ജീവിതകഥ
എവിടെയായിരുന്നാലും യഹോവയെ സേവിക്കാൻ വാഞ്ഛിക്കുന്നു
തനിച്ചു പ്രസംഗിക്കാൻ പോകുന്നതു ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. പേടികൊണ്ട് എന്റെ കാലുകൾ വിറച്ചു. പ്രദേശത്തെ ആളുകൾ ഒട്ടുംതന്നെ സുവാർത്ത സ്വീകരിക്കാതിരുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ചിലർ അക്രമാസക്തരാകുകയും തല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു ചെറുപുസ്തകം മാത്രമാണ് പയനിയറിങ് തുടങ്ങിയ ആദ്യത്തെ മാസം എനിക്കു സമർപ്പിക്കാൻ കഴിഞ്ഞത്!—മാർക്കസ്.
ഈ സംഭവം നടന്നത് 1949-ലാണ്, ഏതാണ്ട് 60-ലധികം വർഷങ്ങൾക്കു മുമ്പ്. എന്നാൽ എന്റെ കഥ തുടങ്ങുന്നത് ഇതിനും കുറെ വർഷങ്ങൾക്കു പിമ്പിലാണ്. എന്റെ പിതാവ് ഒരു ചെരിപ്പുകുത്തിയും തോട്ടക്കാരനും ആയിരുന്നു, നെതർലൻഡ്സിലെ വടക്കേ ഡ്രെന്റെയിലുള്ള ഡോൺഡ്രൺ എന്ന കൊച്ചുഗ്രാമത്തിൽ. 1927-ൽ ഏഴു കുട്ടികളിൽ നാലാമത്തവനായി ഞാൻ ജനിച്ചു. ആ ഗ്രാമത്തിലെ പൊടിനിറഞ്ഞ വഴിയോരത്തായിരുന്നു ഞങ്ങളുടെ വീട്. അയൽക്കാരിൽ ഭൂരിഭാഗം പേരും കൃഷിക്കാരായിരുന്നു. കർഷകജീവിതം ഞാൻ വളരെ ആസ്വദിച്ചു. 1947-ൽ എനിക്കു 19 വയസ്സുള്ളപ്പോൾ ഞങ്ങളുടെ അയൽക്കാരിൽ ഒരാളായ ത്യൂനസ് ബെൻ വഴി സത്യം അറിയാൻ ഇടയായി. ആദ്യം അദ്ദേഹത്തെ എനിക്ക് ഇഷ്ടമല്ലായിരുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നു. എന്നോടു നന്നായി ഇടപെടാനും തുടങ്ങി. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ വന്ന ഈ മാറ്റം എന്നെ വല്ലാതെ ആകർഷിച്ചു. അതുകൊണ്ട്, ഭൂമി ഒരു പറുദീസയായിത്തീരുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ചു സംസാരിച്ചപ്പോൾ ഞാൻ ശ്രദ്ധിച്ചു. പെട്ടെന്നുതന്നെ ഞാൻ സത്യം സ്വീകരിക്കുകയും ഞങ്ങൾ ആജീവനാന്തസുഹൃത്തുക്കളായിത്തീരുകയും ചെയ്തു.a
1948 മെയ്യിൽ ഞാൻ പ്രസംഗവേലയിൽ ഏർപ്പെടാൻ തുടങ്ങി. തൊട്ടടുത്ത മാസം, ജൂൺ 20-ന് യൂട്രെക്റ്റിൽ നടന്ന കൺവെൻഷനിൽ ഞാൻ സ്നാനമേറ്റു. 1949 ജനുവരി 1-ന് പയനിയറിങ് ആരംഭിച്ചു. തുടർന്ന് നെതർലൻഡ്സിന്റെ കിഴക്കുള്ള ബോർക്കുലൊയിലെ ഒരു ചെറിയ സഭയിലേക്ക് എന്നെ നിയമിച്ചു. അവിടെയെത്താൻ ഏകദേശം 80 മൈൽ (130 കി.മീ.) യാത്ര ചെയ്യണമായിരുന്നു. ആറു മണിക്കൂർകൊണ്ട് അവിടെ എത്താമെന്നു കണക്കുകൂട്ടിയ ഞാൻ സൈക്കിളിൽ പോകാൻ തീരുമാനിച്ചു. എന്നാൽ ശക്തമായ കാറ്റും മഴയും നിമിത്തം അവിടെയെത്താൻ 12 മണിക്കൂർ വേണ്ടിവന്നു, അതും അവസാനത്തെ 55 മൈൽ (90 കി.മീ.) ട്രെയിനിൽ പോകേണ്ടിവന്നിട്ടും! ഒടുവിൽ സന്ധ്യയായപ്പോൾ ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. അവിടെ ഒരു സാക്ഷിക്കുടുംബത്തിനൊപ്പം ഞാൻ താമസിച്ചു.
