വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യഹോവയുടെ സാക്ഷികളിൽ പലരും വിവാഹ വാർഷികം ആഘോഷിക്കുന്നു. ജന്മദിനം ജനിച്ച ദിവസത്തിന്റെ വാർഷികം ആണല്ലോ. അപ്പോൾ, വിവാഹ വാർഷികം ആഘോഷിക്കുന്നതും ജന്മവാർഷികം ആഘോഷിക്കാത്തതും എന്തുകൊണ്ട്?
വാസ്തവത്തിൽ, ഒരു ക്രിസ്ത്യാനി രണ്ടും ആഘോഷിക്കേണ്ടതില്ല. എന്നാൽ, അവയ്ക്കു രണ്ടിനും ഒരേ പ്രാധാന്യമാണ് ഉള്ളതെന്നോ ക്രിസ്ത്യാനികൾ ജന്മദിന ആഘോഷങ്ങളെ വീക്ഷിക്കുന്നതുപോലെ വിവാഹ വാർഷിക ആഘോഷങ്ങളെ വീക്ഷിക്കണമെന്നോ അതിന് അർഥമില്ല.
രണ്ടും വാർഷികങ്ങൾ തന്നെയാണ്. കാരണം, “വാർഷികം” എന്നത് ‘ഏതെങ്കിലും ഒരു സംഭവം നടന്ന തീയതിയുടെ വാർഷിക ആവർത്തനമാണ്.’ ഏതൊരു സംഭവത്തിനും വാർഷികമുണ്ട്—നിങ്ങൾ ഒരു വാഹനാപകടത്തിൽപ്പെട്ട ദിവസം, ഒരു ചന്ദ്രഗ്രഹണം കണ്ട ദിവസം, കുടുംബത്തോടൊത്തു നീന്താൻ പോയ ദിവസം എന്നിങ്ങനെ പലതിനും. വ്യക്തമായും, ക്രിസ്ത്യാനികൾ ഓരോ “വാർഷിക”ത്തെയും ഒരു വിശേഷദിനമോ ആഘോഷമോ ആക്കുന്നില്ല. ഒരു സംഭവത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ച് ഉചിതമായിരിക്കുന്നത് എന്താണെന്ന് ഒരുവൻ തീരുമാനിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന്, പൊ.യു.മു. 1513-ൽ ദൈവത്തിന്റെ ദൂതൻ ഈജിപ്തിലെ ഇസ്രായേല്യരുടെ ഭവനങ്ങളെ കടന്നുപോയതും തുടർന്ന് അവന്റെ ജനത പുറപ്പെട്ടു പോന്നതുമായ ദിവസം വാർഷികമായി ആഘോഷിക്കണമെന്നു ദൈവം ഇസ്രായേല്യരോടു പ്രത്യേകമായി നിർദേശിച്ചിരുന്നു. (പുറപ്പാടു 12:14) യേശു ഉൾപ്പെടെയുള്ള യഹൂദന്മാർ വർഷം തോറും അത് ആചരിച്ചു. ദൈവകൽപ്പനയോടുള്ള അനുസരണം ആയിരുന്നു അത്. എന്നാൽ ആ അവസരത്തിൽ പാർട്ടിയോ സമ്മാനദാനമോ ഉണ്ടായിരുന്നില്ല. ആലയ പുനഃസമർപ്പണത്തിന്റെ വാർഷികത്തിനും യഹൂദന്മാർ പ്രത്യേകത കൽപ്പിച്ചിരുന്നു. ഈ ചരിത്ര സംഭവത്തിന്റെ സ്മരണാചരണം നടത്തണമെന്നു ബൈബിളിൽ കൽപ്പിച്ചിരുന്നില്ലെങ്കിലും, യേശു ആ ആചരണത്തെ വിമർശിച്ചില്ലെന്നു യോഹന്നാൻ 10:22, 23 സൂചിപ്പിക്കുന്നു. ഒടുവിൽ, യേശുവിന്റെ മരണത്തിന്റെ വാർഷികവേളയിൽ ക്രിസ്ത്യാനികൾ, ദൈവവചനത്തിലെ വ്യക്തമായ ഒരു കൽപ്പന അനുസരിച്ചുകൊണ്ട്, ഒരു വിശേഷ യോഗം നടത്തുന്നു.—ലൂക്കൊസ് 22:19, 20.
