മുമ്പിലുള്ള പരിശോധനകളെ നേരിടാൻ ശക്തീകരിക്കപ്പെട്ടു
എഡ്വാർഡ് മിഹാലെക് പറഞ്ഞപ്രകാരം
യു.എസ്.എ.-യിലെ ടെക്സാസിലുള്ള വൊർടനിലെ ഷെരീഫ് കോപംകൊണ്ടു ജ്വലിക്കുകയായിരുന്നു. നാലാം പ്രാവശ്യവും എന്നെ ജയിലിലേക്കു കൊണ്ടുപോകവെ അയാൾ അലറി: “തനിക്ക് എന്തുകൊണ്ട് കൽപ്പനകൾ അനുസരിച്ചുകൂടാ?”
“എനിക്ക് ഇതു ചെയ്യാനുള്ള പൂർണ അവകാശമുണ്ട്,” ഞാൻ തിരിച്ചടിച്ചു. ഇതു ഷെരീഫിനെ ഒന്നുകൂടെ രോഷംകൊള്ളിച്ചു. അയാൾ എന്നെ ഒരു ബ്ലാക്ക്ജാക്കുകൊണ്ട് അടിക്കാൻ തുടങ്ങി. മറ്റ് ഉദ്യോഗസ്ഥന്മാരും അയാളോടൊപ്പം കൂടി. തങ്ങളുടെ തോക്കിന്റെ പാത്തികൊണ്ട് അവർ എന്നെ അടിച്ചു.
ഏതാണ്ട് 60 വർഷംമുമ്പാണ് അതു സംഭവിച്ചത്. പിന്തിരിഞ്ഞു നോക്കുമ്പോൾ, ഫ്രാൻസിനോളം വലുപ്പംവരുന്ന ഒരു തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ ആകെയുണ്ടായിരുന്ന രണ്ടു സാക്ഷികളിൽ ഒരാളായിരിക്കുന്നതിലെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ എന്നെ പരിശീലിപ്പിക്കുന്നതിന് അത്തരം സാഹചര്യങ്ങളെ യഹോവയാം ദൈവം ഉപയോഗിച്ചുവെന്ന് എനിക്കു കാണാൻ കഴിയുന്നു. വിവിധ പരിശോധനകളെ നേരിടുമ്പോൾ യഹോവയ്ക്ക് എങ്ങനെ സഹായിക്കാനാകും എന്നു കാണാൻ എന്റെ അനുഭവം സഹായിച്ചേക്കാം.
1936-ൽ, ടെക്സാസിലെ ബോളിങ്ങിൽ റേഡിയോ നന്നാക്കുന്ന കടയിൽ ജോലി ചെയ്യുമ്പോൾ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ജോസഫ് എഫ്. റഥർഫോർഡിന്റെ പ്രസംഗപ്രക്ഷേപണം ഞാൻ കേട്ടു. അനുസരണമുള്ള മനുഷ്യവർഗത്തിനു ദൈവരാജ്യം കൈവരുത്താൻ പോകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. അത് എനിക്കു നന്നേ ബോധിച്ചു. (മത്തായി 6:9, 10; വെളിപ്പാടു 21:3, 4) പിന്നീട്, ഞാൻ വീട്ടിലെ പുസ്തകശേഖരത്തിൽ റഥർഫോർഡ് എഴുതിയ ചില പുസ്തകങ്ങൾ കണ്ടെത്തി അവ വായിക്കാൻ തുടങ്ങി.
എന്റെ താത്പര്യം കണ്ട് രണ്ടാനമ്മയ്ക്കു പരിഭ്രമമായി. “ആ പഴഞ്ചൻ മതഗ്രന്ഥങ്ങൾ” എന്നാണ് അവർ അവയെ വിളിച്ചിരുന്നത്. അവർ അവ ഒളിപ്പിച്ചുവെക്കുകയും കത്തിച്ചുകളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വീക്ഷാഗോപുരത്തിന്റെയും സുവർണയുഗത്തിന്റെയും—മുമ്പ് ഉണരുക! അറിയപ്പെട്ടിരുന്നത് ആ പേരിലാണ്—വരിസംഖ്യ ആവശ്യപ്പെട്ടുകൊണ്ട് വാച്ച്ടവർ സൊസൈറ്റിക്ക് എഴുതിയപ്പോൾ, ആയിടെ രൂപീകരിക്കപ്പെട്ട വാർട്ടൻ സഭയിലെ വില്യം ഹാർപറോട് എന്നെ സന്ദർശിക്കാൻ സൊസൈറ്റി ആവശ്യപ്പെട്ടു. ഉടനെ എന്റെ രണ്ടാനമ്മയും ജ്യേഷ്ഠനും ഇളയ അർധസഹോദരനും ഞാനും ഹാർപർ സഹോദരനോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. താമസിയാതെ യഹോവയോടുള്ള സമർപ്പണം ഞങ്ങൾ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
1938-ൽ, സൊസൈറ്റിയുടെ ഒരു സഞ്ചാരപ്രതിനിധിയായ ഷീൽഡ് റ്റൂറ്റ്ജീയൻ ബോളിങ്ങിലുള്ള ഞങ്ങളുടെ ഭവനം സന്ദർശിച്ച് ഒരു ബൈബിൾ പ്രസംഗം നടത്തി. ഞങ്ങളുടെ സ്വീകരണമുറി ആളുകളെക്കൊണ്ടു തിങ്ങിനിറഞ്ഞു—തൊട്ടടുത്ത മുറികളിലേക്കുള്ള പ്രവേശനവാതിൽക്കൽപ്പോലും ആളുകൾ നിൽപ്പുണ്ടായിരുന്നു. എതിർപ്പുകളുണ്ടായിരുന്നിട്ടും തന്റെ നാളിലെ ജനങ്ങളോടു പ്രസംഗിക്കുന്നതിൽ യിരെമ്യാവു പ്രകടമാക്കിയ സ്ഥിരതയെക്കുറിച്ച് റ്റൂറ്റ്ജീയൻ സഹോദരൻ സംസാരിച്ചു. (യിരെമ്യാവു 1:19; 6:10; 15:15, 20; 20:8) അത്തരം പ്രസംഗങ്ങളിലൂടെ, നേരിടാൻ പോകുന്ന പരിശോധനകൾക്കായി യഹോവ ഞങ്ങളെ ശക്തിപ്പെടുത്തുകയായിരുന്നു.
