നമ്മുടെ മഹാപ്രബോധകനിൽനിന്നു നിങ്ങൾ പഠിക്കുന്നുണ്ടോ?
“സ്പെയിനിലെ ഏററവും നല്ല യൂണിവേഴ്സിററികളിലൊന്നിൽ ഞാൻ അഞ്ചു വർഷത്തോളം നിയമം പഠിച്ചു. എന്നാൽ അതിനെക്കാൾ വളരെ ഉത്കൃഷ്ടമായ സംഗതിയായിരുന്നു ബൈബിൾ പഠിക്കാനാരംഭിച്ചപ്പോൾ ഞാൻ മനസ്സിലാക്കിയത്. എങ്ങനെ പഠിക്കണമെന്നു യൂണിവേഴ്സിററിയും എങ്ങനെ ജീവിക്കണമെന്നു ബൈബിളും എന്നെ പഠിപ്പിച്ചു” എന്നു കൂലിയോ വിശദമാക്കുന്നു.
ദൈവത്തിന്റെ ചിന്തകൾ, തത്ത്വങ്ങൾ, പ്രബോധനങ്ങൾ എന്നിവയിലേക്കുള്ള കവാടം നമുക്കു തുറന്നുകിട്ടുന്നതു ബൈബിളിലൂടെയാണ്. തിരുവെഴുത്തുകൾ യഹോവയെ “മഹാപ്രബോധക”നായി വർണിക്കുന്നു. എന്തെന്നാൽ അവനാണ് അഖിലാണ്ഡത്തിൽവെച്ച് ഏററവും മികച്ച ഗുരു. (യെശയ്യാവ് 30:20, NW) അക്ഷരീയമായി, എബ്രായ പാഠം അവനെ “പ്രബോധകർ” എന്നു വിളിക്കുന്നു. ഇതു പൂജകബഹുവചന രൂപമാണ്. യഹോവയാൽ പഠിപ്പിക്കപ്പെടുന്നതു മററ് ഏതൊരു ഗുരുവിനു കീഴിൽ പഠിക്കുന്നതിനെക്കാളും വളരെ ഉത്കൃഷ്ടമാണെന്ന് ഇതു നമ്മെ അനുസ്മരിപ്പിക്കണം.
യഹോവയിൽനിന്നുള്ള പ്രായോഗിക ജ്ഞാനം
ദിവ്യ ബോധനം ഇത്ര പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ടാണ്? മുഖ്യകാരണം അമൂല്യമായ അതിന്റെ ഉള്ളടക്കമാണ്. യഹോവയുടെ പ്രബോധനം നമുക്കു “പ്രായോഗിക ജ്ഞാനം” പ്രദാനം ചെയ്യുന്നു. പിന്നെ, ദൈവദത്തജ്ഞാനം അതു ബാധകമാക്കുന്നവരെ “ജീവനോടെ കാത്തുസൂക്ഷിക്കുന്നു.”—സദൃശവാക്യങ്ങൾ 3:21, 22; സഭാപ്രസംഗി 7:12, NW.
തന്റെ ജീവിതത്തിലുടനീളം യഹോവയുടെ ജ്ഞാനമാണു തന്നെ സംരക്ഷിച്ചതെന്നു സങ്കീർത്തനം 119-ന്റെ രചയിതാവ് തിരിച്ചറിഞ്ഞു. ഉദാഹരണത്തിന്, അദ്ദേഹം ഇങ്ങനെ പാടുകയുണ്ടായി: “ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു. നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു. അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്. നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകലഗുരുക്കൻമാരിലും ഞാൻ ബുദ്ധിമാനാകുന്നു.”—സങ്കീർത്തനം 119:72, 92, 98, 99.
യഹോവയുടെ ന്യായപ്രമാണമില്ലായിരുന്നെങ്കിൽ ‘തന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നതു’ സങ്കീർത്തനക്കാരൻ മാത്രമല്ലായിരുന്നു. ദൈവിക തത്ത്വങ്ങൾ ബാധകമാക്കിയതുകൊണ്ടാണു തന്റെ ജീവിതം രക്ഷപെട്ടത് എന്നു ബോധ്യമുള്ള ഒരു യുവതിയാണു സ്പാനീഷുകാരിയായ റോസ. “26 വയസ്സായപ്പോഴേക്കും ഞാൻ രണ്ടു പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചുകഴിഞ്ഞിരുന്നു” എന്ന് അവൾ ഓർമിക്കുന്നു.