യുദ്ധത്തിനു ശേഷമുള്ള വർഷങ്ങളിൽ ആളുകൾക്ക് വളരെ കുറച്ചു വസ്തുക്കളേ ഉണ്ടായിരുന്നുള്ളൂ. എനിക്കാണെങ്കിൽ ഒരു ജോടി വസ്ത്രങ്ങളാണുണ്ടായിരുന്നത്; അതിൽ കോട്ട് വളരെ വലിയതും പാന്റ് തീരെ ഇറക്കം കുറഞ്ഞതും! തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ബോർക്കുലൊയിലെ ആദ്യമാസം വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നെങ്കിലും യഹോവയുടെ അനുഗ്രഹത്താൽ എനിക്കു ധാരാളം ബൈബിളധ്യയനങ്ങൾ ലഭിച്ചു. ഒൻപതു മാസങ്ങൾക്കു ശേഷം എന്നെ ആംസ്റ്റർഡാമിലേക്കു നിയമിച്ചു.
ഗ്രാമത്തിൽനിന്നും നഗരത്തിലേക്ക്
ഒരു കർഷകഗ്രാമത്തിൽ വളർന്ന എനിക്കു നെതർലൻഡ്സിലെ വലിയ പട്ടണമായ ആംസ്റ്റർഡാമിലേക്കു പോകേണ്ടിവന്നു. പക്ഷേ, ശുശ്രൂഷ വളരെ ഫലപ്രദമായിരുന്നു. ആദ്യമാസത്തിൽത്തന്നെ കഴിഞ്ഞ ഒൻപതു മാസങ്ങളിൽ സമർപ്പിച്ചതിനെക്കാൾ കൂടുതൽ സാഹിത്യങ്ങൾ സമർപ്പിക്കാനും പെട്ടെന്നുതന്നെ എട്ടോളം ബൈബിളധ്യയനങ്ങൾ നടത്താനും എനിക്കു കഴിഞ്ഞു. സഭാദാസനായി (മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്) നിയമിക്കപ്പെട്ടശേഷം ആദ്യപരസ്യപ്രസംഗത്തിനുള്ള നിയമനം ലഭിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു പേടിസ്വപ്നമായിരുന്നു. ആ പ്രസംഗം നടത്തേണ്ട ദിവസത്തിന് തൊട്ടുമുമ്പ് മറ്റൊരു സഭയിലേക്ക് നിയമനം ലഭിച്ചപ്പോൾ എനിക്ക് എത്ര ആശ്വാസമായെന്നോ! തുടർന്നുള്ള വർഷങ്ങളിൽ 5,000-ത്തിലധികം പ്രസംഗങ്ങൾ ഞാൻ നടത്തേണ്ടിവരുമെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല.
