ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു
“എന്റെ സ്വഭാവം മൃഗീയമായിരുന്നു”
ജനനം: 1960
രാജ്യം: ഫിൻലൻഡ്
ഹെവി-മെറ്റൽ സംഗീതജ്ഞനായിരുന്നു
മുൻകാല ജീവിതം:
തുറമുഖനഗരമായ റ്റുർക്കൂവിൽ, എളിയ ചുറ്റുപാടിലാണു ഞാൻ വളർന്നത്. എന്റെ പിതാവ് ഒരു ബോക്സിംഗ് ചാമ്പ്യനായിരുന്നു. അദ്ദേഹത്തെപ്പോലെ, ഞാനും ഇളയ സഹോദരനും ബോക്സിംഗിൽ കമ്പമുള്ളവരായിരുന്നു. സ്കൂളിൽ പലപ്പോഴും കുട്ടികൾ അടികൂടാൻ എന്നെ വെല്ലുവിളിക്കുമായിരുന്നു; അപ്പോഴൊക്കെ എന്റെ കൈക്കരുത്തു കാണിക്കാൻ എനിക്ക് യാതൊരു മടിയുമില്ലായിരുന്നു. എന്റെ കൗമാരപ്രായത്തിൽ ഞാനൊരു കുപ്രസിദ്ധഗുണ്ടാസംഘത്തിൽ ചേർന്നു. അതോടെ കൂടുതൽ അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ ഞാൻ ഉൾപ്പെടാൻ തുടങ്ങി. ഒപ്പം ഹെവി-മെറ്റൽ സംഗീതത്തിലും ഞാൻ ഹരം കണ്ടെത്തി. ഒരു റോക്ക് താരമാകുക എന്നതായിരുന്നു എന്റെ സ്വപ്നം.
അങ്ങനെ ഞാൻ ചില വാദ്യോപകരണങ്ങൾ വാങ്ങുകയും ഒരു സംഗീതട്രൂപ്പ് ആരംഭിക്കുകയും ചെയ്തു. വൈകാതെ, ഞാൻ ട്രൂപ്പിലെ പ്രധാനഗായകനായിത്തീർന്നു. സ്റ്റേജിൽ ഭ്രാന്തമായ ആവേശത്തോടെ പാടുന്നതു ഞാൻ ഇഷ്ടപ്പെട്ടിരുന്നു. വന്യമായ പ്രകടനങ്ങളും പ്രാകൃതമായ വേഷവിധാനങ്ങളും നിമിത്തം ഞങ്ങൾ ക്രമേണ പ്രസിദ്ധരായി. വലിയ ജനക്കൂട്ടങ്ങളുടെ മുമ്പാകെ ഞങ്ങൾ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി. ഏതാനും പാട്ടുകളും ഞങ്ങൾ നിർമിച്ചു; ഇതിൽ അവസാനത്തേത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. 80-കളുടെ അവസാനത്തോടെ ട്രൂപ്പിന്റെ പ്രചാരണാർഥം ഞങ്ങൾ അമേരിക്കയിലേക്കു പോയി. അവിടെ ന്യൂയോർക്കിലും ലോസ് ആഞ്ചലിസിലും ഞങ്ങൾ ചില സംഗീതപരിപാടികൾ നടത്തി. കൂടാതെ, ഫിൻലൻഡിലേക്കു മടങ്ങുന്നതിനു മുമ്പ് ചില സംഗീതവ്യവസായ പ്രമുഖരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു.
