യുവജനങ്ങൾ ചോദിക്കുന്നു . . .
എന്റെ ഉത്തമസുഹൃത്ത് താമസം മാറ്റിയത് എന്തുകൊണ്ട്?
‘നിങ്ങളെ കണ്ടാൽ ഉത്തമസുഹൃത്ത് നഷ്ടമായതുപോലെയുണ്ടല്ലോ.’ ഇംഗ്ലീഷിലെ ഒരു ചൊല്ലാണിത്. ആരെങ്കിലും അൽപ്പം ദുഃഖത്തിലോ വിഷാദത്തിലോ ആണെന്നു കണ്ടാൽ ആളുകൾ ഇങ്ങനെ പറയാറുണ്ട്. എന്നാൽ, യഥാർഥത്തിൽ ഉത്തമസുഹൃത്തിനെ നിങ്ങൾക്കു നഷ്ടമായിട്ടുണ്ടെങ്കിൽ ഈ പറച്ചിലിനു തികച്ചും ഒരു പുതിയ അർഥം കൈവരുന്നു.
എന്തൊക്കെയാണെങ്കിലും, യഥാർഥ സൗഹൃദം വിശേഷതരവും വിലയേറിയതുമായ ഒന്നാണല്ലോ. ബൈബിൾ പറയുന്നു: “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.” (സദൃശവാക്യങ്ങൾ 17:17) നല്ല സുഹൃത്തുക്കൾ നമുക്കു സഖിത്വവും പിന്തുണയും പ്രദാനം ചെയ്യുന്നു. വൈകാരികവും ആത്മീയവുമായി വളരാൻ അവർ നമ്മെ സഹായിക്കുന്നു. വെറുതെ ഉപചാരം പറയുന്ന സുഹൃത്തുക്കളോ പരിചയക്കാരോ ധാരാളം ഉണ്ടായിരിക്കാമെങ്കിലും നിങ്ങൾക്കു യഥാർഥത്തിൽ ആശ്രയിക്കാനും വിശ്വസിക്കാനും കഴിയുന്ന വ്യക്തികൾ പൊതുവേ വിരളമായിരിക്കും.
അതുകൊണ്ട്, ഉത്തമസുഹൃത്ത് താമസം മാറ്റിയാൽ നിങ്ങൾക്ക് അതിയായ ദുഃഖം തോന്നിയേക്കാമെന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. ഉത്തമസുഹൃത്ത് താമസം മാറ്റിയപ്പോൾ തനിക്കനുഭവപ്പെട്ടത് എങ്ങനെയെന്നു ബ്രയാൻ എന്നുപേരുള്ള യുവാവ് അനുസ്മരിക്കുന്നു. “പേടിയും ഏകാന്തതയും മനോവ്യഥയും എനിക്ക് അനുഭവപ്പെട്ടു,” അവൻ പറഞ്ഞു. ഒരുപക്ഷേ നിങ്ങളുടെ അനുഭവവും സമാനമായിരിക്കാം.
യാഥാർഥ്യത്തെ അഭിമുഖീകരിക്കൽ
നിങ്ങളുടെ സുഹൃത്ത് താമസം മാറ്റാനുണ്ടായ കാരണത്തെക്കുറിച്ചു പരിചിന്തിക്കുന്നതു സഹായകമായേക്കാം. തീർച്ചയായും, അതു നിങ്ങളുടെ സൗഹൃദത്തോടു വിലമതിപ്പ് ഇല്ലാഞ്ഞതുകൊണ്ടായിരുന്നില്ല. താമസമാറ്റം ആധുനിക ജീവിതത്തിൽ സർവസാധാരണമായിത്തീർന്നിരിക്കുന്നു. ഐക്യനാടുകളിൽ മാത്രം വർഷംതോറും 3.6 കോടി ആളുകൾ താമസം മാറ്റുന്നു! യു.എസ്. ബ്യൂറോ ഓഫ് സെൻസസ് പറയുന്നതനുസരിച്ച് ഒരു സാധാരണ അമേരിക്കക്കാരൻ തന്റെ ആയുഷ്കാലത്തിൽ 12 പ്രാവശ്യം താമസം മാറ്റിയിരിക്കും.
