കടത്തിൽനിന്ന് ഒഴിഞ്ഞിരിക്കാനുള്ള മാർഗം
മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കുടുംബ വിഭവങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് ഒരു വെല്ലുവിളിയായിരിക്കാവുന്നതാണ്. നിങ്ങൾക്ക് ആ വെല്ലുവിളിയെ എങ്ങനെ വിജയപ്രദമായി നേരിടാനാവും?
ഉത്തരം അവശ്യം കൂടുതൽ വരുമാനം എന്നതല്ല. പണം എവിടെനിന്നു വരുന്നുവെന്നതും എവിടേക്കു പോകുന്നുവെന്നതും സംബന്ധിച്ച ബോധ്യത്തോടും അഭിജ്ഞമായ തീരുമാനങ്ങൾ എടുക്കാനുള്ള മനസ്സൊരുക്കത്തോടും ഉത്തരം ബന്ധപ്പെട്ടിരിക്കുന്നുവെന്നു സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇതു ചെയ്യുന്നതിന് നിങ്ങൾക്കൊരു വരവുചെലവുകണക്ക് ആവശ്യമാണ്.
വരവുചെലവുകണക്കിനോടുള്ള എതിർപ്പു തരണംചെയ്യൽ
എന്നാൽ, വരവുചെലവുകണക്ക് “സന്ദേഹത്തിന്റെ എല്ലാത്തരത്തിലുള്ള വികാരങ്ങളും ഉളവാക്കുന്നു”വെന്ന് സാമ്പത്തിക ഉപദേഷ്ട്രി ഗ്രേസ് വിൻസ്റ്റിൻ പറയുന്നു. അതുകൊണ്ട്, ഒട്ടേറെ ആളുകളും അത് ഉണ്ടാക്കുകയില്ല. വരവുചെലവുകണക്കിന്റെ ആവശ്യത്തെ ചിലർ താഴ്ന്ന വരുമാനത്തോടും വിദ്യാഭ്യാസമില്ലായ്മയോടും ബന്ധപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ ഉയർന്ന വരുമാനമുള്ള വിദഗ്ധർക്കുപോലും പണപ്രശ്നങ്ങൾ ഉണ്ട്. ഒരു സാമ്പത്തിക ഉപദേഷ്ട്രി പറയുന്നു: “എന്റെ ഉപദേശം തേടിയ ആദ്യത്തവരിൽ ഒരു കക്ഷി പ്രതിവർഷം . . . 1,87,000 ഡോളർ സമ്പാദിച്ചിരുന്നു. അവരുടെ ക്രെഡിറ്റ് കാർഡ് കടം മാത്രം 95,000 ഡോളറിന് അൽപ്പം താഴെയായിരുന്നു.”
മുമ്പു പരാമർശിച്ച മൈക്കിൾ മറ്റൊരു കാരണത്തെപ്രതി സാമ്പത്തിക ഉപദേശം തേടാൻ മടിയുള്ളവനായിരുന്നു. അദ്ദേഹം ഇങ്ങനെ സമ്മതിച്ചുപറയുന്നു: “മറ്റുള്ളവർ എന്നെ പഴഞ്ചനും വിഡ്ഢിയുമായി വീക്ഷിക്കുമെന്ന് ഞാൻ ഭയപ്പെട്ടു.” എന്നാൽ അത്തരം ഭയം അടിസ്ഥാനരഹിതമാണ്. പണം കൈകാര്യം ചെയ്യുന്നതിനും പണമുണ്ടാക്കുന്നതിനും വ്യത്യസ്തമായ വൈദഗ്ധ്യം ആവശ്യമാണ്. മിക്കയാളുകളും പണം ഫലപ്രദമായി കൈകാര്യം ചെയ്യാൻ പരിശീലിപ്പിക്കപ്പെട്ടിട്ടില്ല. “എങ്ങനെ പണം ലാഭിക്കാനാവുമെന്നതിനെക്കാൾ സമദ്വിഭുജത്രികോണത്തെക്കുറിച്ചുള്ള കൂടുതലായ അറിവോടെയാണ് നാം സ്കൂളിൽനിന്നു ജയിച്ചു പുറത്തുവരുന്നത്,” ഒരു സാമൂഹിക പ്രവർത്തക അഭിപ്രായപ്പെട്ടു.