ഒരു തീരുമാനവും അതിന്റെ അനന്തരഫലങ്ങളും
ഞാൻ ഒരു തീരുമാനം എടുക്കേണ്ടിയിരിക്കുന്നുവെന്നു താമസിയാതെ എനിക്കു മനസ്സിലായി. മുമ്പു ഞാൻ ബിസിനസ് പഠനത്തിൽ ഏർപ്പെട്ടിരുന്നു. ബിസിനസ് രംഗത്തു പ്രാമുഖ്യം നേടാനുള്ള മാർഗങ്ങൾ ഞാൻ തേടിയിരുന്നു. എനിക്കു റേഡിയോ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന ബിസിനസുമുണ്ടായിരുന്നു. കൂടാതെ, ടെലഫോൺ ലൈനുകൾ സ്ഥാപിച്ചുകൊണ്ട് ഞാൻ ഒരു ടെലഫോൺ കമ്പനിയിൽ ജോലി ചെയ്തിരുന്നു. എന്നാൽ, ജീവിതത്തിലെ യഥാർഥ വിജയം നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തെ പ്രീതിപ്പെടുത്തുന്നതാണെന്ന കാര്യം ഞാൻ ഇപ്പോൾ വിലമതിക്കാൻ തുടങ്ങി. അതുകൊണ്ട് ഞാൻ ബിസിനസ് അവസാനിപ്പിച്ചു. ഒരു ഹൗസ്കാർ നന്നാക്കിയെടുത്ത് 1939 ജനുവരി 1-ഓടെ ടെക്സാസിലെ കാർൻസ് കൗണ്ടിയിലുള്ള ത്രീ റിവേഴ്സിനടുത്ത്, മുഴുസമയ ശുശ്രൂഷകരായ ഒരു സംഘം പയനിയർമാരോടൊപ്പം ചേർന്നു.
1939 സെപ്റ്റംബറിൽ, യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. യഹോവയുടെ സാക്ഷികൾക്കെതിരെ അപവാദം പ്രചരിപ്പിക്കാൻ വിരോധികൾ സാഹചര്യത്തെ മുതലെടുത്തു. ഞങ്ങൾ ശത്രുക്കളുടെ അനുഭാവികൾ അല്ലെങ്കിൽ അച്ചുതണ്ട് ശക്തികളുടെ ചാരന്മാരാണെന്ന് അവർ അവകാശപ്പെട്ടു. പലരും ആ വ്യാജാരോപണങ്ങൾ വിശ്വസിച്ച് ഞങ്ങളെ ശല്യം ചെയ്യാൻ തുടങ്ങി. 1940-കളുടെ ആരംഭത്തിൽ, ഒമ്പതോ പത്തോ തവണ എന്നെ ജയിലിലടയ്ക്കുകയുണ്ടായി. ഷെരീഫും അയാളുടെ കീഴുദ്യോഗസ്ഥന്മാരും ചേർന്ന് എന്നെ തല്ലിച്ചതച്ച ആ സംഭവം നടന്നതും ഈ കാലത്താണ്. അതിനുശേഷം എനിക്കു വൈദ്യചികിത്സ വേണ്ടിവന്നു.
ആകസ്മികമായി, പിന്നീട് ഇതേ ഷെരീഫ്തന്നെ നിയമവിരുദ്ധമായി ചൂതാട്ടത്തിലേർപ്പെട്ട ഒരു വ്യക്തിയെ ശിക്ഷിക്കരുതെന്ന അഭ്യർഥന നൽകി. എന്നാൽ അയാൾ ഒരു പ്രത്യുപകാരം ചെയ്തുകൊടുക്കണമായിരുന്നു—എണ്ണഖനി തൊഴിലാളിയായ, ദൃഢഗാത്രനായ ആ മനുഷ്യൻ എന്നെ അടിക്കണമായിരുന്നു. അങ്ങനെ, ഒരു ദിവസം ഞാൻ തെരുവിൽ മാസികകൾ സമർപ്പിച്ചുകൊണ്ടു നിൽക്കെ ഒരു ചങ്ങലകൊണ്ട് അയാൾ എന്നെ ആക്രമിച്ചു! ചില കീഴുദ്യോഗസ്ഥന്മാർ വന്നു. എന്നാൽ അയാളെ അറസ്റ്റ് ചെയ്യുന്നതിനു പകരം അവർ എന്നെ ജയിലിലടച്ചു! എന്നെ ഉപദ്രവിച്ച വ്യക്തി, ഒരു കാര്യവുമില്ലാതെ എന്നെ ആക്രമിച്ചതിന് പിന്നീടു മാപ്പു ചോദിച്ചു.
