പോർട്ട് ആർതറിലെ കൂട്ടക്കുരുതി—അതു സംഭവിച്ചത് എന്തുകൊണ്ട്?
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റാറ് ഏപ്രിൽ 28 ഞായറാഴ്ച ഉച്ചസമയം. ഓസ്ട്രേലിയയിലെ ടാസ്മാനിയയിലുള്ള പേരുകേട്ട ഒരു വിനോദസഞ്ചാരകേന്ദ്രമായ പോർട്ട് ആർതറിലെ ചരിത്രപ്രസിദ്ധമായ സ്ഥലത്ത് കാലാവസ്ഥ പ്രസന്നമായിരുന്നു. ബ്രോഡ് ആരോ കഫേ, ഉച്ചഭക്ഷണം കഴിക്കുന്ന ആളുകളെക്കൊണ്ടു തിങ്ങിനിറഞ്ഞിരുന്നു. ഉച്ചകഴിഞ്ഞ് ഏതാണ്ട് 1.30 ആയപ്പോൾ കഫേയുടെ പുറംതിണ്ണയിലിരുന്നു ഭക്ഷണം കഴിച്ചെഴുന്നേറ്റ ചെമ്പൻ തലമുടിയുള്ള ഒരു 28 വയസ്സുകാരൻ കെട്ടിടത്തിനകത്തു കടന്നു വെടിവെക്കാൻ ആരംഭിച്ചു.
രക്ഷാധികാരികൾ കസേരകളിൽ മരിച്ചുവീണു, ആഹാരസാധനങ്ങൾ അപ്പോഴും തങ്ങളുടെ വായിലിരിക്കെത്തന്നെ. “പടക്കളത്തിലെ കൂട്ടക്കുരുതിപോലെ”യായിരുന്നു അതെന്ന് പൊലീസ് പറഞ്ഞു. എല്ലാവരും മരിച്ചെന്നു ബോധ്യമായപ്പോൾ തോക്കുധാരി കൂസലില്ലാതെ പുറത്തേക്കു നടന്നു. 20 പേരെ അയാൾ വധിച്ചിരുന്നു. നാലു വർഷംകൊണ്ട് ടാസ്മാനിയയിലെ മുഴു ദ്വീപസംസ്ഥാനത്തിലും നടന്നിട്ടുള്ളതിനെക്കാളധികം ഹത്യകൾ അയാൾ സെക്കൻഡുകൾകൊണ്ടു നടത്തിയിരുന്നു!
ഇരകളെ ഒന്നൊന്നായി കൊന്നൊടുക്കിക്കൊണ്ട് തോക്കുധാരി തന്റെ സംഹാരതാണ്ഡവം തുടർന്നു. ദൃഷ്ടാന്തത്തിന്, ചരിത്രപ്രസിദ്ധമായ ആ സ്ഥലത്തിന്റെ ബഹിർഗമനദ്വാരത്തിലേക്കു പോകുന്ന വഴിയിലായി നാനിറ്റ് മീഖാഷിനെയും അവരുടെ കൊച്ചുപെൺമക്കളെയും അയാൾ കണ്ടു. നാനിറ്റിനെയും അവരുടെ മൂന്നുവയസ്സുകാരി മകളെയും അയാൾ വകവരുത്തി. ആറുവയസ്സുകാരി രക്ഷപ്പെടാൻ ശ്രമിക്കവേ അയാൾ അവളെ പിന്തുടർന്നു. പേടിച്ചുവിറച്ച് ഒരു വൃക്ഷത്തിനു പിന്നിൽ ഒളിച്ചിരുന്ന അവളെയും അയാൾ വെടിവെച്ചു കൊന്നു.