എന്നാൽ, വരവുചെലവുകണക്കു തയ്യാറാക്കുന്നതു പഠിക്കാൻ താരതമ്യേന എളുപ്പമാണ്. വരുമാനത്തിന്റെ ഒരു പട്ടികയും ചെലവുകളുടെ ഒരു പട്ടികയും ഉണ്ടാക്കിയിട്ട് ചെലവുകളെ വരുമാനത്തിനുള്ളിൽ നിർത്തുന്നത് ഇതിൽ ഉൾപ്പെടുന്നു. വാസ്തവത്തിൽ, ഒരു വരവുചെലവുകണക്ക് ഉണ്ടാക്കുന്നത് രസകരമായിരിക്കാവുന്നതാണ്; അതനുസരിച്ച് ജീവിക്കുന്നത് സംതൃപ്തികരവും.
തുടക്കം കുറിക്കൽ
വരുമാനത്തിന്റെ ഒരു പട്ടിക ഉണ്ടാക്കിക്കൊണ്ടു നമുക്ക് ആരംഭിക്കാം. സാധാരണമായി ഇതിൽ ശമ്പളം, സമ്പാദ്യ അക്കൗണ്ടിൽനിന്നുള്ള പലിശ തുടങ്ങി ചുരുക്കംചില ഇനങ്ങൾ മാത്രം ഉൾപ്പെടുന്നതുകൊണ്ട് നമ്മിൽ മിക്കവർക്കും ഇത് എളുപ്പമായിരിക്കണം.
എന്നാൽ, അധികസമയം ജോലിചെയ്യുന്നതിൽനിന്നു ലഭിക്കുന്ന പണം, ബോണസ്, സമ്മാനങ്ങൾ തുടങ്ങി അനിശ്ചിത വരുമാനങ്ങൾ കണക്കാക്കരുത്. അനിശ്ചിത വരുമാന ഉറവുകളെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം നിങ്ങളെ കടത്തിലാക്കിയേക്കാമെന്ന് സാമ്പത്തിക ഉപദേഷ്ടാക്കൾ മുന്നറിയിപ്പു നൽകുന്നു. അത്തരം വരുമാനം യാഥാർഥ്യമാകുന്നെങ്കിൽ, നിങ്ങളുടെയും കുടുംബത്തിന്റെയും ഉല്ലാസത്തിനോ ആവശ്യമുള്ളവരെ സഹായിക്കാനോ മൂല്യവത്തായ ഒരു ഉദ്യമത്തിനു സംഭാവനചെയ്യാനോ വേണ്ടി ആ പണം ഉപയോഗിക്കാൻ നിങ്ങൾ തീരുമാനിച്ചേക്കാം.
എന്നാൽ, വൈദഗ്ധ്യപൂർവം ചെലവുകളുടെ ഒരു പട്ടിക ഉണ്ടാക്കാവുന്നതാണ്. കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന റോബർട്ടിനും റോണ്ടയ്ക്കും തങ്ങൾ അധ്വാനിച്ചു നേടിയ പണം എവിടെ പോകുന്നുവെന്നു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർ ആ പ്രശ്നം പരിഹരിച്ചതെങ്ങനെയെന്നു റോബർട്ട് വിശദീകരിക്കുന്നു: “ഒരുമാസത്തേക്ക് ഞങ്ങളിരുവരും ഒരു കടലാസുതുണ്ട് ഒപ്പം കൊണ്ടുനടക്കുകയും ചെലവഴിച്ച ഓരോ ചില്ലിക്കാശും എഴുതിവെക്കുകയും ചെയ്തു. ഒരു കപ്പു കാപ്പിക്കുവേണ്ടി ചെലവഴിച്ച പണം പോലും ഞങ്ങൾ കുറിച്ചുവെച്ചു. ഞാൻ വാങ്ങിയ വരവുചെലവുകണക്കിന്റെ ബുക്കിൽ ഓരോ ദിനാന്തത്തിലും ഞങ്ങൾ പ്രസ്തുത തുക കുറിച്ചിടുകയും ചെയ്തു.”
നിങ്ങൾ ചെലവഴിച്ചതെല്ലാം ശ്രദ്ധാപൂർവം രേഖപ്പെടുത്തുന്നത് ചോർന്നുപോകുന്നതായി തോന്നുന്ന ഏത് ‘അജ്ഞാത പണ’വും കണ്ടെത്താൻ നിങ്ങളെ സഹായിക്കും. എന്നാൽ നിങ്ങൾക്ക് നിങ്ങളുടെ ചെലവാക്കൽ രീതികൾ അറിയാമെങ്കിൽ, ഓരോ ദിവസവും ചെലവഴിച്ചതു വിശദമായി ഇനംതിരിച്ചു സൂക്ഷിക്കുന്നത് ഒഴിവാക്കി മാസച്ചെലവുകളുടെ ഒരു പട്ടികയുമായി മുന്നോട്ടു പോകാൻ നിങ്ങൾ തീരുമാനിച്ചേക്കാം.