പരിശോധനകളിൽനിന്നു പഠിച്ച പാഠം
അത്തരം പരിശോധനകളെ നേരിട്ടതു ദൈവത്തിലുള്ള എന്റെ വിശ്വാസത്തെ ബലിഷ്ഠമാക്കി. ഉള്ളതു പറഞ്ഞാൽ, എനിക്ക് അടി കിട്ടിയപ്പോൾ വേദനിച്ചതായി ഞാൻ ഓർക്കുന്നില്ല. എന്നാൽ, അതിനുശേഷം ശാന്തിയും സമാധാനവും അനുഭവപ്പെട്ടതായി ഞാൻ ഓർക്കുന്നുണ്ട്. (പ്രവൃത്തികൾ 5:40-42) അങ്ങനെ, അപ്പോസ്തലനായ പൗലൊസ് പ്രബോധിപ്പിച്ചതുപോലെ ചെയ്യാൻ ഞാൻ പഠിച്ചു: ‘കഷ്ടത സഹിഷ്ണുതയെ ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു [“ആഹ്ലാദിക്കുന്നു,” NW].’ (റോമർ 5:3, 4) പിന്നീട് എനിക്കു ലഭിച്ച പ്രഹരത്തെക്കുറിച്ച് അനുസ്മരിച്ചപ്പോൾ, എന്നെ മിണ്ടാതാക്കാൻ സാത്താന്റെ പിണയാളികളിൽ ആരെയും അനുവദിക്കുകയില്ലെന്ന് യഹോവയുടെ സഹായത്തോടെ ദൃഢനിശ്ചയംചെയ്യാൻ അതെന്നെ സഹായിച്ചു.
കൂടാതെ, മറ്റൊരു വിലയേറിയ പാഠവും ഞാൻ പഠിച്ചു. “എനിക്ക് ഇതു ചെയ്യാനുള്ള പൂർണ അവകാശമുണ്ട്” എന്ന എന്റെ നയരഹിതമായ പ്രസ്താവന ഷെരീഫിനെ ചൊടിപ്പിച്ചിരുന്നു. പിന്നീട്, അയാൾ വീണ്ടും എന്നോട് ഏറ്റുമുട്ടാൻ വന്നു. സാക്ഷികൾ യുദ്ധത്തിൽ ഉൾപ്പെടാഞ്ഞതായിരുന്നു ഇത്തവണ ദേഷ്യത്തിനുള്ള കാരണം. (യെശയ്യാവു 2:4) എന്നെ ചൊടിപ്പിക്കാനായി അയാൾ ചോദിച്ചു: “നിങ്ങളുടെ രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കാൻ വിളിച്ചാൽ നിങ്ങൾ പോകുമോ?”
നയപൂർവം പെരുമാറണമെന്ന് ഇപ്പോഴേക്കും മനസ്സിലാക്കിയിരുന്നതുകൊണ്ട് ഞാൻ ഇങ്ങനെ മറുപടി നൽകി: “യഹോവയുടെ ഹിതം അതാണെന്ന് എനിക്കുറപ്പുണ്ടെങ്കിൽ തീർച്ചയായും ഞാൻ പോകും.” ആ ഉത്തരം അയാളുടെ ദേഷ്യത്തെ തെല്ലൊന്നു ശമിപ്പിച്ചു. കൂടുതൽ കുഴപ്പങ്ങളൊന്നും പിന്നെ സംഭവിച്ചില്ല.
എന്റെ ആജീവനാന്ത വേലയ്ക്കുള്ള പരിശീലനം
എന്റെ ജീവിതത്തിലെ ഒരു സുപ്രധാന സംഭവം, 1944-ൽ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ മൂന്നാമത്തെ ക്ലാസ്സിൽ പങ്കെടുത്തതായിരുന്നു. മിഷനറി വേലയ്ക്കു വേണ്ടിയുള്ള അഞ്ചു മാസത്തെ കോഴ്സ് ഈ സ്കൂൾ പ്രദാനം ചെയ്യുന്നു. ഈ സ്കൂളിൽ പങ്കെടുക്കുന്നതിനുമുമ്പ് എനിക്ക് സഭാകമ്പം ഉണ്ടായിരുന്നു. എന്നാൽ, നൂറോളം വിദ്യാർഥികളുടെ മുമ്പിൽ പതിവായി—മിക്കതും വെളിമ്പ്രദേശത്തുള്ള ഒരു വേദിയിൽ—പ്രസംഗം അവതരിപ്പിക്കേണ്ടിയിരുന്നത്, എന്നെ യഥാർഥത്തിൽ സഹായിച്ചു. ഞങ്ങളുടെ പരസ്യ പ്രസംഗ പ്രബോധകനായ മാക്സ്വൽ ഫ്രണ്ട് ഇടയ്ക്കുകയറി ഉച്ചത്തിൽ പറയും: “മിഹാലെക് സഹോദരാ, താങ്കൾ പറയുന്നത് എനിക്കു കേൾക്കാൻ കഴിയുന്നില്ല!” ശബ്ദമുയർത്തിപ്പറയാനുള്ള ഉപദേശം ബാധകമാക്കിയപ്പോൾ, വാസ്തവത്തിൽ ഘനഗാംഭീര്യമുള്ള സ്വരമാണ് എന്റേതെന്ന് എനിക്കു മനസ്സിലായി.
