ലോക സമാധാനം—ഏത് ഉറവിൽ നിന്ന്?
വിദ്യാഭ്യാസത്തിന്റെയും മതത്തിന്റെയും ആഗോളവത്കരണം ലോക സമാധാനം കൈവരിക്കുമോ? ഐക്യരാഷ്ട്രങ്ങളുടെ മുൻ ഉപ സെക്രട്ടറി ജനറലും 1989-ലെ യുനെസ്കോയുടെ സമാധാന ബോധവത്കരണ സമ്മാന ജേതാവുമായ ഡോ. റോബെർട്ട് മുള്ളറിന്റെ സ്വപ്നമാണ് അത്. ദ വാൻകൂവർ സൺ വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്തത് അനുസരിച്ച്, “ഭൂഗ്രഹത്തെയും മനുഷ്യവർഗത്തെയും അക്രമരാഹിത്യത്തെയും കുറിച്ചുള്ള വസ്തുതകളും മൂല്യങ്ങളും അടങ്ങുന്ന പൊതുവായ ഒരു പാഠ്യപദ്ധതിയെ ആസ്പദമാക്കി ഗോളമെമ്പാടുമുള്ള വിദ്യാർഥികളെ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്” എന്നു ഡോ. മുള്ളർ “ഉറച്ചു വിശ്വസിക്കുന്നു.” സമാധാനത്തിനുള്ള ഉത്തമ പ്രതീക്ഷ ഐക്യരാഷ്ട്ര സംഘടന ആണെന്നു ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളെ പഠിപ്പിക്കുന്ന കാലം അദ്ദേഹം വിഭാവന ചെയ്യുന്നു. “ലോകത്തിലെ എല്ലാ മതങ്ങളും ഐക്യരാഷ്ട്രങ്ങൾ പോലെ, ഐക്യമതങ്ങൾ എന്ന പേരിൽ ഒരു പുതിയ സംഘടനയായി മാറണം” എന്നും അദ്ദേഹം കരുതുന്നതായി സൺ റിപ്പോർട്ടു ചെയ്തു. അങ്ങനെയാകുമ്പോൾ, “എല്ലാ മത പഠിപ്പിക്കലുകളും അക്രമരാഹിത്യത്തെ ഉന്നമിപ്പിക്കും.”
ലോക സമാധാനം എന്നെങ്കിലും ഒരു യാഥാർഥ്യമായിത്തീരുമോ? തീർച്ചയായും! എന്നാൽ, ഏതെങ്കിലും മനുഷ്യ മാധ്യമത്തിലൂടെ അല്ലെന്നു മാത്രം. പരമാർഥ ഹൃദയർ ‘യഹോവയാൽ ഉപദേശിക്കപ്പെടും [“പഠിപ്പിക്കപ്പെടും,” NW]’ എന്നും അവരുടെ സമാധാനം ‘വലിയത്’ ആയിരിക്കും എന്നും 2,700-ലധികം വർഷങ്ങൾക്കു മുമ്പു മുൻകൂട്ടിപ്പറഞ്ഞപ്പോൾ, ഒരു നിശ്വസ്ത എഴുത്തുകാരൻ സമാധാനം ഉന്നമിപ്പിക്കുന്ന വിദ്യാഭ്യാസത്തിന്റെ ശ്രേഷ്ഠ ഉറവിടത്തെ തിരിച്ചറിയിക്കുക ആയിരുന്നു.—യെശയ്യാവു 54:13.
“സമാധാനം നൽകുന്ന”തു ദൈവമാണ് എന്നു ബൈബിൾ പറയുന്നു. (റോമർ 16:20, NW) “സമാധാനം അന്വേഷിച്ചു പിന്തുട”രാനും ‘തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കാ’നും ‘മേലാൽ യുദ്ധം അഭ്യസിക്കാ’തിരിക്കാനും യഹോവ തന്റെ ജനത്തെ പ്രബോധിപ്പിക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ പോലും വിസ്മയാവഹമായ ഒരു ആഗോള വിദ്യാഭ്യാസ പരിപാടി നടന്നുകൊണ്ടിരിക്കുകയാണ്.—1 പത്രൊസ് 3:11; യെശയ്യാവു 2:2-4, NW.
സത്യത്തിൽ വേരുറച്ച, കാപട്യവും വഞ്ചനയും ഇല്ലാത്ത ആരാധനയുടെമേൽ ദൈവത്തിന്റെ അംഗീകാരവും അനുഗ്രഹവും ഉണ്ട്. (മത്തായി 15:7-9; യോഹന്നാൻ 4:23, 24) ദൈവവചനവുമായി പൂർണ യോജിപ്പിൽ ആയിരിക്കുന്ന സത്യാരാധനയ്ക്കു മാത്രമേ സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്ന, പരസ്പരം യഥാർഥ സ്നേഹം പ്രകടിപ്പിക്കുന്ന ആളുകളെ ഉളവാക്കാൻ സാധിക്കുകയുള്ളൂ.—യോഹന്നാൻ 13:35.
ലോക സമാധാനത്തെ കുറിച്ചു ദൈവവചനം പറയുന്നതു കൂടുതലായി അറിയുന്നതിന്, ഈ മാസികയുടെ പ്രസാധകരുമായി ബന്ധപ്പെടാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്.