റോസ ഏർപ്പെട്ടിരുന്ന സംഗതികളിൽ വ്യഭിചാരവും മദ്യപാനവും മയക്കുമരുന്നു ദുരുപയോഗവുമൊക്കെ ഉണ്ടായിരുന്നു. അവൾ പറയുന്നു: “ഒരു ദിവസം ഞാൻ വിഷാദത്തിന്റെ അഗാധ ഗർത്തത്തിലാണ്ടുപോയ നേരം. നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബൈബിളിനു നമ്മെ എങ്ങനെ സഹായിക്കാനാകുമെന്നതിനെക്കുറിച്ച് സാക്ഷികളായ ഒരു ദമ്പതികൾ എന്നോടു സംസാരിച്ചു. അങ്ങനെ ഞാൻ ദൈവവചനം പഠിക്കാൻ ആരംഭിച്ചു. എനിക്ക് അത് അത്യധികം ആകർഷകമായ അനുഭവമായി. ശുദ്ധമായ, തികച്ചും പുതുതായ ഒരു ജീവിതത്തിനു തുടക്കം കുറിക്കാനുള്ള ശക്തി എനിക്ക് ഒരു മാസത്തിനുള്ളിൽത്തന്നെയുണ്ടായി. ഇപ്പോൾ എനിക്കു ജീവിതത്തിൽ ഒരു ഉദ്ദേശ്യമായി. ഇനി എനിക്കു മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ താങ്ങ് ആവശ്യമില്ല. യഹോവയുടെ സുഹൃത്തായിരിക്കാൻ ഞാൻ വളരെയധികം ആഗ്രഹിച്ചതുകൊണ്ട്, അവന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ഞാൻ ദൃഢചിത്തയായിരുന്നു. ദൈവവചനത്തിന്റെ പ്രായോഗിക ജ്ഞാനമില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ ജീവിച്ചിരിക്കുമായിരുന്നില്ല, തീർച്ചയായും ഞാൻ ജീവിതമൊടുക്കിയേനേ.”
സത്യമായും, യഹോവയിൽനിന്നുള്ള ജ്ഞാനം ജീവരക്ഷാകരമാണ്. അതുകൊണ്ട്, ദിവ്യ ബോധനത്തിന്റെ വിലതീരാത്ത ഉള്ളടക്കത്തിൽനിന്നു മാത്രമല്ല, തന്റെ ദാസൻമാരെ പ്രബോധിപ്പിക്കാൻ യഹോവ ഉപയോഗിക്കുന്ന ഉപാധിയിൽനിന്നും നമുക്കു പ്രയോജനം നേടാനാവും. ദൈവപുത്രനായ യേശുക്രിസ്തു നമ്മോടു കൽപ്പിച്ചിരിക്കുന്നത് പഠിപ്പിക്കുന്നവരും ശിഷ്യരാക്കുന്നവരും ആയിരിക്കാനാണ്. അതുകൊണ്ട്, പ്രബോധനം നൽകുന്നതിനുള്ള ഏററവും ഫലപ്രദമായ വിധങ്ങൾ പഠിക്കാൻ നാം ആഗ്രഹിക്കുന്നു.—മത്തായി 28:19, 20.
യഹോവ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നു
“ഉപമ കൂടാതെ അവരോട് [യേശു] ഒന്നും സംസാരിക്കുമായിരുന്നില്ല” എന്നു മർക്കോസിന്റെ സുവിശേഷം പറയുന്നു. (മർക്കോസ് 4:34, NW) യേശുവിന്റെ പഠിപ്പിക്കലിലെ ഈ സവിശേഷതയിൽ അതിശയിക്കാനൊന്നുമില്ല. ഇസ്രായേൽ ജനതക്കു യഹോവയുടെ പ്രാവചനിക സന്ദേശങ്ങൾ നൽകപ്പെട്ട വിധങ്ങളിലൊന്ന് അവൻ കേവലം അനുകരിച്ചുവെന്നേയുള്ളൂ. വ്യക്തവും ശക്തവുമായ ദൃഷ്ടാന്തങ്ങൾ ഇവയിലുണ്ട്.—യെശയ്യാവു 5:1-7; യിരെമ്യാവു 18:1-11; യെഹെസ്കേൽ 15:2-7; ഹോശേയ 11:1-4.