സ്കൂളിന്റെ അപ്പോഴത്തെ പ്രസിഡൻറായിരുന്ന നാഥാൻ എച്ച്. നോർ എന്റെ നിയമനം ബൊളീവിയയിലാണെന്ന് അറിയിച്ചു. അദ്ദേഹം ഇപ്രകാരം ബുദ്ധ്യുപദേശിച്ചതായി ഞാൻ ഓർക്കുന്നു: “താഴ്മയുള്ള ഒട്ടേറെ ആളുകളെ താങ്കൾ അവിടെ കണ്ടെത്തും. സ്നേഹപൂർവം, ക്ഷമയോടെ, പരിഗണനയോടെ അവരോട് ഇടപെടുക.” രണ്ടാം ലോകമഹായുദ്ധം അപ്പോഴും തുടർന്നിരുന്നതുകൊണ്ട് നിയമനങ്ങൾ ലഭിച്ചിടത്തേക്കു തിരിക്കാൻ ഞങ്ങൾക്കു കുറച്ചു കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ, 1945 ഒക്ടോബർ 25-ന് സഹപാഠിയായിരുന്ന ഹെറൊൾഡ് മോറിസും ഞാനും ബൊളീവിയയുടെ തലസ്ഥാനനഗരിയായ ലാ പാസിനു തൊട്ടുവെളിയിൽ ഏൽ ആൽറ്റോ വിമാനത്താവളത്തിൽ വന്നിറങ്ങി. അങ്ങനെ ഞങ്ങൾ, തെക്കേ അമേരിക്കയിലെ മൂന്നാമത്തെ വലിയ രാജ്യത്ത് ആകെയുള്ള രണ്ടു സാക്ഷികളായിത്തീർന്നു.
വിമാനത്താവളത്തിൽനിന്ന് ഒരു ബസിൽ, സമുദ്രനിരപ്പിൽനിന്ന് 4,100 മീറ്റർ ഉയരത്തിൽ വലിയൊരു മലയിടുക്കിന്റെ താഴ്വരയിലേക്കും വശങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന, തലസ്ഥാനനഗരിയായ ലാ പാസിൽ ഞങ്ങൾ എത്തിച്ചേർന്നു. സമുദ്രനിരപ്പിൽനിന്നു മൂന്നു കിലോമീറ്ററിലേറെ ഉയർന്ന പ്രദേശത്തു ജീവിതം ക്രമപ്പെടുത്തുക ഒരു വെല്ലുവിളിയായിരുന്നു.
ചെറിയ, പ്രക്ഷുബ്ധമായ തുടക്കങ്ങൾ
ഒട്ടും വൈകാതെ ഞങ്ങൾ വീടുതോറും ആളുകളെ സന്ദർശിക്കാൻ തുടങ്ങി. സ്പാനിഷ് ഭാഷ അത്ര വശമില്ലാതെ ഞങ്ങൾ പാടുപെട്ടിരുന്ന സമയത്ത് അവർ ദയയോടും സ്നേഹത്തോടുംകൂടെ ഞങ്ങളോടു പെരുമാറി. താമസിയാതെ ഞങ്ങളിരുവരും 18 മുതൽ 20 വരെ, പ്രതിവാര ഭവനബൈബിളധ്യയനങ്ങൾ വീതം നടത്താൻ തുടങ്ങി. ആറു മാസത്തിനുശേഷം 1946 ഏപ്രിൽ 16-ന് ചെറിയ, സന്തുഷ്ടമായ ഒരു കൂട്ടം, ക്രിസ്തുവിന്റെ മരണത്തിന്റെ വാർഷികാഘോഷത്തിനു ഞങ്ങളോടൊപ്പം കൂടിവന്നു. കുറച്ചുകാലത്തിനുശേഷം, എന്റെ ഭാര്യയായിത്തീർന്ന എലിസബത്ത് ഹാളിൻസ് ഉൾപ്പെടെ നാലു ഗിലെയാദ് ബിരുദധാരികൾകൂടെ എത്തിച്ചേർന്നു.
