ചരിത്രസ്മൃതികൾ
“അടുത്ത സമ്മേളനം ഇനി എന്നാണ്?”
വർഷം 1932. നവംബറിന്റെ അവസാനത്തോട് അടുത്ത സമയം. മെക്സിക്കോ സിറ്റി. പത്തു ലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന ആ നഗരത്തിൽ വൈദ്യുത ട്രാഫിക് സിഗ്നലുകൾ വരവറിയിച്ചതു വെറും ഒരാഴ്ച മുമ്പാണ്. പക്ഷേ ഇപ്പോൾ ട്രാഫിക് സിഗ്നലുകളൊക്കെ പഴങ്കഥയായി. നഗരത്തിലെ മാധ്യമപ്രവർത്തകരെല്ലാം ഇപ്പോൾ പുതിയൊരു വാർത്തയുടെ പിന്നാലെയാണ്. ക്യാമറകളുമായി അവർ ഇപ്പോൾ റെയിൽവേസ്റ്റേഷനിലാണ്, ഒരു വിശിഷ്ടാതിഥിയെയും കാത്ത്. വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ജോസഫ് എഫ്. റഥർഫോർഡ് ആയിരുന്നു അത്. അന്നാട്ടുകാരായ യഹോവയുടെ സാക്ഷികളും അദ്ദേഹത്തിനു സ്വാഗതമേകാനായി അവിടെയുണ്ട്. സാക്ഷികളുടെ ത്രിദിന ദേശീയകൺവെൻഷനിൽ പങ്കെടുക്കാനാണ് അദ്ദേഹം വരുന്നത്.
സുവർണയുഗം എഴുതി: “മെക്സിക്കോയിൽ, സത്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ ഒരു നാഴികക്കല്ലായി ഈ കൺവെൻഷൻ ചരിത്രത്താളുകളിൽ ഇടംപിടിക്കും, സംശയമില്ല.” പക്ഷേ വെറും 150 പേർ മാത്രം പങ്കെടുത്ത ഈ കൺവെൻഷനെ ഇത്ര ശ്രദ്ധേയമാക്കിയത് എന്താണ്?
ഈ കൺവെൻഷനു മുമ്പ് മെക്സിക്കോയിൽ രാജ്യസന്ദേശം അത്രയൊന്നും വ്യാപിച്ചിരുന്നില്ല. 1919 മുതൽ ചെറിയചെറിയ സമ്മേളനങ്ങൾ നടന്നിരുന്നെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ സഭകളുടെ എണ്ണം കുറയുകയാണു ചെയ്തത്. 1929-ൽ മെക്സിക്കോ സിറ്റിയിൽ ബ്രാഞ്ചോഫീസ് തുടങ്ങിയപ്പോൾ പ്രതീക്ഷയുടെ മൊട്ടുകൾ വിടർന്നെങ്കിലും പിന്നെയും പ്രതിബന്ധങ്ങളുണ്ടായി. പ്രസംഗപ്രവർത്തനവും ബിസിനെസ്സും കൂട്ടിക്കുഴയ്ക്കരുതെന്നു നിർദേശം കിട്ടിയപ്പോൾ അതിൽ മുഷിഞ്ഞ ഒരു കോൽപോർട്ടർ സത്യം ഉപേക്ഷിച്ച് സ്വന്തമായി ഒരു ബൈബിൾപഠനഗ്രൂപ്പ് തുടങ്ങി. ഇതിനിടെ തിരുവെഴുത്തുവിരുദ്ധമായ കാര്യങ്ങൾ ചെയ്തതുകൊണ്ട് ബ്രാഞ്ച് മേൽവിചാരകനെ തത്സ്ഥാനത്തുനിന്ന് നീക്കേണ്ടിയും വന്നു. മെക്സിക്കോയിലെ വിശ്വസ്തസാക്ഷികൾക്കു ശരിക്കും ഒരു ഉത്തേജനം ആവശ്യമായിരുന്നു.
തന്റെ സന്ദർശനത്തിന് ഇടയിൽ റഥർഫോർഡ് സഹോദരൻ ആവേശോജ്ജ്വലമായ രണ്ടു കൺവെൻഷൻ പ്രസംഗങ്ങളും അഞ്ചു റേഡിയോ പ്രഭാഷണങ്ങളും നടത്തി. ഇതു മെക്സിക്കോയിലെ വിശ്വസ്തരായ സഹോദരങ്ങൾക്കു വലിയ പ്രോത്സാഹനമായിരുന്നു. അന്ന് ആദ്യമായി മെക്സിക്കോയിലെ റേഡിയോ നിലയങ്ങൾ രാജ്യത്ത് എല്ലായിടത്തും സന്തോഷവാർത്ത എത്തിച്ചു. കൺവെൻഷനു ശേഷം പുതുതായി നിയമിതനായ ബ്രാഞ്ച് മേൽവിചാരകൻ പ്രസംഗവേലയ്ക്കു നേതൃത്വമെടുക്കാൻ തുടങ്ങി. തുടർന്ന് തീക്ഷ്ണരായ സാക്ഷികൾ വർധിച്ച വീര്യത്തോടെ പ്രസംഗപ്രവർത്തനത്തിന് ഇറങ്ങി. യഹോവയുടെ അനുഗ്രഹവും അവർക്കു കൂട്ടുണ്ടായിരുന്നു.