ഉദാഹരണത്തിന്, വിഗ്രഹങ്ങൾ ഉപയോഗശൂന്യമാണെന്നു നമ്മെ പഠിപ്പിക്കാൻ യഹോവ ശക്തമായ ദൃഷ്ടാന്തം ഉപയോഗിക്കുന്നതെങ്ങനെയെന്നു ശ്രദ്ധിക്കുക. യെശയ്യാവു 44:14-17 (പി.ഒ.സി. ബൈബിൾ) പ്രസ്താവിക്കുന്നു: “അവൻ ദേവദാരു വെട്ടുന്നു. . . . മരവും തിരഞ്ഞെടുത്ത് വൃക്ഷങ്ങൾക്കിടയിൽ വളരാൻ അനുവദിക്കുന്നു. അവൻ ദേവദാരു നടുകയും . . . ചെയ്യുന്നു. പിന്നെ അതു വിറകിന് എടുക്കും. ഒരു ഭാഗം കത്തിച്ചു തീ കായുന്നതിനും ആഹാരം പാകം ചെയ്യുന്നതിനും ഉപയോഗിക്കുന്നു. വേറൊരു ഭാഗമെടുത്ത് ദേവനെ ഉണ്ടാക്കി ആരാധിക്കുകയും വിഗ്രഹം കൊത്തിയെടുത്ത് അതിന്റെ മുമ്പിൽ പ്രണമിക്കുകയും ചെയ്യുന്നു. തടിയുടെ ഒരുഭാഗം കത്തിച്ച് അതിൽ മാംസം ചുട്ടുതിന്ന് തൃപ്തനാകുന്നു. . . . ശേഷിച്ച ഭാഗംകൊണ്ട് അവൻ ദേവനെ, വിഗ്രഹത്തെ, ഉണ്ടാക്കി അതിനെ പ്രണമിച്ച് ആരാധിക്കുന്നു. എന്നെ രക്ഷിക്കണമേ, അവിടുന്നാണല്ലോ എന്റെ ദൈവം എന്ന് അവൻ അതിനോടു പ്രാർത്ഥിക്കുന്നു.” വിഗ്രഹാരാധനയും വ്യാജ തത്ത്വങ്ങളും നിരാകരിക്കുന്നതിനു പരമാർഥഹൃദയരെ സഹായിക്കാൻ ഇത്തരം ദൃഷ്ടാന്തങ്ങൾ ശക്തമായ ഉപകരണങ്ങളാണ്.
ഉള്ളു ചികയുന്ന ചോദ്യങ്ങൾ
ചിന്തോദ്ദീപകമായ ചോദ്യങ്ങളിലൂടെ തന്റെ ചില ദാസൻമാരുടെ ചിന്തകൾക്കു യഹോവ മാററം വരുത്തിയതെങ്ങനെ എന്നതിന്റെ ദൃഷ്ടാന്തങ്ങളും ബൈബിളിലുണ്ട്. ഗോത്രപിതാവായ ഇയ്യോബ് ആയിരുന്നു ഇവരിൽ ഒരാൾ. ദൈവവുമായുള്ള ബന്ധത്തിൽ തന്റെ നിസ്സാരത്വത്തെ മനസ്സിലാക്കാൻ യഹോവ ക്ഷമാപൂർവം അവനെ സഹായിച്ചു. ഇതു സാധിച്ചെടുത്തതു ചോദ്യങ്ങളുടെ ഒരു പരമ്പര ഉപയോഗിച്ചായിരുന്നു. ഉത്തരം കൊടുക്കാൻ ഇയ്യോബ് ദയനീയമായി പരാജയപ്പെടുന്നതരം ചോദ്യങ്ങളായിരുന്നു അവയെല്ലാം.
യഹോവ ഇയ്യോബിനോടു ചോദിച്ചു: “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? . . . സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടെച്ചവൻ ആർ? . . . കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ? . . . ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ?” ഇരുത്തിക്കളഞ്ഞ ഈ ചോദ്യംചെയ്യലിൽ ഈ പ്രധാന ചോദ്യവുമുണ്ടായിരുന്നു: “നീ നീതിമാനാകേണ്ടതിന്നു എന്നെ [യഹോവയെ] കുററം പറയുമോ?”—ഇയ്യോബ് 38:4, 8, 31; 40:8, 9.