മാസച്ചെലവുകൾ പട്ടികപ്പെടുത്തൽ
മുകളിൽ കാണിച്ചിരിക്കുന്നതിനു സമാനമായ ഒരു ചാർട്ട് ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഓരോ ഇനത്തിനുമായി ഇപ്പോൾ നിങ്ങൾ ചെലവഴിക്കുന്ന തുക “യഥാർഥ ചെലവ്” കോളത്തിൽ എഴുതുക. “ഭക്ഷണം,” “പാർപ്പിടം,” “വസ്ത്രം” എന്നീ ശീർഷകങ്ങളിലായി പ്രധാന വിഭാഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുക. എന്നാൽ പ്രസക്ത ഉപവിഭാഗങ്ങൾ വിട്ടുകളയരുത്. റോബർട്ടിന്റെയും റോണ്ടയുടെയും പണത്തിന്റെ വലിയൊരു ഭാഗം പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നതിനു വേണ്ടിയായിരുന്നു ചെലവാക്കിയിരുന്നത്, അതുകൊണ്ട് “പുറത്തുനിന്നു കഴിക്കുന്ന ഭക്ഷണ”ത്തിൽനിന്ന് “പലചരക്കു സാധനങ്ങൾ” വേർതിരിക്കുന്നതു പ്രയോജനകരമെന്നു തെളിഞ്ഞു. മറ്റുള്ളവർക്ക് ആതിഥ്യമരുളുന്നതു നിങ്ങൾ ആസ്വദിക്കുന്നെങ്കിൽ അതും “ഭക്ഷണ”ത്തിനു കീഴിലുള്ള ഒരു ഉപവിഭാഗമായിരിക്കാവുന്നതാണ്. നിങ്ങളുടെ വ്യക്തിത്വവും മുൻഗണനകളും പ്രതിഫലിപ്പിക്കുന്ന ചാർട്ട് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.
നിങ്ങളുടെ ചാർട്ട് തയ്യാറാക്കുമ്പോൾ, ഇൻഷ്വറൻസിനും നികുതികൾക്കുമായി പണമടയ്ക്കുന്നതുപോലുള്ള ത്രൈമാസ, അർധവാർഷിക, വാർഷിക ചെലവുകളും മറ്റ് കാലാനുക്രമ ചെലവുകളും മറന്നുപോകരുത്. എന്നാൽ അവയെ പ്രതിമാസ ചാർട്ടിൽ ഉൾപ്പെടുത്തുന്നതിന്, നിങ്ങൾ പ്രസ്തുത തുകയെ മാസങ്ങളുടെ അനുയോജ്യ എണ്ണംകൊണ്ട് ഹരിക്കേണ്ടതുണ്ട്.
ചെലവുകളുടെ പട്ടികയിലെ ഒരു പ്രധാന ഇനം “മിച്ചംവെക്കുന്ന തുക”യാണ്. ഒട്ടുമിക്കവരും മിച്ചംവെക്കുന്ന തുകയെ ഒരു ചെലവായി കരുതുകയില്ലെന്നിരിക്കെ, നിങ്ങളുടെ മാസവരുമാനത്തിൽ കുറെ അടിയന്തിര സാഹചര്യങ്ങൾക്കോ പ്രത്യേക ഉദ്ദേശങ്ങൾക്കോ വേണ്ടി കണക്കിൽപെടുത്തുന്നതു ജ്ഞാനമായിരിക്കും. നിങ്ങളുടെ ചെലവുകളുടെ പട്ടികയിൽ മിച്ചംവെക്കുന്ന തുക ഉൾപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തിന് ഗ്രെയ്സ് വിൻസ്റ്റിൻ ഊന്നൽ നൽകുന്നു: “നികുതി കിഴിച്ചുള്ള വരുമാനത്തിന്റെ 5 ശതമാനമെങ്കിലും (അത് വ്യക്തമായും ഏറ്റവും കുറഞ്ഞതാണ്) മിച്ചംവെക്കാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരും. തുക പണമായി അടയ്ക്കുന്നത് ഒഴിവാക്കുക, നിങ്ങളുടെ ജീവിതരീതി പുനഃക്രമീകരിക്കുക, നിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കുക.” അതേ, നിങ്ങളുടെ പ്രതിമാസ വരുവുചെലവുകണക്കിൽ മിച്ചംവെക്കുന്ന തുക ഉൾപ്പെടുത്താൻ ഓർമിക്കുക.