1941-ൽ മെക്സിക്കോ സിറ്റിയിൽ നടന്ന കൺവെൻഷൻ
അടുത്ത വർഷം, ഒന്നിനു പകരം രണ്ടു കൺവെൻഷനുകളായിരുന്നു ആ രാജ്യത്ത് നടന്നത്. ഒന്നു തുറമുഖനഗരമായ വെരാക്രൂസിലും മറ്റേതു മെക്സിക്കോ സിറ്റിയിലും. വയലിലെ കഠിനാധ്വാനത്തിനു നല്ല ഫലം കിട്ടിത്തുടങ്ങി. 1931-ൽ പ്രചാരകരുടെ എണ്ണം 82 ആയിരുന്നെങ്കിൽ പത്തു വർഷംകൊണ്ട് അതു പത്ത് ഇരട്ടിയായി വർധിച്ചു. 1941-ലെ ദിവ്യാധിപത്യ സമ്മേളനത്തിൽ പങ്കെടുക്കാൻ ഏകദേശം 1,000 പേരാണു മെക്സിക്കോ സിറ്റിയിൽ എത്തിയത്.
“അവർ തെരുവുകൾ പിടിച്ചടക്കുന്നു”
1943-ൽ മെക്സിക്കോയിലെ 12 നഗരങ്ങളിൽ നടക്കാനിരുന്ന “‘സ്വതന്ത്ര ജനത’യുടെ ദിവ്യാധിപത്യസമ്മേളനം” സാക്ഷികൾ പരസ്യപ്പെടുത്താൻ തുടങ്ങി.a അതിനുവേണ്ടി അവർ, ചരടുകൊണ്ട് ബന്ധിച്ച രണ്ടു പോസ്റ്ററുകൾ ഒന്നു ശരീരത്തിന്റെ മുമ്പിലും മറ്റേതു പിന്നിലും ഇട്ട് നടന്നു. 1936 മുതൽ കൺവെൻഷനുകൾ പരസ്യപ്പെടുത്താനായി സാക്ഷികൾ ഉപയോഗിച്ചിരുന്ന ഒരു മാർഗമായിരുന്നു അത്.
മുന്നിലും പിന്നിലും പോസ്റ്ററുമണിഞ്ഞ് നടന്നുനീങ്ങുന്ന സഹോദരങ്ങൾ, 1944-ലെ ഒരു മാസികയിൽനിന്ന്
സാക്ഷികൾ മെക്സിക്കോ സിറ്റിയിൽ ഉപയോഗിച്ച് ഫലംകണ്ട ഈ രീതിയെക്കുറിച്ച് ഒരു മാസിക (La Nación) ഇങ്ങനെ അഭിപ്രായപ്പെട്ടു: “കൂടുതൽ ആളുകളെ പരിപാടികൾക്കു ക്ഷണിക്കാൻ (സമ്മേളനത്തിന്റെ) ആദ്യദിവസം (സാക്ഷികളോട്) ആവശ്യപ്പെട്ടു. അടുത്ത ദിവസം, തിരക്കു കാരണം ആളുകൾക്ക് ഇരിക്കാൻ സ്ഥലമില്ലാതായി.” എന്നാൽ ഇതൊന്നും കത്തോലിക്കാസഭയ്ക്കു പിടിച്ചില്ല. അവർ സാക്ഷികൾക്കെതിരെ രംഗത്തെത്തി. എന്നാൽ നിർഭയരായ സഹോദരീസഹോദരന്മാർ എതിർപ്പുകൾ വകവെക്കാതെ തുടർന്നും തെരുവുകളിലേക്ക് ഇറങ്ങി. ആ മാസിക ഇങ്ങനെയും എഴുതി: “(കൺവെൻഷൻ) പരസ്യപ്പെടുത്താൻ പോസ്റ്ററുകളും അണിഞ്ഞ് നടക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും നഗരവാസികളെല്ലാം കണ്ടു.” ആ ലേഖനത്തിൽ മെക്സിക്കോ സിറ്റിയിലെ തെരുവുകളിൽ നിൽക്കുന്ന സഹോദരങ്ങളുടെ ഒരു ചിത്രവുമുണ്ടായിരുന്നു. അതിന് അടിയിൽ ഇങ്ങനെ ഒരു കുറിപ്പും: “അവർ തെരുവുകൾ പിടിച്ചടക്കുന്നു.”
