വിശ്വസിക്കുന്നുവെന്ന് അനേകരും പറയുന്നു
“യേശു അതിശ്രേഷ്ഠനും മഹാനും ആണ്!” എന്ന് ബ്രസീലിലെ ഒരു ഭക്ത ഉദ്ഘോഷിച്ചു. തീർച്ചയായും, യേശുവിന്റെ നാമത്തിന്റെ ശക്തിയെ നിരാകരിക്കാനാവില്ല. ചരിത്രത്തിലുടനീളം, ആളുകൾ അവനെപ്രതി കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറാകുകയും മരണം വരിക്കുകയും ചെയ്തിട്ടുണ്ട്.
അപ്പൊസ്തലന്മാരായ പത്രൊസും യോഹന്നാനും യെരൂശലേമിൽ ‘യേശുവിന്റെ നാമത്തിൽ’ പ്രസംഗിച്ചു. അതിന് അവർ അറസ്റ്റിലായി ചാട്ടവാറടിയേറ്റു. എന്നിട്ടും “തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്നു പുറപ്പെട്ടുപോയി.”—പ്രവൃത്തികൾ 5:28, 41.
യേശുവിന്റെ നാമത്തെ അതിയായി ആദരിച്ച, ഒന്നാം നൂറ്റാണ്ടിലെ മറ്റൊരു ക്രിസ്ത്യാനി ആയിരുന്നു അന്തിപ്പാസ്. ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാടിൽ, യേശു അവനെ ‘സാത്താൻ വസിക്കുന്ന നിങ്ങളുടെ സമൂഹത്തിൽവച്ച് വധിക്കപ്പെട്ട എന്റെ വിശ്വസ്ത സാക്ഷി’ എന്നു പരാമർശിച്ചിരിക്കുന്നു. (വെളിപ്പാടു 2:13, പി.ഒ.സി. ബൈബിൾ) പെർഗ്ഗമൊസിൽവെച്ച്, മറ്റു ക്രിസ്ത്യാനികളോടൊപ്പം, അന്തിപ്പാസ് യേശുവിലുള്ള വിശ്വാസം തള്ളിപ്പറയാൻ വിസമ്മതിച്ചു. ജീവൻ അപകടപ്പെടുത്തിയും അവൻ യേശുവിന്റെ നാമത്തെ മുറുകെപ്പിടിച്ചു!
ഏതാണ്ട് അര നൂറ്റാണ്ടിനുശേഷം, അതായത് പൊ.യു. 155-ൽ, ക്രിസ്ത്യാനി എന്ന് അവകാശപ്പെട്ടിരുന്ന പോളിക്കാർപ്പിനും സമാനമായ പരീക്ഷ നേരിട്ടു. ക്രിസ്തുവിനെ ദുഷിച്ചുപറയാൻ അവനോടു കൽപ്പിച്ചു. അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: “എൺപത്തഞ്ചു വർഷമായി ഞാൻ അവനെ സേവിക്കുന്നു. അവൻ എനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്നെ രക്ഷിച്ച എന്റെ രാജാവിനെ എനിക്ക് എങ്ങനെയാണു ദുഷിച്ചുപറയാൻ കഴിയുക?” ക്രിസ്തുവിനെ തള്ളിപ്പറയാൻ വിസമ്മതിച്ചതിന് ശത്രുക്കൾ പോളിക്കാർപ്പിനെ സ്തംഭത്തിലേറ്റി ചുട്ടെരിച്ചു.
അപ്പൊസ്തലന്മാരും അന്തിപ്പാസും മറ്റു ചിലരും ക്രിസ്തുവിനുവേണ്ടി മരിച്ചുകൊണ്ട് അവനെക്കുറിച്ചു ശക്തമായ സാക്ഷ്യം നൽകാൻ മനസ്സുള്ളവരായിരുന്നു. ഇന്നത്തെ ആളുകളുടെ കാര്യമോ?
യേശുവിന്റെ നാമം ഇന്ന്
യേശുവിന്റെ നാമം ഇപ്പോഴും ആളുകളെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. ലാറ്റിൻ അമേരിക്കയിൽ, യേശുവിൽ വിശ്വസിക്കുന്നു എന്നു പറയുന്ന സഭകളുടെ വളർച്ചാ നിരക്ക് ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഏറ്റവും കൂടുതലായിരുന്നു. കൊച്ചുഗ്രാമങ്ങളിൽപ്പോലും ഒരു പെന്തക്കോസ്ത് സഭ കാണാം. അതേസമയം, അത്തരം സഭകളുടെ രാഷ്ട്രീയ സ്വാധീനവും വർധിക്കുകയാണ്. ഉദാഹരണത്തിന്, ബ്രസീലിൽ കോൺഗ്രസിലും സെനറ്റിലുമായി ഈ സഭാംഗങ്ങളിൽപ്പെട്ട 31 പേർ ഉണ്ട്.
ഐക്യനാടുകളിൽ യേശുവിനെ കേന്ദ്രീകരിച്ച് പുതിയൊരു മതപ്രസ്ഥാനം ഉടലെടുത്തിരിക്കുന്നു. അതിന്റെ അനുഗാമികൾ സ്വയം വിശേഷിപ്പിക്കുന്നത് ‘വാഗ്ദാന പാലകർ’ എന്നാണ്. 1991-ൽ 4,200 ആയിരുന്ന അവരുടെ യോഗഹാജർ 1996-ൽ 11 ലക്ഷമായി ഉയർന്നു എന്ന് ടൈം മാഗസിൻ 1997-ൽ റിപ്പോർട്ട് ചെയ്തു. അവരുടെ ഒരു ഗീതത്തിന്റെ ഒരു വരി ഇങ്ങനെയാണ്: “എൻ രക്ഷകനാം യേശുവിൽ നിത്യം ജയം.”
എന്നിരുന്നാലും, യേശുവിന്റെ നാമം ഉണർത്തിവിടുന്ന എല്ലാ വികാരങ്ങളും സദുദ്ദേശ്യപരമല്ല. യേശുവിന്റെ നാമത്തിൽ പലപ്പോഴും യുദ്ധങ്ങൾ അരങ്ങേറിയിട്ടുണ്ട്. യഹൂദന്മാരെയും മതവിശ്വാസികൾ അല്ലാത്തവരെയും കൂട്ടക്കൊല ചെയ്തിട്ടുണ്ട്, വിയോജിച്ചവരെ പീഡിപ്പിക്കുകയും അംഗച്ഛേദം ചെയ്യുകയും സ്തംഭത്തിലേറ്റി ചുട്ടെരിക്കുകയും ചെയ്തിട്ടുണ്ട്—എല്ലാം യേശുവിന്റെ നാമത്തിൽ. അടുത്തകാലത്ത്, പണം ലക്ഷ്യമാക്കിയുള്ള സുവിശേഷ പ്രവർത്തനം കുപ്രസിദ്ധമായിത്തീർന്നിരിക്കുന്നു. ഇതെല്ലാം യേശുവിന്റെ നാമത്തിന്റെയും അതിന്റെ അർഥത്തിന്റെയും വികടവും വെറുപ്പുളവാക്കുന്നതുമായ ദുരുപയോഗം ആണ്!
മാത്രവുമല്ല, അതു ചില പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിക്കുന്നു: യേശുവിന്റെ നാമത്തിൽ വിശ്വാസം അർപ്പിക്കുന്നതിന് എന്ത് ആവശ്യമാണ്? ഈ വിഷയത്തെ കുറിച്ചുള്ള യഹോവയുടെ സാക്ഷികളുടെ വീക്ഷണം എന്താണ്? അടുത്ത ലേഖനം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.