1950 മെയ്യിൽ എന്നെ ഹാർലമിലേക്കു നിയമിച്ചു. അടുത്തതായി ക്ഷണിച്ചതോ, സഞ്ചാരവേലയ്ക്ക്! അത് ഓർത്തിട്ട് എനിക്കു മൂന്നു ദിവസത്തേക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. എനിക്ക് അതിനുള്ള യോഗ്യതയില്ലെന്ന് ബ്രാഞ്ചോഫീസിൽ സേവിച്ചുകൊണ്ടിരുന്ന റോബർട്ട് വിംഗ്ലർ സഹോദരനോട് ഞാൻ പറഞ്ഞു. എന്നാൽ അദ്ദേഹം പറഞ്ഞു, “ആ പേപ്പറുകൾ പൂരിപ്പിച്ചുതന്നാൽ മതി. ബാക്കിയെല്ലാം പിന്നെ പഠിച്ചോളും.” പിന്നീട് ഒരു മാസത്തെ പരിശീലനത്തിനു ക്ഷണിക്കുകയും പെട്ടെന്നുതന്നെ സർക്കിട്ട് ദാസനായി (മേൽവിചാരകൻ) സേവിച്ചുതുടങ്ങുകയും ചെയ്തു. ഞാൻ ഒരു സഭ സന്ദർശിച്ച സമയത്ത് യാനി ടാക്ഷെൻ എന്ന പ്രസന്നവതിയായ യുവപയനിയറെ പരിചയപ്പെട്ടു. അവൾക്ക് ആത്മത്യാഗമനോഭാവവും യഹോവയോട് ആഴമായ സ്നേഹവും ഉണ്ടായിരുന്നു. 1955-ൽ ഞങ്ങൾ വിവാഹിതരായി. എന്റെ കഥ തുടരുന്നതിനു മുമ്പ് യാനി ഒരു പയനിയറായിത്തീർന്നത് എങ്ങനെയെന്നും വിവാഹിതരായശേഷം ഞങ്ങൾ ശുശ്രൂഷ ആസ്വദിച്ചത് എങ്ങനെയെന്നും അവൾ വിശദീകരിക്കും.
മുകളിൽ: 1950-ൽ ആംസ്റ്റർഡാമിനടുത്ത് മാർക്കസ് (വലത്തേയറ്റം) തെരുവുസാക്ഷീകരണം നടത്തുന്നു
ദമ്പതികളെന്ന നിലയിൽ സേവിക്കുന്നു
യാനി: 1945-ൽ എനിക്കു 11 വയസ്സുള്ളപ്പോൾ അമ്മ യഹോവയുടെ സാക്ഷിയായിത്തീർന്നു. മൂന്നു മക്കളെയും ബൈബിൾ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അമ്മ തിരിച്ചറിഞ്ഞു. എന്നാൽ പിതാവു സത്യത്തിന് എതിരായതുകൊണ്ട്, അദ്ദേഹം വീട്ടിലില്ലാത്ത സമയങ്ങളിലാണു ഞങ്ങളെ പഠിപ്പിച്ചിരുന്നത്.
ഞാൻ സംബന്ധിച്ച ആദ്യത്തെ യോഗം 1950-ൽ ഹേഗിൽവെച്ചു നടന്ന ഒരു കൺവെൻഷനായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം ആസനിലുള്ള (ഡ്രെന്റെ) രാജ്യഹാളിൽ ഞാൻ ആദ്യമായി സഭായോഗത്തിനു പോയി. കോപംകൊണ്ടു ജ്വലിച്ച എന്റെ പിതാവ് എന്നെ വീട്ടിൽനിന്നു പുറത്താക്കി. അമ്മ എന്നോടു പറഞ്ഞു: “എവിടെയാണു താമസിക്കേണ്ടതെന്നു നിനക്കറിയാം.” അമ്മ സൂചിപ്പിച്ചത് ആത്മീയസഹോദരീസഹോദരന്മാരെക്കുറിച്ചാണെന്ന് എനിക്കു മനസ്സിലായി. ഞാൻ ആദ്യം അടുത്തുള്ള ഒരു സാക്ഷിക്കുടുംബത്തോടൊപ്പം താമസിച്ചെങ്കിലും പിതാവ് അവിടെയും എന്റെ ജീവിതം ദുസ്സഹമാക്കി. അതുകൊണ്ട്, ഞങ്ങളുടെ വീട്ടിൽനിന്ന് ഏകദേശം 60 മൈൽ (95 കി.മീ.) അകലെയുള്ള ഡെവന്ററിലെ (ഓവർജിസ്സെൽ) ഒരു സഭയിലേക്കു ഞാൻ മാറി. എന്നാൽ പ്രായപൂർത്തിയാകാത്ത എന്നെ വീട്ടിൽനിന്നു പുറത്താക്കിയതിനാൽ പിതാവിനു നിയമപരമായ പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ഒടുവിൽ അദ്ദേഹം എന്നോടു വീട്ടിലേക്കു മടങ്ങിവരാൻ ആവശ്യപ്പെട്ടു. പിതാവ് ഒരിക്കലും സത്യം സ്വീകരിച്ചില്ലെങ്കിലും അവസാനം എല്ലാ യോഗങ്ങൾക്കും പ്രസംഗവേലയ്ക്കും പോകാൻ എന്നെ അനുവദിച്ചു.
