവകാശവും തുല്യത സൃഷ്ടിക്കുന്നതുകൊണ്ട് കുടുംബത്തിനു മെച്ചമായിരിക്കുമെന്നു സിദ്ധിക്കുന്നു. അതുകൊണ്ട് വഹിക്കാവുന്ന ന്യായമായ തുക തവണകളായി അടച്ച് മോർട്ട്ഗേജ് വ്യവസ്ഥയിൽ ഒരു വീടു വാങ്ങുന്നത് സ്വീകാര്യമായ ഒരു കടമായിരിക്കാം. മററ് അത്യാവശ്യമായ വലിയ കുടുംബക്രയങ്ങൾസംബന്ധിച്ചും ഇതുതന്നെ പറയാവുന്നതാണ്.
മററു രൂപത്തിലുള്ള കടങ്ങൾ തികച്ചും അസ്വീകാര്യമായിരിക്കാം. കടത്തിന്റെ കൈകാര്യത്തിൽ അവയെ ത്യജിക്കുന്നതിനുള്ള പ്രാപ്തി ഉൾപ്പെടുന്നു. ഒരുപക്ഷേ ഏററം നല്ല നിയമം ഇതായിരിക്കാം: നിങ്ങൾക്ക് ആവശ്യമില്ലാത്തതും വാങ്ങാൻ നിർവാഹമില്ലാത്തതും വാങ്ങരുത്. ക്ഷിപ്രവികാരത്താലുള്ള വാങ്ങൽ ഒഴിവാക്കുക. എന്തിനെങ്കിലും പകുതി വില കൊടുത്താൽമതിയെങ്കിൽപോലും നിങ്ങൾക്ക് അതു വഹിക്കാൻ പ്രയാസമാണെങ്കിൽ അത് ലാഭകരമായിരിക്കയില്ല. സുഖലോലുപ വസ്തുക്കൾക്കുവേണ്ടി കടംവാങ്ങരുത്. നിങ്ങൾ പോകുന്നതിനുമുമ്പ് ചെലവുവഹിക്കാൻ കഴിവില്ലെങ്കിൽ അവധിക്കാലപര്യടനങ്ങൾ നടത്തരുത്. നിങ്ങൾ വാങ്ങുന്ന എന്തിനും ഏതെങ്കിലുമൊരു സമയത്ത് വിലകൊടുക്കണം. പണം കൊണ്ടുനടക്കുന്നതൊഴിവാക്കാൻ ക്രെഡിററ് കാർഡുകൾ ഉപയോഗപ്രദമാണ്, എന്നാൽ പണം കടംവാങ്ങാനുള്ള ഒരു മാർഗ്ഗമായി ഉപയോഗിക്കുമ്പോൾ അവ വളരെ ചെലവുവരുത്തുന്നവയാണ്.
കടത്തിൽനിന്നു വിമുക്തരാകൽ
കടം സംബന്ധിച്ച ബുദ്ധിയുപദേശം തങ്ങളേസംബന്ധിച്ച് വളരെ വൈകിപ്പോയതായി ചിലർ വിചാരിച്ചേക്കാം. ‘ഞാൻ ഇപ്പോൾത്തന്നെ ധാരാളം ബില്ലുകൾക്കു പണമടക്കാനുണ്ട്. എനിക്ക് എങ്ങനെ പുറത്തുകടക്കാൻ കഴിയും?’ തുടക്കമിടുന്നതിന് ഒരിക്കലും വൈകിപ്പോയിട്ടില്ലെന്നുള്ളതാണ് വസ്തുത.
പ്രശസ്തിയുള്ള ഒരു ബാങ്കുമായി ഒരു പ്രായോഗികബന്ധം സ്ഥാപിക്കുകയെന്നതാണ് ഒന്നാമതു ചെയ്യേണ്ട സംഗതി. നിങ്ങൾ കടമെടുക്കണമെങ്കിൽ, ഇവിടെയാണ് നിങ്ങൾക്ക് ഏററം നല്ല പലിശനിരക്കു ലഭിക്കാനിടയുള്ളത്. നിങ്ങളുടെ ബാങ്ക് നിങ്ങൾക്ക് ഒരു ലോൺ നൽകാൻ വിസമ്മതിക്കുന്നുവെങ്കിൽ അത് നിങ്ങൾക്ക് ഒരു ഉപകാരമായിരിക്കാം ചെയ്യുന്നത്. അതിന് പണം കടംകൊടുക്കുന്ന തൊഴിലാണുള്ളതെന്നും ന്യായമെന്നു തോന്നുന്നുവെങ്കിൽ അതു നിങ്ങൾക്കു കടംതരുമെന്നും ഓർത്തിരിക്കുക.