വിവാഹ വാർഷികങ്ങളുടെ കാര്യമോ? ചില രാജ്യങ്ങളിൽ, ഭാര്യാഭർത്താക്കന്മാർ തങ്ങൾ വിവാഹിതരായ ദിവസത്തെ സവിശേഷതയോടെ വീക്ഷിക്കുന്നതു സാധാരണമാണ്—ദൈവം തുടക്കമിട്ട ഒരു ക്രമീകരണമാണ് വിവാഹം. (ഉല്പത്തി 2:18-24; മത്തായി 19:4-6) തീർച്ചയായും ബൈബിൾ വിവാഹത്തിനു മോശമായ ഒരു പരിവേഷം കൽപ്പിക്കുന്നില്ല. യേശു ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുക്കുകയും ആ സന്ദർഭത്തിന്റെ സന്തോഷം വർധിപ്പിക്കുകയും ചെയ്തു.—യോഹന്നാൻ 2:1-11.
ഒരു ദമ്പതികൾ തങ്ങളുടെ വിവാഹ സന്തോഷത്തെ കുറിച്ചു വിചിന്തനം ചെയ്യാനും ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ വിജയത്തിനായി പരിശ്രമിക്കാനുള്ള ദൃഢനിശ്ചയം പുതുക്കാനും വിവാഹ വാർഷികം ആഘോഷിക്കുന്നത് സ്വാഭാവികമാണ്. ഈ സന്തോഷകരമായ സന്ദർഭത്തിന്റെ ആഘോഷം അവർ മാത്രമായി നടത്തണമോ അതോ കുറെ ബന്ധുക്കളെ അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കളെ ഉൾപ്പെടുത്തി വേണമോ എന്നെല്ലാം തീരുമാനിക്കേണ്ടത് അവരാണ്. ഒരു വലിയ സാമൂഹിക കൂടിവരവിനുള്ള ഒഴികഴിവായി ആ സന്ദർഭത്തെ ഉപയോഗപ്പെടുത്തരുത്. തങ്ങളുടെ അനുദിന ജീവിതത്തിൽ ബാധകമാകുന്ന തത്ത്വങ്ങൾതന്നെ ആ അവസരത്തിലും പിൻപറ്റാൻ ക്രിസ്ത്യാനികൾ ആഗ്രഹിക്കണം. അതുകൊണ്ട്, വിവാഹ വാർഷികം ആഘോഷിക്കണമോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണ്.—റോമർ 13:13, 14.
എന്നിരുന്നാലും, ജന്മദിന ആഘോഷത്തിന്റെ കാര്യമോ? അത്തരം ഒരു വാർഷിക ആഘോഷത്തെക്കുറിച്ചു ബൈബിളിൽ വല്ല സൂചനകളുമുണ്ടോ?
ഈ നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—ജന്മദിനങ്ങൾക്കു പ്രത്യേക പ്രാധാന്യം കൊടുത്തിരുന്നു. ദൈനംദിന സ്വർഗീയ മന്ന എന്നു വിളിക്കപ്പെട്ടിരുന്ന ചെറിയ പുസ്തകങ്ങൾ അവരിൽ പലരും സൂക്ഷിച്ചിരുന്നു. അതിൽ ഓരോ ദിവസത്തേക്കുമുള്ള ഒരു ബൈബിൾ വാക്യം അടങ്ങിയിരുന്നു. പല ക്രിസ്ത്യാനികളും അതിൽ സഹവിശ്വാസികളുടെ ജന്മദിനങ്ങൾ അടയാളപ്പെടുത്തി ചെറിയ ഫോട്ടോകൾ ആ പേജുകളിൽ പതിപ്പിച്ചുവെച്ചിരുന്നു. മാത്രമല്ല, 1909 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച്, യു.എസ്.എ.-യിലുള്ള ഫ്ളോറിഡയിലെ ജാക്സൺവില്ല കൺവെൻഷനിൽ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന റസ്സൽ സഹോദരനെ സ്റ്റേജിലേക്ക് വരുത്തുകയുണ്ടായി. എന്തിന്? ജന്മദിന സമ്മാനമായി കുറെ ബോക്സുകളിൽ മുന്തിരിയും കൈതച്ചക്കയും ഓറഞ്ചുമൊക്കെ അദ്ദേഹത്തിന് കൊടുക്കാനായിരുന്നു. അതൊരു കഴിഞ്ഞകാല വീക്ഷണം നൽകുന്നു. സാന്ദർഭികമായി പറഞ്ഞാൽ, ആ കാലഘട്ടത്തിൽ സഹോദരങ്ങൾ യേശുവിന്റെ ജന്മവാർഷികമായി, അല്ലെങ്കിൽ ജന്മദിനമായി, ഡിസംബർ 25 ആഘോഷിച്ചിരുന്നു എന്നും ഓർക്കുക. ബ്രുക്ലിൻ ആസ്ഥാനത്ത് ക്രിസ്മസ് ഡിന്നർ നടത്തുന്നതു പോലും പതിവായിരുന്നു.