താൻ കാര്യമറിയാതെയാണു സംസാരിച്ചതെന്നു തിരിച്ചറിയാൻ തുളച്ചുകയറുന്ന ഇത്തരം ചോദ്യങ്ങൾ ഇയ്യോബിനെ പ്രാപ്തനാക്കി. അതുകൊണ്ട്, അവൻ പറഞ്ഞതെല്ലാം പിൻവലിച്ച് മനസ്തപിച്ചു. (ഇയ്യോബ് 42:6) ഈ സംഭവത്തിലെപ്പോലെ, തിരഞ്ഞെടുത്ത ചോദ്യങ്ങൾ നമ്മുടെ കുട്ടികളുടെയോ ബൈബിൾ വിദ്യാർഥികളുടെയോ തെററായ ചിന്തകളെ മാററിയെടുക്കാൻ സഹായിച്ചേക്കാം.
ആത്മവിശ്വാസം വളർത്തിയെടുക്കൽ
താൻ ഒന്നിനും യോഗ്യതയില്ലാത്തവനെന്നോ അപര്യാപ്തനെന്നോ തോന്നുന്ന ആരെയെങ്കിലും നമുക്കു സഹായിക്കേണ്ടതുണ്ടെങ്കിലോ? യഹോവയും അവന്റെ പ്രവാചകനായ മോശയും തമ്മിലുള്ള സംഭാഷണം ഈ വിഷയത്തിൽ നമുക്കു സഹായകമാണ്. ഫറവോന്റെയും ഇസ്രായേല്യരുടെയും മുമ്പാകെ ദൈവം മോശയെ തന്റെ വക്താവായി നിയമിച്ചപ്പോൾ ആ കർത്തവ്യത്തിനു താൻ അപര്യാപ്തനാണെന്നു പ്രവാചകനു തോന്നി. “ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്ന് അവൻ പറഞ്ഞു. എന്നുവരികിലും ദൈവത്തിന്റെ മറുപടി ഇതായിരുന്നു: “മനുഷ്യന്നു വായി കൊടുത്തതു ആർ? . . . യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും.”—പുറപ്പാടു 4:10-12.
മോശയുടെ സഹോദരനായ അഹരോനെ യഹോവ അവന്റെ വക്താവായി നിയമിച്ചു. അങ്ങനെ അവർ തങ്ങളുടെ വേല നിർവഹിക്കാൻ ഈജിപ്തിലേക്കു പുറപ്പെട്ടു. (പുറപ്പാടു 4:14-16) വീടുതോറുമുള്ള ശുശ്രൂഷയിലോ തെരുവുസാക്ഷീകരണത്തിലോ ആദ്യമായി ഏർപ്പെടുമ്പോൾ മോശയ്ക്കു തോന്നിയതുപോലെയുള്ള അപര്യാപ്തതാബോധം തോന്നിയിട്ടുള്ള അനേകമാളുകൾ യഹോവയുടെ സാക്ഷികളിലുണ്ട്. മോശയുടെ കാര്യത്തിലെന്നപോലെ, നമുക്കു യഹോവയുടെ പിന്തുണയുണ്ടെന്നും നമ്മോടൊപ്പം പരിചയസമ്പന്നനായ ഒരു ശുശ്രൂഷകനുണ്ടെന്നും അറിയുന്നതു പരിഭ്രമമകററാൻ നമ്മെ സഹായിക്കും. ആവർത്തനപുസ്തകത്തിൽ ഉടനീളം കാണുന്ന ശക്തമായ പ്രസംഗങ്ങൾ നടത്താറായ ഘട്ടത്തോളം ആത്മവിശ്വാസം വളർത്തിയെടുക്കാൻ മോശയ്ക്കു സാധിച്ചു. അതുപോലെ യഹോവയുടെ സഹായത്താൽ സംസാരപ്രാപ്തി വളർത്തിയെടുക്കാൻ നമുക്കും കഴിയും.
ഒരു ദൃഷ്ടാന്തപാഠം
മററുള്ളവരെ സഹായിക്കാനുള്ള ആത്മാർഥമായ ആഗ്രഹവും അത്യന്താപേക്ഷിതമാണ്. ആ ഗുണമാണു യോനാ പ്രവാചകന് ഇല്ലാതെപോയത്. നഗരത്തിന്റെ ആസന്നമായിരുന്ന നാശത്തെക്കുറിച്ചു നിനെവേക്കാർക്കു മുന്നറിയിപ്പു കൊടുക്കാൻ യഹോവ യോനായെ നിയമിച്ചു. അത്ഭുതകരമെന്നു പറയട്ടെ, നിനെവേക്കാർ അനുതപിച്ചു. (യോനാ 3:5) അതുകാരണം യഹോവ ദുരന്തം നീട്ടിവെച്ചു. തന്റെ പ്രസംഗവേലയുടെ വിജയത്തിൽ അത്യധികം ആഹ്ലാദിക്കുന്നതിനുപകരം താൻ മുൻകൂട്ടിപ്പറഞ്ഞതു നടക്കാതെപോയതിൽ യോനായ്ക്ക് അമർഷമാണു തോന്നിയത്. ശരിയായ വീക്ഷണം കിട്ടാൻ യഹോവ എങ്ങനെയാണ് അവനെ സഹായിച്ചത്?
