മൂപ്പന്മാരേ, ‘ക്ഷീണിച്ചിരിക്കുന്നവന്’ നിങ്ങൾ നവോന്മേഷം പകരുമോ?
ആഞ്ചലa ഏകാകിയായ ഒരു സഹോദരിയാണ്, 30-നുമേൽ പ്രായം. ഇന്ന് അവൾ അൽപ്പം ആശങ്കാകുലയാണ്. ഇടയസന്ദർശനത്തിന് മൂപ്പന്മാർ വരുമെന്നു പറഞ്ഞിട്ടുണ്ട്. എന്തായിരിക്കും അവർ ആഞ്ചലയോടു പറയാൻ പോകുന്നത്? അവൾ ഏതാനും യോഗങ്ങൾ മുടക്കിയെന്നത് ശരിയാണ്. പക്ഷേ പകൽ മുഴുവൻ പ്രായമായ ആളുകളെ ശുശ്രൂഷിക്കുന്ന ജോലിചെയ്ത് വീട്ടിലെത്തുമ്പോഴേക്കും അവൾ തളർന്നിട്ടുണ്ടാകും. പോരാത്തതിന് അമ്മയുടെ ആരോഗ്യസ്ഥിതിയും ആകെ വഷളായിരിക്കുന്നു.
നിങ്ങളാണ് ആഞ്ചലയെ സന്ദർശിക്കുന്നത് എന്നിരിക്കട്ടെ. “ക്ഷീണിച്ചിരിക്കുന്ന” ആ സഹോദരിയെ നിങ്ങൾ എങ്ങനെയായിരിക്കും ബലപ്പെടുത്തുക? (യിരെ. 31:25) ഒന്നാമതായിതന്നെ, ആശ്വാസവും ഉന്മേഷവും പകരുന്ന വിധത്തിൽ ഇടയസന്ദർശനം നടത്താൻ നിങ്ങൾ എങ്ങനെയായിരിക്കും തയ്യാറെടുക്കുക?
സഹോദരങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുക
ചിലപ്പോഴൊക്കെ ജോലിയോ ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങളോ നിമിത്തം നാമെല്ലാം പരിക്ഷീണരാകാറുണ്ട്. ഉദാഹരണത്തിന്, മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ദർശനം ലഭിച്ചപ്പോൾ പ്രവാചകനായ ദാനിയേൽ ‘തളർന്നുപോയതായി’ തിരുവെഴുത്തുകളിൽ നാം കാണുന്നു. (ദാനീ. 8:27, പി.ഒ.സി.) പിന്നെയൊരിക്കൽ, ഗബ്രിയേൽ ദൂതൻ അവന് പ്രത്യക്ഷനാകുകയും അവനെ സഹായിക്കുകയും ചെയ്തു. ദൈവദൂതൻ അവന് കൂടുതൽ ഗ്രാഹ്യം പകർന്നുകൊടുക്കുകയും യഹോവ അവന്റെ പ്രാർഥനകൾ കേൾക്കുന്നുണ്ടെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു. അവൻ ഇപ്പോഴും യഹോവയ്ക്ക് “ഏറ്റവും പ്രിയനാ”ണ് എന്നും ദൂതൻ അവനോടു പറഞ്ഞു. (ദാനീ. 9:21-23) മറ്റൊരവസരത്തിൽ വേറൊരു ദൂതനും നന്നായി തിരഞ്ഞെടുത്ത വാക്കുകൾകൊണ്ട് ദാനിയേലിനെ ബലപ്പെടുത്തുകയുണ്ടായി.—ദാനീ. 10:19.
ഓരോ ഇടയസന്ദർശനത്തിനുമുമ്പും നിങ്ങളുടെ സഹവിശ്വാസിയുടെ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുക
സമാനമായി, തളർന്നും നിരുത്സാഹപ്പെട്ടും ഇരിക്കുന്ന ഒരു സഹവിശ്വാസിയെ സന്ദർശിക്കുന്നതിനുമുമ്പ് ആ വ്യക്തിയുടെ സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയമെടുക്കുക. അദ്ദേഹം നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? ഈ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ഊർജം ചോർത്തിക്കളയുന്നുണ്ടാകുമോ? അദ്ദേഹത്തിനുള്ള നല്ല ഗുണങ്ങൾ ഏതൊക്കെയാണ്? 20-ലേറെ വർഷമായി മൂപ്പനായി സേവിക്കുന്ന റിച്ചാർഡ് പറയുന്നു: “സഹോദരങ്ങളുടെ നല്ല ഗുണങ്ങളിലും കഴിവുകളിലും ആണ് ഞാൻ ശ്രദ്ധിക്കാറ്.” അദ്ദേഹം തുടർന്ന് ഇങ്ങനെ പറയുന്നു: “സന്ദർശനത്തിനുമുമ്പ് അവരുടെ സാഹചര്യങ്ങൾ നന്നായി വിശകലനം ചെയ്താൽ, അവരുടെ അപ്പോഴത്തെ സാഹചര്യത്തിനും ആവശ്യങ്ങൾക്കും യോജിച്ച പ്രോത്സാഹനം നൽകുക കൂടുതൽ എളുപ്പമായിത്തീരും.” മറ്റൊരു മൂപ്പൻ കൂടെ വരുന്നുണ്ടെങ്കിൽ അദ്ദേഹത്തോടൊപ്പം ഇരുന്ന് നിങ്ങൾ സന്ദർശിക്കാൻ പോകുന്ന സഹവിശ്വാസിയുടെ സാഹചര്യങ്ങൾ ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.