താമസിയാതെ, മോറിസ് സഹോദരനും ഞാനും അന്നു ബൊളീവിയയിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ നഗരങ്ങളായിരുന്ന കോച്ചബാമ്പയും ഒറൂറോയും ഉൾപ്പെടെ മറ്റു നഗരങ്ങൾ സന്ദർശിക്കാൻ തുടങ്ങി. ഞങ്ങൾ അവിടെ കണ്ട താത്പര്യത്തെയും സമർപ്പിച്ച ബൈബിൾ സാഹിത്യങ്ങളെയും കുറിച്ചു ഞാൻ നോർ സഹോദരനോടു പറഞ്ഞപ്പോൾ, താത്പര്യം പ്രകടിപ്പിച്ചവരെ സഹായിക്കാൻ ഈ നഗരങ്ങൾ ഏകദേശം മൂന്നു മാസം കൂടുമ്പോൾ സന്ദർശിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. സൗഹൃദം കാണിച്ച അതിഥിപ്രിയരായ ഈ ആളുകളിൽ പലരും പിന്നീടു യഹോവയുടെ സാക്ഷികളായിത്തീർന്നു.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചിട്ട് ഒരു വർഷമേ ആയിരുന്നുള്ളൂ. അതുകൊണ്ട്, ബൊളീവിയയിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾ നടക്കുന്ന സമയമായിരുന്നു അത്. രാഷ്ട്രീയ ശത്രുതയും തെക്കേ അമേരിക്കയിലെ നാസി ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചുള്ള ഭയവും അക്രമാസക്തമായ തെരുവു പ്രകടനങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിച്ചു. 1946-ലെ വേനൽക്കാലത്ത് രാജ്യത്തെ പ്രസിഡൻറ് കൊല്ലപ്പെട്ടു. പ്രസിഡൻറിന്റെ കൊട്ടാരത്തിന് അഭിമുഖമായിനിൽക്കുന്ന ഒരു വിളക്കുകാലിൽ അദ്ദേഹത്തിന്റെ ശരീരം തൂക്കിയിട്ടു. ചിലപ്പോഴൊക്കെ, അക്രമങ്ങൾ നിമിത്തം ആളുകൾക്കു വീടുവിട്ടു പുറത്തിറങ്ങാൻ പോലും പറ്റാത്ത നിലയായിരുന്നു.
ഒരിക്കൽ എലിസബത്ത് ഒരു ബസിൽ പ്രധാന നഗരചത്വരത്തിലൂടെ യാത്രചെയ്യുമ്പോൾ മൂന്നു ചെറുപ്പക്കാരെ സ്തംഭങ്ങളിൽ കെട്ടിത്തൂക്കിയിരിക്കുന്നത് അവൾ കണ്ടു. പേടിച്ചരണ്ട അവൾ ചെറുതായൊന്നു നിലവിളിച്ചുപോയി. ഒരു സഹയാത്രികൻ പറഞ്ഞു: “നിങ്ങളതു കാണാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ മുഖം തിരിക്കൂ.” അത്തരം സംഭവങ്ങൾ, യഹോവയിൽ പൂർണമായി ആശ്രയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ഞങ്ങൾക്കു മനസ്സിലാക്കിത്തന്നു.
ഈ പ്രക്ഷോഭങ്ങൾക്കുമധ്യേയും താഴ്മയുള്ള ഹൃദയങ്ങളിൽ ബൈബിൾ സത്യങ്ങൾ വേരുപിടിക്കാൻ തുടങ്ങിയിരുന്നു. 1946 സെപ്റ്റംബറിൽ, ലാ പാസിൽ ഒരു ബ്രാഞ്ച് ഓഫീസ് സ്ഥാപിതമായി. ബ്രാഞ്ച് മേൽവിചാരകനായി ഞാൻ നിയമിക്കപ്പെട്ടു. ഓഫീസിനുവേണ്ടി വാടകയ്ക്കെടുത്ത ഒരു സമുച്ചയം ഒരു മിഷനറി ഭവനമായും ഉതകി. ഏതാനും മാസങ്ങൾക്കുശേഷം ബൊളീവിയയിൽ ആദ്യത്തെ സഭ രൂപീകരിക്കപ്പെട്ടപ്പോൾ ഇതേ സമുച്ചയമാണ് യോഗങ്ങൾക്കു കൂടിവരുന്നതിനുള്ള ഇടമായും ഉപയോഗിച്ചത്.
1946-ൽ ഞങ്ങൾ പരസ്യപ്രസംഗങ്ങളും നടത്താൻ തുടങ്ങി. ആദ്യത്തേതു നടത്താൻ ലാ പാസിലെ പ്രധാന വ്യാപാരകേന്ദ്രത്തിലുള്ള മുനിസിപ്പൽ ലൈബ്രറിയുടെ ഹാൾ ഞങ്ങൾക്കു ലഭിച്ചു. ഞങ്ങളോടൊത്തു പഠിച്ചുകൊണ്ടിരുന്ന ഒരു യുഗോസ്ലാവിയൻ സുഹൃത്ത് പ്രസംഗം പരസ്യപ്പെടുത്താനായി പ്രാദേശിക വർത്തമാനപത്രത്തിൽ ഒരു പരസ്യം നൽകി. ഹാൾ തിങ്ങിനിറഞ്ഞിരുന്നു. സ്പാനിഷ് അപ്പോഴും നല്ല വശമില്ലാതിരുന്നതുകൊണ്ട് ആ പ്രസംഗം നടത്താൻ എനിക്കു വളരെ പേടി തോന്നി. എന്നാൽ, യഹോവയുടെ സഹായംകൊണ്ട് യോഗം വിജയകരമായി നടന്നു. ആ ഹാളിൽ നടത്തിയ നാലു പ്രസംഗങ്ങളുടെ ഒരു പരമ്പരയിലെ ഒന്നാമത്തേതായിരുന്നു അത്.