താഴെ: 1952-ൽ യാനി (വലത്തേയറ്റം) അവധിക്കാല പയനിയറിങ് ചെയ്യുന്നു
ഞാൻ വീട്ടിലേക്കു മടങ്ങിവന്ന് കുറച്ചുനാൾ കഴിഞ്ഞപ്പോൾ എന്റെ അമ്മയ്ക്കു ഗുരുതരമായ ഒരു രോഗം പിടിപെട്ടു. അതുകൊണ്ട്, വീട്ടുജോലികളെല്ലാം ഞാൻ ചെയ്യേണ്ടിവന്നു. എങ്കിലും ഞാൻ ആത്മീയപുരോഗതി വരുത്തുകയും 1951-ൽ 17-ാമത്തെ വയസ്സിൽ സ്നാനമേൽക്കുകയും ചെയ്തു. അമ്മയുടെ രോഗം ഭേദമായശേഷം 1952-ൽ മൂന്നു പയനിയർ സഹോദരിമാരോടൊപ്പം രണ്ടു മാസം അവധിക്കാല പയനിയറിങ് (സഹായ പയനിയറിങ്) ചെയ്തു. ഞങ്ങൾ ഒരു ഹൗസ്ബോട്ടിൽ താമസിച്ചുകൊണ്ടു ഡ്രെന്റെയിലെ രണ്ടു നഗരങ്ങളിൽ സുവാർത്ത പ്രസംഗിച്ചു. 1953-ൽ ഞാനൊരു സാധാരണ പയനിയറായി. ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു യുവ സർക്കിട്ട് മേൽവിചാരകൻ ഞങ്ങളുടെ സഭ സന്ദർശിച്ചു. മാർക്കസായിരുന്നു അത്. 1955 മെയ്യിൽ ഞങ്ങൾ വിവാഹിതരാകുകയും ദമ്പതികളെന്ന നിലയിൽ യഹോവയെ മെച്ചമായി സേവിക്കണമെന്നു തീരുമാനിക്കുകയും ചെയ്തു.—സഭാ. 4:9-12.
വലത്ത്: 1955-ൽ ഞങ്ങളുടെ വിവാഹദിനത്തിൽ
മാർക്കസ്: വിവാഹശേഷം വേൺഡമിൽ (ഗ്രോണിംഗൻ) ഞങ്ങളെ പയനിയർമാരായി നിയമിച്ചു. അവിടെ ഞങ്ങൾ താമസിച്ചത് വെറും ഏഴ് അടി വീതിയും പത്ത് അടി നീളവും (2 മീ. വീതി, 3 മീ. നീളം) ഉള്ള ഒരു ചെറിയ മുറിയിലായിരുന്നു. എങ്കിലും യാനി ആ മുറി വൃത്തിയും ഭംഗിയും ഉള്ളതാക്കി മാറ്റി. ഭിത്തിയിൽ ചാരിവെക്കുന്ന കിടക്ക ഇടുന്നതിനുവേണ്ടി എല്ലാ ദിവസവും രാത്രിയിൽ ഞങ്ങൾക്കുള്ള ചെറിയ രണ്ടു കസേരകളും മേശയും മാറ്റിവെക്കണമായിരുന്നു.
ആറു മാസങ്ങൾക്കു ശേഷം ബെൽജിയത്തിൽ സഞ്ചാരവേലയ്ക്കായി ഞങ്ങളെ ക്ഷണിച്ചു. 1955-ൽ 4,000 പ്രസാധകർ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ഇന്ന് അത് ആറ് ഇരട്ടിയായി വർധിച്ചിരിക്കുന്നു! നെതർലൻഡ്സിലെ അതേ ഭാഷയായിരുന്നു ബെൽജിയത്തിന്റെ വടക്കുള്ള ഫ്ളാണ്ടേഴ്സിൽ ആളുകൾ സംസാരിച്ചിരുന്നതെങ്കിലും ഉച്ചാരണം വളരെ വ്യത്യസ്തമായിരുന്നു. അതുകൊണ്ട്, തുടക്കത്തിൽത്തന്നെ ഭാഷാപരമായ തടസ്സം തരണം ചെയ്യേണ്ടതുണ്ടായിരുന്നു.
