നിങ്ങൾക്ക് ദൈവത്തോട് അടുത്തു ചെല്ലാൻ കഴിയുന്ന വിധം
“ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും” എന്ന് യാക്കോബ് 4:8 പറയുന്നു. മനുഷ്യർക്കു തന്നോട് എത്ര അടുത്ത ഒരു ബന്ധം ഉണ്ടായിരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നു വ്യക്തമാക്കിക്കൊണ്ട് യഹോവയാം ദൈവം തന്റെ പുത്രനെ നമുക്കുവേണ്ടി തന്നു.
സ്നേഹപൂർവകമായ ആ നടപടിയോടുള്ള പ്രതികരണമായി യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “അവൻ [ദൈവം] ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.” (1 യോഹന്നാൻ 4:19) എന്നാൽ ദൈവത്തോടു വ്യക്തിപരമായി അടുത്തു ചെല്ലുന്നതിനു നാം ചില പടികൾ സ്വീകരിക്കേണ്ടതുണ്ട്. സഹമനുഷ്യരുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ആവശ്യമായിരിക്കുന്ന, കഴിഞ്ഞ ലേഖനത്തിൽ വിവരിച്ച, ആ നാല് മാർഗങ്ങളോടു സമാനമാണ് ഈ പടികൾ. നമുക്ക് ഇപ്പോൾ അവ പരിശോധിക്കാം.
ദൈവത്തിന്റെ അതിശയകരമായ ഗുണങ്ങൾ നിരീക്ഷിക്കുക
ദൈവത്തിന് അതിശയകരമായ അനേകം ഗുണങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും ശ്രേഷ്ഠമായവ അവന്റെ സ്നേഹവും ജ്ഞാനവും നീതിയും ശക്തിയുമാണ്. അതിബ്രഹത്തായ താരാപംക്തികൾ മുതൽ അതിസൂക്ഷ്മ പരമാണുക്കൾ വരെ, വിദൂര പ്രപഞ്ചത്തിലും നമുക്കു ചുറ്റുമുള്ള ലോകത്തിലും, ദൈവത്തിന്റെ ജ്ഞാനവും ശക്തിയും വളരെയേറെ പ്രകടമാണ്. സങ്കീർത്തനക്കാരൻ എഴുതി: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.”—സങ്കീർത്തനം 19:1; റോമർ 1:20.
സൃഷ്ടി ദൈവത്തിന്റെ സ്നേഹത്തെയും പ്രതിഫലിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, നമ്മെ നിർമിച്ചിരിക്കുന്ന വിധം, നാം ജീവിതം ആസ്വദിക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്നു പ്രകടമാക്കുന്നു. നിറങ്ങൾ കാണാനും സംഗീതവും സൗന്ദര്യവും ആസ്വദിക്കാനും രുചിക്കാനും മണക്കാനും ചിരിക്കാനുമുള്ള കഴിവുകൾ ഉൾപ്പെടെ ജീവിച്ചിരിക്കുന്നതിന് നമുക്ക് അത്യന്താപേക്ഷിതമല്ലാത്ത അനേകം പ്രാപ്തികളും ഗുണങ്ങളും ദൈവം നമുക്കു തന്നിട്ടുണ്ട്. അതേ, ദൈവം തീർച്ചയായും ഔദാര്യവും ദയയും സ്നേഹവും ഉള്ളവനാണ്. ഈ ഗുണങ്ങൾ ഒരു “സന്തുഷ്ട ദൈവം” ആയിരിക്കാൻ നിസ്സംശയമായും അവനെ സഹായിക്കുന്നു.—1 തിമൊഥെയൊസ് 1:11; പ്രവൃത്തികൾ 20:35; NW.