“സിമന്റ് തറയെക്കാൾ പതുപതുപ്പുള്ള, ചൂടു പകരുന്ന ‘മെത്തകൾ’”
അക്കാലത്ത് മെക്സിക്കോയിൽ ഏതാനും കൺവെൻഷനുകൾ മാത്രമാണു നടന്നിരുന്നത്. അതിൽ പങ്കെടുക്കാൻ മിക്ക സാക്ഷികൾക്കും വളരെയധികം കഷ്ടപ്പെടേണ്ടിവന്നു. ട്രെയിനും മറ്റു വാഹനസൗകര്യങ്ങളൊന്നും കടന്നുചെല്ലാത്ത ഒറ്റപ്പെട്ട ഗ്രാമങ്ങളിൽനിന്നാണു പലരും വന്നിരുന്നത്. ഒരു സഭ എഴുതി: “ഒരു ടെലിഗ്രാഫ് ലൈനല്ലാതെ മറ്റൊന്നും ഈ പരിസരത്തുകൂടെ കടന്നുപോകുന്നില്ല.” അതുകൊണ്ടുതന്നെ കൺവെൻഷൻ സ്ഥലത്തേക്കുള്ള ട്രെയിൻ പിടിക്കാൻ ദിവസങ്ങളോളം നടന്നോ കോവർകഴുതയുടെ പുറത്ത് കയറിയോ ഒക്കെയാണു സഹോദരങ്ങൾ റെയിൽവേസ്റ്റേഷനിൽ എത്തിയിരുന്നത്.
പല സാക്ഷികളും പാവപ്പെട്ടവരായിരുന്നു. ഒരു വശത്തേക്കുള്ള വണ്ടിക്കൂലിപോലും അവരുടെ കൈയിൽ തികച്ചില്ലായിരുന്നു. കൺവെൻഷൻ സ്ഥലത്ത് എത്തിയ അവരിൽ പലരും അവിടത്തുകാരായ സഹോദരങ്ങളുടെ വീട്ടിൽ തങ്ങി. അവർ സന്തോഷത്തോടെ ആ അതിഥികൾക്കായി തങ്ങളുടെ വാതിലുകൾ തുറന്നിട്ടു. മറ്റു ചിലർ രാജ്യഹാളുകളിലാണു തങ്ങിയത്. ഒരിക്കൽ ഏതാണ്ട് 90 പേർ ബ്രാഞ്ചോഫീസിലാണു താമസിച്ചത്. അവിടെ “അവർക്കു കിടക്കാൻ കിട്ടിയതു പുസ്തകങ്ങൾ നിറച്ച കാർഡ്ബോർഡ് പെട്ടികളായിരുന്നു. ഓരോരുത്തർക്കും 20 പെട്ടികൾ വീതം നിരനിരയായി അടുക്കിയിരുന്നു.” “സിമന്റ് തറയെക്കാൾ പതുപതുപ്പുള്ള, ചൂടു പകരുന്ന ‘മെത്തകൾ’” എന്നാണു നന്ദിപൂർവം ആ അതിഥികൾ അവയെ വിളിച്ചതെന്നു വാർഷികപുസ്തകം എഴുതി.
തങ്ങൾക്കു കിട്ടിയ എല്ലാത്തിനും വളരെ നന്ദിയുള്ളവരായിരുന്നു ആ സാക്ഷികൾ. ഇത്രയേറെ ത്യാഗങ്ങൾ ചെയ്യേണ്ടിവന്നെങ്കിലും സമ്മേളനത്തിനു കൂടിവന്നപ്പോൾ കിട്ടിയ സന്തോഷം അതിനെയെല്ലാം കവച്ചുവെക്കുന്നതായിരുന്നു. ഇന്നു മെക്സിക്കോയിലെ പ്രചാരകരുടെ എണ്ണം പത്തു ലക്ഷത്തോട് അടുക്കുന്നു. പൂർവകാലസാക്ഷികൾക്കുണ്ടായിരുന്ന അതേ വിലമതിപ്പ് ഇന്നും അവിടെയുള്ള സഹോദരങ്ങൾക്കുണ്ട്.b 1949-ലെ മെക്സിക്കോ ബ്രാഞ്ച് റിപ്പോർട്ടിൽ അവിടെയുള്ള സഹോദരങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ധാരാളം കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരാണെങ്കിലും ദിവ്യാധിപത്യകാര്യങ്ങൾക്കായുള്ള അവരുടെ ഉത്സാഹം തണുത്തുപോകുന്നില്ല. അതിനു കാരണവുമുണ്ട്. ഓരോ സമ്മേളനവും കഴിഞ്ഞാൽ പിന്നെ കുറെ നാളത്തേക്ക് അതായിരിക്കും അവരുടെ പ്രധാന സംസാരവിഷയം. അടുത്ത സമ്മേളനം ഇനി എന്നാണ് എന്നൊരു ചോദ്യവും പതിവാണ്.” ഇന്നും അവിടെയുള്ളവർ അങ്ങനെതന്നെയാണ്.—മധ്യ അമേരിക്കയിലെ ശേഖരത്തിൽനിന്ന്.
a വാർഷികപുസ്തകം 1944 (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് ഈ സമ്മേളനമാണ് “മെക്സിക്കോയിൽ യഹോവയുടെ സാക്ഷികളുടെ സാന്നിധ്യമറിയിച്ചത്.”
b 2016-ൽ 22,62,646 പേരാണു മെക്സിക്കോയിൽ സ്മാരകത്തിനു ഹാജരായത്.