യാനി: സഞ്ചാരവേല ചെയ്യുന്നതിന് ആത്മത്യാഗമനോഭാവം ആവശ്യമായിരുന്നു. ഞങ്ങൾ സൈക്കിളിലാണ് ഓരോ സഭയിലേക്കും പോയിരുന്നത്. അവിടെ സഹോദരീസഹോദരന്മാരുടെ വീടുകളിൽ താമസിച്ചു. ഞങ്ങൾക്കു സ്വന്തമായി ഒരു വീടില്ലാതിരുന്നതിനാൽ തിങ്കളാഴ്ചവരെ ഒരു സഭയിൽ താമസിക്കുകയും ചൊവ്വാഴ്ച രാവിലെ അടുത്ത സഭയിലേക്കു യാത്ര ചെയ്യുകയും വേണമായിരുന്നു. എങ്കിലും ഞങ്ങൾ ഞങ്ങളുടെ സേവനത്തെ യഹോവയിൽനിന്നുള്ള ഒരു അനുഗ്രഹമായി വീക്ഷിച്ചു.
മാർക്കസ്: സഭയിലെ സഹോദരങ്ങളെ ആരെയുംതന്നെ ഞങ്ങൾക്ക് ആദ്യം പരിചയമില്ലായിരുന്നെങ്കിലും അവർ വളരെ ദയയുള്ളവരും അതിഥിപ്രിയരും ആയിരുന്നു. (എബ്രാ. 13:2) ബെൽജിയത്തിലെ ഡച്ച് സഭകളിൽ പല പ്രാവശ്യം ഞങ്ങൾ സന്ദർശനം നടത്തി. ഇതു വളരെയധികം അനുഗ്രഹങ്ങൾ കൈവരുത്തി. ഡച്ച് സഭകളിലെ മിക്കവാറും എല്ലാ സഹോദരങ്ങളെയും അടുത്തറിയുകയും അവർ ഞങ്ങൾക്കു ഏറെ പ്രിയപ്പെട്ടവരായിത്തീരുകയും ചെയ്തു. അതുപോലെ നൂറുകണക്കിനു ചെറുപ്പക്കാർ ശാരീരികമായും ആത്മീയമായും പക്വത കൈവരിക്കുന്നതും രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെച്ചുകൊണ്ട് യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിക്കുന്നതും കാണാൻ കഴിഞ്ഞു. അവരിൽ മിക്കവരും മുഴുസമയസേവനത്തിൽ ഏർപ്പെട്ടുകൊണ്ട് യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്നതു കണ്ടപ്പോൾ ഞങ്ങൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. (3 യോഹ. 4) നിയമനത്തിൽ മുഴുഹൃദയത്തോടെ തുടരാൻ ഈ ‘പരസ്പരപ്രോത്സാഹനം’ ഞങ്ങളെ സഹായിച്ചു.—റോമ. 1:12.
ഒരു വലിയ പ്രതിബന്ധവും ഒരു വലിയ അനുഗ്രഹവും
മാർക്കസ്: വിവാഹിതരായ അന്നുമുതൽ ഗിലെയാദ് സ്കൂളിൽ സംബന്ധിക്കുകയെന്നതു ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു. അതിനുവേണ്ടി എല്ലാ ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഞങ്ങൾ ഇംഗ്ലീഷ് പഠിക്കുമായിരുന്നു. പുസ്തകങ്ങളിൽനിന്ന് ഇംഗ്ലീഷ് പഠിക്കുന്നത് അത്ര എളുപ്പമല്ലാത്തതിനാൽ അവധിക്കാലത്ത് ഇംഗ്ലണ്ടിൽ പോയി സുവാർത്ത പ്രസംഗിച്ചുകൊണ്ടു ഭാഷ പഠിക്കാൻ തീരുമാനിച്ചു. ഒടുവിൽ 1963-ൽ ബ്രുക്ലിനിലെ നമ്മുടെ ലോകാസ്ഥാനത്തുനിന്നു ഒരു കവർ ലഭിച്ചു. എനിക്കും യാനിക്കും ഉള്ള കത്തുകളാണ് അതിലുണ്ടായിരുന്നത്. പത്തു മാസം നീണ്ടുനിന്ന ഒരു പ്രത്യേക ഗിലെയാദ് സ്കൂളിലേക്കു ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു എന്റേത്. സംഘടനാപരമായ നിർദേശങ്ങൾ നൽകാനുള്ള ആ പരിശീലനം പ്രധാനമായും സഹോദരന്മാർക്കുവേണ്ടിയുള്ളതായിരുന്നു. അതുകൊണ്ടുതന്നെ ക്ഷണം ലഭിച്ച 100 വിദ്യാർഥികളിൽ 82 പേരും സഹോദരന്മാരായിരുന്നു.