തൊഴിലില്ലാതെ വന്നേക്കാവുന്ന സമയത്തെ ക്ലേശം കുറയ്ക്കുന്നതിന്, ആറുമാസംകൊണ്ട് സമ്പാദിക്കുന്നതിനു തുല്യമായ തുകയെങ്കിലും എളുപ്പം ലഭിക്കുന്ന സമ്പാദ്യമായി നിക്ഷേപിക്കാൻ ശ്രമിക്കുന്നതിന് ഇപ്പോൾ പൊതുവേ ശുപാർശചെയ്യപ്പെടുന്നു. “നിങ്ങളുടെ വരുമാനം വർധിക്കുന്നെങ്കിൽ അതിന്റെ പകുതി മിച്ചംവെ”ക്കാൻ ഒരു സാമ്പത്തികോപദേഷ്ടാവ് പറയുന്നു. മിച്ചംവെക്കുന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം അസാധ്യമാണെന്ന് തോന്നുന്നുവോ?
ഗ്രാമീണ ഇന്ത്യയിലെ അനേകരെയും പോലെ വളരെ പാവപ്പെട്ട ലക്ഷ്മി ബായിയെപ്പറ്റി പരിചിന്തിക്കുക. അവൾ തന്റെ കുടുംബത്തിനുവേണ്ടി പാചകം ചെയ്യുന്നതിന് ദിവസേന ഉപയോഗിച്ചിരുന്ന അരിയിൽനിന്ന് ഒരുപിടി എടുത്ത് ഒരു മൺകലത്തിൽ ഇട്ടുവെക്കാൻ തുടങ്ങി. കാലാനുക്രമത്തിൽ അവൾ ആ അരി വിറ്റ് പണം ബാങ്കിൽ നിക്ഷേപിക്കുമായിരുന്നു. സൈക്കിൾ നന്നാക്കുന്ന ഒരു കടയിടാൻ മകനെ സഹായിക്കുന്നതിന് ഒരു ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള ഒരു പടിയായിരുന്നു ഇത്. അത്തരം ചെറിയ സമ്പാദ്യങ്ങൾ അനേകരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. ഇതു ചിലർക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഒരു യാഥാർഥ്യമാക്കിയിരിക്കുന്നു.
പക്ഷേ, വരവുചെലവുകണക്കിനെ സമനിലയിൽ നിർത്തുന്നതു വരുമാനത്തിന്റെയും ചെലവുകളുടെയും ഒരു പട്ടിക തയ്യാറാക്കുന്നതിലും കവിഞ്ഞതാണ്. ചെലവുകളെ വരുമാനത്തിനുള്ളിൽ ഒതുക്കിനിർത്തുന്നത് അതിൽ ഉൾപ്പെടുന്നു, അതു നിങ്ങളുടെ ചെലവുചുരുക്കേണ്ടത് ആവശ്യമാക്കിയേക്കാം.
അത് അനിവാര്യമാണോ?
9-ാം പേജിലുള്ള ചാർട്ടിലെ “അനിവാര്യമോ?” എന്ന ശീർഷകം ശ്രദ്ധിക്കുക. ഈ കോളം പരിഗണിക്കേണ്ടതു മർമപ്രധാനമാണ്, “വകകൊള്ളിച്ചിരിക്കുന്ന തുക” എന്ന കോളത്തിലെ ആകെത്തുക നിങ്ങളുടെ വരുമാനത്തെക്കാൾ കൂടുതലാണെങ്കിൽ വിശേഷിച്ചും. എന്നാൽ, ഒരു ഇനം അനിവാര്യമാണോയെന്നും അതിനായി എത്രമാത്രം പണം അനുവദിക്കണമെന്നും തീരുമാനിക്കുന്നത് ഒരു വെല്ലുവിളിയായിരിക്കാവുന്നതാണ്. ആവശ്യങ്ങളെന്ന നിലയിൽ പരസ്യംചെയ്യുന്ന നൂതന ഉത്പന്നങ്ങളുടെ തുടർച്ചയായ വിതരണത്താൽ ആക്രമിക്കപ്പെടുന്ന ഈ മാറിക്കൊണ്ടിരിക്കുന്ന കാലങ്ങളിൽ ഇതു പ്രത്യേകിച്ചും അങ്ങനെതന്നെയാണ്. ഓരോ ചെലവിനെയും, തീർച്ചയായും ആവശ്യമുള്ള, ആവശ്യമാണോയെന്നു സംശയമുള്ള, ഉണ്ടായിരുന്നാൽ കൊള്ളാവുന്ന ആഡംബരം തുടങ്ങിയ നിലകളിൽ തരംതിരിക്കുന്നതു സഹായകമായിരിക്കും.
നിങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്ന ഓരോ ചെലവും പരിശോധിച്ചിട്ട്, ചിന്താപൂർവകമായ വിലയിരുത്തലിനുശേഷം, “അനിവാര്യമോ?” എന്ന കോളത്തിൽ, ഇനം നിശ്ചയമായും അനിവാര്യമാണെങ്കിൽ “അ” എന്നും ആവശ്യമാണോയെന്നു സംശയുള്ളതാണെങ്കിൽ “?” എന്നും ഉണ്ടായിരുന്നാൽ കൊള്ളാവുന്ന ആഡംബരമാണെങ്കിൽ “കൊ” എന്നും രേഖപ്പെടുത്തുക. “വകകൊള്ളിച്ചിരിക്കുന്ന തുക” എന്ന കോളത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ആകെത്തുക നിങ്ങളുടെ മാസവരുമാനത്തെക്കാൾ കൂടുതലായിരിക്കാവുന്നതല്ലെന്ന് ഓർമിക്കുക!
വ്യക്തമായും, “?” എന്നും “കൊ” എന്നും അടയാളപ്പെടുത്തിയിരിക്കുന്ന ഇനങ്ങളായിരിക്കും ഒഴിവാക്കി തുടങ്ങുന്നത്. ഈ ചെലവുകൾ പൂർണമായും ഒഴിവാക്കേണ്ട ആവശ്യമില്ലായിരിക്കാം. പ്രസ്തുത ചെലവ് കൈവരുത്തുന്ന ആസ്വാദനം ചെലവിനു തക്ക മൂല്യമുള്ളതാണോയെന്നു കാണാൻ ഓരോ ഇനവും പരിശോധിച്ചിട്ട്, തദനുസരണം അവയെ ഒഴിവാക്കുകയെന്നതാണ് ലക്ഷ്യം. പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നതിനായി റോബർട്ടും റോണ്ടയും മാസം 500 ഡോളർ ചെലവഴിച്ചിരുന്നുവെന്നു തങ്ങളുടെ പട്ടികയിൽനിന്ന് അവർ മനസ്സിലാക്കി. പാചകം ചെയ്യാൻ അവരിരുവർക്കും അറിയില്ലാഞ്ഞതിനാൽ അവർ അനുവർത്തിച്ച ഒരു ശീലമായിരുന്നു അത്. പാചകം പഠിക്കാൻ പടികൾ സ്വീകരിച്ച റോണ്ട പറയുന്നു: “ഇപ്പോൾ പാചകം ആസ്വാദ്യമായിരിക്കുന്നു, ഞങ്ങൾ മിക്കപ്പോഴും വീട്ടിൽനിന്നാണു ഭക്ഷണം കഴിക്കുന്നത്.” റോബർട്ട് കൂട്ടിച്ചേർക്കുന്നു: “വിശേഷ അവസരങ്ങളിലോ അത്യാവശ്യമായിരിക്കുമ്പോഴോ മാത്രമേ ഞങ്ങൾ ഇപ്പോൾ പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നുള്ളൂ.”
അനിവാര്യമായിരിക്കുന്നത് എന്താണെന്നുള്ളതു സംബന്ധിച്ച് ഒരു സമഗ്ര പുനരവലോകനം നടത്താൻ സാഹചര്യങ്ങളിലുണ്ടായ മാറ്റം നിങ്ങളെ പ്രേരിപ്പിച്ചേക്കാം. ആദ്യത്തെ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നതുപോലെ, അന്തോണിയുടെ വരുമാനം കുത്തനെ താഴ്ന്നു. അതു വാർഷികമായി, 48,000 ഡോളറിൽനിന്ന് 20,000 ഡോളറിൽ താഴെയാകുകയും രണ്ടു വർഷത്തേക്ക് അതേ നിലയിൽ നിൽക്കുകയും ചെയ്തു. നിങ്ങൾക്ക് ഇതു സംഭവിച്ചേക്കാമെങ്കിൽ, നിങ്ങളുടെ ചെലവാക്കലിൽനിന്ന് എല്ലാ അമിതത്വങ്ങളെയും വേർപെടുത്തിക്കൊണ്ട് നിങ്ങൾ ഒരു അതിജീവന വരവുചെലവുകണക്ക് ഉണ്ടാക്കേണ്ട ആവശ്യം വന്നേക്കാം.
