ദൈവത്തോട് അടുത്തുചെല്ലുക
“ചോദിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾക്കു നൽകപ്പെടും”
“കർത്താവേ, . . . ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ.” (ലൂക്കൊസ് 11:1, സത്യവേദപുസ്തകം) ശിഷ്യന്മാരിൽ ഒരാളാണ് യേശുവിനോട് ഇങ്ങനെ അഭ്യർഥിച്ചത്. തന്റെ മറുപടിയിൽ, ദൈവം കേൾക്കുന്ന വിധത്തിൽ എങ്ങനെ പ്രാർഥിക്കാമെന്നു പഠിപ്പിക്കുന്ന രണ്ടു ദൃഷ്ടാന്തകഥകൾ യേശു പറഞ്ഞു. ആകട്ടെ, ‘ദൈവം എന്റെ പ്രാർഥന കേൾക്കുന്നുണ്ടോ’ എന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ യേശുവിന്റെ മറുപടിയിൽ നിങ്ങൾ തത്പരനായിരിക്കും.—ലൂക്കോസ് 11:5-13 വായിക്കുക.
ഒന്നാമത്തെ ദൃഷ്ടാന്തം പ്രാർഥിക്കുന്ന വ്യക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. (ലൂക്കോസ് 11:5-8) കഥയിലെ ഈ വ്യക്തിക്ക്, തന്റെ വീട്ടിൽ രാത്രി വളരെ വൈകിയെത്തുന്ന അതിഥിക്കു വിളമ്പാൻ ഭക്ഷണമില്ല. വീട്ടുകാരനെ സംബന്ധിച്ചിടത്തോളം ഇത് ഒരു അത്യാവശ്യകാര്യമാണ്. രാത്രി വൈകിയതു ഗണ്യമാക്കാതെ അപ്പം ചോദിക്കാനായി അദ്ദേഹം സുഹൃത്തിന്റെ വീട്ടിൽ ചെല്ലുന്നു. എന്നാൽ ആ സുഹൃത്ത് കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങുകയായിരുന്നതിനാൽ എഴുന്നേറ്റ് അപ്പം നൽകാൻ ആദ്യം മടി കാണിക്കുന്നു. പക്ഷേ, ലജ്ജയില്ലാതെ ചോദിച്ചുകൊണ്ടേയിരുന്നതിനാൽ ഒടുവിൽ സുഹൃത്ത് ചില ഭക്ഷണസാധനങ്ങൾ നൽകുന്നു.a
ഈ ദൃഷ്ടാന്തം പ്രാർഥനയെക്കുറിച്ച് എന്താണു നമ്മെ പഠിപ്പിക്കുന്നത്? മടുത്തുപോകാതെ പ്രാർഥിക്കുന്നതിൽ തുടരണം എന്നാണു യേശു പറഞ്ഞത്; അതായത്, ചോദിച്ചുകൊണ്ടേയിരിക്കുക, അന്വേഷിച്ചുകൊണ്ടേയിരിക്കുക, മുട്ടിക്കൊണ്ടേയിരിക്കുക. (ലൂക്കോസ് 11:9, 10) അങ്ങനെ ചെയ്യേണ്ടത് എന്തുകൊണ്ടാണ്? തുറക്കാൻ മനസ്സില്ലാത്ത ഒരു ദൈവത്തിന്റെ വാതിൽക്കൽ മുട്ടിക്കൊണ്ടിരിക്കുന്നതു പോലെയാണു നമ്മുടെ പ്രാർഥന എന്നാണോ യേശു അർഥമാക്കിയത്? അല്ല. വാതിൽ തുറക്കാൻ മടി കാണിക്കുന്ന ആ സുഹൃത്തിനെപ്പോലെയല്ല, മറിച്ച് വിശ്വാസത്തോടെ പ്രാർഥിക്കുന്നവരുടെ ഉചിതമായ ആവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കാൻ ആകാംക്ഷയുള്ളവനാണു ദൈവം എന്നാണ് യേശു ഉദ്ദേശിച്ചത്. മടുത്തുപോകാതെ പ്രാർഥിച്ചുകൊണ്ടേയിരിക്കുമ്പോൾ അത്തരം വിശ്വാസം നമുക്കുണ്ടെന്നാണു നാം കാണിക്കുന്നത്. ഒരു കാര്യം ആവർത്തിച്ചു ചോദിക്കുമ്പോൾ അതു യഥാർഥത്തിൽ നമുക്ക് ആവശ്യമാണെന്നും—തന്റെ ഇഷ്ടപ്രകാരമാണെങ്കിൽ—ദൈവം അതു നൽകുമെന്ന ഉറപ്പു നമുക്കുണ്ടെന്നും കാണിക്കുകയായിരിക്കും നാം.—മർക്കോസ് 11:24; 1 യോഹന്നാൻ 5:14.