യാനി: മാർക്കസ് ഗിലെയാദിൽ പങ്കെടുക്കാൻ പോകുമ്പോൾ ഞാൻ ബെൽജിയത്തിൽത്തന്നെ തുടരാമോ എന്ന് പ്രാർഥനാപൂർവം ചിന്തിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു എനിക്കുള്ള കത്ത്. ആദ്യം എനിക്കു നിരാശ തോന്നിയെന്നു ഞാൻ സമ്മതിക്കുന്നു. യഹോവ എന്റെ ശ്രമങ്ങളെ അനുഗ്രഹിക്കുന്നില്ലെന്നുപോലും ഞാൻ ചിന്തിച്ചു. എന്നിരുന്നാലും ലോകവ്യാപകവേല നിർവഹിക്കാൻ സഹോദരന്മാരെ സഹായിക്കുക എന്ന ഗിലെയാദ് സ്കൂളിന്റെ ഉദ്ദേശ്യം ഞാൻ എന്നെത്തന്നെ ഓർമിപ്പിച്ചു. ബെൽജിയത്തിൽത്തന്നെ തുടരാൻ ഞാൻ തീരുമാനിച്ചു. അന്ന, മരിയ കോൾപാർട്ട് എന്നീ അനുഭവസമ്പന്നരായ രണ്ടു പ്രത്യേക പയനിയർമാരോടൊപ്പം ബെൽജിയത്തിലുള്ള ഗെന്റിൽ ഒരു പ്രത്യേക പയനിയറായി എന്നെയും നിയമിച്ചു.
മാർക്കസ്: ഇംഗ്ലീഷുഭാഷയിൽ കൂടുതൽ പുരോഗതി ആവശ്യമായിരുന്നതുകൊണ്ടു സ്കൂൾ ആരംഭിക്കുന്നതിനു മുമ്പ് അഞ്ചു മാസത്തേക്ക് എന്നെ ബ്രുക്ലിനിലേക്കു ക്ഷണിച്ചു. സാഹിത്യങ്ങൾ കയറ്റി അയയ്ക്കുന്ന വിഭാഗത്തിലും സേവനവിഭാഗത്തിലും ഞാൻ സേവിച്ചു. ലോകാസ്ഥാനത്തു സേവിച്ചുകൊണ്ട് ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക എന്നീ സ്ഥലങ്ങളിലേക്കു സാഹിത്യങ്ങൾ കയറ്റി അയയ്ക്കുന്നതിൽ സഹായിച്ചപ്പോൾ നമ്മുടെ അന്താരാഷ്ട്രസഹോദരവർഗത്തെക്കുറിച്ചു ഞാൻ കൂടുതൽ ബോധവാനായി. റസ്സൽ സഹോദരന്റെ കാലത്ത് പിൽഗ്രിം (സഞ്ചാര മേൽവിചാരകൻ) ആയി പ്രവർത്തിച്ചിരുന്ന എ. എച്ച്. മാക്മില്ലൻ സഹോദരനെ ഞാൻ ഇപ്പോഴും ഓർക്കുന്നു. പ്രായമായ അദ്ദേഹത്തിന് കേൾവിശക്തി തീരെ കുറവായിരുന്നു. എങ്കിലും അദ്ദേഹം എല്ലാ യോഗങ്ങൾക്കും ഹാജരാകുമായിരുന്നു. അദ്ദേഹത്തിന്റെ ആ വിശ്വാസം എന്നിൽ ആഴമായ പ്രഭാവം ചെലുത്തി. ക്രിസ്തീയയോഗങ്ങളെ ഒരിക്കലും വിലകുറച്ചുകാണരുതെന്ന് അതിലൂടെ ഞാൻ പഠിച്ചു.—എബ്രാ. 10:24, 25.