താൻ പരമാധികാരം പ്രയോഗിക്കുന്നതും ബുദ്ധിശക്തിയുള്ള സൃഷ്ടികൾ അതിനെ പിന്താങ്ങുന്നതും മുഖ്യമായും സ്നേഹത്തിൽ അധിഷ്ഠിതം ആയിരിക്കുന്നതിൽ യഹോവ അത്യന്തം സന്തോഷിക്കുന്നു. (1 യോഹന്നാൻ 4:8) യഹോവ അഖിലാണ്ഡ പരമാധികാരി ആണെങ്കിലും, സ്നേഹനിധിയായ ഒരു പിതാവ് തന്റെ മക്കളോട് ഇടപെടുന്നതുപോലെയാണ് യഹോവ മനുഷ്യരോട്, വിശേഷിച്ചും തന്റെ വിശ്വസ്ത ദാസന്മാരോട് ഇടപെടുന്നത്. (മത്തായി 5:45) അവരുടെ നന്മയ്ക്ക് ഉതകുന്ന യാതൊന്നും അവൻ തടഞ്ഞുവെക്കുന്നില്ല. (റോമർ 8:38, 39) മുമ്പു പ്രസ്താവിച്ചതുപോലെ, തന്റെ ഏകജാതപുത്രന്റെ ജീവൻപോലും അവൻ നമുക്കു വേണ്ടി നൽകി. അതേ, നാം ഇപ്പോൾ ജീവിച്ചിരിക്കുന്നതും നമുക്കു നിത്യജീവന്റെ പ്രത്യാശയുള്ളതും ദൈവത്തിന്റെ സ്നേഹം നിമിത്തമാണ്.—യോഹന്നാൻ 3:16.
യേശു തന്റെ പിതാവിനെ പൂർണമായി അനുകരിച്ചതുകൊണ്ട് ദൈവത്തിന്റെ വ്യക്തിത്വത്തെ കുറിച്ചു നമുക്ക് ആഴമായ ഉൾക്കാഴ്ച ലഭിച്ചു. (യോഹന്നാൻ 14:9-11) അവൻ തികച്ചും നിസ്വാർഥനും പരിഗണനയുള്ളവനും കരുതലുള്ളവനും ആയിരുന്നു. ബധിരനും വിക്കനുമായ ഒരു മനുഷ്യനെ ഒരിക്കൽ അവന്റെ അടുക്കൽ കൊണ്ടുവന്നു. ജനക്കൂട്ടത്തിന്റെ ഇടയിൽ അയാൾക്കു സംഭ്രമം അനുഭവപ്പെട്ടിരിക്കാമെന്നു നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. രസാവഹമായി, യേശു അയാളെ ഒരു സ്വകാര്യ സ്ഥലത്തേക്കു കൊണ്ടുപോയി അവിടെ വെച്ചു സുഖപ്പെടുത്തി. (മർക്കൊസ് 7:32-35) നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുകയും നിങ്ങളുടെ മാന്യതയെ ആദരിക്കുകയും ചെയ്യുന്ന വ്യക്തികളെ നിങ്ങൾ വിലമതിക്കുന്നുവോ? അങ്ങനെയെങ്കിൽ, യഹോവയെയും യേശുവിനെയും കുറിച്ച് പഠിക്കുന്തോറും നിങ്ങൾ തീർച്ചയായും അവരോടു കൂടുതൽ അടുക്കും.
ദൈവത്തിന്റെ ഗുണങ്ങളെ കുറിച്ചു ചിന്തിക്കുക
ഒരുവന് അതിശയകരമായ ഗുണങ്ങൾ ഉണ്ടായിരുന്നേക്കാം. എന്നാൽ നമുക്ക് അയാളോടു മാനസികമായി അടുപ്പം തോന്നണമെങ്കിൽ നാം അയാളെ കുറിച്ചു ചിന്തിക്കണം. യഹോവയോടുള്ള ബന്ധത്തിലും ഇതു സത്യമാണ്. അവന്റെ ഗുണങ്ങളെ കുറിച്ചു ധ്യാനിക്കുന്നത് അവനോട് അടുത്തു ചെല്ലുന്നതിലെ രണ്ടാമത്തെ സുപ്രധാന പടിയാണ്. യഹോവയെ യഥാർഥമായി സ്നേഹിച്ച ദാവീദ് രാജാവ് ‘യഹോവയ്ക്കു ബോധിച്ച’ പുരുഷനായിരുന്നു. ദാവീദ് ഇങ്ങനെ പറഞ്ഞു: “ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.”—പ്രവൃത്തികൾ 13:22; സങ്കീർത്തനം 143:5.