അതിനുശേഷം, ചരിത്രപ്രസിദ്ധമായ സ്ഥലത്തിന്റെ ബഹിർഗമനദ്വാരത്തിലുള്ള ചുങ്കം അടയ്ക്കുന്ന സ്ഥലത്തിനടുത്തുവെച്ച് ബിഎംഡബ്ലിയു-വിൽ (കാർ) വന്ന മൂന്നുപേരെ വധിച്ചശേഷം തോക്കുധാരി കാർ കൈക്കലാക്കി. പിന്നീട്, കുറച്ചു ദൂരം പോയപ്പോൾ മറ്റൊരു കാറിൽ വന്ന ഒരു ദമ്പതികളെ അയാൾ കണ്ടുമുട്ടി. പുരുഷനെ അയാൾ ബിഎംഡബ്ലിയു-വിന്റെ ട്രങ്കിലേക്കു തള്ളിയിട്ടു. സ്ത്രീയെ അയാൾ വധിച്ചു. എന്നിട്ട് കുറച്ചകലെയുള്ള സീസ്കെയ്പ്പ് കോട്ടേജ് ഗസ്റ്റ്ഹൗസിലേക്കു കാറോടിച്ചുപോയി—ഉച്ചയ്ക്ക് 2.00 മണിയോടെ അയാൾ അവിടെയെത്തി. അവിടെവെച്ച് അയാൾ ബിഎംഡബ്ലിയു കാറിനു തീകൊളുത്തി. തട്ടിക്കൊണ്ടുപോന്ന വ്യക്തിയെയും ഗസ്റ്റ്ഹൗസിന്റെ ഉടമസ്ഥരായ പ്രായമായ ദമ്പതികളെയും ബന്ദികളാക്കിവെച്ചു. കഫേയിൽനിന്നു പോന്നശേഷം അയാൾ 12 പേരെ കൊന്നിരുന്നു. മരണനിരക്ക് 32 ആയി ഉയർന്നു. മറ്റുപലർക്കും പരിക്കേറ്റിരുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞത്തെ പ്രസംഗവേല
ഇതിനിടയിൽ, യഹോവയുടെ സാക്ഷികളുടെ പോർട്ട് ആർതർ സഭയിലെ അംഗങ്ങളായ ജെനീ സീഗ്ലെറും കുടുംബവും ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പോടെ 1.30-നു കൂടിവന്നു. എന്നിട്ട്, കുടുംബം പോർട്ട് ആർതറിലെ ചരിത്രപ്രസിദ്ധമായ സ്ഥലത്തേക്കു യാത്രതിരിച്ചു. ജെനീക്ക് സീസ്കെയ്പ്പ് കോട്ടേജ് ഗസ്റ്റ്ഹൗസ് ഉടമസ്ഥനായ ഡേവിഡ് മാർട്ടിനെ സന്ദർശിക്കണമായിരുന്നു. സൗഹാർദ മനോഭാവമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. മുമ്പ് അവരും മറ്റൊരു സഹോദരിയും അദ്ദേഹവുമായി രസകരമായ ഒരു ബൈബിൾചർച്ച നടത്തിയിരുന്നു.
2.00 മണി കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. ജെനീയും ഭർത്താവും കുട്ടികളും ഗസ്റ്റ്ഹൗസിനോടടുത്തപ്പോൾ പുൽത്തകിടിയിൽ കിടന്നിരുന്ന ഒരു കാറിൽനിന്നു പുക ഉയരുന്നതായി അവർ ശ്രദ്ധിച്ചു. പൊലീസ് ഉദ്യോഗസ്ഥന്മാർ അവരെ തടഞ്ഞുകൊണ്ട് വന്നവഴിയേതന്നെ പോകാൻ പറഞ്ഞു. “അവിടത്തെ അന്തരീക്ഷത്തിൽ എന്തൊക്കെയോ ദുരൂഹത തങ്ങിനിന്നിരുന്നതായി ഞങ്ങൾക്കു തോന്നി,” ജെനീ അഭിപ്രായപ്പെട്ടു. “റോഡുകൾ പതിവില്ലാത്തവിധം ആളൊഴിഞ്ഞു കാണപ്പെട്ടു.”