യാനി: ഞാനും മാർക്കസും ആഴ്ചയിൽ പല തവണ കത്തുകൾ എഴുതുമായിരുന്നു. ഞങ്ങളുടെ വിരഹവേദന എത്ര വലുതായിരുന്നെന്നോ! എന്നാൽ, ഗിലെയാദിൽ ലഭിച്ച പരിശീലനം മാർക്കസ് വളരെ ആസ്വദിച്ചു. ഞാനും എന്റെ ശുശ്രൂഷയിൽ യഥാർഥസന്തോഷം കണ്ടെത്തി. മാർക്കസ് ഐക്യനാടുകളിൽനിന്നു തിരിച്ചുവന്നപ്പോൾ ഞാൻ 17 ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ടായിരുന്നു! അകന്നുനിന്ന ആ 15 മാസങ്ങൾ ഞങ്ങളെ ശരിക്കും വിഷമിപ്പിച്ചു. എങ്കിലും ആത്മത്യാഗമനോഭാവം പ്രകടമാക്കിയതിനാൽ യഹോവയുടെ അനുഗ്രഹം ഞങ്ങൾ അനുഭവിച്ചറിഞ്ഞു. ഒടുവിൽ മാർക്കസ് തിരിച്ചുവന്ന വിമാനം മണിക്കൂറുകളോളം വൈകി. അദ്ദേഹം എത്തിയപ്പോൾ ഞങ്ങൾ കെട്ടിപ്പിടിച്ചു കരഞ്ഞുപോയി. അതിനു ശേഷം ഞങ്ങൾ ഒരിക്കലും പിരിഞ്ഞിരുന്നിട്ടില്ല.
എല്ലാ സേവനപദവികളോടും നന്ദിയുള്ളവർ
മാർക്കസ്: 1964 ഡിസംബറിൽ ഗിലെയാദിൽനിന്നു ഞാൻ തിരിച്ചെത്തിയപ്പോൾ ഞങ്ങളെ ബെഥേലിലേക്കു നിയമിച്ചു. അതു ഞങ്ങളുടെ സ്ഥിരനിയമനമല്ലെന്ന് അപ്പോൾ ഞങ്ങൾക്ക് അറിയില്ലായിരുന്നു. വെറും മൂന്നു മാസങ്ങൾക്കു ശേഷം ഡിസ്ട്രിക്റ്റ് മേൽവിചാരകനായി ഫ്ളാണ്ടേഴ്സിലേക്കു നിയമിച്ചു. ബെൽജിയത്തിൽ മിഷനറിമാരായി സേവിച്ചുകൊണ്ടിരുന്ന ആൽസണെയും എൽസ് വിഗർസ്മയെയും ഡിസ്ട്രിക്റ്റ് വേലയ്ക്കായി നിയമിച്ചപ്പോൾ ഞങ്ങൾ വീണ്ടും ബെഥേലിലേക്കു പോകുകയും സേവനവിഭാഗത്തിൽ സേവിക്കുകയും ചെയ്തു. ഇങ്ങനെ 1968 മുതൽ 1980 വരെ പല തവണ ഞങ്ങളുടെ നിയമനം മാറിക്കൊണ്ടിരുന്നു. അവസാനം 1980 മുതൽ 2005 വരെ ഡിസ്ട്രിക്റ്റ് മേൽവിചാരകനായി സേവിച്ചു.
ഞങ്ങളുടെ നിയമനം മിക്കപ്പോഴും മാറിക്കൊണ്ടിരുന്നെങ്കിലും യഹോവയെ മുഴുദേഹിയോടെ സേവിക്കാനാണു ജീവിതം സമർപ്പിച്ചതെന്ന കാര്യം ഞങ്ങൾ ഒരിക്കലും വിസ്മരിച്ചില്ല. സേവനത്തിലുള്ള ഏതൊരു മാറ്റവും രാജ്യതാത്പര്യങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണെന്നു പൂർണബോധ്യമുണ്ടായിരുന്നതിനാൽ എല്ലാ നിയമനങ്ങളും ഞങ്ങൾ ശരിക്കും ആസ്വദിച്ചു.