അന്തരീക്ഷം അയവുള്ളതാക്കുക
വ്യക്തിപരമായ വികാരങ്ങൾ മറ്റുള്ളവരോടു പറയുന്നത് ബുദ്ധിമുട്ടുളവാക്കുന്ന സംഗതിയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഉദാഹരണത്തിന്, നിങ്ങളുടെ സഹോദരന് മൂപ്പന്മാരോട് മനസ്സുതുറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടാകാം. നിങ്ങൾക്ക് ആ വൈതരണി എങ്ങനെ തരണം ചെയ്യാനാകും? നിങ്ങളുടെ ആത്മാർഥമായ പുഞ്ചിരിയും ഏതാനും പ്രോത്സാഹനവാക്കുകളും നല്ല ഫലം ഉളവാക്കിയേക്കാം. 40 വർഷത്തിലേറെയായി ഒരു മൂപ്പനായി സേവിക്കുന്ന മൈക്കിൾ തന്റെ സന്ദർശനങ്ങൾ ആരംഭിക്കുന്നത് സാധാരണയായി ഇങ്ങനെ പറഞ്ഞുകൊണ്ടാണ്: “നിങ്ങൾക്കറിയാമോ, സഹോദരന്മാരുടെ വീടുകളിൽ ചെന്ന് അവരെ കാണാനും അവരെ അടുത്തറിയാനും സാധിക്കുന്നത് ഒരു മൂപ്പനു കിട്ടാവുന്ന ഏറ്റവും നല്ല ഒരു പദവിയായിട്ടാണ് ഞാൻ വീക്ഷിക്കുന്നത്. വാസ്തവം പറഞ്ഞാൽ, ഇന്നത്തെ ഈ സന്ദർശനത്തിനായി ഞാൻ നോക്കിയിരിക്കുകയായിരുന്നു.”
സന്ദർശനത്തിന്റെ തുടക്കത്തിൽത്തന്നെ ഹൃദയസ്പർശിയായ ഒരു പ്രാർഥന നടത്തുന്നത് പലപ്പോഴും നല്ലതാണ്. അപ്പൊസ്തലനായ പൗലോസ് തന്റെ പ്രാർഥനകളിൽ സഹോദരന്മാരുടെ വിശ്വാസം, സ്നേഹം, സഹനം തുടങ്ങിയ ഗുണങ്ങൾ എടുത്തുപറയുകയുണ്ടായി. (1 തെസ്സ. 1:2, 3) അതുപോലെ നിങ്ങളും, നിങ്ങൾ സന്ദർശിക്കുന്ന സഹോദരന്റെ നല്ല ഗുണങ്ങൾ പ്രാർഥനയിൽ പരാമർശിക്കുകവഴി കെട്ടുപണി ചെയ്യുന്ന സംഭാഷണത്തിനായി നിങ്ങളുടെയും ആ സഹോദരന്റെയും ഹൃദയം ഒരുക്കാൻ നിങ്ങൾക്കാകും. നിങ്ങളുടെ അത്തരം വാക്കുകൾക്ക് സാന്ത്വനം പകരാനുള്ള ശക്തിയും ഉണ്ട്. “നമ്മിലുള്ള നന്മകളും നാം ചെയ്യുന്ന നല്ല കാര്യങ്ങളും പലപ്പോഴും നാം സ്വയം തിരിച്ചറിഞ്ഞെന്നുവരില്ല” എന്ന് അനുഭവപരിചയമുള്ള മൂപ്പനായ റേ പറയുന്നു. “അതുകൊണ്ട് വേറൊരാൾ അതേപ്പറ്റി നമ്മെ ഓർമിപ്പിക്കുമ്പോൾ അത് നമുക്ക് നവോന്മേഷം പകരും.”