മററുള്ളവരെക്കുറിച്ചു ചിന്തയുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പററി യോനായെ പഠിപ്പിക്കാൻ യഹോവ ഒരു ആവണക്കു ചെടിയെ ഉപയോഗിച്ചു. ഒററ രാത്രികൊണ്ട് ആ ചെടി അത്ഭുതകരമായി വളർന്നു. നിനെവേയുടെ അതിർത്തിയിൽ ഒരു കുടിലു തീർത്തിരുന്ന യോനായ്ക്ക് ഈ ചെടി കുളിർമയേറും തണലായി മാറി. ഈ നിസ്സാര ചെടിയെച്ചൊല്ലി യോനാ “അത്യന്തം സന്തോഷി”ക്കാൻ തുടങ്ങി. പക്ഷേ, ചെടിയെ ഉണക്കിക്കളയാൻവേണ്ടി അതിനെ ആക്രമിക്കാൻ യഹോവ ഒരു പുഴുവിനെ വരുത്തി. വെയിലും ഉഷ്ണക്കാററുംകൊണ്ടു കോപാകുലനായി യോനാ പറഞ്ഞു: “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു.” (യോനാ 4:5-8) ഇതിലെല്ലാമുള്ള പാഠമെന്തായിരുന്നു?
യഹോവ യോനയുമായി സംസാരിച്ചു, എന്നിട്ടു പറഞ്ഞു: “നീ അദ്ധ്വാനിക്കയോ വളർത്തുകയോ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായ്വരികയും ഒരു രാത്രിയിൽ നശിച്ചുപോകയും ചെയ്തിരിക്കുന്ന ആവണക്കിനെക്കുറിച്ചു നിനക്കു അയ്യോഭാവം തോന്നുന്നുവല്ലോ. എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരു ലക്ഷത്തിരുപതിനായിരത്തിൽ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ.”—യോനാ 4:9-11.
എന്തൊരു ശക്തമായ ദൃഷ്ടാന്തപാഠം! ആയിരക്കണക്കിനാളുകളെക്കാൾ യോനായ്ക്കു താത്പര്യം ആവണക്കു ചെടിയുടെ കാര്യത്തിലായിരുന്നു. ദൈവത്തിന്റെ സൃഷ്ടികളിൽ ഏതെങ്കിലും ഒന്നിനോടുള്ള താത്പര്യം പ്രശംസനീയംതന്നെ. എങ്കിലും ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നതാണു നമ്മുടെ ഏററവും പ്രധാനമായ വേല.
ക്ഷമയോടെ പ്രബോധിപ്പിക്കൽ
യോനാ മനസ്സിലാക്കിയതുപോലെ, നമ്മുടെ ശുശ്രൂഷ നിറവേററുക എല്ലായ്പോഴും എളുപ്പമല്ല. (2 തിമൊഥെയൊസ് 4:5) എന്നാൽ അതു സാധിക്കണമെങ്കിൽ നമുക്കു മററുള്ളവരോടു ക്ഷമാപൂർവകമായ ഒരു മനോഭാവമുണ്ടായിരിക്കണം.