രണ്ടാമതായി, നിങ്ങൾ ഒരു ക്രമീകൃതമായ വിധത്തിൽ കടം വീട്ടിത്തുടങ്ങണം. അടുത്ത 24 മാസങ്ങളിൽ നിങ്ങൾക്കു ലഭിക്കാൻ പ്രതീക്ഷിക്കുന്ന വ്യക്തിപരമായ പണം ഒരു കടലാസ്സിൽ കുറിക്കുക. യാഥാർത്ഥ്യബോധം പ്രകടമാക്കുക. നിങ്ങൾക്കു ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന ഓരോ വരുമാനശകലവും ഉൾപ്പെടുത്തുക. പിന്നീട് കൊടുക്കേണ്ടതെല്ലാം പട്ടികപ്പെടുത്തുക. ഇപ്പോൾ നിങ്ങൾക്കു ചിന്തിക്കാൻ പോലും കഴിയാത്ത ഇനങ്ങൾക്ക് കുറെ പണമനുവദിക്കുക. മുൻഗണനാക്രമത്തിൽ കടങ്ങൾ പട്ടികപ്പെടുത്തുക. പിന്നീട് ഓരോ കടത്തിനും കുറച്ചു പണമടവെങ്കിലും കിട്ടത്തക്കവണ്ണം ന്യായമായ അടിസ്ഥാനത്തിൽ നിങ്ങളുടെ പണം വീതം വെക്കുക. ഓരോ കടവും വീട്ടാൻ ഒരു തീയതി ലക്ഷ്യം വെക്കുക.
ഈ പദ്ധതിയോടനുബന്ധിച്ച് നിങ്ങൾക്ക് എവിടെ ചെലവുകൾ കുറയ്ക്കാമെന്നു പരിചിന്തിക്കുക. കടംകുറയ്ക്കലിന് എല്ലായ്പ്പോഴും കുറെ ത്യാഗം ആവശ്യമാണ്. പലചരക്കുകൾ വാങ്ങുമ്പോൾ വിലപേശലിനാൽ വിലകുറയ്ക്കാൻ കഴിയുമോ? ഭക്ത്യ ആസൂത്രണത്തിൽ വിലക്കുറവുള്ള ഏതു പകരവസ്തുക്കൾ ഉപയോഗിക്കാം? അവധിക്കാലങ്ങൾ വെട്ടിച്ചുരുക്കാൻ കഴിയുമോ? നിങ്ങളുടെ ജീവിതനിലവാരങ്ങൾ കുറയ്ക്കാൻ കഴിയുമോ? ചില സുഖഭോഗവസ്തുക്കളുടെ കൂടെക്കൂടെയുള്ള ഉപയോഗം കുറേക്കൂടെ കുറയ്ക്കാൻ കഴിയുമോ? ചിലപ്പോൾ നാം നമ്മോടുതന്നെ പരുഷരായിരിക്കേണ്ടതുണ്ട്. ചില ചെലവുകൾ “അവശ്യസാധനങ്ങളുടെ” പംക്തിയിൽനിന്ന് “സുഖഭോഗവസ്തുക്കളുടെ” പംക്തിയിലേക്കു മാററാൻ കഴിയും.
നിങ്ങൾ കടലാസ്സിൽ ഒരു പ്ലാൻ തയ്യാറാക്കിക്കഴിഞ്ഞാൽ നിങ്ങളുടെ ബാങ്ക്ലോൺ ഓഫീസറുമായി അതിനെക്കുറിച്ചു ചർച്ചചെയ്യുക. നിങ്ങൾ കാര്യമായിട്ടാണെന്ന് കാണുമ്പോൾ അയാൾക്ക് മതിപ്പുണ്ടാകും. പ്ലാൻ എങ്ങനെ മെച്ചപ്പെടുത്താമെന്ന് നിങ്ങളെ കാണിച്ചുതരാൻ അയാൾക്കു കഴിഞ്ഞേക്കും. അയാൾ ഒരു കടപുനഃസംഘടനാ ലോൺ നിദ്ദേശിക്കുകപോലും ചെയ്തേക്കാം. അങ്ങനെയെങ്കിൽ, പലിശനിരക്കും പുനഃസംഘടിത കടം തിരിച്ചടക്കേണ്ട കാലാവധിയും തീർച്ചയായും പരിഗണിക്കണം. സാധാരണയായി അത് കുറേക്കൂടെ ദീർഘമായ കാലഘട്ടം കൊണ്ട് കുറഞ്ഞ തുകകളായി അടച്ചുതീർക്കുന്നതിനെ അർത്ഥമാക്കിയേക്കാം. എന്നാൽ കൂടുതൽ പണം കടമെടുക്കാൻ കടപുനഃസംഘടനയെ ഉപയോഗിക്കാനുള്ള പ്രലോഭനമുണ്ടാകരുത്.