ഒരു ആത്മീയദാനം നൽകുക
അപ്പൊസ്തലനായ പൗലോസിനെപ്പോലെ ഒരു തിരുവെഴുത്താശയം പങ്കുവെച്ചുകൊണ്ട് നിങ്ങൾക്ക് ഒരു “ആത്മീയവരം” അഥവാ ആത്മീയദാനം നൽകാൻ സാധിക്കും. ഒരൊറ്റ വാക്യം ഉപയോഗിച്ചുകൊണ്ടുപോലും നിങ്ങൾക്ക് അങ്ങനെ ചെയ്യാൻ കഴിയും. (റോമ. 1:11) ഉദാഹരണത്തിന്, വിഷാദമഗ്നനായ ഒരു സഹോദരന് താൻ വിലകെട്ടവനാണെന്ന് തോന്നിയേക്കാം. “പുകയത്തു വെച്ച” ചുക്കിച്ചുളിഞ്ഞ “തുരുത്തിപോലെ”യാണ് താൻ എന്ന് തോന്നിയ സങ്കീർത്തനക്കാരനെക്കുറിച്ച് നിങ്ങൾക്ക് അദ്ദേഹത്തെ വായിച്ചുകേൾപ്പിക്കാം. അങ്ങനെ തോന്നിയെങ്കിൽത്തന്നെയും ‘നിന്റെ ചട്ടങ്ങളെ ഞാൻ മറക്കുന്നില്ല’ എന്ന് സങ്കീർത്തനക്കാരൻ പറഞ്ഞു. (സങ്കീ. 119:83, 176) ഈ തിരുവെഴുത്തു സംബന്ധിച്ച് ഹ്രസ്വമായ ഒരു വിശദീകരണം നൽകിയതിനുശേഷം ആ സഹോദരനും ദൈവത്തിന്റെ കൽപ്പനകൾ ‘മറന്നിട്ടില്ല’ എന്നു നിങ്ങൾക്കുറപ്പുണ്ടെന്ന് അദ്ദേഹത്തോട് പറയാൻ കഴിയും.
സമാനമായി, നഷ്ടപ്പെട്ട ദ്രഹ്മനാണയത്തെക്കുറിച്ചുള്ള ദൃഷ്ടാന്തം, സഭയിൽനിന്ന് അകന്നുപോയ അല്ലെങ്കിൽ ആരാധനയിൽ മന്ദീഭവിച്ചുപോയ ഒരു സഹോദരിയുടെ ഹൃദയത്തെ സ്പർശിക്കുകയില്ലേ? (ലൂക്കോ. 15:8-10) നിരവധി വെള്ളിനാണയങ്ങൾ പതിച്ച ഒരു വിലപ്പെട്ട മാലയിലേതാകാം ആ നാണയം. ആ ദൃഷ്ടാന്തം ചർച്ചചെയ്തുകൊണ്ട്, താൻ ക്രിസ്തീയസഭയുടെ ഒരു വിലപ്പെട്ട ഭാഗമാണെന്ന് കാണാൻ ആ സഹോദരിയെ സഹായിക്കാനാകും. അത് ചർച്ചചെയ്തതിനുശേഷം, തന്റെ കുഞ്ഞാടുകളിൽ ഒരാളായ അവൾക്കുവേണ്ടി യഹോവ എത്രമാത്രം കരുതുന്നു എന്ന് എടുത്തുപറയാവുന്നതാണ്.
തിരുവെഴുത്താശയങ്ങൾ പറയാനും പങ്കുവെക്കാനും സാധാരണഗതിയിൽ നമ്മുടെ സഹവിശ്വാസികൾക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ട് സംസാരത്തിന്റെ കുത്തക നിങ്ങൾതന്നെ ഏറ്റെടുക്കരുത്. അവരുടെ സാഹചര്യത്തിനു ചേരുന്ന ഒരു തിരുവെഴുത്ത് വായിച്ചശേഷം അതിലെ ഒരു പ്രത്യേക വാക്കോ പദപ്രയോഗമോ ചൂണ്ടിക്കാണിച്ച് അതേപ്പറ്റി അവരുടെ അഭിപ്രായം ആരായാം. ഉദാഹരണത്തിന്, 2 കൊരിന്ത്യർ 4:16 വായിച്ചിട്ട് ഒരു മൂപ്പന് ഇങ്ങനെ ചോദിക്കാവുന്നതാണ്: “നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നതിന് യഹോവ നിങ്ങളെ സഹായിക്കുന്നതിന്റെ വ്യക്തിപരമായ അനുഭവങ്ങൾ നിങ്ങൾക്കുണ്ടോ?” ഈ സമീപനം ഹൃദയംതുറന്ന് “പരസ്പരം പ്രോത്സാഹനം” നൽകുന്നതിലേക്കു നയിക്കും.—റോമ. 1:12.