തീർച്ചയായും, അക്കാലത്തിനു ശേഷം ദൈവജനം പല വിധങ്ങളിലും ആത്മീയമായി വളർന്നിരിക്കുന്നു. 1920-കളിൽ, സത്യം സംബന്ധിച്ച വർധിച്ച ഗ്രാഹ്യം പിൻവരുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ അവരെ പ്രാപ്തരാക്കി:
യേശു ജനിച്ചത് ഡിസംബർ 25-ന് അല്ല. അതു പുറജാതീയ മതവുമായി ബന്ധപ്പെട്ട തീയതിയാണ്. ബൈബിൾ നമ്മോട് ആവശ്യപ്പെടുന്നതു യേശുവിന്റെ മരണത്തീയതി അനുസ്മരിക്കാനാണ്, അവന്റെയോ മറ്റാരുടെയെങ്കിലുമോ ജനനത്തിന്റെ വാർഷികം ആഘോഷിക്കാനല്ല. അത് സഭാപ്രസംഗി 7:1-നോടും വിശ്വസ്തനായ ഒരാളുടെ ജീവിതം എങ്ങനെ പര്യവസാനിക്കുന്നു എന്നതാണ് അയാളുടെ ജനന ദിവസത്തെക്കാൾ പ്രധാനമെന്ന വസ്തുതയോടും യോജിക്കുന്നു. വിശ്വസ്ത ദാസന്മാർ ആരെങ്കിലും തങ്ങളുടെ ജന്മദിനം ആഘോഷിച്ചതിന്റെ രേഖ ബൈബിളിൽ ഇല്ല. എന്നാൽ, പുറജാതികൾ ജന്മദിനം ആഘോഷിച്ചതായി അതു പറയുന്നുണ്ട്. ആ അവസരങ്ങളോടു ബന്ധപ്പെട്ട് ക്രൂരമായ പ്രവൃത്തികൾ അരങ്ങേറുകയും ചെയ്തു. ആ ജന്മദിന വാർഷികങ്ങളുടെ പശ്ചാത്തലം നമുക്കൊന്നു പരിശോധിക്കാം.
യോസേഫിന്റെ നാളിലെ ഫറവോന്റെ ജന്മദിനമായിരുന്നു ആദ്യത്തേത്. (ഉല്പത്തി 40:20-23) ഇതു സംബന്ധിച്ച് ഹേസ്റ്റിങ്സിന്റെ മത-സദാചാര വിജ്ഞാനകോശത്തിലെ (ഇംഗ്ലീഷ്) ജന്മദിനങ്ങൾ സംബന്ധിച്ചുള്ള ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്: “ജന്മദിനം അനുസ്മരിക്കുന്ന രീതി അതിന്റെ സ്വഭാവത്തിൽ കാലഗണനയോടും അന്തഃസത്തയിൽ ചില പ്രാചീന മതതത്ത്വങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു.” പിന്നീട് ആ വിജ്ഞാനകോശം ഈജിപ്ഷ്യൻ വിജ്ഞാനിയായ സർ ജെ. ഗാർഡ്നർ വിൽക്കൻസൺ പിൻവരുന്ന പ്രകാരം എഴുതിയതായി ഉദ്ധരിക്കുന്നു: “ഓരോ ഈജിപ്തുകാരനും താൻ ജനിച്ച ദിവസത്തിന്, നാഴികയ്ക്കു പോലും, പ്രാധാന്യം കൽപ്പിച്ചിരുന്നു; പേർഷ്യയിലെപ്പോലെ ഓരോ വ്യക്തിയും തന്റെ ജന്മദിനം വലിയ സന്തോഷത്തോടെ ആചരിച്ചിരിക്കാനാണ് സാധ്യത. ആ സന്ദർഭത്തിൽ സമൂഹത്തിലെ സകല വിനോദങ്ങളും സമൃദ്ധമായ മധുര പലഹാരങ്ങളും ഒരുക്കിക്കൊണ്ട് അയാൾ സ്നേഹിതരെ സ്വാഗതം ചെയ്യുമായിരുന്നു.”