നിങ്ങളുടെ ഒരു ബൈബിൾ വിദ്യാർഥി മന്ദഗതിയിലുള്ളവനോ ഒരുതരത്തിൽ പറഞ്ഞാൽ യുക്തിരഹിതനോ ആണെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നു നമ്മുടെ മഹാപ്രബോധകൻ നമ്മെ പഠിപ്പിക്കുന്നു. സോദോം, ഗൊമോറ എന്നിവയുടെമേൽ ആസന്നമായിരുന്ന ന്യായവിധിയെക്കുറിച്ച് അബ്രഹാം തുടരെത്തുടരെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവൻ അസാമാന്യ ക്ഷമ പ്രകടിപ്പിച്ചു. അബ്രഹാം ചോദിച്ചു: “ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?” പിന്നെ അബ്രഹാം ഇങ്ങനെ അപേക്ഷിച്ചു: “ആ പട്ടണത്തിൽ അമ്പതു നീതിമാൻമാർ ഉണ്ടെങ്കിൽ നീ അതിനെ സംഹരിക്കുമോ? അതിലെ അമ്പതു നീതിമാൻമാർ നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ?” അനുകൂലമായ മറുപടി യഹോവയിൽനിന്നു കിട്ടിയപ്പോൾ സംഖ്യ പത്താക്കി ചുരുക്കുന്നതുവരെ യാചിച്ചുകൊണ്ടിരിക്കാൻ അബ്രഹാമിന് അതു പ്രേരണയേകി. ലോത്തിന്റെ കുടുംബം മാത്രമേ രക്ഷിക്കപ്പെടാൻ യോഗ്യരായുള്ളൂവെന്നു യഹോവക്ക് അറിയാമായിരുന്നു. അവസാനം അതിനുവേണ്ടുന്ന ക്രമീകരണം അവൻ ചെയ്യുകയും ചെയ്തു. എന്നാൽ യഹോവയുടെ കാരുണ്യത്തിന്റെ വ്യാപ്തി ബോധ്യമാകുന്നതുവരെ തന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കാൻ ദൈവം അബ്രഹാമിനെ ക്ഷമാപൂർവം അനുവദിച്ചു.—ഉല്പത്തി 18:20-32.
അബ്രഹാമിന്റെ പരിമിതമായ ഗ്രാഹ്യത്തോടും വികാരവിചാരങ്ങളോടും യഹോവ പരിഗണന കാട്ടി. ഒരു പ്രത്യേക പഠനഭാഗം മനസ്സിലാക്കാനോ ആഴത്തിൽ വേരൂന്നിയ ഒരു സ്വഭാവത്തെ പിഴുതെറിയാനോ നമ്മുടെ വിദ്യാർഥി പാടുപെടുമ്പോൾ അയാളുടെ പരിമിതികൾ നാമും മനസ്സിലാക്കണം. അങ്ങനെയാണു ക്ഷമ പ്രകടിപ്പിക്കാൻ നാം പ്രാപ്തരായിത്തീരുന്നത്.
യഹോവയിൽനിന്നു പഠിച്ചുകൊണ്ടേയിരിക്കുക
നിസ്സംശയമായും, യഹോവയാം ദൈവം മഹാപ്രബോധകനാണ്. ദൃഷ്ടാന്തങ്ങൾ, ചോദ്യങ്ങൾ, ദൃഷ്ടാന്തപാഠങ്ങൾ എന്നിവപോലുള്ള ഉപാധികളിലൂടെ അവൻ ക്ഷമാപൂർവം ഗ്രാഹ്യം പ്രദാനം ചെയ്യുന്നു. അവന്റെ പഠിപ്പിക്കൽവിധങ്ങൾ നാം എത്രത്തോളം അനുകരിക്കുന്നുവോ നാം അത്രത്തോളം മെച്ചപ്പെട്ട അധ്യാപകരായിത്തീരും.
മററുള്ളവരെ പഠിപ്പിക്കുന്നവർ സ്വയം പഠിപ്പിക്കുന്നത് അവഗണിക്കാൻ പാടില്ലാത്തതുകൊണ്ട്, നാം “യഹോവയാൽ ഉപദേശിക്കപ്പെ”ടുന്നതിൽ തുടരണം. (യെശയ്യാവു 54:13) “നിന്റെ കണ്ണു നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും. നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.” (യെശയ്യാവു 30:20, 21) യഹോവയുടെ വഴിയിൽ നടക്കുന്നതിൽ തുടർന്നുകൊണ്ടും അങ്ങനെ ചെയ്യാൻ മററുള്ളവരെ സഹായിച്ചുകൊണ്ടും നമ്മുടെ മഹാപ്രബോധകനിൽനിന്നു പഠിക്കുന്നതിനുള്ള അനുപമമായ പദവി നമുക്കു നിലനിർത്താനാവും.
[28-ാം പേജിലെ ചിത്രം]
യഹോവ ഇയ്യോബിനോടു ചോദിച്ചു: “നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടു വെക്കുകയും ചെയ്യുന്നതു?”
[28-ാം പേജിലെ ചിത്രം]
ആളുകളെക്കുറിച്ചു കൂടുതൽ ചിന്തയുള്ളവരായിരിക്കാൻ ഒരു ആവണക്കു ചെടിയെ ഉപയോഗിച്ചുകൊണ്ട് യഹോവ യോനായെ പഠിപ്പിച്ചു