വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ആദിമ ഭരണസംഘത്തിനുവേണ്ടി ഒരേ വർഗീയ, ദേശീയ പശ്ചാത്തലമുള്ള പുരുഷൻമാരെ തിരഞ്ഞെടുത്തതിൽ ദൈവം പക്ഷപാതിത്വമുള്ളവനായിരുന്നുവോ—എല്ലാവരും യഹൂദൻമാരായിരുന്നല്ലോ?
അല്ല, തീർച്ചയായും അല്ലായിരുന്നു. ശിഷ്യരെന്ന നിലയിൽ യേശു ആദ്യം വിളിച്ചവരെല്ലാം യഹൂദൻമാരായിരുന്നു. പിന്നീട്, പൊ.യു. 33-ലെ പെന്തക്കോസ്തിൽ ആദ്യം പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്യപ്പെട്ടതും സ്വർഗത്തിൽ ക്രിസ്തുവിനോടുകൂടെ വാഴാൻ യോഗ്യത നേടിയതും യഹൂദൻമാരും യഹൂദമതാനുസാരികളുമായിരുന്നു. പിൽക്കാലത്തു മാത്രമേ ശമര്യക്കാരും പരിച്ഛേദനയേൽക്കാത്ത വിജാതീയ പരിവർത്തിതരും ഉൾപ്പെട്ടുള്ളു. അതുകൊണ്ട്, പ്രവൃത്തികൾ 15:2-ൽ പറഞ്ഞിരിക്കുന്നതുപോലെ “അപ്പോസ്തലൻമാരും യെരൂശലേമിലെ മൂപ്പൻമാരു”മായ യഹൂദൻമാർ ചേർന്ന് ഉളവായതായിരുന്നു ആ കാലത്തെ ഭരണസംഘമെന്നു മനസ്സിലാക്കാം. ഇവർ തിരുവെഴുത്തുപരമായ പരിജ്ഞാനം സംബന്ധിച്ച് ആഴമായ ഗ്രാഹ്യവും സത്യാരാധനയിൽ വർഷങ്ങളുടെ അനുഭവപരിചയവും ഉണ്ടായിരുന്ന പുരുഷന്മാരായിരുന്നു, അവർക്കു പക്വതയുള്ള ക്രിസ്തീയ മൂപ്പൻമാരായി വളരുന്നതിനു കൂടുതൽ സമയവുമുണ്ടായിരുന്നു.—താരതമ്യം ചെയ്യുക: റോമർ 3:1, 2.
പ്രവൃത്തികൾ 15-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന ഭരണസംഘത്തിന്റെ ആ യോഗസമയമായപ്പോഴേക്ക്, അനേകം വിജാതീയർ ക്രിസ്ത്യാനികളായിത്തീർന്നിരുന്നു. അതിൽ ആഫ്രിക്കക്കാരും യൂറോപ്യൻമാരും മററു പ്രദേശങ്ങളിൽനിന്നുള്ളവരുമുണ്ടായിരുന്നു. എന്നിരുന്നാലും, ക്രിസ്ത്യാനിത്വത്തെ യഹൂദേതരർക്ക് ആകർഷകമാക്കുന്നതിന് ഏതെങ്കിലും വിജാതീയരെ ഭരണസംഘത്തിൽ ചേർത്തുവെന്നതിനു രേഖയില്ല. പുതുതായി പരിവർത്തനംചെയ്ത ഈ വിജാതീയ ക്രിസ്ത്യാനികൾ “ദൈവത്തിന്റെ ഇസ്രായേലിൽ” തുല്യാംഗങ്ങളായിരുന്നു, എന്നിരുന്നാലും, അവർ അന്നു ഭരണസംഘത്തിന്റെ ഭാഗമായിരുന്ന അപ്പോസ്തലൻമാരെപ്പോലെയുള്ള യഹൂദക്രിസ്ത്യാനികളുടെ പക്വതയെയും ഏറിയ അനുഭവപരിചയത്തെയും ആദരിക്കുമായിരുന്നു. (ഗലാത്യർ 6:16) അത്തരം അനുഭവം എത്ര ശ്രേഷ്ഠമായി വീക്ഷിക്കപ്പെട്ടുവെന്നു പ്രവൃത്തികൾ 1:21, 22-ൽ ശ്രദ്ധിക്കുക.—എബ്രായർ 2:3; 2 പത്രൊസ് 1:18; 1 യോഹന്നാൻ 1:1-3.