എങ്കിലും, എന്തെങ്കിലും കുഴപ്പം പറ്റിയിട്ടുണ്ടെന്ന് അപ്പോഴും അറിവില്ലാതിരുന്നതുകൊണ്ട് ആസൂത്രണം ചെയ്ത പ്രസംഗവേല നിർവഹിക്കുന്നതിനു കുടുംബം ദേശീയപാതയിലൂടെ ഒരു കൊച്ചു കടൽപ്പുറത്തേക്കു തിരിച്ചു. അവിടെ എല്ലാം സാധാരണഗതിയിലായിരുന്നു: വെള്ളത്തിൽ കുട്ടികൾ നീന്തുന്നു, കടലോരത്തിൽ അങ്ങു ദൂരെവരെ ആളുകൾ നടക്കുന്നു. വയസ്സുചെന്ന ഒരു ദമ്പതികൾ തങ്ങളുടെ കാറിൽ പുസ്തകം വായിച്ചുകൊണ്ട് ഇരിക്കുന്നു. “എന്റെ ഭർത്താവ് അവരെ സമീപിച്ചു. തുടർന്ന് ഒരു രസികൻ ചർച്ചയും നടന്നു,” ജെനീ പറഞ്ഞു. “ദേശീയപാതയിൽ എന്തോ പ്രശ്നമുള്ളതുപോലെ തോന്നുന്നതായി അദ്ദേഹം അവരെ അറിയിച്ചു. അതുകൊണ്ട്, കടൽപ്പുറത്തുനിന്നു പോകുമ്പോൾ മറ്റൊരു വഴിക്കു തിരിച്ചുപോകണമെന്നും അദ്ദേഹം നിർദേശിച്ചു. ഞാൻ ഒരു ചെറുപ്പക്കാരനോടു ഹ്രസ്വമായി സംസാരിച്ചു. താമസിയാതെ ഞങ്ങൾ മടങ്ങി.”
പോർട്ട് ആർതറിലെ ചരിത്രപ്രസിദ്ധമായ സ്ഥലത്തേക്കു പോകുന്ന റോഡിലൂടെ സീഗ്ലെർ കുടുംബം യാത്രതുടർന്നു. “അവിടെ, ആ സ്ഥലത്തേക്കുള്ള പ്രവേശനദ്വാരം തടഞ്ഞുകൊണ്ട് കുറേ കാറുകൾ കിടന്നിരുന്നു,” ജെനീ വിശദമാക്കി. “വെടിവെച്ചുകൊല്ലപ്പെട്ട ആളുകളുടെ ശരീരത്തെ കാഴ്ചയിൽനിന്നു മറയ്ക്കത്തക്ക വിധമായിരുന്നു അവ കിടന്നിരുന്നതെന്നു ഞങ്ങൾ പിന്നീടു മനസ്സിലാക്കി. ഒരാൾ ഞങ്ങൾക്ക് ഇപ്രകാരമുള്ള അറിയിപ്പു നൽകി: ‘ഒരുത്തൻ തോക്കുമായി ഭ്രാന്തു പിടിച്ച് ഓടിനടപ്പുണ്ട്. 15 പേർ മരിച്ചെന്നു തോന്നുന്നു!’ ഉടനടി അവിടം വിടാനുള്ള ഉപദേശം ഞങ്ങൾക്കു ലഭിച്ചു.”
