“കൊടുങ്കാറ്റുള്ളപ്പോൾ കടലിൽ കപ്പൽ ഇറക്കുന്നതു പോലെ”
അതിനെ അനുചിതമായ സമയത്തു നടത്തുന്ന, ഭോഷത്വവും അപകടവും നിറഞ്ഞ ഒരു സംരംഭമായി നിങ്ങൾ വീക്ഷിക്കുകയില്ലേ? എന്നാൽ, പ്രതീകാത്മക വിധത്തിൽ ചിലർ തങ്ങളെത്തന്നെ അത്തരം സ്ഥിതിവിശേഷത്തിൽ ആക്കിവെക്കുന്നു. അതെങ്ങനെ? 17-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഗ്രന്ഥകർത്താവായ തോമസ് ഫുള്ളർ ഇങ്ങനെ പറഞ്ഞു: “കോപാവേശത്തിൽ ഒന്നും ചെയ്യരുത്. അത് കൊടുങ്കാറ്റുള്ളപ്പോൾ കടലിൽ കപ്പൽ ഇറക്കുന്നതു പോലെ ആണ്.”
അനിയന്ത്രിത കോപാവസ്ഥയിൽ ആയിരിക്കുമ്പോൾ സ്വീകരിക്കുന്ന ഒരു നടപടി ദാരുണമായ പ്രത്യാഘാതങ്ങൾക്കു വഴിതെളിച്ചേക്കാം. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം ഇതിനെ സ്ഥിരീകരിക്കുന്നു. പുരാതന ഗോത്രപിതാവായ യാക്കോബിന്റെ പുത്രന്മാരായിരുന്നു ശിമെയോനും ലേവിയും. തങ്ങളുടെ സഹോദരി ദീനാ ബലാത്കാരം ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച്, കോപാകുലരായ അവർ പ്രതികാരത്തിനായി ഇറങ്ങിത്തിരിച്ചു. കൂട്ടക്കൊലയും കൊള്ളയും ആയിരുന്നു ഫലം. അവരുടെ ദുഷ്ടമായ പ്രവർത്തനത്തെ കുറ്റപ്പെടുത്തിക്കൊണ്ട് യാക്കോബ് ഇങ്ങനെ പറഞ്ഞതിൽ തെല്ലും അതിശയിക്കാനില്ല: ‘ഈ ദേശനിവാസികളുടെ ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു.’—ഉല്പത്തി 34:25-30.
നേർ വിപരീതമായ ഗതിയാണു ജ്ഞാനപൂർവം ബൈബിൾ ശുപാർശ ചെയ്യുന്നത്. “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.” (സങ്കീർത്തനം 37:8) ആ ബുദ്ധിയുപദേശം പിൻപറ്റുകവഴി വലിയ പാപങ്ങൾ ഒഴിവാക്കാനാകും.—സഭാപ്രസംഗി 10:4; സദൃശവാക്യങ്ങൾ 22:24, 25 കൂടെ കാണുക.