സൃഷ്ടിയിലെ വിസ്മയങ്ങൾ നിരീക്ഷിക്കുകയോ ദൈവവചനമായ ബൈബിൾ വായിക്കുകയോ ചെയ്യുമ്പോൾ, ദാവീദിനെ പോലെ നിങ്ങൾ, കാണുകയും വായിക്കുകയും ചെയ്യുന്ന കാര്യങ്ങളെ കുറിച്ചു ധ്യാനിക്കാറുണ്ടോ? തന്റെ പ്രിയങ്കരനായ പിതാവിൽനിന്ന് ഒരു കത്തു കിട്ടിയ പുത്രനെ കുറിച്ചു ചിന്തിക്കുക. അവൻ ആ കത്തിനെ എങ്ങനെ വീക്ഷിക്കും? അവൻ അത് ഓടിച്ചു വായിച്ചിട്ട് മേശവലിപ്പിലേക്ക് ഇടില്ലെന്ന് ഉറപ്പാണ്. മറിച്ച്, അവൻ അതു പഠിക്കും, അതേക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും സൂക്ഷ്മമായി പരിശോധിക്കും. സമാനമായി, ദൈവവചനം നമ്മെ സംബന്ധിച്ചിടത്തോളം അമൂല്യമായിരിക്കണം. പിൻവരുന്ന പ്രകാരം പാടിയ സങ്കീർത്തനക്കാരന് ഉണ്ടായിരുന്ന അതേ മനോഭാവമായിരിക്കണം നമുക്കും: “നിന്റെ ന്യായപ്രമാണം എനിക്കു എത്രയോപ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.”—സങ്കീർത്തനം 119:97.
നല്ല ആശയവിനിമയം നിലനിറുത്തുക
ഏതൊരു ബന്ധത്തിന്റെയും ജീവരക്തമാണ് നല്ല ആശയവിനിമയം. അതിൽ സംസാരവും അതുപോലെതന്നെ ശ്രദ്ധിക്കലും ഉൾപ്പെട്ടിരിക്കുന്നു—മനസ്സുകൊണ്ടു മാത്രമല്ല ഹൃദയംകൊണ്ടും. സ്രഷ്ടാവിനോടു നാം പ്രാർഥനയിൽ സംസാരിക്കുന്നു. ദൈവത്തെ ആരാധനാപരമായി സംബോധന ചെയ്യുന്നതാണ് പ്രാർഥന. തന്നെ സ്നേഹിക്കുകയും സേവിക്കുകയും യേശുക്രിസ്തുവിനെ തന്റെ മുഖ്യ പ്രതിനിധിയായി അംഗീകരിക്കുകയും ചെയ്യുന്നവരുടെ പ്രാർഥനയിൽ ദൈവം സന്തോഷിക്കുന്നു.—സങ്കീർത്തനം 65:2; യോഹന്നാൻ 14:6, 14.
ദർശനങ്ങൾ, സ്വപ്നങ്ങൾ, ദൂതന്മാർ തുടങ്ങി വ്യത്യസ്ത മാർഗങ്ങളിലൂടെ പുരാതന കാലത്ത് ദൈവം മനുഷ്യരോടു സംസാരിച്ചു. എന്നാൽ ഇന്ന് അവൻ അതു ചെയ്യുന്നത് അവന്റെ എഴുതപ്പെട്ട വചനമായ വിശുദ്ധ ബൈബിളിലൂടെയാണ്. (2 തിമൊഥെയൊസ് 3:16) ലിഖിത വചനത്തിന് അനേകം നേട്ടങ്ങളുണ്ട്. അത് ഏതു സമയത്തും എടുത്തു നോക്കാനാകും. ഒരു കത്തുപോലെ അതു വീണ്ടും വീണ്ടും വായിച്ച് ആസ്വദിക്കാനാകും. വാമൊഴിയായി പറഞ്ഞുകൊടുക്കുമ്പോൾ സാധാരണ സംഭവിക്കാറുള്ള പിശകുകൾക്കു വിധേയമല്ല അത്. അതുകൊണ്ട്, ബൈബിളിനെ നിങ്ങളുടെ സ്വർഗീയ പിതാവിൽനിന്നുള്ള കത്തുകളുടെ വലിയൊരു സമാഹാരമായി കാണുക. ഈ കത്തുകളിലൂടെ ദിവസവും നിങ്ങളോടു സംസാരിക്കാൻ അവനെ അനുവദിക്കുക.—മത്തായി 4:4.