വല്ലാത്തൊരു പര്യവസാനം
അഗ്നിപരീക്ഷ അപ്പോഴും അവസാനിച്ചിരുന്നില്ല. ജെനീ പറഞ്ഞപ്രകാരം: “തോക്കുധാരി എവിടെയായിരുന്നെന്ന് അറിയാത്തതുകൊണ്ട് വീട്ടിലേക്കു വണ്ടിയോടിച്ചുപോകുക എന്നത് ഒരു പരീക്ഷണം തന്നെയായിരുന്നു. റോഡിൽ മറ്റൊരു കാർ കണ്ടുമുട്ടുമ്പോഴൊക്കെ അതിൽ അയാളുണ്ടായിരിക്കുമോ എന്നു ഞങ്ങൾ സംശയിച്ചു. സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയെങ്കിലും ആക്രമണത്തിന് ഇരയാകാനുള്ള സാധ്യതയുണ്ടെന്ന തോന്നലായിരുന്നു ഞങ്ങൾക്ക്. കാരണം, പ്രദേശത്തെക്കുറിച്ച് അറിയാവുന്ന ഒരു വ്യക്തിക്ക് എളുപ്പം ഒളിഞ്ഞിരിക്കാവുന്ന ഒരു ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. ഉച്ചകഴിഞ്ഞ ആ സമയത്ത് ഞങ്ങൾ എവിടേക്കാണു പോയിരുന്നതെന്ന് അറിയാമായിരുന്ന ഞങ്ങളുടെ ക്രിസ്തീയ സഹോദരീസഹോദരന്മാർ ഒട്ടുംവൈകാതെതന്നെ ഞങ്ങൾ സുരക്ഷിതരാണോയെന്നറിയാൻ ഫോൺ ചെയ്തു തുടങ്ങി.
“സംഭവിച്ചതിനെക്കുറിച്ചു ചിന്തിക്കവേ, ഗസ്റ്റ്ഹൗസ് ഉടമസ്ഥനെ സന്ദർശിക്കാൻ ഏതാനും മിനിറ്റുകൾക്കുമുമ്പായിരുന്നു എത്തിച്ചേർന്നിരുന്നതെങ്കിൽ കൊലചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഞങ്ങളും ഉൾപ്പെടുമായിരുന്നുവെന്നു ഞങ്ങൾ മനസ്സിലാക്കി. അവിടെയുള്ള പൊലീസുകരോടു ഞങ്ങൾ സംസാരിക്കുമ്പോഴും കൊലയാളിക്കു തന്റെ തോക്ക് ഞങ്ങളുടെ നേരെ ഉന്നംവെക്കാമായിരുന്നല്ലോ എന്നോർത്തു ഞങ്ങൾ കിടിലംകൊണ്ടു!”
ഒടുവിൽ, ആ ഞായറാഴ്ച രാത്രി 200-ലേറെ പൊലീസുകാർ ഗസ്റ്റ്ഹൗസ് വളഞ്ഞു. തോക്കുധാരിയുടെ തുരുതുരെയുള്ള വെടിവെപ്പിൽനിന്ന് ഒഴിഞ്ഞുമാറാൻ അവർക്കു കമിഴ്ന്നു കിടക്കേണ്ടിവന്നു. രക്ഷപ്പെടാൻ ഒരു ഹെലികോപ്റ്റർ അയാൾ ആവശ്യപ്പെട്ടതുപോലെ തോന്നുന്നു. എന്നാൽ, രാത്രിയിൽ ഒത്തുതീർപ്പുകൾ പരാജയപ്പെട്ടു. രാത്രി 8.00 മണിയോടെ വീട്ടിൽനിന്നു പുക ഉയരുന്നതായി കാണപ്പെട്ടു. പൊള്ളലേറ്റെങ്കിലും തോക്കുധാരി ജീവനോടെ പുറത്തുവന്നു. സീഗ്ലെർ കുടുംബം നേരത്തേ സന്ദർശിക്കാൻ ശ്രമിച്ച ആ ഗസ്റ്റ്ഹൗസ് ഉടമസ്ഥൻ ഉൾപ്പെടെ മൂന്നു ബന്ദികളും വീടിന്റെ കത്തിച്ചാമ്പലായ അവശിഷ്ടങ്ങൾക്കിടയിൽ മരിച്ചുകിടക്കുന്നതായി പിന്നീടു കണ്ടെത്തി. ഇതോടെ മരണസംഖ്യ 35 ആയി.
അത് എന്തുകൊണ്ടു സംഭവിച്ചു?