ആളുകൾ ഇതുപോലെ താമസം മാറ്റുന്നതെന്തുകൊണ്ടാണ്? കാരണങ്ങൾ പലതാണ്. പല കുടുംബങ്ങളും താമസം മാറ്റുന്നതു മെച്ചപ്പെട്ട തൊഴിലുകളോ ഭവനങ്ങളോ ലഭിക്കുന്നതിനു വേണ്ടിയാണ്. വികസ്വര രാഷ്ട്രങ്ങളിൽ യുദ്ധവും ദാരിദ്ര്യവും നിമിത്തം കോടിക്കണക്കിനാളുകൾ താമസം മാറ്റാൻ നിർബന്ധിതരാകുന്നു. യുവജനങ്ങളിൽ പലരും പ്രായപൂർത്തിയാകുന്നതോടെ താമസം മാറ്റാനും സ്വന്തം കാലിൽ നിൽക്കാനുമുള്ള തീരുമാനമെടുക്കുന്നു. ചിലർ താമസം മാറ്റുന്നതു വിവാഹിതരാകാനാണ്. (ഉല്പത്തി 2:24) ഇനിയും മറ്റുചിലർ ആത്മീയ താത്പര്യങ്ങൾ പിന്തുടരാനായിരിക്കും താമസം മാറ്റുന്നത്. (മത്തായി 19:29) യഹോവയുടെ സാക്ഷികൾക്കിടയിൽ പലരും, ക്രിസ്തീയ ശുശ്രൂഷകരെ കൂടുതൽ ആവശ്യമുള്ള പ്രദേശങ്ങളിൽ—ഒരുപക്ഷേ വിദേശ രാജ്യങ്ങളിൽപോലും—സേവിക്കാൻ സുപരിചിതമായ ചുറ്റുപാടുകളിലെ സുഖസൗകര്യങ്ങൾ വെടിയുന്നു. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നിടമായ ബെഥേലിൽ സേവിക്കാൻ ക്ഷണം ലഭിക്കവേ, ചിലർ തങ്ങളുടെ രാജ്യത്തിനുള്ളിൽത്തന്നെ മാറിത്താമസിക്കുന്നു. അതേ, സുഹൃത്തുക്കളെ നാം സ്നേഹിക്കുന്നുണ്ടെങ്കിലും കാലം കടന്നുപോകവേ അവർ സാധ്യതയനുസരിച്ചു മാറിത്താമസിക്കുമെന്നത് ഒരു ജീവിതയാഥാർഥ്യമായി നാം കാണണം.
നിങ്ങളുടെ സുഹൃത്ത് മാറിത്താമസിക്കാനുള്ള കാരണം എന്തുതന്നെയായിക്കൊള്ളട്ടെ, ആ നഷ്ടത്തിൽനിന്ന് എങ്ങനെ വിമുക്തനാകുമെന്നു നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ, കുറച്ചുനാളത്തേക്ക് അൽപ്പം ഏകാന്തതയും വിഷാദവും അനുഭവപ്പെടുന്നതു സ്വാഭാവികമാണെങ്കിലും വെറുതെ ചടഞ്ഞുകൂടിയിരിക്കുന്നതുകൊണ്ടു കാര്യങ്ങൾ ഒട്ടുംതന്നെ മെച്ചപ്പെടാൻ പോകുന്നില്ലെന്നു നിങ്ങൾ മനസ്സിലാക്കിയേക്കാം. (സദൃശവാക്യങ്ങൾ 18:1) അതുകൊണ്ട്, സഹായകമായ ചില കാര്യങ്ങൾ നമുക്കു നോക്കാം.