യാനി: ബ്രാഞ്ച് കമ്മിറ്റി അംഗമെന്ന നിലയിൽ കൂടുതലായ പരിശീലനത്തിനുവേണ്ടി മാർക്കസിന് 1977-ൽ ബ്രുക്ലിനിലേക്കും 1997-ൽ പാറ്റേർസണിലേക്കും പോകേണ്ടിവന്നു. അദ്ദേഹത്തിന്റെ കൂടെ പോകാൻ കഴിഞ്ഞ ആ വിലയേറിയ പദവി ഞാൻ നന്നായി ആസ്വദിച്ചു.
യഹോവ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്നു
മാർക്കസ്: 1982-ൽ യാനിക്ക് ഒരു ശസ്ത്രക്രിയ വേണ്ടിവന്നെങ്കിലും പെട്ടെന്ന് ആരോഗ്യം വീണ്ടെടുത്തു. മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ ലോവെയ്നിലുള്ള സഹോദരങ്ങൾ അവരുടെ രാജ്യഹാളിനു മുകളിലുള്ള മുറി ഞങ്ങൾക്കു തന്നു. 30 വർഷങ്ങൾക്കു ശേഷം ആദ്യമായിട്ടാണ് ഒരു ചെറിയ മുറിയെങ്കിലും ഞങ്ങൾക്കു സ്വന്തമായി കിട്ടിയത്. ചൊവ്വാഴ്ചകളിൽ സഭകൾ സന്ദർശിക്കാൻ പോകുമ്പോൾ ഞങ്ങളുടെ സാധനങ്ങൾ താഴെ എത്തിക്കുന്നതിനുവേണ്ടി 54 പടികൾ പല പ്രാവശ്യം ഞാൻ കയറിയിറങ്ങേണ്ടിവന്നു! 2002-ൽ താഴത്തെ നിലയിൽത്തന്നെ താമസിക്കാനുള്ള സൗകര്യം ഒരുക്കിത്തന്നപ്പോൾ എത്ര വിലമതിപ്പു തോന്നിയെന്നോ! എനിക്ക് 78 വയസ്സായപ്പോൾ ലോക്കറെ എന്ന സ്ഥലത്ത് ഞങ്ങളെ പ്രത്യേക പയനിയർമാരായി നിയമിച്ചു. ഇപ്പോൾപ്പോലും ദിവസവും ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ട് ഈ സേവനപദവിയിൽ തുടരാൻ കഴിയുന്നതിൽ ഞങ്ങൾ അതീവസന്തുഷ്ടരാണ്.
“എവിടെ സേവിക്കുന്നു എന്നതോ എത്രമാത്രം കഴിവുകളുണ്ട് എന്നതോ അല്ല, ആരെ സേവിക്കുന്നു എന്നതാണു പ്രധാനമെന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു”
യാനി: മൊത്തം 120-ലധികം വർഷങ്ങൾ ഞങ്ങൾ മുഴുസമയസേവനത്തിൽ ചെലവഴിച്ചിരിക്കുന്നു. “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല,” വിശ്വസ്തതയോടെ യഹോവയെ സേവിച്ചാൽ ‘യാതൊന്നിനും മുട്ട് വരില്ല’ എന്നീ വാഗ്ദാനങ്ങളുടെ സത്യത ഞങ്ങൾ അനുഭവിച്ചറിഞ്ഞിരിക്കുന്നു.—എബ്രാ. 13:5; ആവ. 2:7.
മാർക്കസ്: ചെറുപ്പമായിരുന്നപ്പോൾത്തന്നെ ഞങ്ങളെ പൂർണമായും യഹോവയ്ക്കു വിട്ടുകൊടുത്തു. ഞങ്ങൾക്കായി വലിയ കാര്യങ്ങൾ ഒരിക്കലും അന്വേഷിച്ചിട്ടില്ല. ലഭിച്ച ഓരോ നിയമനവും സ്വീകരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. കാരണം, എവിടെ സേവിക്കുന്നു എന്നതോ എത്രമാത്രം കഴിവുകളുണ്ട് എന്നതോ അല്ല, ആരെ സേവിക്കുന്നു എന്നതാണു പ്രധാനം.
a വർഷങ്ങൾക്കു ശേഷം എന്റെ അച്ഛനും അമ്മയും മൂത്ത സഹോദരിയും രണ്ടു സഹോദരന്മാരും യഹോവയുടെ സാക്ഷികളായിത്തീർന്നു.