ദൃഷ്ടാന്തത്തിന്, ശരിയും തെറ്റും സംബന്ധിച്ച യഹോവയുടെ വീക്ഷണം ബൈബിളിൽ വിവരിക്കുന്നു. മനുഷ്യവർഗത്തെയും ഭൂമിയെയും കുറിച്ചുള്ള അവന്റെ ഉദ്ദേശ്യം അതു വിശദമാക്കുന്നു. അനേകം വ്യക്തികളോടും ജനതകളോടുമുള്ള അവന്റെ ഇടപെടലുകളെ കുറിച്ച് അതു വെളിപ്പെടുത്തുന്നു. അവരിൽ അവന്റെ വിശ്വസ്ത ആരാധകർ മുതൽ കടുത്ത ശത്രുക്കൾ വരെ ഉൾപ്പെടുന്നു. മനുഷ്യരുമായുള്ള അവന്റെ ഇടപെടലുകളെ പറ്റി ഈ വിധത്തിൽ രേഖപ്പെടുത്താൻ ഇടയാക്കുക വഴി, യഹോവ തന്റെ വ്യക്തിത്വത്തെ കുറിച്ചുള്ള വളരെ വിശദമായ ഒരു വിവരണം പ്രദാനം ചെയ്തിരിക്കുന്നു. അവൻ തന്റെ സ്നേഹവും സന്തോഷവും ദുഃഖവും നിരാശയും കോപവും കരുണയും കരുതലും വെളിപ്പെടുത്തുന്നു. അതേ, അവന്റെ വികാര വിചാരങ്ങളുടെ വ്യാപ്തിയും അവയ്ക്കു പിന്നിലെ അടിസ്ഥാന കാരണങ്ങളും അവൻ വ്യക്തമാക്കുന്നു, അതും മനുഷ്യർക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ.—സങ്കീർത്തനം 78:3-7.
ദൈവവചനത്തിന്റെ ഒരു ഭാഗം വായിച്ചശേഷം, നിങ്ങൾക്ക് എങ്ങനെ അതിൽനിന്നു പ്രയോജനം നേടാനാകും? വിശേഷാൽ, ദൈവത്തോടു നിങ്ങൾക്ക് എങ്ങനെ കൂടുതൽ അടുത്തു ചെല്ലാൻ കഴിയും? ഒന്നാമതായി, ഒരു വ്യക്തി എന്ന നിലയിൽ ദൈവത്തെ സംബന്ധിച്ച് നിങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്ത കാര്യങ്ങളെ കുറിച്ചു ചിന്തിക്കുക. ആ ആശയങ്ങൾ ഹൃദയത്തിൽ എത്തിച്ചേരാൻ അനുവദിക്കുക. എന്നിട്ട്, നിങ്ങൾ പരിചിന്തിച്ച വിവരങ്ങളെ കുറിച്ചുള്ള നിങ്ങളുടെ ഉള്ളിന്റെയുള്ളിലെ വികാരവിചാരങ്ങളും പ്രസ്തുത ആശയങ്ങൾ പ്രയോജനപ്പെടുത്താൻ നിങ്ങൾ എങ്ങനെ ശ്രമിക്കുമെന്നുള്ളതും പ്രാർഥനയിൽ യഹോവയോടു പറയുക. അത് ആശയവിനിമയമാണ്. നിങ്ങളുടെ മനസ്സിൽ മറ്റു കാര്യങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും അവയും പ്രാർഥനയിൽ ഉൾപ്പെടുത്താവുന്നതാണ്.