ആശയവിനിയമം ചെയ്യുക!
ഏതു കടംകുറയ്ക്കൽ പരിപാടിയും വിജയിക്കണമെങ്കിൽ ആശയവിനിയമം ആവശ്യമാണ്. നിങ്ങൾ പണംകൊടുക്കാനുള്ള ഓരോ ആളിനെയും സന്ദർശിക്കുക അല്ലെങ്കിൽ ഫോണിൽ വിളിക്കുക. സഹായകമെന്നു നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ, നിങ്ങളുടെ പ്ലാൻ അവരെ കാണിക്കുക. കുറഞ്ഞപക്ഷം അവരോടു സംസാരിക്കുകയെങ്കിലും ചെയ്യുക. നിങ്ങൾ എന്താണ് ചെയ്യുന്നതെന്നറിയാൻ അവർ ആഗ്രഹിക്കുന്നുവെന്നോർക്കുക. അവരെ അറിയിച്ചുകൊണ്ടിരിക്കുക. കടംതരുന്ന യാതൊരാൾക്കും പൊറുക്കാൻകഴിയാത്ത ഒന്നാണ് നിങ്ങളുടെ മൗനം. മൗനം പെട്ടെന്നുതന്നെ ഉദാസീനതയായോ പണം തിരിച്ചടക്കാനുള്ള വിസമ്മതംപോലുമായോ വ്യാഖ്യാനിക്കപ്പെടുന്നു. സംഭവിക്കുന്നതെന്തെന്ന് വിശദീകരിക്കാൻ ആരും തുനിയാത്തതുകൊണ്ടുമാത്രമാണ് അനേകം ഉത്തമർണ്ണൻമാർ പണം തിരികെവാങ്ങാൻ വ്യവഹാരം തുടങ്ങിയിട്ടുള്ളത്.
നിങ്ങൾ പാപ്പരത്വം പരിഗണിക്കണമോ? ചില രാജ്യങ്ങളിൽ, അങ്ങനെയുള്ള നിയമവ്യവസ്ഥകളുടെ പ്രയോജനത്തിന് എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ അത് നിസ്സാരമായി എടുക്കേണ്ടതല്ല. കടം ഒരു പ്രതിജ്ഞയാണ്. ധാർമ്മികകടപ്പാട് ഉൾപ്പെട്ടിരിക്കുന്നു. പാപ്പരത്വത്തിന് മററുള്ളവർക്കു പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു തരംഗഫലമുണ്ട്. അത് നിങ്ങളുടെ രേഖയിൽ ഒരു കളങ്കമായി അവശേഷിക്കും.
“രൊക്കം പണം കൊടുക്കുന്ന” പഴയ രീതിക്ക് യാതൊരു കുഴപ്പവുമില്ല. തീർച്ചയായും വല്ല സാദ്ധ്യതയുമുണ്ടെങ്കിൽ, ഏററവും ജ്ഞാനപൂർവകമായ ഗതി ഒന്നാമതുതന്നെ കടം വരുത്തിക്കൂട്ടാതിരിക്കുന്നതാണ്. കടത്തിന് നിങ്ങളെ വിഴുങ്ങാൻ കഴിയുന്ന മാരകമായ പൂഴിമണലായിരിക്കാൻ കഴിയും. റിക്കും ലൂയിസും വിഴുങ്ങപ്പെടാൻ തങ്ങളെത്തന്നെ അനുവദിച്ചു. അവർക്ക് മാററങ്ങൾ വരുത്താനുണ്ട്. എന്നാൽ പടിപടിയായി അവർക്ക് തങ്ങളുടെ കടങ്ങളിൽനിന്ന് കരകയറാൻ കഴിയും.
നിങ്ങൾ അക്ഷരീയമായ ഒരു മണ്ണിടിച്ചിലിൻകീഴിലായിപ്പോയെങ്കിൽ അതിൽനിന്ന് പുറത്തുകടക്കാൻ നിങ്ങൾക്കുള്ള സകല ചലനപ്രാപ്തിയുമുപയോഗിക്കും. അത് സാവകാശമായിരിക്കാം, എന്നാൽ അത് പ്രാവർത്തികമാകുന്നു! എത്ര കാലമെടുത്താലും, അല്ലെങ്കിൽ എത്ര പ്രയാസകരമായിരുന്നാലും, കടവിമുക്തരാകുന്നത് മൂല്യവത്താണെന്ന് ഓർക്കുക. (g90 2⁄8)
[23-ാം പേജിലെ ചിത്രം]
അത്യധികമായ കടത്തിൽ മുങ്ങിപ്പോകുന്നത് പൂഴിമണലിൽ താണുപോകുന്നതുപോലെയാണ്