1947-ൽ ആറ് ഗിലെയാദ് മിഷനറിമാരെക്കൂടെ ഞങ്ങൾക്കു ലഭിച്ചു. 1948-ൽ വേറെ നാലു പേരെ ലഭിച്ചു. ഞങ്ങൾക്കു വാടകയ്ക്കെടുക്കാൻ സാധിച്ചിരുന്ന വീടുകളിൽ ആധുനിക സൗകര്യങ്ങൾ നന്നേ കുറവായിരുന്നു. തിരക്കേറിയ ഞങ്ങളുടെ മിഷനറി പരിപാടികൾക്കു പുറമേ, ആദ്യകാല മിഷനറിമാരായ ഞങ്ങൾക്കു പിഞ്ചിക്കീറിയ വസ്ത്രങ്ങൾക്ക് പകരം വസ്ത്രങ്ങൾ വാങ്ങാൻ ഒടുവിൽ അംശകാല ജോലി ചെയ്യേണ്ടതായിവന്നു. ഒരു നഗരത്തിൽനിന്നു മറ്റൊരു നഗരത്തിൽ എത്തിച്ചേരുന്നതും വെല്ലുവിളിയായിരുന്നു. മിക്കപ്പോഴും തണുപ്പുള്ള മലമ്പാതയിലൂടെ തുറന്ന ട്രക്കിന്റെ പിന്നിലിരുന്ന് ഞാൻ യാത്ര ചെയ്തു. എന്നാൽ, യഹോവ തന്റെ സ്ഥാപനത്തിലൂടെ ശക്തിപ്പെടുത്തുന്ന പ്രോത്സാഹനങ്ങൾ ഞങ്ങൾക്കു നൽകിക്കൊണ്ടിരുന്നു.
1949 മാർച്ചിൽ നോർ സഹോദരനും അദ്ദേഹത്തിന്റെ സെക്രട്ടറി മിൽട്ടൻ ഹെൻഷലും ന്യൂയോർക്കിൽനിന്നു വന്ന് ലാ പാസ്, കോച്ചബാമ്പ, ഒറൂറോ എന്നിവിടങ്ങളിലുള്ള ഞങ്ങളുടെ മിഷനറി ഭവനങ്ങൾ സന്ദർശിച്ചു. പല രാജ്യങ്ങളിലെയും വമ്പിച്ച വർധനവിനെക്കുറിച്ചും ബ്രുക്ലിനിൽ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത് പണിതുകൊണ്ടിരിക്കുന്ന പുതിയ ബെഥേൽ ഭവനത്തെയും അച്ചടി സൗകര്യങ്ങളെയും കുറിച്ചും കേൾക്കുന്നത് എത്രമാത്രം പ്രോത്സാഹജനകമായിരുന്നു! ഞങ്ങളുടെ ഭവനവും രാജ്യഹാളും ലാ പാസിൽ കുറേക്കൂടെ കേന്ദ്രഭാഗത്തുള്ള ഒരു സ്ഥലത്തായിരിക്കണമെന്നു നോർ സഹോദരൻ നിർദേശിച്ചു. ഇനിയും കൂടുതൽ മിഷനറിമാരെ അയയ്ക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു.
പിന്നീട്, 1949-ൽ ഒറൂറോ നഗരത്തിൽവെച്ചു ഞങ്ങളുടെ ആദ്യത്തെ സർക്കിട്ട് സമ്മേളനം നടന്നു. ആദ്യമായി പരസ്പരം കണ്ടുമുട്ടിയതു നമ്മുടെ പല ക്രിസ്തീയ സഹോദരീസഹോദരന്മാരെ സംബന്ധിച്ചിടത്തോളം പ്രോത്സാഹജനകമായിരുന്നു. ഇതിനോടകം ബൊളീവിയ 48 രാജ്യപ്രഘോഷകരുടെ അത്യുച്ചത്തിലെത്തിയിരുന്നു. കൂടാതെ അവിടെ മൂന്നു സഭകളുമുണ്ടായിരുന്നു.
എന്റെ വിശ്വസ്ത സുഹൃത്ത്
വർഷങ്ങളോളം ഒരുമിച്ച് മിഷനറി സേവനത്തിൽ പങ്കെടുത്തതിന്റെ ഫലമായി എലിസബത്തും ഞാനും പരസ്പരം അറിയാനും സ്നേഹിക്കാനും ഇടയായി. ഒടുവിൽ, 1953-ൽ ഞങ്ങൾ വിവാഹിതരായി. എന്നെപ്പോലെതന്നെ അവളും 1939 ജനുവരിയിൽ പയനിയർ ശുശ്രൂഷ തുടങ്ങിയിരുന്നു. പയനിയറിങ്ങിന്റെ ആ ആദ്യനാളുകൾ അവൾക്കും പ്രയാസകരമായിരുന്നു. ധൈര്യപൂർവമുള്ള പ്രസംഗപ്രവർത്തനം നിമിത്തം ഒരു സാധാരണ കുറ്റുവാളിയെ കൊണ്ടുപോകുന്നതുപോലെ തെരുവിലൂടെ നടത്തി അവളെയും ജയിലിലേക്കു കൊണ്ടുപോയിട്ടുണ്ട്.