ഏതാണ്ട് ഏഴാഴ്ച മുമ്പ് മാർച്ച് 13-ന് സ്കോട്ട്ലൻഡിലെ ഡൻബ്ലെനിൽ ഒരു തോക്കുധാരി ഒരു സ്കൂൾ ജിംനേഷ്യത്തിൽ കടന്നുചെന്ന് 16 കൊച്ചുകുട്ടികളെയും അവരുടെ അധ്യാപികയെയും വെടിവെച്ചുവീഴ്ത്തിയിരുന്നു. “ചോരപ്പുഴ ഒഴുകിയാൽ സംഭവം പ്രധാന വാർത്തയാകും” എന്ന ഒരു പഴയ ടെലിവിഷൻ വാർത്തയോടുള്ള ചേർച്ചയിൽ ഇത് ഒരു രാജ്യാന്തര വാർത്തയായി മാറി. ഓസ്ട്രേലിയൻ തോക്കുധാരി, ഡൻബ്ലെനിൽ നടന്ന വധങ്ങളുടെ എണ്ണത്തെ കടത്തിവെട്ടാൻ ശ്രമിക്കുകയായിരുന്നിരിക്കാമെന്നു മനുഷ്യസ്വഭാവത്തെക്കുറിച്ചു പഠിക്കുന്ന ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. വർഷങ്ങളായി ന്യൂയോർക്ക് നഗരത്തെ കിടിലംകൊള്ളിച്ച, സോഡിയാക് കൊലയാളി എന്നുവിളിക്കപ്പെട്ടയാൾ, താൻ വായിച്ചിട്ടുള്ള കൊലയാളികളെ കടത്തിവെട്ടാൻ ശ്രമിച്ചിട്ടുണ്ടെന്നു പറഞ്ഞതു ശ്രദ്ധേയമാണ്.
കൊലപാതകങ്ങൾ വ്യാപകമാകാനുള്ള കാരണമായി പലരും പറയുന്നത്, സിനിമകളിലും വീഡിയോകളിലും ചിത്രീകരിക്കുന്ന ലൈംഗികതയും അക്രമവുമാണ്. ഓസ്ട്രേലിയയുടെ ഹെറാൾഡ് സൺ റിപ്പോർട്ടു ചെയ്യുന്നു: “പോർട്ട് ആർതറിലെ കൂട്ടക്കൊല നടത്തിയതിനു പിടിക്കപ്പെട്ട കൊലയാളി മാർട്ടിൻ ബ്രയാൻറിന്റെ വീട്ടിൽനിന്ന് അക്രമങ്ങളും അശ്ലീലങ്ങളുമുള്ള മൊത്തം 2,000 വീഡിയോകൾ പിടിച്ചെടുത്തു. . . . പോർട്ട് ആർതറിലെ കൂട്ടക്കുരുതിയിൽ അക്രമാസക്തമായ ചലച്ചിത്രങ്ങൾക്കുള്ള പങ്കിലേക്കു ശ്രദ്ധതിരിക്കവേയാണ് വീഡിയോ കാസെറ്റുകൾ കണ്ടെടുത്തത്.” അതുപോലെതന്നെ, കുറ്റസമ്മതം നടത്തിയ സോഡിയാക് കൊലയാളിയുടെ “കട്ടിലിൽ രണ്ടു പെട്ടി അശ്ലീല വീഡിയോകൾ കിടന്നിരുന്ന”തായി ന്യൂയോർക്ക് ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്തു.
പോർട്ട് ആർതറിലെ കൂട്ടക്കുരുതിയെക്കുറിച്ചുള്ള വിവരം പുറത്തുവന്നപ്പോൾ ചില ടെലിവിഷൻ സ്റ്റേഷനുകൾ പട്ടികപ്പെടുത്തിയിരുന്ന തങ്ങളുടെ പരിപാടികളിൽ ഉടനടി മാറ്റംവരുത്തി. പിന്നീട്, കോളമെഴുത്തുകാരനായ പനെലൊപി ലേയ്ലൻഡ് “അക്രമവും ദുഃഖവും സംബന്ധിച്ച ടിവി കാപട്യം” എന്ന ലേഖനം എഴുതി. അദ്ദേഹം അഭിപ്രായപ്പെട്ടു: “ഒരുതരത്തിൽ പറഞ്ഞാൽ, അക്രമാസക്തമായ ആ പരിപാടികൾ അവതരിപ്പിക്കാതിരുന്നതു യാന്ത്രികമായ ഒരു കാട്ടിക്കൂട്ടലായിരുന്നു. നാളെ, അടുത്ത ആഴ്ച, അടുത്ത മാസം, അതു പതിവു ബിസിനസ് തന്നെയായിരിക്കും.”