രണ്ടാമത്തെ ദൃഷ്ടാന്തം “പ്രാർത്ഥന കേൾക്കുന്നവനാ”യ യഹോവയെക്കുറിച്ചുള്ളതാണ്. (സങ്കീർത്തനം 65:2) യേശു ചോദിക്കുന്നു: “നിങ്ങളിൽ ഏതു പിതാവാണ് മകൻ മീൻ ചോദിച്ചാൽ അവനു മീനിനു പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുക?” ഉത്തരം വ്യക്തമാണ്. കരുതലുള്ള ഒരു പിതാവും തന്റെ മക്കൾക്കു ദോഷം വരുത്തുന്ന ഒന്നും ചെയ്യില്ല. തുടർന്ന്, യേശു ആ ദൃഷ്ടാന്തത്തിന്റെ അർഥം ഇങ്ങനെ വിശദീകരിക്കുന്നു: അപൂർണരായ മാനുഷപിതാക്കന്മാർ തങ്ങളുടെ മക്കൾക്കു “നല്ല ദാനങ്ങൾ” നൽകുന്നുവെങ്കിൽ, “സ്വർഗസ്ഥനായ പിതാവ്” തന്നോടു ചോദിക്കുന്ന ഭൂമിയിലെ തന്റെ മക്കൾക്ക് ഏറ്റവും നല്ല ദാനമായ “പരിശുദ്ധാത്മാവിനെ എത്രയധികം നൽകും?”b—ലൂക്കോസ് 11:11-13; മത്തായി 7:11.
വിശ്വാസത്തോടെ പ്രാർഥിക്കുന്നവരുടെ ഉചിതമായ ആവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കാൻ ദൈവം ആകാംക്ഷയുള്ളവനാണ്
“പ്രാർത്ഥന കേൾക്കുന്നവനാ”യ യഹോവയെക്കുറിച്ച് ഈ ദൃഷ്ടാന്തം നമ്മെ എന്താണു പഠിപ്പിക്കുന്നത്? തന്റെ മക്കളുടെ ആവശ്യങ്ങളോടു താത്പര്യത്തോടെ പ്രതികരിക്കുന്ന ഒരു പിതാവായി യഹോവയെ കാണാൻ യേശു നമ്മെ ക്ഷണിക്കുന്നു. അതിനാൽ, യഹോവയുടെ ആരാധകർക്കു തങ്ങളുടെ ഹൃദയത്തിലെ ആഗ്രഹങ്ങൾ മടികൂടാതെ യഹോവയെ അറിയിക്കാം. തങ്ങൾക്ക് ഏറ്റവും നല്ലതു നൽകാനാണു യഹോവ ആഗ്രഹിക്കുന്നതെന്ന് അറിയാവുന്നതിനാൽ, ലഭിക്കുന്നതു പ്രതീക്ഷിച്ച ഉത്തരമല്ലെങ്കിലും അതു സ്വീകരിക്കാൻ അവർ ഒരുക്കമായിരിക്കും.c ▪ (w13-E 04/01)
നിർദിഷ്ട ബൈബിൾ വായനാഭാഗം
a സാധാരണജീവിതത്തിലെ ആചാരങ്ങളും രീതികളുമാണ് യേശുവിന്റെ ദൃഷ്ടാന്തത്തിൽ പ്രതിഫലിക്കുന്നത്. ആതിഥ്യമര്യാദ കാണിക്കുന്നതു യഹൂദന്മാർ ഒരു കടമയായി കരുതിയിരുന്നു. ഒരു കുടുംബത്തിൽ അന്നന്നത്തേക്കുള്ള അപ്പം മാത്രം ഉണ്ടാക്കിയിരുന്നതിനാൽ, അപ്പം തീർന്നുപോയാൽ വായ്പ വാങ്ങുന്നതു സാധാരണമായിരുന്നു. ഇനി, അവർ ദരിദ്രരായിരുന്നെങ്കിൽ മുഴുവൻ കുടുംബാംഗങ്ങളും ഒരു മുറിയിൽത്തന്നെ നിലത്തു കിടന്നുറങ്ങുമായിരുന്നു.
b പലപ്പോഴും യേശു ഉപയോഗിക്കുന്ന ഒരു ന്യായവാദരീതിയാണ് “എത്രയധികം” എന്നത്, അതായത് ചെറുതിൽ തുടങ്ങി വലുതിലേക്ക്. ചെറിയ ഒരു കാര്യം ശരിയാണെങ്കിൽ വലിയ ഒരു കാര്യം എത്രയധികം ശരിയായിരിക്കും എന്ന്.
c ദൈവം കേൾക്കുന്ന വിധത്തിൽ എങ്ങനെ പ്രാർഥിക്കാം എന്നതിനെക്കുറിച്ചു കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 17-ാം അധ്യായം കാണുക.