അനേകം നൂററാണ്ടുകളിൽ ദൈവം ഇസ്രായേൽ ജനതയുമായി ഒരു പ്രത്യേക വിധത്തിൽ ഇടപെട്ടിരുന്നു, അവരിൽനിന്നാണു യേശു തന്റെ അപ്പോസ്തലൻമാരെ തിരഞ്ഞെടുത്തത്. ഇപ്പോൾ തെക്കേ അമേരിക്കയോ ആഫ്രിക്കയോ വിദൂര പൂർവദേശമോ ആയിരിക്കുന്നിടത്തുനിന്ന് അപ്പോസ്തലൻമാർ ഉണ്ടാകാഞ്ഞതു തെറേറാ അനീതിയോ ആയിരുന്നില്ല. തക്കസമയത്ത് ആ സ്ഥലങ്ങളിൽനിന്നുള്ള സ്ത്രീപുരുഷന്മാർക്ക് ഭൂമിയിൽ ഒരു അപ്പോസ്തലനോ ഒന്നാം നൂററാണ്ടിലെ ഭരണസംഘത്തിന്റെ ഒരു അംഗമോ ആയിത്തീരുന്നതിനെക്കാൾ അല്ലെങ്കിൽ ഇന്നു ദൈവജനത്തിന്റെ ഇടയിലെ മറേറതെങ്കിലും നിയമനം ലഭിക്കുന്നതിനെക്കാൾ മഹത്തരമായ പദവികൾ നേടുന്നതിനുള്ള അവസരം ലഭിക്കുമായിരുന്നു.—ഗലാത്യർ 3:27-29.
“ദൈവത്തിനു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും” പ്രസ്താവിക്കാൻ ഒരു അപ്പോസ്തലൻ പ്രേരിതനായി. (പ്രവൃത്തികൾ 10:34, 35) അതേ, ക്രിസ്തുവിന്റെ മറുവിലയുടെ പ്രയോജനം പക്ഷപാതിത്വം കൂടാതെ സകലർക്കും ലഭ്യമാണ്. സകല ഗോത്രത്തിൽനിന്നും ഭാഷയിൽനിന്നും ജനതകളിൽനിന്നുമുള്ള വ്യക്തികൾ സ്വർഗീയരാജ്യത്തിലും ഭൂമിയിൽ എന്നേക്കും ജീവിക്കാൻപോകുന്ന മഹാപുരുഷാരത്തിലും ഉൾപ്പെടുത്തപ്പെടും.
അനേകം ആളുകളും വർഗമോ ഭാഷയോ ദേശീയപശ്ചാത്തലമോ സംബന്ധിച്ച് അങ്ങേയററം താത്പര്യമുള്ളവരായിത്തീരാറുണ്ട്. ഗ്രീക്കു സംസാരിക്കുന്ന ക്രിസ്ത്യാനികൾക്കും എബ്രായ സംസാരിക്കുന്ന ക്രിസ്ത്യാനികൾക്കും ഇടയിൽ പിറുപിറുപ്പിനു കാരണമായ ഒരു പ്രശ്നത്തെക്കുറിച്ച് പ്രവൃത്തികൾ 6:1-ൽ നാം വായിക്കുന്നത് ഇതിന്റെ ഒരു ദൃഷ്ടാന്തമാണ്. ഭാഷ, വർഗം, വംശപശ്ചാത്തലം, അല്ലെങ്കിൽ ലിംഗഭേദം എന്നിവയെക്കുറിച്ച് ഇപ്പോൾ കാണുന്നതുപോലുള്ള അമിതാവേശത്തിൽ വളർന്നുവരുകയോ നാം അതിൽ ആമഗ്നരാവുകയോ ചെയ്തിരിക്കാം. ആ യഥാർഥ സാധ്യതയുടെതന്നെ വെളിച്ചത്തിൽ, ദൈവത്തിന്റെ വീക്ഷണപ്രകാരം നമ്മുടെ വികാരങ്ങളെയും പ്രതികരണങ്ങളെയും കരുപ്പിടിപ്പിക്കാൻ നാം സുനിശ്ചിത ശ്രമം ചെയ്യുന്നത് ഉചിതമാണ്, നമ്മുടെ ബാഹ്യപ്രകൃതം എന്തായിരുന്നാലും നാമെല്ലാം മനുഷ്യരാണെന്നുള്ളതാണ് ആ വീക്ഷണം. മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും വേണ്ടിയുള്ള യോഗ്യതകൾ ദൈവം രേഖപ്പെടുത്തിച്ചപ്പോൾ അവൻ വർഗീയ, ദേശീയ പശ്ചാത്തലത്തെക്കുറിച്ചു യാതൊന്നും സൂചിപ്പിച്ചില്ല. ഇല്ല, സേവിക്കാൻ തയ്യാറുള്ളവരുടെ ആത്മീയയോഗ്യതകളിലാണ് അവൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒന്നാം നൂററാണ്ടിൽ ദൈവം ഭരണസംഘത്തെ രൂപവൽക്കരിച്ചപ്പോൾ അതു സത്യമായിരുന്നു, അതുപോലെതന്നെ, അതു സ്ഥലത്തെ മൂപ്പൻമാരെയും സഞ്ചാരമേൽവിചാരകൻമാരെയും ഇന്നത്തെ ബ്രാഞ്ചു ഭാരവാഹികളെയും സംബന്ധിച്ചും സത്യംതന്നെ.