കാര്യങ്ങൾ ദൈവത്തോടൊത്തു ചെയ്യുക
സത്യദൈവത്തോടു കൂടെയോ അവന്റെ മുമ്പാകെയോ നടന്ന ചില വിശ്വസ്ത വ്യക്തികളെ കുറിച്ചു ബൈബിൾ പറയുന്നു. (ഉല്പത്തി 6:9; 1 രാജാക്കന്മാർ 8:25) അതിന്റെ അർഥം എന്താണ്? അടിസ്ഥാനപരമായി പറഞ്ഞാൽ, ദൈവം തങ്ങളോടൊപ്പം ഉണ്ടായിരുന്നാൽ എന്നപോലെയാണ് അവർ ഓരോ ദിവസവും ജീവിച്ചത്. അവർ പാപികൾ ആയിരുന്നു എന്നതു ശരിതന്നെ. എന്നിരുന്നാലും അവർ ദൈവത്തിന്റെ നിയമങ്ങളെയും തത്ത്വങ്ങളെയും സ്നേഹിക്കുകയും അവന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്തു. യഹോവ അത്തരം വ്യക്തികളോട് അടുത്തുവരുന്നു. അവൻ അവർക്കുവേണ്ടി കരുതുന്നു. അതേക്കുറിച്ച് സങ്കീർത്തനം 32:8 ഇങ്ങനെ പറയുന്നു: “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.”
നിങ്ങൾക്കും യഹോവയെ നിങ്ങളുടെ ഉറ്റസുഹൃത്താക്കാവുന്നതാണ്—നിങ്ങളോടൊപ്പം നടക്കുകയും നിങ്ങൾക്കുവേണ്ടി കരുതുകയും നിങ്ങൾക്കു പിതൃതുല്യ ഉപദേശം നൽകുകയും ചെയ്യുന്ന ഒരു സുഹൃത്തുതന്നെ. ‘ശുഭകരമായി പ്രവർത്തിപ്പാൻ നമ്മെ അഭ്യസിപ്പിക്കയും നാം പോകേണ്ടുന്ന വഴിയിൽ നമ്മെ നടത്തുകയും ചെയ്യുന്ന’വനാണ് യഹോവയെന്ന് യെശയ്യാ പ്രവാചകൻ വിശദീകരിച്ചു. (യെശയ്യാവു 48:17) ഈ പ്രയോജനങ്ങൾ അനുഭവിക്കുമ്പോൾ, നാം യഹോവയുടെ സാന്നിധ്യം തിരിച്ചറിയുന്നു, അഥവാ ആലങ്കാരികമായി പറഞ്ഞാൽ, അവൻ നമ്മുടെ “വലത്തുഭാഗത്തുള്ള”തായി ദാവീദിനെപ്പോലെ നാമും മനസ്സിലാക്കുന്നു.—സങ്കീർത്തനം 16:8.
ദൈവനാമം —അവന്റെ ഗുണങ്ങളുടെ പ്രതിഫലനം
അനേകം മതങ്ങളും നിരവധി ബൈബിൾ ഭാഷാന്തരങ്ങളും ദൈവത്തിന്റെ വ്യക്തിഗത നാമം ഉപയോഗിക്കുകയോ അതിനെ പരസ്യപ്പെടുത്തുകയോ ചെയ്യുന്നില്ല. (സങ്കീർത്തനം 83:18) എന്നിരുന്നാലും, മൂല എബ്രായ പാഠത്തിൽ യഹോവ എന്ന പേര് ഏകദേശം 7,000 തവണ പ്രത്യക്ഷപ്പെടുന്നു! (എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, ദിവ്യനാമം നീക്കം ചെയ്യുന്ന മിക്ക ബൈബിൾ പരിഭാഷകരും മൂലപാഠത്തിൽ പറഞ്ഞിരിക്കുന്ന ബാൽ, ബേൽ, മെരോദക് എന്നിങ്ങനെയുള്ള അനേകം വ്യാജ ദേവന്മാരുടെ, എന്തിന് സാത്താന്റെ പോലും പേര് ബൈബിളിൽ നിലനിറുത്തുന്നു!)