എങ്കിലും, അക്രമങ്ങൾ ഇത്ര വ്യാപകമായിരിക്കുന്നതിന്റെ കാരണം സംബന്ധിച്ച് കൂടുതൽ ഉൾക്കാഴ്ച ലഭിക്കണമെങ്കിൽ നാം ബൈബിളിലേക്കു തിരിയേണ്ടിയിരിക്കുന്നു. ‘അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും. മനുഷ്യൻ . . . അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ആയിരിക്കും’ എന്ന് അത് ദീർഘനാൾമുമ്പു മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയൊസ് 3:1-5) അതുകൊണ്ട്, ഇന്നത്തെ അക്രമത്തിന്റെ വർധനവ്, നാം അന്ത്യനാളുകളിലാണു ജീവിക്കുന്നതെന്നും ഈ വ്യവസ്ഥിതിയുടെ സമാപനം അടുത്തിരിക്കുന്നുവെന്നുമുള്ളതിന്റെ കൂടുതലായ തെളിവു മാത്രമാണ്.—മത്തായി 24:3-14.
പലരും സംശയിച്ചേക്കാവുന്നതുപോലെ, ഭൂതങ്ങൾ—അദൃശ്യ ദുഷ്ടാത്മസേനകൾ—കിരാതമായ, മാനുഷികമല്ലാത്ത പെരുമാറ്റം വ്യാപിപ്പിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നു. (എഫെസ്യർ 6:12) പിശാചായ സാത്താനെയും അവന്റെ ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന് പുറത്താക്കിയതിനെ സംബന്ധിച്ചു വർണിച്ചുകൊണ്ട് ബൈബിൾ ഇപ്രകാരം പറയുന്നു: “ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാടു 12:7-9, 12) ഇപ്പോൾ നാം കഷ്ടത്തിന്റെതായ കാലഘട്ടത്തിലാണു ജീവിക്കുന്നത്. മനുഷ്യരെക്കൊണ്ടു കൂടുതൽ അക്രമങ്ങൾ ചെയ്യിക്കാൻ സാത്താനും അവന്റെ ഭൂതങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്.
എന്നാൽ, സാത്താനും അവന്റെ ഭൂതങ്ങളും അവരുടെ ദുഷ്ടലോകവും താമസിയാതെ പൊയ്പ്പോകും. നീതിയുടെതായ ഒരു പുതിയ ഭൂമിയിൽ ദൈവരാജ്യഭരണം ആരംഭിക്കും. (ദാനീയേൽ 2:44; മത്തായി 6:9, 10; 2 പത്രൊസ് 3:13; 1 യോഹന്നാൻ 2:17; വെളിപ്പാടു 21:3-5) ജെനീ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഇപ്പോൾ ഞങ്ങൾ ‘കരയുന്നവരോടുകൂടെ കരയുകയാണ്.’ എന്നാൽ, ഈ ദുരന്തത്തിന്റെ ആഘാതമേറ്റ സമുദായത്തിലെ ആളുകളുമായി രാജ്യപ്രത്യാശ പങ്കുവെക്കുകയെന്നതാണു ഞങ്ങളുടെ അഭിലാഷം.”—റോമർ 12:15.
[17-ാം പേജിലെ ചിത്രം]
കൂട്ടക്കുരുതി ആരംഭിച്ച ബ്രോഡ് ആരോ കഫേ
[16-ാം പേജിലെ ഭൂപടത്തിന് കടപ്പാട]
Mountain High Maps® Copyright © 1995 Digital Wisdom, Inc.