“മതം ഒരു കെണിയും ഒരു വഞ്ചനയുമാകുന്നു” എന്നെഴുതിയ പ്ലാക്കാർഡുകളുമേന്തി തെരുവിലൂടെ നടക്കവെ ഭയം തോന്നിയിരുന്നതായി എലിസബത്ത് സമ്മതിക്കുന്നു. എന്നാൽ, യഹോവയുടെ സ്ഥാപനം ആ സമയത്തു ഞങ്ങളോടു ചെയ്യാൻ നിർദേശിച്ചിരുന്ന സംഗതി അവൾ ചെയ്തു. അവൾ പറഞ്ഞതുപോലെ അവൾ അതു യഹോവയ്ക്കുവേണ്ടിയാണു ചെയ്തത്. ബൊളീവിയയിലെ ആദ്യനാളുകളിൽ അവൾ സഹിക്കാനിരുന്ന പരിശോധനകൾക്കുവേണ്ടി ആ അനുഭവങ്ങൾ അവളെ ശക്തിപ്പെടുത്തി.
വിവിധ നിയമനങ്ങൾ
ഞങ്ങളുടെ വിവാഹശേഷം, രണ്ടു വർഷത്തോളം സമയത്തിന്റെ ഏറിയ പങ്കും സഞ്ചാര വേലയ്ക്കായി ഞങ്ങൾ ചെലവഴിച്ചു. ബൊളീവിയയിലെ നാലു സഭകൾ മാത്രമല്ല, താത്പര്യക്കാരുടെ ഒറ്റപ്പെട്ട കൂട്ടങ്ങളും അതുപോലെതന്നെ 4,000-ത്തിലേറെ ജനസംഖ്യയുള്ള എല്ലാ പട്ടണങ്ങളും ഞങ്ങൾ സന്ദർശിച്ചു. ആ സ്ഥലങ്ങളിൽ താമസിച്ചിരുന്ന ആളുകൾക്കിടയിൽ ബൈബിൾസത്യത്തിൽ താത്പര്യമുള്ളവരെ കണ്ടെത്തുക, ആ താത്പര്യം വളർത്തിയെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. 1960-കളുടെ മധ്യത്തിൽ, ഏതാണ്ട് 10 വർഷം മുമ്പു ഞങ്ങൾ സന്ദർശിച്ച കൊച്ചുപട്ടണങ്ങളിലെല്ലാംതന്നെ സഭകളുള്ളതായി കണ്ടതു കോരിത്തരിപ്പിക്കുന്ന കാഴ്ചയായിരുന്നു.
ഇതിനിടെ, എനിക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. ലാ പാസിന്റെ ഉയർന്ന പ്രദേശത്തു ജീവിച്ചിരുന്നതുകൊണ്ട് അതു കൂടി. അതുകൊണ്ട്, 1957-ൽ ബ്രാഞ്ചിന്റെ ചുമതല മറ്റൊരു സഹോദരൻ ഏറ്റെടുത്തു. താഴ്ന്ന പ്രദേശത്തുള്ള ഒരു താഴ്വാരനഗരമായ കോച്ചബാമ്പയിലെ മിഷനറി ഭവനത്തിൽ എലിസബത്തിനും എനിക്കും നിയമനം ലഭിച്ചു. ഞങ്ങളുടെ ആദ്യത്തെ യോഗത്തിൽ ഏതാനും മിഷനറിമാർ ഹാജരായിരുന്നു. എന്നാൽ, സ്വദേശിയായ ഒരൊറ്റ ബൊളീവിയക്കാരൻപോലും പങ്കെടുത്തിരുന്നില്ല. 15 വർഷത്തിനുശേഷം, 1972-ൽ ഞങ്ങൾ കോച്ചബാമ്പ വിടുമ്പോൾ അവിടെ രണ്ടു സഭകളുണ്ടായിരുന്നു. ഇപ്പോൾ കോച്ചബാമ്പ താഴ്വരയിൽ 35 സഭകളിലായി 2,600-ലേറെ രാജ്യപ്രഘോഷകരുണ്ട്!
1972-ൽ, ഉഷ്ണമേഖലാ നിമ്നപ്രദേശത്തുള്ള സാന്ത ക്രൂസിലേക്കു ഞങ്ങൾ താമസം മാറി. ഇപ്പോഴും ഒരു രാജ്യഹാളിനു മീതെയുള്ള ഏതാനും മുറികളിലാണു ഞങ്ങളുടെ താമസം. ഞങ്ങൾ സാന്ത ക്രൂസിലെത്തിയപ്പോൾ അവിടെയും രണ്ടു സഭകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവിടെ ക്രിസ്തീയ ശുശ്രൂഷയിൽ പങ്കെടുക്കുന്ന 3,600-ലധികം പ്രസാധകരുള്ള 45 സഭകളുണ്ട്.
ഈ ദേശത്തു 12,300-ഓളം വരുന്ന യഹോവയുടെ ജനത്തെ കൂട്ടിവരുത്തിയിരിക്കുന്നതു കാണാൻ തക്കവണ്ണം 50-ലേറെ വർഷം മിഷനറി നിയമനത്തിൽ ഞങ്ങൾ നിലനിന്നുപോന്നത് എത്ര ആനന്ദകരമാണ്! ഈ പ്രിയപ്പെട്ടവരെ സേവിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ വാസ്തവമായും ആനന്ദംകൊള്ളുന്നു.
