യഹസ്കേൽ
15 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, മുന്തിരിച്ചെടിയുടെ തണ്ടിനെ ഏതെങ്കിലും മരത്തിന്റെ തടിയോടോ ഒരു കാട്ടുമരത്തിന്റെ ശിഖരത്തോടോ താരതമ്യപ്പെടുത്താൻ പറ്റുമോ? 3 അതിന്റെ തണ്ട് ഏതെങ്കിലും പണിക്ക് ഉപകരിക്കുമോ? ആരെങ്കിലും വീട്ടുപകരണങ്ങൾ തൂക്കിയിടാൻ പറ്റിയ മരയാണി അതുകൊണ്ട് ഉണ്ടാക്കാറുണ്ടോ? 4 പക്ഷേ തീ കത്തിക്കാനുള്ള വിറകായി അത് ഉപയോഗിക്കും. തീയിലേക്ക് ഇടുമ്പോൾ അതിന്റെ രണ്ട് അറ്റവും കത്തിത്തീരുന്നു, നടുഭാഗം കരിഞ്ഞുപോകുന്നു. പിന്നെ അത് എന്തിനു കൊള്ളാം? 5 കത്തിക്കുന്നതിനു മുമ്പുപോലും അത് ഒന്നിനും കൊള്ളില്ലായിരുന്നു. പിന്നെ കത്തിക്കരിഞ്ഞശേഷമുള്ള കാര്യം പറയാനുണ്ടോ?”
6 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘കാട്ടിലെ മരങ്ങൾക്കിടയിലുള്ള മുന്തിരിച്ചെടിയുടെ തണ്ടു ഞാൻ കത്തിക്കാനുള്ള വിറകാക്കിയില്ലേ? അതുപോലെതന്നെയായിരിക്കും ഞാൻ യരുശലേമിൽ താമസിക്കുന്നവരോടും ചെയ്യുക.+ 7 ഞാൻ അവർക്കെതിരെ തിരിഞ്ഞിരിക്കുന്നു. അവർ തീയിൽനിന്ന് ഒരിക്കൽ രക്ഷപ്പെട്ടെങ്കിലും തീ അവരെ ദഹിപ്പിക്കുകതന്നെ ചെയ്യും. ഞാൻ അവർക്കെതിരെ തിരിയുമ്പോൾ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’”+
8 “‘അവർ അവിശ്വസ്തത കാട്ടിയതുകൊണ്ട്+ ഞാൻ ദേശം ഒരു പാഴ്നിലമാക്കും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”