ദൈവനാമം ഒഴിവാക്കുന്നത് ഒരു നിസ്സാര സംഗതിയാണെന്ന് ചിലർ കരുതുന്നു. എന്നാൽ ഇതു ചിന്തിക്കുക: പേരില്ലാത്ത ഒരു വ്യക്തിയെ അടുത്ത് അറിയാനും ഒരു ഉറ്റ ബന്ധം വളർത്തിയെടുക്കാനും എളുപ്പമാണോ അതോ ബുദ്ധിമുട്ടാണോ? ദൈവം, കർത്താവ് തുടങ്ങിയ സ്ഥാനപ്പേരുകൾ (വ്യാജദേവന്മാരെ കുറിക്കാനും ഇവ ഉപയോഗിക്കുന്നു) യഹോവയുടെ ശക്തിയെയോ അധികാരത്തെയോ സ്ഥാനത്തെയോ ശ്രദ്ധയിലേക്കു വരുത്തിയേക്കാമെങ്കിലും, അവന്റെ വ്യക്തിഗത നാമത്തിനു മാത്രമേ അവനെ അസന്ദിഗ്ധമായി തിരിച്ചറിയിക്കാൻ കഴിയൂ. (പുറപ്പാടു 3:15; 1 കൊരിന്ത്യർ 8:5, 6) സത്യദൈവത്തിന്റെ വ്യക്തിഗത നാമം അവന്റെ ഗുണങ്ങളെയും സ്വഭാവസവിശേഷതകളെയും പ്രതിനിധാനം ചെയ്യുന്നു. ദൈവശാസ്ത്രജ്ഞനായ വോൾട്ടർ ലോറി ഉചിതമായി ഇങ്ങനെ പ്രസ്താവിച്ചു: “ദൈവത്തെ പേരിനാൽ അറിയാത്ത ഒരുവൻ വാസ്തവത്തിൽ അവനെ ഒരു വ്യക്തി എന്ന നിലയിൽ അറിയുന്നില്ല.”
കത്തോലിക്കാ സഭയിൽ ആത്മാർഥമായി വിശ്വസിച്ചിരുന്ന ഓസ്ട്രേലിയക്കാരിയായ മരിയയുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. യഹോവയുടെ സാക്ഷികൾ അവളെ ആദ്യം സന്ദർശിച്ചപ്പോൾ, ബൈബിളിൽ ദൈവത്തിന്റെ പേര് കാണിച്ചുകൊടുക്കാൻ അവൾ അവരെ അനുവദിച്ചു. ആ പേര് കണ്ടപ്പോൾ അവൾ എങ്ങനെയാണ് പ്രതികരിച്ചത്? “ദൈവനാമം ബൈബിളിൽനിന്ന് ആദ്യമായി കണ്ടപ്പോൾ, എന്റെ കണ്ണുകൾ നിറഞ്ഞു. ദൈവത്തിന്റെ വ്യക്തിഗത നാമം അറിയാൻ കഴിഞ്ഞതും എനിക്ക് അത് ഉപയോഗിക്കാനാകുമെന്നു മനസ്സിലാക്കിയതും എന്റെ ഹൃദയത്തെ ആഴമായി സ്പർശിച്ചു.” മരിയ ബൈബിൾ പഠനം തുടർന്നു. ജീവിതത്തിൽ ആദ്യമായി യഹോവയെ ഒരു വ്യക്തി എന്ന നിലയിൽ അറിയാനും അവനുമായി നിലനിൽക്കുന്ന ഒരു ബന്ധം വളർത്തിയെടുക്കാനും അവൾക്കു കഴിഞ്ഞു.
അതേ, അക്ഷരീയ കണ്ണുകൾകൊണ്ടു നമുക്കു ദൈവത്തെ കാണാൻ കഴിയില്ലെങ്കിലും നമുക്കു ‘ദൈവത്തോട് അടുത്തു ചെല്ലാനാകും.’ നമ്മുടെ മനസ്സിലും ഹൃദയത്തിലും നമുക്ക് അവന്റെ അതിമനോഹര വ്യക്തിത്വം ‘കാണാനും’ അവനോടുള്ള സ്നേഹത്തിൽ വളരാനും സാധിക്കും. അത്തരം സ്നേഹം “ഐക്യത്തിന്റെ സമ്പൂർണ ബന്ധ”മാണ്.—കൊലൊസ്സ്യർ 3:14, NW.
[7-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ സൃഷ്ടികളെ കുറിച്ചു ധ്യാനിക്കുന്നത് അവനോട് അടുത്തു ചെല്ലാനുള്ള ഒരു മാർഗമാണ്