തിരുവെഴുത്താശയങ്ങൾ പറയാനും പങ്കുവെക്കാനും സാധാരണഗതിയിൽ നമ്മുടെ സഹവിശ്വാസികൾക്ക് വളരെ ഇഷ്ടമാണ്
സമാനസാഹചര്യങ്ങളിലൂടെ കടന്നുപോയ ഏതെങ്കിലും ബൈബിൾകഥാപാത്രത്തെക്കുറിച്ച് ചർച്ചചെയ്തുകൊണ്ടും ഒരു സഹവിശ്വാസിയെ നിങ്ങൾക്ക് ബലപ്പെടുത്താം. അങ്ങേയറ്റം നിരാശിതനായ ഒരു വ്യക്തിക്ക് തന്റെ സാഹചര്യത്തെ ഹന്നായെയും എപ്പഫ്രൊദിത്തോസിനെയും പോലുള്ളവരുടെ സാഹചര്യവുമായി താരതമ്യപ്പെടുത്താനായേക്കും. ഇടയ്ക്കൊക്കെ നിരാശയിലാണ്ടുപോയെങ്കിലും ദൈവദൃഷ്ടിയിൽ വിലപ്പെട്ടവരായി തുടർന്നവരാണ് അവർ. (1 ശമൂ. 1:9-11, 20; ഫിലി. 2:25-30) സാഹചര്യം അനുവദിക്കുന്നെങ്കിൽ അത്തരം നല്ല ബൈബിൾദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുന്നത് നന്നായിരിക്കില്ലേ?
തുടർന്നും താത്പര്യമെടുക്കുക
സന്ദർശനത്തിനുശേഷം സഹോദരീസഹോദരന്മാരിൽ തുടർന്നും താത്പര്യമെടുത്തുകൊണ്ട് നിങ്ങൾക്ക് അവരുടെ കാര്യത്തിൽ ചിന്തയുണ്ടെന്ന് തെളിയിക്കാനാകും. (പ്രവൃ. 15:36) സന്ദർശനം കഴിഞ്ഞ് പോരുന്നതിനുമുമ്പ് ആ വ്യക്തിയോടൊന്നിച്ച് ശുശ്രൂഷയിൽ പങ്കെടുക്കാനുള്ള ക്രമീകരണം ചെയ്യുന്നത് നന്നായിരിക്കും. അടുത്തിടെ സന്ദർശിച്ച ഒരു സഹോദരനെയോ സഹോദരിയെയോ വീണ്ടും കാണുമ്പോൾ അന്നു നൽകിയ ഉപദേശം സംബന്ധിച്ച് പരോക്ഷമായി പരാമർശിച്ചുകൊണ്ട് പരിചയസമ്പന്നനായ ഒരു മൂപ്പനായ ബർണാർഡ് നയപൂർവം ഇങ്ങനെ ചോദിക്കാറുണ്ട്: “എങ്ങനെ പോകുന്നു, അന്നു പറഞ്ഞതുപോലെ ചെയ്തിട്ട് മെച്ചമുണ്ടോ?” ഇങ്ങനെ വ്യക്തിപരമായ താത്പര്യം പ്രകടമാക്കുകവഴി തുടർന്ന് സഹായം ആവശ്യമാണോ എന്ന് നിങ്ങൾക്ക് നിർണയിക്കാൻ കഴിയും.
നമ്മുടെ സഹോദരീസഹോദരന്മാർക്ക് തങ്ങൾ സ്നേഹിക്കപ്പെടുന്നുണ്ടെന്നും തങ്ങൾക്കുവേണ്ടി ആരെങ്കിലും കരുതുന്നുണ്ടെന്നും തങ്ങളെ ആരെങ്കിലും മനസ്സിലാക്കുന്നുണ്ടെന്നും മുമ്പെന്നത്തെക്കാൾ അനുഭവവേദ്യമാകേണ്ട കാലമാണിന്ന്. (1 തെസ്സ. 5:11) അതുകൊണ്ട് ഓരോ ഇടയസന്ദർശനത്തിനുമുമ്പും ആ സഹോദരന്റെയോ സഹോദരിയുടെയോ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാൻ അൽപ്പസമയമെടുക്കുക. അതേക്കുറിച്ച് പ്രാർഥിക്കുക. ഉചിതമായ തിരുവെഴുത്തുകൾ തിരഞ്ഞെടുക്കുക. അങ്ങനെയെങ്കിൽ, ‘ക്ഷീണിച്ചിരിക്കുന്നവന്’ ആശ്വാസം പകരാൻ പറ്റിയ വാക്കുകൾ നിങ്ങൾ കണ്ടെത്തും.
a പേരുകൾ മാറ്റിയിട്ടുണ്ട്.