സമ്പർക്കം പുലർത്തൽ
“നിങ്ങളുടെ സുഹൃദ്ബന്ധം അവസാനിച്ചിട്ടില്ലെന്നു മനസ്സിലാക്കുക,” കൊച്ചു ബ്രയാൻ ഉപദേശിച്ചു. ഉവ്വ്, ഉത്തമസുഹൃത്ത് താമസം മാറ്റുന്നതുകൊണ്ട് നിങ്ങളുടെ ബന്ധത്തിനു തീർച്ചയായും മാറ്റംവരും. എന്നാൽ, നിങ്ങളുടെ സൗഹൃദം ഇല്ലാതാകുമെന്ന് അതിനർഥമില്ല. കൗമാരപ്രായക്കാർക്കുവേണ്ടിയുള്ള ഉപദേഷ്ട്രി ഡോ. റോസ്മേരീ വൈറ്റ് പറഞ്ഞു: “നഷ്ടം എന്നു പറയുന്നതു ജീവിതത്തിന്റെ ഏതു ഘട്ടത്തിലും വളരെ പ്രയാസകരംതന്നെ. എന്നാൽ അതു കൈകാര്യം ചെയ്യാനാവുന്ന ഒരു വിധം, അത് ഒരു മാറ്റമാണെന്നും എല്ലാറ്റിന്റെയും അന്ത്യമല്ലെന്നും ചിന്തിക്കുന്നതാണ്.”
സൗഹൃദത്തിന്റെ കവാടം തുറന്നിടാൻ തക്കവണ്ണം നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? ദാവീദിനെയും യോനാഥാനെയും കുറിച്ചുള്ള ബൈബിൾ വൃത്താന്തം പരിചിന്തിക്കുക. കാര്യമായ പ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും അവർ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. സാഹചര്യങ്ങൾ നിമിത്തം ദാവീദ് ഒരു പ്രവാസിയെന്നനിലയിൽ ഓടിപ്പോകാൻ നിർബന്ധിതനായപ്പോൾ അവർ ഒരു വാക്കുപോലും ഉരിയാടാതെ വേർപിരിയുകയല്ല ചെയ്തത്. മറിച്ച്, സുഹൃത്തുക്കളായി തുടരാമെന്ന ഒരു ഉടമ്പടി അല്ലെങ്കിൽ കരാർ ഉണ്ടാക്കിക്കൊണ്ട് അവർ തങ്ങളുടെ അനശ്വരമായ സുഹൃദ്ബന്ധത്തെ ദൃഢീകരിക്കുകയാണു ചെയ്തത്.—1 ശമൂവേൽ 20:42.
അതുപോലെ, സുഹൃത്ത് വിടപറയുന്നതിനുമുമ്പ് നിങ്ങൾക്ക് അവനോടോ അവളോടോ സംസാരിക്കാവുന്നതാണ്. ഈ സൗഹൃദത്തിനു നിങ്ങൾ എത്രമാത്രം വിലകൽപ്പിക്കുന്നുണ്ടെന്നും പരസ്പരം സമ്പർക്കം പുലർത്താൻ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്നും സുഹൃത്തിനെ അറിയിക്കുക. കരയും കടലും ചേർന്ന് 8,000 കിലോമീറ്ററിന്റെ വ്യത്യാസത്തിൽ കഴിയുന്ന ഉത്തമസുഹൃത്തുക്കളായ പാറ്റിയും മനീനയും ചെയ്തത് അതുതന്നെയാണ്. “ഞങ്ങൾ പരസ്പരം സമ്പർക്കം പുലർത്താൻ ഉദ്ദേശിക്കുന്നു,” പാറ്റി വിശദമാക്കി. എങ്കിലും സുനിശ്ചിതമായ ചില ക്രമീകരണങ്ങൾ നടത്തിയില്ലെങ്കിൽ അത്തരം ആസൂത്രണങ്ങൾ പരാജയപ്പെട്ടേക്കാം.—ആമോസ് 3:3 താരതമ്യം ചെയ്യുക.