ട്രൂപ്പിലായിരിക്കുന്നത് ആസ്വദിച്ചെങ്കിലും, ജീവിതം കുറെക്കൂടെ അർഥവത്തായിത്തീർന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. സംഗീതവ്യവസായത്തിലെ മത്സരവും പകയും എന്നെ നിരാശപ്പെടുത്തി. അലസമായ ജീവിതരീതിയും എന്റെ മനസ്സു മടുപ്പിച്ചു. നല്ലവനല്ലെന്ന തോന്നൽ നിമിത്തം അഗ്നിനരകത്തിലെ ദണ്ഡനവും ഞാൻ ഭയപ്പെട്ടിരുന്നു. ഉത്തരങ്ങൾക്കുവേണ്ടി എല്ലാത്തരം മതഗ്രന്ഥങ്ങളും ഞാൻ പരതി. ദൈവത്തെ പ്രസാദിപ്പിക്കാൻ ഒരിക്കലും കഴിയില്ലെന്നു വിചാരിച്ചെങ്കിലും അവന്റെ സഹായത്തിനായി ഞാൻ മുട്ടിപ്പായി പ്രാർഥിക്കുമായിരുന്നു.
ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു:
ഉപജീവനത്തിനായി ഞാൻ സ്ഥലത്തെ പോസ്റ്റ് ഓഫീസിൽ ജോലി ചെയ്തു. അവിടെ, എന്റെ സഹജോലിക്കാരിലൊരാൾ യഹോവയുടെ സാക്ഷിയാണെന്നു ഞാൻ മനസ്സിലാക്കി. അയാളെ ഞാൻ ചോദ്യങ്ങൾകൊണ്ടു വീർപ്പുമുട്ടിച്ചു. അദ്ദേഹത്തിന്റെ യുക്തിപരവും തിരുവെഴുത്തുപരവും ആയ ഉത്തരങ്ങൾ എന്റെ താത്പര്യം ഉണർത്തി; അങ്ങനെ ഒരു ബൈബിൾപഠനത്തിനു ഞാൻ തയ്യാറായി. പക്ഷേ, ഞങ്ങളുടെ പഠനം ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോളേക്കും ഐക്യനാടുകളിൽ ഒരു ആൽബം പുറത്തിറക്കാനുള്ള ആകർഷകമായ അവസരം ഞങ്ങളുടെ ട്രൂപ്പിനു ലഭിച്ചു. ഇതൊരു സുവർണാവസരംതന്നെ എന്നു ഞാൻ തീർച്ചയാക്കി.
ഒരു ആൽബംകൂടെ പുറത്തിറക്കാൻ അതിയായ ആഗ്രഹമുണ്ടെന്നും അതിനു ശേഷം ബൈബിൾതത്ത്വങ്ങൾ ഗൗരവപൂർവം പാലിച്ചുകൊള്ളാമെന്നും ഞാൻ എന്നെ പഠിപ്പിക്കുന്ന സാക്ഷിയോടു പറഞ്ഞു. അദ്ദേഹം സ്വന്തം അഭിപ്രായം പറയുന്നതിനു പകരം മത്തായി 6:24-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ വായിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ആ വാക്യം “രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല” എന്നു പറയുന്നു. യേശുവിന്റെ ആ വാക്കുകളുടെ അർഥം മനസ്സിലായപ്പോൾ ഞാൻ ഞെട്ടിപ്പോയി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ, എന്റെ ബൈബിളധ്യാപകനോടു ഞാൻ യേശുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നതിനാൽ ട്രൂപ്പു വിട്ടു എന്നു പറഞ്ഞു. ഇത്തവണ ഞെട്ടിയത് അദ്ദേഹമായിരുന്നു!
കുറവുകൾ വെളിപ്പെടുത്തുന്ന ഒരു കണ്ണാടിപോലെയായിരുന്നു എനിക്കു ബൈബിൾ. (യാക്കോബ് 1:22-25) എന്റെ പെരുമാറ്റം മൃഗീയമായിരുന്നെന്ന് ഞാൻ മനസ്സിലാക്കി; അഹങ്കാരവും അതിമോഹവും നിറഞ്ഞത്. അസഭ്യം പറയുക, ശണ്ഠ കൂടുക, പുകവലിക്കുക, അമിതമായി മദ്യപിക്കുക എന്നീ ശീലങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ ഈ ജീവിതരീതി ബൈബിൾതത്ത്വങ്ങൾക്കു കടകവിരുദ്ധമാണെന്നു തിരിച്ചറിഞ്ഞപ്പോൾ എനിക്കു വല്ലാത്ത നിരാശ തോന്നി. എന്നിരുന്നാലും, ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഞാൻ സന്നദ്ധനായിരുന്നു.—എഫെസ്യർ 4:22-24.