അന്തോണി അതുതന്നെ ചെയ്തു. ഭക്ഷണം, വസ്ത്രം, യാത്ര, വിനോദം തുടങ്ങിയവയ്ക്കായി ചെലവഴിക്കുന്ന പണം കാര്യമായി വെട്ടിക്കുറച്ചുകൊണ്ട് വളരെ ശ്രമംചെലുത്തി, തന്റെ വീടു നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.a “ഞങ്ങളുടെ യഥാർഥ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒരു കുടുംബമെന്നനിലയിൽ ഞങ്ങൾ തീരുമാനിക്കേണ്ടിയിരുന്നു. ആ അനുഭവങ്ങളിൽനിന്നു ഞങ്ങൾ പ്രയോജനം നേടിയിരിക്കുന്നു. അൽപ്പംകൊണ്ടു തൃപ്തരായിരിക്കുന്നത് എങ്ങനെയെന്നു ഞങ്ങൾക്കിപ്പോൾ അറിയാം,” അദ്ദേഹം പറയുന്നു.
കടം കുറയ്ക്കുക
വരുമാനത്തിനുള്ളിൽ ജീവിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ അനിയന്ത്രിതമായ കടം നിഷ്ഫലമാക്കിയേക്കാം. ഒരു വീട് പോലെ മൂല്യം ഉയർന്നുകൊണ്ടിരിക്കുന്ന ആസ്തികൾ വാങ്ങാൻ ചെലവഴിച്ച ദീർഘകാല കടം പ്രയോജനകരം ആയിരുന്നേക്കാമെന്നിരിക്കെ അനുദിന ജീവിതത്തിനു ചെലവഴിക്കാനായി ഉപയോഗിച്ച ക്രെഡിറ്റ് കാർഡ് കടങ്ങൾ അപകടകരമെന്നു തെളിഞ്ഞേക്കാവുന്നതാണ്. അതുകൊണ്ട് ക്രെഡിറ്റ് “കാർഡ് കടമായി ഒരു ചില്ലിക്കാശുപോലും അടയ്ക്കരു”തെന്ന് ന്യൂസ്വീക്ക് പറയുന്നു.
നിങ്ങളുടെ സമ്പാദ്യങ്ങളിൽനിന്ന് എടുക്കേണ്ടതുണ്ടെങ്കിൽ പോലും ക്രെഡിറ്റ് കാർഡ് കടങ്ങൾ അടച്ചുതീർക്കുന്നതിനെ സാമ്പത്തിക വിദഗ്ധർ പ്രോത്സാഹിപ്പിക്കുന്നു. ഉയർന്ന പലിശനിരക്കിലുള്ള കടങ്ങൾ ഉണ്ടായിരിക്കെ താഴ്ന്ന പലിശനിരക്കിലുള്ള സമ്പാദ്യങ്ങൾ നിലനിർത്തുന്നതു വിവേകമല്ല. അതു തിരിച്ചറിഞ്ഞ മൈക്കിളും റീനയും തങ്ങളുടെ സമ്പാദ്യ കടപ്പത്രത്തിൽനിന്നു പണമെടുത്ത് ക്രെഡിറ്റ് കാർഡ് കടങ്ങൾ അടച്ചുതീർത്തു, വീണ്ടും ആ സാഹചര്യത്തിൽ അകപ്പെടാതിരിക്കാൻ അവർ തീരുമാനിക്കുകയും ചെയ്തു.