അപ്പോസ്തലനായ യോഹന്നാനു തന്റെ സുഹൃത്തായ ഗായൊസിനെ കാണാൻ സാധിക്കാതെ വന്നപ്പോൾ ‘മഷിയും തൂവലുംകൊണ്ട് എഴുതി’ അവനുമായി സമ്പർക്കം പുലർത്തിയെന്നു ബൈബിൾ നമ്മോടു പറയുന്നു. (3 യോഹന്നാൻ 13, NW) പരസ്പരം ഒരു എഴുത്തോ കാർഡോ പതിവായി, ഒരുപക്ഷേ ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ, അയയ്ക്കാനും നിങ്ങൾക്കു സമ്മതിക്കാവുന്നതാണ്. ദീർഘദൂരത്തേക്കു ഫോൺ ചെയ്യാനുള്ള പണച്ചെലവുകൾ നിങ്ങളുടെ മാതാപിതാക്കൾക്കൊരു പ്രശ്നമല്ലെങ്കിൽ കൂടെക്കൂടെ ഫോൺ ചെയ്ത് ജീവിതത്തിൽ അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ സാധിക്കും. അല്ലെങ്കിൽ കാസെറ്റിലോ വീഡിയോ ടേപ്പിലോ റെക്കോർഡു ചെയ്ത സന്ദേശങ്ങൾ പരസ്പരം കൈമാറാനും നിങ്ങൾക്കു സമ്മതിക്കാവുന്നതാണ്. ഭാവിയിൽ, ഒരു വാരാന്ത്യ സന്ദർശനം അല്ലെങ്കിൽ ഒരുമിച്ച് ഒരു അവധിക്കാലം ചെലവഴിക്കാനള്ള ക്രമീകരണംപോലുമോ ചെയ്യാൻ കഴിഞ്ഞെന്നുവരാം. അങ്ങനെ സൗഹൃദം തുടർന്നും പുഷ്ടിപ്പെടും.
ശൂന്യത നികത്തൽ
എങ്കിലും, ഒരു ഉത്തമസുഹൃത്തിന്റെ വേർപാട് നിങ്ങളുടെ ജീവിതത്തിൽ ശൂന്യത ഉളവാക്കും. തത്ഫലമായി, കൂടുതൽ സമയം ഇപ്പോൾ ലഭ്യമാണെന്നു നിങ്ങൾ കണ്ടെത്തും. ആ സമയം പാഴാക്കിക്കളയരുത്. (എഫെസ്യർ 5:16) ഫലദായകമായ എന്തെങ്കിലും ചെയ്യുന്നതിന്—ഒരുപക്ഷേ, പുതിയൊരു സംഗീതോപകരണം വായിക്കാൻ പഠിക്കുന്നതിനോ പുതിയൊരു ഭാഷയിൽ പ്രാവീണ്യം നേടുന്നതിനോ ഒരു ഹോബിയിൽ ഏർപ്പെടുന്നതിനോ—ആ സമയം വിനിയോഗിക്കുക. സഹായം ആവശ്യമുള്ളവർക്കുവേണ്ടി ഒരു കൈയാളായി പ്രവർത്തിക്കുന്നതു സമയത്തെ ഫലദായകമായ വിധത്തിൽ ഉപയോഗിക്കാൻ പറ്റിയ മാർഗമാണ്. നിങ്ങൾ ഒരു യഹോവയുടെ സാക്ഷിയാണെങ്കിൽ പ്രസംഗപ്രവർത്തനത്തിലുള്ള നിങ്ങളുടെ പങ്കു വർധിപ്പിക്കാൻ സാധിക്കും. (മത്തായി 24:14) അല്ലെങ്കിൽ നിങ്ങൾക്കു രസാവഹമായ ഒരു ബൈബിൾ പഠനപദ്ധതി തുടങ്ങാൻ സാധിക്കും.
അതിലുമുപരി, അപ്പോസ്തലനായ പൗലൊസ് കൊരിന്ത്യ ക്രിസ്താനികളെ, “വിശാലതയുള്ളവരായി”രിക്കാൻ—അതായത്, തങ്ങളുടെ സുഹൃദ്വലയത്തിൽ മറ്റുള്ളവരെ ഉൾപ്പെടുത്താൻ—ബുദ്ധ്യുപദേശിച്ചു. (2 കൊരിന്ത്യർ 6:13) ഒരുപക്ഷേ സുഹൃത്തുക്കളായിത്തീരുമായിരുന്ന മറ്റുള്ളവരെ അവഗണിച്ചുകൊണ്ട് ഒരു സുഹൃത്തിനോടൊപ്പം മാത്രം നിങ്ങൾ ഏറെ സമയം ചെലവഴിച്ചിരിക്കാം. യഹോവയുടെ സാക്ഷികൾക്കിടയിലുള്ള യുവജനങ്ങൾ, സൗഹൃദം തുടങ്ങാനുള്ള അവസരങ്ങൾ മിക്കപ്പോഴും പ്രാദേശിക സഭകളിൽത്തന്നെ യഥേഷ്ടം ലഭ്യമാണെന്നു കണ്ടെത്തുന്നു. അതുകൊണ്ട്, സഭായോഗങ്ങൾക്കു നേരത്തേ ഹാജരാകാനും യോഗങ്ങൾക്കുശേഷം അൽപ്പനേരം തങ്ങാനും ശ്രമിക്കുക. ആളുകളെ അറിയാൻ തക്കവിധം കൂടുതൽ സമയം ഇതു നിങ്ങൾക്കു നൽകും. ക്രിസ്തീയ കൺവെൻഷനുകളും ചെറിയ സാമൂഹിക കൂടിവരവുകളും പുതിയ സുഹൃത്തുകളെ സമ്പാദിക്കുന്നതിനുള്ള മറ്റവസരങ്ങൾ പ്രദാനം ചെയ്യുന്നു.