‘നമ്മുടെ സ്വർഗീയപിതാവ് കരുണയുള്ളവനാണെന്നും തങ്ങളുടെ പാപങ്ങളെപ്രതി അനുതപിക്കുന്നവരുടെ മുറിവുകൾ സുഖപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും എനിക്കു ബോധ്യമായി’
തുടക്കത്തിൽ, കഴിഞ്ഞകാലപാപങ്ങളെക്കുറിച്ചുള്ള ചിന്തകൾ എന്നെ കുറ്റബോധത്തിലാഴ്ത്തി. ആ ഘട്ടത്തിൽ, എന്നെ പഠിപ്പിച്ചിരുന്ന സഹോദരൻ വളരെയധികം സഹായിച്ചു. അദ്ദേഹം യെശയ്യാവു 1:18-ലെ വാക്കുകൾ എനിക്കു കാണിച്ചുതന്നു: “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും.” ഇതും ഇതുപോലുള്ള മറ്റു വാക്യങ്ങളും, കരുണയുള്ളവനാണ് നമ്മുടെ സ്വർഗീയപിതാവെന്നും തങ്ങളുടെ പാപങ്ങളെപ്രതി അനുതപിക്കുന്നവരുടെ മുറിവുകൾ സുഖപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നുവെന്നും എന്നെ ബോധ്യപ്പെടുത്തി.
യഹോവയെ ഒരു വ്യക്തിയെന്ന നിലയിൽ അറിയുകയും വിലമതിക്കുകയും ചെയ്തപ്പോൾ എന്റെ ജീവിതം അവനു സമർപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. (സങ്കീർത്തനം 40:8) 1992-ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ വെച്ചു നടന്ന യഹോവയുടെ സാക്ഷികളുടെ അന്താരാഷ്ട്ര കൺവെൻഷനിൽ ഞാൻ സ്നാനമേറ്റു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
യഹോവയുടെ ആരാധകർക്കിടയിൽ ധാരാളം നല്ല സുഹൃത്തുക്കളെ ഞാൻ കണ്ടെത്തി. ദൈവത്തിൽനിന്നുള്ള ദാനമെന്നനിലയിൽ നല്ല സംഗീതം ആസ്വദിക്കാനായി ഇടയ്ക്കൊക്കെ ഞങ്ങൾ ഒത്തുകൂടാറുണ്ട്. (യാക്കോബ് 1:17) പ്രിയപ്പെട്ട എന്റെ ഭാര്യ ക്രിസ്റ്റീനയുമായുള്ള വിവാഹമാണു മറ്റൊരു വിശിഷ്ടമായ അനുഗ്രഹം. ജീവിതത്തിലെ സന്തോഷങ്ങളും സന്താപങ്ങളും എന്റെ ഉള്ളിന്റെയുള്ളിലെ ചിന്തകളും ഞാൻ അവളുമായി പങ്കുവെച്ചു.
യഹോവയുടെ സാക്ഷിയായിത്തീർന്നില്ലായിരുന്നെങ്കിൽ ഞാൻ ഇന്നു ജീവനോടെയുണ്ടാകുമായിരുന്നില്ല. പ്രശ്നങ്ങളിൽനിന്നു പ്രശ്നങ്ങളിലേക്കുള്ള ഒരു യാത്രയായിരുന്നു എന്റെ കഴിഞ്ഞകാലജീവിതം. ഇപ്പോൾ എന്റെ ജീവിതത്തിനു യഥാർഥ ഉദ്ദേശവും അടുക്കും ചിട്ടയും കൈവന്നിരിക്കുന്നു. ▪ (w13-E 04/01)