അത്തരം വിഭവങ്ങൾ ഇല്ലാതിരുന്ന റോബർട്ടും റോണ്ടയും ഒരു അതിജീവന വരവുചെലവുകണക്ക് ഉണ്ടാക്കി. റോബർട്ട് പറയുന്നു: “ഞങ്ങളുടെ കടം മാസംതോറും കുറയുന്നത് എങ്ങനെയെന്നു കാണിക്കുന്ന ഒരു ബാർഗ്രാഫ് ഞാൻ ഒരു വെളുത്ത ബോർഡിൽ ഉണ്ടാക്കിയിട്ട്, എല്ലാ പ്രഭാതത്തിലും ഞങ്ങൾക്കതു കാണാൻ കഴിയേണ്ടതിന് കിടപ്പുമുറിയിൽ തൂക്കിയിട്ടു. ഇത് ഒരു അനുദിന പ്രചോദനം നൽകി.” വർഷാവസാനം തങ്ങളുടെ 6,000 ഡോളർ ക്രെഡിറ്റ് കാർഡ് കടത്തിൽനിന്നു സ്വതന്ത്രരായതിൽ അവർ എത്ര ആഹ്ളാദിതരായിരുന്നു!
ചില രാജ്യങ്ങളിൽ പണയപ്പലിശപോലും അത് ഒരിക്കൽ ആയിരുന്നത്ര നല്ല നിക്ഷേപമല്ല. ഒരു വീടുവാങ്ങുന്നത്, പലിശത്തുകയെന്ന നിലയിൽ നിങ്ങൾക്കു വളരെയധികം ചെലവുണ്ടാകുന്നതിൽ കലാശിച്ചേക്കാം. പണയത്തിന്റെ വില കുറയ്ക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാവുന്നതാണ്? “ബാങ്ക് ആവശ്യപ്പെടുന്നതിലധികം തുക, വാങ്ങുമ്പോൾതന്നെ നൽകുകയോ ചെലവുകുറഞ്ഞ ഒരു വീടു വാങ്ങുകയോ ചെയ്യാൻ” ന്യൂസ്വീക്ക് ശുപാർശ ചെയ്യുന്നു. “നിങ്ങൾക്ക് ഇപ്പോൾത്തന്നെ ഒരു വീടുണ്ടെങ്കിൽ മെച്ചമായ ഒന്നിനുവേണ്ടിയുള്ള പ്രേരണയെ ചെറുക്കുക.”
വാങ്ങുമ്പോൾതന്നെ കൂടുതൽ തുക നൽകിക്കൊണ്ട് വാഹനവായ്പയുടെ വില നിങ്ങൾക്കു ഗണ്യമായി കുറയ്ക്കാവുന്നതാണ്. എന്നാൽ നിങ്ങളുടെ കുടുംബത്തിന്റെ വരവുചെലവുകണക്കിൽ ഇത് ഒരു വിഭാഗമായിതിരിച്ച് പണം സ്വരൂപിക്കേണ്ടതുണ്ട്. ഉപയോഗിച്ച ഒരു വാഹനം വാങ്ങുന്നതിനെക്കുറിച്ചോ?b അതിന്റെ താഴ്ന്ന പ്രാരംഭ വില, കുറഞ്ഞ കടത്തെ അർഥമാക്കിയേക്കാം. കടം വരുത്തിവെക്കാതെ അതു വാങ്ങിക്കാൻപോലും നിങ്ങൾക്കു കഴിഞ്ഞെന്നുവരാം.
നിങ്ങൾ വിജയിക്കുമോ?
നിങ്ങളുടെ വരവുചെലവുകണക്ക് വിജയപ്രദമാക്കുന്നതിൽ നിങ്ങൾ വിജയിക്കുമോ എന്നത് ഒരു വലിയ അളവോളം അത് എത്ര പ്രായോഗികമാണെന്നുള്ളതിനെ ആശ്രയിച്ചിരിക്കുന്നു. “കുടുംബത്തിനുവേണ്ടി നീക്കിവെച്ചിരിക്കുന്ന തുക സാധ്യതയനുസരിച്ച് മാസാവസാനം വരെ എത്താൻ കഴിയാത്തവിധം അത്ര കുറവാണങ്കിൽ പ്രസ്തുത വരുവുചെലവുകണക്ക് പ്രാവർത്തികമാകില്ലെ”ന്ന് തങ്ങളുടെ വരവുചെലവുകണക്കിൻ പ്രകാരം വിജയപ്രദമായി ജീവിച്ച ഒരു ദമ്പതികൾ പറയുന്നു.