എങ്കിലും ഒരു കാര്യം ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും: നിങ്ങളുടെ ആത്മീയ ലാക്കുകളും മൂല്യങ്ങളും പങ്കിടാത്ത ചെറുപ്പക്കാരുമായി അടുത്തു സഹവസിക്കത്തക്കവിധം പുതിയ സുഹൃത്തുക്കളെ സമ്പാദിക്കാൻ തിടുക്കം കാട്ടരുത്. അത്തരം ആളുകൾ നിങ്ങളെ പ്രതികൂലമായ വിധത്തിൽ സ്വാധീനിച്ചേക്കാം. മാത്രമല്ല, അതു നിങ്ങൾക്കു ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. (സദൃശവാക്യങ്ങൾ 13:20; 1 കൊരിന്ത്യർ 15:33) സത്സ്വഭാവികളെന്നു പേരെടുത്ത ആത്മീയ ചിന്താഗതിക്കാരായ ചെറുപ്പക്കാരുമായിമാത്രം സഹവസിക്കുക.
അപ്രകാരമുള്ള ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ എന്തെങ്കിലും ഒരുമിച്ചു ചെയ്യാൻ ആസൂത്രണം ചെയ്തുകൊണ്ട് സൗഹൃദം വളർത്തിയെടുക്കുക. ഒരുമിച്ചിരുന്ന് ഒരുനേരം ഭക്ഷണം കഴിക്കുക. ഒരു കാഴ്ചബംഗ്ലാവു സന്ദർശിക്കുക. ഒരുമിച്ചു നടക്കാൻ പോകുക. ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത ആളുകളെ അറിയിച്ചുകൊണ്ട് ക്രിസ്തീയ ശുശ്രൂഷയിൽ ഒരു ദിവസം ഒരുമിച്ചു ചെലവിടാൻവേണ്ട ക്രമീകരണം ചെയ്യുക. സമയവും ശ്രമവും ചെലവിടുന്നപക്ഷം പുതിയ സുഹൃദ്ബന്ധം വളരും. കാരണം, ക്രിസ്തീയ സ്നേഹം വിപുലമാകയാൽ—മറ്റുള്ളവരെ കൂടെ ഉൾപ്പെടുത്താൻ തക്കവണ്ണം അതു ‘വിശാലമാകയാൽ’—പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുമ്പോൾ താമസം മാറ്റിയ പഴയ സുഹൃത്തിനോട് അവിശ്വസ്തത കാണിച്ചതായി തോന്നേണ്ട കാര്യമില്ല.
നിങ്ങളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരോട്—നിങ്ങളുടെ മാതാപിതാക്കളോട്—അടുക്കാനും നിങ്ങൾക്ക് അവസരം തക്കത്തിൽ വിനിയോഗിക്കാൻ കഴിയും. അവരുടെ സഖിത്വം തേടുന്നതിൽ നിങ്ങൾക്ക് ആദ്യം ജാള്യം തോന്നുമെങ്കിലും അവർ വലിയൊരു സഹായമായിരിക്കും. ജോഷ് എന്നു പേരുള്ള ഒരു യുവാവ് പറഞ്ഞു: “മമ്മിയോടും ഡാഡിയോടും അന്ന് അത്ര അടുപ്പം ഇല്ലായിരുന്നതുകൊണ്ട് അവരുമായി സമയം ചെലവഴിക്കാൻ എനിക്കു വളരെ ശ്രമം ചെലുത്തേണ്ടിവന്നു. പക്ഷേ, ഇപ്പോൾ അവർ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്!”