മറ്റുള്ളവരെ സേവിച്ചുകൊണ്ടുള്ള ഒരു സന്തുഷ്ട ജീവിതം
ഞാൻ മിഷനറി നിയമനത്തിനായി പോകുന്നതിനുമുമ്പ് ഒരു സഹ ടെക്സാസ്കാരനായ, വാച്ച് ടവർ സൊസൈറ്റിയുടെ നിയമോപദേഷ്ടാവ് ഹെയ്ഡൻ സി. കവിങ്ടൻ പറഞ്ഞു: “എഡ്, ടെക്സാസിലെ വീട്ടിൽ ചുറ്റിത്തിരിയാൻ നമുക്കു വേണ്ടുവോളം ഇടമുണ്ടായിരുന്നു. എന്നാൽ ഒരു മിഷനറി ഭവനത്തിൽ മറ്റുള്ളവരോടൊപ്പം ഞെങ്ങിഞെരുങ്ങി കഴിയേണ്ടിവരും. മാറ്റങ്ങൾ വരുത്തേണ്ടിവരും എന്നർഥം.” അദ്ദേഹം പറഞ്ഞതു ശരിയായിരുന്നു. മറ്റുള്ളവരോടൊപ്പം ഒന്നിച്ചു താമസിക്കുന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ, ഒരു ക്രിസ്തീയ മിഷനറി അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ ഒന്നു മാത്രമാണത്.
അപ്പോൾ, മറ്റൊരു പ്രദേശത്തു യഹോവയെ സേവിക്കാൻ ഭവനം വിട്ടുപോകുന്നതിനെക്കുറിച്ചു നിങ്ങൾ പരിചിന്തിക്കുകയാണെങ്കിൽ, മറ്റുള്ളവരെ സേവിക്കുകയെന്നതാണു ക്രിസ്തുവിന്റെ ഒരു യഥാർഥ അനുഗാമിയുടെ ജീവിതമെന്ന് ഓർക്കുക. (മത്തായി 20:28) അതുകൊണ്ട്, ആത്മത്യാഗത്തിന്റേതായ ഒരു ജീവിതം സ്വീകരിക്കത്തക്കവിധം ഒരു മിഷനറി തന്റെ മനസ്സിനെ ഒരുക്കിയെടുക്കണം. തങ്ങൾക്കു പ്രാമുഖ്യത ലഭിക്കുമെന്നു ചിലർ വിചാരിച്ചേക്കാം. ഒരുപക്ഷേ അവർക്കതു ലഭിച്ചേക്കാം—അതായത്, വീട്ടിൽവെച്ചു സുഹൃത്തുക്കളോടും ബന്ധുക്കളോടും വിടപറയുമ്പോൾ. എന്നാൽ, ഒരുവൻ തനിക്കു നിയമനം ലഭിച്ചിരിക്കുന്ന ചെറിയ ഒരു പട്ടണത്തിൽ അല്ലെങ്കിൽ അടുത്തുള്ള ദരിദ്ര നഗരത്തിൽ വന്നിറങ്ങുമ്പോൾ അതില്ലാതെയാകും. എന്റെ ഉപദേശം എന്താണ്?
ആരോഗ്യ പ്രശ്നങ്ങൾ, കുടുംബത്തിൽനിന്ന് ഒറ്റപ്പെട്ടതായ തോന്നലുകൾ, ഒരുപക്ഷേ നിയമനത്തിനിടയിൽ ക്രിസ്തീയ സഹോദരങ്ങളുമായി ഒത്തുപോകാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെയുള്ള പ്രയാസങ്ങൾ നേരിടുമ്പോൾ പരിശീലനത്തിന്റെ ഭാഗമായി അതെല്ലാം സ്വീകരിക്കുക. അങ്ങനെ ചെയ്യുന്നെങ്കിൽ തക്കസമയത്തു നിങ്ങൾക്കു പ്രതിഫലം ലഭിക്കും. അപ്പോസ്തലനായ പൗലൊസ് പറഞ്ഞതുപോലെയാണത്: ‘അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ . . . നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.’—1 പത്രൊസ് 5:10.
പ്രസിദ്ധീകരിക്കുന്നതിനായി ഈ ലേഖനം പൂർത്തിയാക്കിക്കൊണ്ടിരിക്കേ, എഡ്വാർഡ് മിഹാലെക് 1996 ജൂലൈ 7-ന് മരണമടഞ്ഞു.
[19-ാം പേജിലെ ചിത്രം]
1947-ൽ ബൊളീവിയയിൽ
[20, 21 പേജുകളിലെ ചിത്രം]
ഗിലെയാദിലെ ആംഫിതിയെറ്ററിന്റെ അടുത്ത കാലത്തെടുത്ത ഈ പടത്തിൽ കാണിച്ചിരിക്കുന്നതുപോലെ, പരസ്യപ്രസംഗക്ലാസ്സുകൾ മിക്കപ്പോഴും പുറത്തുവെച്ചാണു നടത്തിക്കൊണ്ടിരുന്നത്
[23-ാം പേജിലെ ചിത്രം]
ഭാര്യയോടൊപ്പം