പ്രാവർത്തികമായ ഒരു വരവുചെലവുകണക്കു തയ്യാറാക്കുന്നതിലെ മറ്റൊരു പ്രധാനപ്പെട്ട ഘടകം കുടുംബാംഗങ്ങൾക്കിടയിലെ നല്ല ആശയവിനിമയമാണ്. വരവുചെലവുകണക്കിനാൽ ബാധിക്കപ്പെടുന്നവർക്ക്, പരിഹസിക്കപ്പെടാതെ തങ്ങളുടെ വീക്ഷണങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാനുള്ള അവസരമുണ്ടായിരിക്കണം. ഉൾപ്പെട്ടിരിക്കുന്ന കുടുംബാംഗങ്ങൾ പരസ്പരം ആവശ്യങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കുകയും കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യം വാസ്തവത്തിൽ എങ്ങനെയുള്ളതാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നെങ്കിൽ, മെച്ചപ്പെട്ട സഹകരണത്തിനും കുടുംബത്തിന്റെ വരവുചെലവുകണക്കു വിജയത്തിലെത്തുന്നതിനും വർധിച്ച സാധ്യത ഉണ്ടായിരിക്കും.
ഈ നിർണായക നാളുകളിൽ ലോകരംഗം തുടർച്ചയായി മാറിക്കൊണ്ടിരിക്കെ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയിൻമേലുള്ള സമ്മർദം വർധിക്കുന്നു. (2 തിമൊഥെയൊസ് 3:1; 1 കൊരിന്ത്യർ 7:31) ആധുനിക ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിൽ നാം “പ്രായോഗിക ജ്ഞാനം” ഉപയോഗിക്കേണ്ടതുണ്ട്. (സദൃശവാക്യങ്ങൾ 2:7, NW) അതിനു നിങ്ങളെ സഹായിക്കുന്ന കൃത്യമായ സംഗതി വരവുചെലവുകണക്കു സൂക്ഷിക്കുന്നതായിരിക്കാം.
[അടിക്കുറിപ്പുകൾ]
a അനുദിന ചെലവുകൾ കുറയ്ക്കുന്നതു സംബന്ധിച്ച ആശയങ്ങൾക്കായി ഉണരുക!, (ഇംഗ്ലീഷ്) 1985 ഏപ്രിൽ 22, പേജുകൾ 26, 27-ഉം 1984 ഏപ്രിൽ 8 പേജ് 27-ഉം കാണുക.
b 1996 ഏപ്രിൽ 8 ഉണരുക!യുടെ പേജുകൾ 16-19 കാണുക.
[11-ാം പേജിലെ ആകർഷകവാക്യം]
ചെലവ് കൈവരുത്തുന്ന ആസ്വാദനം ആ ചെലവിനു തക്ക മൂല്യമുള്ളതാണോയെന്നു കാണാൻ ഓരോ ഇനവും പരിശോധിക്കുക
[12-ാം പേജിലെ ആകർഷകവാക്യം]
ക്രെഡിറ്റ് കാർഡ് പലിശ സംബന്ധിച്ചു ജാഗ്രത പാലിക്കുക!
[9-ാം പേജിലെ ചാർട്ട്]
പ്രതിമാസ ചെലവ്-അവലോകന ചാർട്ട് മാസം
ചെലവുകൾ യഥാർഥ ചെലവ് അനിവാര്യമോ? വകകൊള്ളിച്ചിരിക്കുന്ന തുക
ഭക്ഷണം:
പലചരക്കു സാധനങ്ങൾ
പുറത്തുനിന്നുള്ള ഭക്ഷണം
ആതിഥ്യം
പാർപ്പിടം:
പണയപ്പലിശ അല്ലെങ്കിൽ വാടക
ഉപയുക്തതാ സംവിധാനങ്ങൾ
വസ്ത്രം
യാത്ര
സമ്മാനങ്ങൾ
●
●
●
മിച്ചംവെക്കുന്ന തുക
നികുതികൾ
ഇൻഷ്വറൻസ്
പലവക
മൊത്തം (വരുമാനവുമായി താരതമ്യപ്പെടുത്തുക)
പ്രതിമാസ വരുമാനം
ശമ്പളം
വാടക (എന്തെങ്കിലും ലഭിക്കാനുണ്ടെങ്കിൽ)
സമ്പാദ്യ പലിശ
മൊത്തം (ചെലവുമായി താരതമ്യപ്പെടുത്തുക)
[10-ാം പേജിലെ ചിത്രം]
വരവുചെലവുകണക്കു വിജയപ്രദമാക്കുന്നതിന് കുടുംബത്തിനുള്ളിൽ ആശയവിനിയമം പ്രധാനമാണ്