നിങ്ങൾക്ക് ഇപ്പോഴും സ്വർഗത്തിൽ ഒരു സുഹൃത്തുണ്ടെന്നും ഓർക്കുക. 13 വയസ്സുകാരൻ ഡാൻ പറഞ്ഞതുപോലെ, “നിങ്ങൾ വാസ്തവത്തിൽ തനിച്ചല്ല, നിങ്ങൾക്കു യഹോവയുണ്ട്.” നമ്മുടെ സ്വർഗീയ പിതാവിനെ പ്രാർഥനയിലൂടെ നമുക്ക് എപ്പോഴും ലഭ്യമാണ്. നിങ്ങൾ അവനെ ആശ്രയിക്കുന്നെങ്കിൽ പ്രയാസകരമായ ഈ സാഹചര്യത്തെ തരണംചെയ്യാൻ അവൻ നിങ്ങളെ സഹായിക്കും.—സങ്കീർത്തനം 55:22.
ഒരു ക്രിയാത്മക വീക്ഷണം പുലർത്തുക
ജ്ഞാനിയായ ശലോമോൻ രാജാവ് ഈ ഉപദേശം നൽകി: “പണ്ടത്തേ കാലം ഇപ്പോഴത്തേതിനെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്തു എന്നു നീ ചോദിക്കരുതു.” (സഭാപ്രസംഗി 7:10) മറ്റുവിധത്തിൽ പറഞ്ഞാൽ, ഗതകാലത്തിൽ മുങ്ങിത്തുടിക്കരുത്. ഏതൽക്കാലത്തെ പരമാവധി വിനിയോഗിക്കുക. ഇപ്പോൾ 20-ാം വയസ്സിലേക്കു കാലൂന്നിയ ബിൽ തന്റെ ഉത്തമസുഹൃത്തിനെ നഷ്ടമായപ്പോൾ ചെയ്തത് അതുതന്നെയായിരുന്നു. അവൻ അനുസ്മരിച്ചു: “കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ പുതിയ സുഹൃത്തുക്കളെ സമ്പാദിക്കാൻ തുടങ്ങി. ഗതകാലത്തെക്കുറിച്ചു ഞാൻ ഏറെയൊന്നും ചിന്തിച്ചില്ല. ഭാവിക്കുവേണ്ടി തയ്യാറെടുക്കാനും ഏതൽക്കാലത്തിന് അനുയോജ്യമായി ജീവിക്കാനും ഞാൻ ശ്രമിച്ചു.”
ഈ നിർദേശങ്ങൾ സഹായകമായേക്കാം. എങ്കിലും ഉത്തമസുഹൃത്ത് താമസം മാറ്റുന്നതു ദുഃഖകരമായ ഒരു സംഗതിതന്നെയാണ്. നിങ്ങൾ ഒരുമിച്ചായിരുന്നപ്പോഴത്തെ ഓർമകൾ കുറച്ചുകാലത്തേക്കേ നിങ്ങളെ വേദനിപ്പിക്കുകയുള്ളൂ. മാറ്റം ജീവിതത്തിന്റെ ഒരു ഭാഗമാണെന്നും അതു നിങ്ങൾക്കു പക്വത വരാനും വളരാനുമുള്ള അവസരം പ്രദാനം ചെയ്യുന്നുവെന്നും ഓർക്കുക. ഒരു വിശിഷ്ട സുഹൃത്തിന്റെ സ്ഥാനത്തു മറ്റൊരാളെ സ്ഥാപിക്കാൻ പൂർണമായും കഴിയില്ലെങ്കിലും “യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനാ”ക്കിത്തീർക്കുന്ന ഗുണങ്ങൾ നിങ്ങൾക്കു വളർത്തിയെടുക്കാൻ സാധിക്കും. (1 ശമൂവേൽ 2:26) നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ സുഹൃത്ത് എന്നു വിളിക്കാൻ കഴിയുന്ന ആരെങ്കിലുമൊക്കെ നിങ്ങൾക്കുണ്ടായിരിക്കും!
[15-ാം പേജിലെ ചിത്രം]
ഉത്തമസുഹൃത്തിനു വിടനൽകുന്നതു വേദനാജനകമായ ഒരു അനുഭവമാണ്