ബൈബിളിൽ പറഞ്ഞിരിക്കുന്ന മറ്റൊരു ജന്മദിന ആഘോഷം ഹെരോദാവിന്റെതാണ്. ആ സന്ദർഭത്തിൽ സ്നാപക യോഹന്നാന്റെ തല ഛേദിക്കപ്പെട്ടു. (മത്തായി 14:6-10) ദി ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബൈബിൾ എൻസൈക്ലോപീഡിയ (1979-ലെ പതിപ്പ്) ഈ ഉൾക്കാഴ്ച നൽകുന്നു: “യവനസംസ്കാര വ്യാപനത്തിനു മുമ്പുള്ള ഗ്രീക്കുകാർ ദേവന്മാരുടെയും പ്രമുഖ വ്യക്തികളുടെയും ജന്മദിനങ്ങൾ ആഘോഷിച്ചിരുന്നു. ഈ ആഘോഷങ്ങളെ സൂചിപ്പിക്കുന്ന ഗ്രീക്കു പദമാണ് ജെനെത്ലിയ. എന്നാൽ, ജെനെസിയ മരിച്ചുപോയ ഒരു പ്രമുഖ വ്യക്തിയുടെ ജന്മദിനത്തിന്റെ സ്മരണാഘോഷം ആയിരുന്നു. 2 മക്ക[ബായർ] 6:7-ൽ അന്തിയോക്കസ് നാലാമന്റെ പ്രതിമാസ ജെനെത്ലിയ സംബന്ധിച്ച പരാമർശം കാണാം. ആ സമയത്ത് ‘യാഗങ്ങളിൽ പങ്കുപറ്റാൻ’ യഹൂദന്മാർ നിർബന്ധിക്കപ്പെട്ടിരുന്നു. . . . ഹെരോദാവ് ജന്മദിന ആഘോഷം നടത്തിയപ്പോൾ ഗ്രീക്കു സമ്പ്രദായത്തിനു ചേർച്ചയിൽ അയാൾ പ്രവർത്തിക്കുകയായിരുന്നു; ഗ്രീക്കു സംസ്കാര കാലങ്ങൾക്കു മുമ്പ് ഇസ്രായേലിൽ ജന്മദിനങ്ങൾ ആഘോഷിച്ചിരുന്നു എന്നതിനു തെളിവൊന്നുമില്ല.”
എല്ലാ ആചാരത്തിന്റെയും അല്ലെങ്കിൽ അനുഷ്ഠാനത്തിന്റെയും ഉത്ഭവവും പുരാതന മതങ്ങളുമായി അതിനുള്ള ബന്ധവും സംബന്ധിച്ച് ഇന്നു സത്യ ക്രിസ്ത്യാനികൾ അമിതമായി തല പുകയ്ക്കുന്നില്ല എന്നതു ശരിതന്നെ. എന്നാൽ, ദൈവവചനത്തിൽ കാണുന്ന സുപ്രധാന സൂചനകൾ അവഗണിക്കാനും അവർ പ്രവണത ഉള്ളവരല്ല. അതിൽ, ബൈബിൾ രേഖയിൽ കാണുന്നത് പുറജാതീയർ ആഘോഷിച്ചിരുന്നതും ക്രൂരതയോടു ബന്ധപ്പെട്ടിരുന്നതുമായ ജന്മദിന ആഘോഷങ്ങൾ മാത്രമാണ് എന്ന വസ്തുത ഉൾപ്പെടുന്നു. അതിനാൽ, തിരുവെഴുത്തുകൾ ജന്മദിന ആഘോഷങ്ങൾ സംബന്ധിച്ച് നല്ല അഭിപ്രായമല്ല പറയുന്നത്. അത് അവഗണിക്കാൻ ആത്മാർഥ ക്രിസ്ത്യാനികൾ കൂട്ടാക്കുന്നുമില്ല.
അതുകൊണ്ട്, ക്രിസ്ത്യാനികൾ വിവാഹ വാർഷികം ആഘോഷിക്കണമോ വേണ്ടയോ എന്നത് തികച്ചും വ്യക്തിപരമായ സംഗതിയായിരിക്കെ, ജന്മദിന ആഘോഷം ഒഴിവാക്കുന്നതിന് പക്വതയുള്ള ക്രിസ്ത്യാനികൾക്കു തക്കതായ കാരണങ്ങൾ ഉണ്ട്.